Image

ഡാലസ് സെന്റ് തോമസ് പള്ളി പെരുന്നാള്‍ 22, 23 തീയതികളില്‍

ഏബ്രഹാം തോമസ് Published on 21 April, 2017
ഡാലസ് സെന്റ് തോമസ് പള്ളി പെരുന്നാള്‍ 22, 23 തീയതികളില്‍
ഡാലസ്: ഡാലസ് സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്‌സ് പള്ളി പെരുന്നാള്‍ ശനി(ഏപ്രില്‍ 22), ഞായര്‍(ഏപ്രില്‍ 23) തീയതികളില്‍ കൊണ്ടാടുന്നതാണ്. കൊല്‍ക്കത്ത ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ജോസഫ് മാര്‍ ദിവന്ത്യാസിയോസിന്റെ മുഖ്യ കാര്‍മ്മികത്വത്തിലാണ് ഈ വര്‍ഷത്തെ പെരുന്നാള്‍ പരിപാടികള്‍ നടക്കുക. ക്രൂശ് മരണം വരിച്ച യേശുക്രിസ്തു ഉയര്‍ത്തെഴുന്നേറ്റ് ശിഷ്യന്മാര്‍ക്ക് പ്രത്യക്ഷപ്പെട്ടപ്പോള്‍ തോമസ് എന്ന ശിഷ്യന്‍ ഉണ്ടായിരുന്നില്ല. ക്രിസ്തു ഉയര്‍ത്തെഴുന്നേറ്റ് എന്ന് മറ്റു ശിഷ്യന്മാര്‍ തോമസിന്റെ മറുപടി ക്രിസ്തുവിന്റെ മുറിവുകളില്‍ കയ്യിട്ട് നേരിട്ട് ബോധ്യപ്പെടാതെ താന്‍ വിശ്വസിക്കുകയില്ല എന്നായിരുന്നു. ക്രിസ്തു വീണ്ടും പ്രത്യക്ഷപ്പെട്ടപ്പോള്‍ ക്രിസ്തുവിന്റെ വിലാപ്പുറത്ത് കയ്യിട്ട് തോമസ് തന്റെ വിശ്വാസം ഉറക്കെ പ്രഖ്യാപിച്ചതായി ബൈബിള്‍ പറയുന്നു.

ഈ സ്മരണ പുതുക്കി എല്ലാ വര്‍ഷവും ഡാലസ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ദേവാലയം ഈസ്റ്ററിന്റെ അടുത്ത വാരാന്ത്യത്തില്‍ പെരുന്നാള്‍ ആഘോഷിക്കുന്നു. ഈ വര്‍ഷത്തെ പരിപാടികള്‍ ഇപ്രകാരമാണ്. ശനിയാഴ്ച വൈകീട്ട് മൂന്ന് മണി മുതല്‍ 5 മണി വരെ ഏരിയ യുവജനങ്ങളുടെ യോഗം ഉണ്ടാവും. ആറര മുതല്‍ ഏഴര വരെ സന്ധ്യാ പ്രാര്‍ത്ഥന, ഏഴര മുതല്‍ എട്ടേകാല്‍ മണിവരെ അഭിവന്ദ്യ മെത്രാപ്പോലിത്തയുടെ പ്രഭാഷണം, 8.15 ന് റാസയും ആശീര്‍വാദവും, 8.30 ന് അത്താഴ വിരുന്ന്.

ഞായരാഴ്ച രാവിലെ 8.30 ന് പ്രഭാത പ്രാര്‍ത്ഥന, 9.30 ന് അഭിവന്ദ്യ തിരുമേനിയുടെ പ്രധാന കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാന, 11.45 ന് സെന്റ് തോമസിനോടുള്ള മദ്ധ്യസ്ഥ പ്രാര്‍ത്ഥന, പന്ത്രണ്ട് മണിക്ക് റാസയും ആശീര്‍വാദവും നേര്‍ച്ചയും ഉച്ചഭക്ഷണവും. പെരുന്നാള്‍ ആഘോഷങ്ങളിലും പ്രാര്‍ത്ഥനകളിലും വിശുദ്ധ കുര്‍ബാനയിലും സംബന്ധിച്ച് തോമാശ്ലീഹയുടെ മദ്ധ്യസ്ഥതയില്‍ അഭയം തേടുവാന്‍ താല്‍പ്പര്യപ്പെടണമെന്ന് വികാരി ഫാ.ജോണ്‍ കുന്നത്തുശേരില്‍, ട്രസ്റ്റി നെബു കെ. ചെറിയാന്‍, സെക്രട്ടറി ജോര്‍ജ് വര്‍ഗീസ് എന്നിവര്‍ ഭക്ത ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

സെന്റ് തോമസ് പള്ളിയുടെ വിലാസം.
9414 ഷൈലോ റോഡ്, ഡാലസ്, ടെക്‌സസ് 75228.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ.ജോണ്‍ കുന്നത്തുശേരില്‍(972-523-9656), നെബു കെ. ചെറിയാന്‍(972-965-0411). ജോര്‍ജ് വര്‍ഗീസ്(972- 489-2960)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക