Image

തകര്‍ത്ത കുരിശ് പുനസ്ഥാപിക്കണമെന്ന് സ്പിരിറ്റ് ഇന്‍ ജീസസ്

Published on 22 April, 2017
തകര്‍ത്ത കുരിശ് പുനസ്ഥാപിക്കണമെന്ന് സ്പിരിറ്റ് ഇന്‍ ജീസസ്
പാപ്പാത്തിച്ചോലയില്‍ തകര്‍ത്ത കുരിശ് പുനസ്ഥാപിക്കണമെന്ന് തൃശൂരില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍  സ്പിരിറ്റ് ഇന്‍ ജീസസ് സംഘടന. 

ആയിരക്കണക്കിന് വിശ്വാസികള്‍ പ്രാര്‍ഥിക്കാനെത്തുന്ന സ്ഥലമാണ് അതെന്നും കുരിശ് തകര്‍ത്തെങ്കിലും ഇനിയും അവിടെ പോയി പ്രാര്‍ഥിക്കുമെന്നും അവര്‍ അറിയിച്ചു.

 മരിയ സൂസൈന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥലമാണ് അത്. മരിയ സൂസൈന്റെ വല്യപ്പന്‍ 60 വര്‍ഷമായി കൈവശം വച്ച് അനുഭവിക്കുന്ന സ്ഥലമാണ്. രാജകുമാരി പഞ്ചായത്തില്‍ രണ്ട് പ്രാവശ്യം പട്ടയത്തിന് അപേക്ഷ കൊടുത്തിട്ടുണ്ട്. അതിന്റെ രേഖകള്‍ പഞ്ചായത്തിലുണ്ട്. ആ സ്ഥലത്ത് വളരെ പണ്ടെ കുരിശ് സ്ഥാപിച്ചിട്ടുണ്ടായിരുന്നു.

സ്പിരിറ്റ് ഇന്‍ ജീസസ് സംഘടനാ പ്രവര്‍ത്തകനായ മരിയ സൂസൈന്‍ രണ്ട് കൊല്ലം മുമ്പ് ഞങ്ങളെ സമീപിച്ച് ആ കുരിശ് ജീര്‍ണിച്ചുവെന്നും വേറൊന്ന് സ്ഥാപിക്കാന്‍ സഹായിക്കണമെന്നും അഭ്യര്‍ഥിച്ചു. അതിന്‍ പ്രകാരമാണ് അവിടെ പുതിയ കുരിശ് സ്ഥാപിച്ചത്. 

കുരിശ് നില്‍ക്കുന്നത് വെറും അഞ്ചടി വീതിയും അഞ്ചടി നീളവുള്ള സ്ഥലമാണ്. അല്ലാതെ ആരോപിക്കുന്നതു പോലെ 2000 ഏക്കര്‍ സ്പിരിറ്റ് ഇന്‍ ജീസസ് കൈയേറിയിട്ടില്ല.ആ മല മുഴുവന്‍ എടുത്താല്‍ പോലും അഞ്ചേക്കറില്‍ കൂടുതല്‍ വരില്ല. 

 കുരിശ് നില്‍ക്കുന്ന സ്ഥലത്തിന് സമീപത്തായി അധികൃതര്‍ നശിപ്പിച്ച ഷെഡ്ഡുകള്‍ മറ്റ് ആളുകളുടേതാണെന്നും സ്പിരിറ്റ് ഇന്‍ ജീസസ് പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

കുരിശ് നീക്കാന്‍ പോകുന്ന കാര്യം ജില്ലാ ഭരണകൂടം അറിയിച്ചിരുന്നില്ല. കുരിശിന് മുകളില്‍ നോട്ടീസ് പതിക്കുക മാത്രമാണ് ചെയ്തത്. 

പാപ്പാത്തിച്ചോലയില്‍ പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തി. എ.എസ്.ഐയുടെ നേതൃത്വത്തില്‍ പത്തംഗ പോലീസ് സംഘത്തെയാണ് പ്രദേശത്ത് വിന്യസിച്ചിട്ടുള്ളത്. 

വലിയ കുരിശ് നീക്കംചെയ്ത സ്ഥലത്ത് വെള്ളിയാഴ്ച വൈകീട്ടോടെ മറ്റൊരു മരക്കുരിശ് പ്രത്യക്ഷപ്പെട്ടിരുന്നു. 
പോലീസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ ശനിയാഴ്ച പാപ്പാത്തിച്ചോലയില്‍ എത്താനിരിക്കെ രാവിലെ കുരിശ് അപ്രത്യക്ഷമായി. സംഭവത്തില്‍ രണ്ടുപേരെ പോലീസ് പിടികൂടിയിട്ടുണ്ട്. ഇവര്‍ സഞ്ചരിച്ച വാഹനവും കസ്റ്റഡിയിലെടുത്തു. 

 സ്പിരിറ്റ് ഇന്‍ ജീസസ് എന്ന സംഘടനയുടെ തലവന്‍ ടോം സഖറിയയുടെ ഉടമസ്ഥതയിലുള്ള വാഹനത്തിലാണ് ഇവര്‍ എത്തിയതെന്നാണ് പോലീസ് പറയുന്നത്.

ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ സംഘിയാണോയെന്ന് മന്ത്രി എം എം മണി. മൂന്നാര്‍ ഉന്നതതല യോഗത്തിനിടെ ആയിരുന്നു മന്ത്രിയുടെ രോഷപ്രകടനം. 'കുരിശ് പൊളിച്ച നടപടിയുടെ ഗുണഭോക്താക്കള്‍ ബി.ജെ.പി അല്ലേ ? 'ഞാന്‍ മന്ത്രി അല്ലായിരുന്നുവെങ്കില്‍ നീയൊക്കെ കുരിശ് അവിടെനിന്ന് മാറ്റില്ലായിരുന്നു' മന്ത്രി ആഞ്ഞടിച്ചു. 

പാര്‍ട്ടി ഏരിയാ സെക്രട്ടറിയുടെ ഭൂമി അളന്നത് എന്തിനാണെന്നും മന്ത്രി ചോദിച്ചു.
ഇടുക്കി ജില്ലക്കാരനായ തന്നെ മണ്ടനാക്കാന്‍ നോക്കേണ്ട. തന്നിഷ്ട പ്രകാരമാണ് റെവന്യൂ ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നത്. നീക്കങ്ങളൊന്നും തന്നെ അറിയിക്കുന്നില്ല. ഇടുക്കിയില്‍നിന്നുള്ള മന്ത്രിയായ താന്‍ വിവരങ്ങള്‍ അറിയേണ്ടതാണ്. എന്നാല്‍ ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ അറിയിക്കുന്നില്ലെന്നും മന്ത്രി പരാതിപ്പെട്ടു. 

മതചിഹ്നങ്ങളുപയോഗിച്ചുകൊണ്ട് കൈയേറ്റ ശ്രമങ്ങളെ ന്യായീകരിക്കാനുള്ള ശ്രമങ്ങളോട് കോണ്‍ഗ്രസിന് യോജിപ്പില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 
സര്‍ക്കാരിന്റെ സംരക്ഷണയിലുള്ള സര്‍ക്കാരിന്റെ ഭൂമി സംരക്ഷിക്കുക എന്നത് മുഖ്യമന്ത്രിയുടേയും സര്‍ക്കാരിന്റേയും ചുമതലയാണ്. എന്നാല്‍ ഇവിടെ കൈയേറ്റങ്ങള്‍ക്ക് അനുകൂലമായ നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. 

 എന്നാല്‍ ജെസിബി ഉപയോഗിച്ചായിരുന്നില്ല കഴിഞ്ഞദിവസം കുരിശ് പൊളിക്കേണ്ടിയിരുന്നത്. ശരിയായ നിയമനടപടികളിലൂടെയായിരുന്നു അത് ചെയ്യേണ്ടിയിരുന്നത്. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി അറിയാതെ പ്രദേശത്ത് 144 പ്രഖ്യാപിച്ചു എന്നത് അദ്ഭുതകരമായ കാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

ഒന്നുകില്‍ ഭരണത്തില്‍ നടക്കുന്ന കാര്യങ്ങളൊന്നും മുഖ്യമന്ത്രിക്ക് അറിയാന്‍ കഴിയുന്നില്ല. അല്ലെങ്കില്‍ മുഖ്യമന്ത്രി എല്ലാം മറച്ചുവെയ്ക്കുന്നു. ഏറ്റെടുക്കേണ്ട സ്ഥലങ്ങളെക്കുറിച്ച് ഒരു മുന്‍ഗണനാക്രമം സര്‍ക്കാര്‍ തീരുമാനിക്കണമായിരുന്നു. എല്ലാത്തിന്റെയും പിന്നില്‍ ആസൂത്രിതമായ ഗൂഢാലോചനയുണ്ടെന്ന് കരുതേണ്ടിയിരിക്കുന്നു. 

വി.ഡി. സതീശന്‍ 
മൂന്നാറില്‍ കുരിശ് നീക്കം ചെയ്ത് സര്‍ക്കാര്‍ ഭൂമിയിലുള്ള കയ്യേറ്റം ഒഴിപ്പിച്ച നടപടി
വിവാദമായിരിക്കുകയാണല്ലോ.
മത ചിഹ്നങ്ങള്‍ മറയാക്കി സര്‍ക്കാര്‍ ഭൂമി കൈയ്യേറുന്ന ക്രിമിനല്‍ കുറ്റം ചെയ്യുന്നവരെ സംരക്ഷിക്കേണ്ട ആവശ്യമില്ല. കുരിശായാലും ശൂലമായാലും വിഗ്രഹങ്ങളായാലും സര്‍ക്കാര്‍ ഭൂമി കൈയ്യേറി സ്ഥാപിക്കുന്നത് നിയമ വിരുദ്ധമാണ്. അത് നീക്കം ചെയ്ത ഉദ്യോഗസ്ഥരുടെ നടപടിയെ നാം പിന്‍ന്തുണക്കേണ്ടതുണ്ട്. ഉദ്യോഗസ്ഥരെ വിമര്‍ശിച്ച മുഖ്യമന്ത്രിയുടെ വാക്കുകള്‍ കുരിശിനെ മറയാക്കി മൂന്നാറില്‍ നടത്തുന്ന റവന്യൂ നടപടികളെ നിറുത്തി വയ്പ്പിക്കുവാനുള്ള തന്ത്രമാണ്. മാനവ ചരിത്രത്തിലെ ഏറ്റവും വലിയ ത്യാഗത്തിന്റെയും സഹനത്തിന്റെയും അടയാളമാണ് കുരിശ് . അതിനെ മറയാക്കി ക്രിമിനല്‍ കുറ്റം ചെയ്ത കൈയ്യേറ്റക്കാരാണ് കുരിശിനെ അപമാനിച്ചിരിക്കുന്നത് അത് നീക്കം ചെയ്ത ഉദ്യോഗസ്ഥരല്ല.കൊള്ളക്കാരെയും പലിശക്കാരെയും ചാട്ടവാറുകൊണ്ട് അടിച്ച് ആട്ടി പായിച്ച ക്രിസ്തുദേവന്റെ മുഖം കൂടി നമ്മുടെ മനസ്സിലുണ്ടാകണം.

വി.ടി. ബെല്‍റാം 

കുരിശു കാണുമ്പോള്‍ മുട്ടുവിറക്കുന്ന ഒരാളെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി എന്നുതന്നെയാണോ വിളിക്കേണ്ടത്!
സമൂഹത്തിന്റെ ഒരു പരിച്ഛേദമായി മാറിയിട്ടുണ്ട് ഇന്ന് സോഷ്യല്‍ മീഡിയ. ഇവിടെ അഭിപ്രായം പറയുന്ന തൊണ്ണൂറ് ശതമാനത്തിലേറെ ക്രിസ്തീയ വിശ്വാസികളും മൂന്നാറിലെ കയ്യേറ്റമൊഴിപ്പിക്കുന്നതിന്റെ ഭാഗമായുള്ള കുരിശ് പൊളിക്കലിനെ സ്വാഗതം ചെയ്യുന്നതായിട്ടാണ് കാണുന്നത്. അവര്‍ക്കാര്‍ക്കുമില്ലാത്ത വര്‍ഗീയ വികാരം ഇളക്കിവിടാന്‍ സിപിഎം എംഎല്‍എയും പാര്‍ട്ടി ജില്ലാ സെക്രട്ടറിയും ഇപ്പോഴിതാ സംസ്ഥാന മുഖ്യമന്ത്രി തന്നെയും പരസ്യമായി രംഗത്ത് വന്നിരിക്കുന്നു.
കുരിശ് പൊളിക്കുന്നതിലൂടെ കളി മാറുമെന്നും അതോടെ എല്ലാം നിര്‍ത്തിവെച്ച് വന്‍കിട കയ്യേറ്റക്കാരെ രക്ഷിച്ചെടുക്കാമെന്നുമായിരുന്നോ സര്‍ക്കാരിന്റെ ഉള്ളിലിരുപ്പ് എന്ന സംശയം ഉയരുന്നുണ്ട്. എന്നാല്‍ സംഭവത്തില്‍ കാര്യമായ പ്രതിഷേധമൊന്നും സ്വാഭാവികമായി ഉയര്‍ന്നുവരാത്തതിനാലാണോ ഇപ്പോള്‍ മുഖ്യമന്ത്രി തന്നെ ഇടപെട്ട് കയ്യേറ്റക്കാര്‍ക്ക് ഉപയോഗിക്കാവുന്ന മുദ്രാവാക്യങ്ങള്‍ അങ്ങോട്ട് പറഞ്ഞുകൊടുക്കുന്നത്?
'കുരിശ് പൊളിക്കുന്ന സര്‍ക്കാരാണോ ഇത്?' എന്നത് ഈ നാട്ടിലെ സാധാരണക്കാരുടെയോ പ്രതിപക്ഷത്തിന്റേയോ ഒന്നും ചോദ്യമല്ല, അത് പൊതുമുതല്‍ കയ്യേറുന്നതിന് വിശ്വാസത്തെ മറയാക്കുന്ന സാമൂഹ്യദ്രോഹികളുടെ മാത്രം ചോദ്യമാണ്. ആ ചോദ്യത്തിന് മുന്നില്‍ പതറാതെ, പതറിയതായി അഭിനയിക്കാതെ, നിശ്ചയദാര്‍ഢ്യത്തോടെ മുന്നോട്ടുപോകുന്ന റവന്യൂ വകുപ്പിന് പൂര്‍ണ്ണ പിന്തുണ നല്‍കാനാണ് സംസ്ഥാന മുഖ്യമന്ത്രി മുന്നോട്ടുവരേണ്ടത്.
Join WhatsApp News
vayanakaran 2017-04-22 09:23:32

കുരിശു നീക്കാന്‍ വന്ന ചിലവുകള്‍ , മരങ്ങള്‍ വച്ച് പിടിപ്പിക്കാന്‍ ഉള്ള ചിലവുകള്‍ , മറ്റു സര്‍കാര്‍ ചിലവുകള്‍ എല്ലാം ഇവരില്‍ നിന്നും ഈടാക്കുകയും ; കൈയേറ്റം നടത്തിയതിനു കേസ് ചാര്‍ജ് ചെയുക .

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക