Image

മൂന്നാറില്‍ സ്ത്രീകള്‍ക്കെതിരെ മാടമ്പിത്തത്തിന്റെ കൊമ്പുകുലുക്കി മണിയാശാന്‍

എ.എസ് ശ്രീകുമാര്‍ Published on 23 April, 2017
മൂന്നാറില്‍ സ്ത്രീകള്‍ക്കെതിരെ മാടമ്പിത്തത്തിന്റെ കൊമ്പുകുലുക്കി മണിയാശാന്‍
മൂന്നാറിലെ പൊമ്പിളൈ ഒരുമൈ കൂട്ടായ്മക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ വൈദ്യുതി മന്ത്രി എം.എം മണി ഊരാക്കുടുക്കിലേയ്ക്ക്. മൂന്നാറിലെ സമരകാലത്ത് കാട്ടിലായിരുന്നു പരിപാടിയെന്നായിരുന്നു മണിയുടെ അശ്ലീല പരാമര്‍ശം. മണിയുടെ പ്രസ്താവനക്കെതിരെ പ്രതിഷേധവുമായി പെമ്പിളൈ ഒരുമൈ രംഗത്തെത്തി. മണി മാപ്പ് പറയും വരെ സമരം നടത്തുമെന്ന് പൊമ്പിളൈ ഒരുമൈ നേതാവ് ഗോമതി പറഞ്ഞു. അടിമാലി ഇരുപതേക്കറില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം.  സമര കാലത്ത് കുടിയും സകല വൃത്തികേടുകളും നടന്നിട്ടുണ്ട്. ഒന്നാം മൂന്നാര്‍ ഒഴിപ്പിക്കല്‍ കാലത്ത് ദൗത്യസംഘത്തലവന്‍ കെ സുരേഷ് കുമാറും മാധ്യമപ്രവര്‍ത്തകരും സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ മദ്യപാനത്തിലായിരുന്നു. പൊമ്പിളൈ ഒരുമൈയുടെ സമരകാലത്തും ഇതുതന്നെയായിരുന്നു നടന്നത്. സമരസമയത്ത് അവിടെ കാട്ടിലായിരുന്നു പരിപാടി... എന്നിങ്ങനെയായിരുന്നു മണിയുടെ പ്രസ്താവന.

ദേവികുളം സബ്കലക്ടര്‍ക്കെതിരെയും മണി വിമര്‍ശനമുന്നയിച്ചു. സബ് കലക്ടര്‍ വെറും ചെറ്റയാണെന്നും ഇടുക്കി ജില്ലാ കലക്ടര്‍ കഴിവുകെട്ടവനാണെന്നും മണി പറഞ്ഞു. സബ്കലക്ടറെ പിന്തുണച്ച രമേശ് ചെന്നിത്തലയെ ഊളമ്പാറക്കയക്കണമെന്നും മണി പറഞ്ഞു. മുന്‍പും ദേവികുളം സബ്കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ മണി രംഗത്തെത്തിയിരുന്നു. പാപ്പാത്തിചോലയിലെ കുരിശ് പൊളിച്ചത് അയോധ്യയിലെ പള്ളി പൊളിച്ചതിനു സമാനമാണെന്നും സബ് കലക്ടറെ ഊളമ്പാറക്ക് വിടണമെന്നുമായിരുന്നു മന്ത്രിയുടെ വാവിട്ട പ്രസ്താവന.

അതേസമയം പൊമ്പളൈ ഒരുമൈ പ്രവര്‍ത്തകരേയും സമരത്തേയും കുറിച്ച് മോശം പരാമര്‍ശം നടത്തിയ എം.എം മണി ഖേദം പ്രകടിപ്പിച്ചു. താന്‍ പറഞ്ഞത് ആരെ എങ്കിലും വേദനിപ്പിച്ചെങ്കില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിയ്ക്കുന്നു എന്നായിരുന്നു മണി പറഞ്ഞത്. എന്നാല്‍ മണിയുടെ ഖേദപ്രകടനം അംഗീകരിക്കാന്‍ പൊമ്പളൈ ഒരുമൈ തയ്യാറായിട്ടില്ല. മണി നേരിട്ട് മൂന്നാറില്‍ എത്തി മാപ്പ് പറയണം എന്നാണ് പൊമ്പളൈ ഒരുമൈ പ്രവര്‍ത്തകരുടെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് പൊമ്പളൈ ഒരുമൈ പവര്‍ത്തകര്‍ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്.

മണി ഇതാദ്യമായല്ല വിവാദമുണ്ടാക്കുന്നത്. പണ്ടത്തെ ഒരു പ്രസ്താവന ഇങ്ങനെ...''ഞങ്ങള്‍ ഒരു പ്രസ്താവനയിറക്കി. 13 പേര്‍. വണ്‍, ടൂ, ത്രീ, ഫോര്‍... ആദ്യത്തെ മൂന്നുപേരെ ആദ്യം കൊന്നു. വെടിവെച്ചാ കൊന്നത്, ഒന്നിനെ കുത്തിക്കൊന്നു. ഒന്നിനെ തല്ലിക്കൊന്നു...'' 2012 മേയ് 25ന് തൊടുപുഴ മണക്കാട് സി.പി.എം ലോക്കല്‍ കമ്മിറ്റി സംഘടിപ്പിച്ച യോഗത്തില്‍ അണികള്‍ കൈയടിച്ചു കൊടുത്ത ഈ വാക്കുകള്‍ തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ കുരുക്കാകുമെന്ന് മണി ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ടി.പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് സി.പി.എമ്മിനെ രാഷ്ട്രീയ കേരളം പ്രതിക്കൂട്ടില്‍നിര്‍ത്തി വിചാരണ ചെയ്യുന്ന പശ്ചാത്തലത്തിലായിരുന്നു മണിയുടെ തീപ്പൊരി പ്രസംഗം.

വണ്‍, ടൂ, ത്രീ പ്രസംഗമെന്ന പേരില്‍ പിന്നീട് വിവാദമായ ഈ വാക്കുകളാണ് മണിയെ ഒന്നര മാസത്തോളം ജയിലിലടച്ചത്. കാല്‍നൂറ്റാണ്ടിലധികം താന്‍ കൈയാളിയ പാര്‍ട്ടി ജില്ല സെക്രട്ടറി പദത്തില്‍നിന്ന് കുറച്ചുനാളത്തേക്കെങ്കിലും അകറ്റിനിര്‍ത്താനും അഴിയാത്ത നിയമക്കുരുക്കുകളിലേക്ക് വലിച്ചിഴക്കാനും അത് കാരണമായി. ഇപ്പോള്‍ മന്ത്രിസ്ഥാനത്തത്തെിയിട്ടും വാവിട്ടുപോയ ആ വാക്കുകള്‍ മണിയെയും പാര്‍ട്ടിയെയും വേട്ടയാടുകയാണ്.

വണ്‍, ടൂ, ത്രീ പ്രസംഗം മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ വിവാദം കത്തിപ്പടര്‍ന്നു. അഞ്ചേരി ബേബി, മുള്ളന്‍ചിറ മത്തായി, മുട്ടുകാട് നാണപ്പന്‍ എന്നിവരെ പട്ടിക തയാറാക്കി കൊലപ്പെടുത്തിയെന്നാണ് പ്രസംഗത്തിലൂടെ മണി വെളിപ്പെടുത്തിയത്. തുടര്‍ന്ന്, അഞ്ചേരി ബേബി വധക്കേസില്‍ മണിയെ രണ്ടാം പ്രതിയാക്കി കേസെടുത്തു. 2012 നവംബര്‍ 21ന് പുലര്‍ച്ചെ കുഞ്ചിത്തണ്ണിയിലെ വീട്ടില്‍നിന്ന് മണിയെ അറസ്റ്റ് ചെയ്തു. നിയമ നടപടികളത്തെുടര്‍ന്ന് ഏതാനും മാസം ജില്ല സെക്രട്ടറി സ്ഥാനത്തുനിന്ന് ഇദ്ദേഹത്തെ മാറ്റിനിര്‍ത്തി. റിമാന്‍ഡ് തടവുകാരനായി പീരുമേട് സബ്ജയിലിലത്തെിയ മണി 44 ദിവസത്തിനു ശേഷമാണ് ജാമ്യം നേടി പുറത്തിറങ്ങിയത്. തന്നെ കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മണി സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി തൊടുപുഴ അഡീഷനല്‍ ഡിസ്ട്രിക്റ്റ് ആന്റ് സെഷന്‍സ് കോടതി തള്ളിയതോടെ മണി രാജിവയ്ക്കണമെന്ന ആവശ്യമുയര്‍ന്നിരുന്നു.

മണിയാശാന്‍ എന്നാണ് ഇടുക്കി സ്വദേശിയായ എം.എം. മണി അറിയപ്പെടുന്നത്. ദീര്‍ഘകാലം സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറിയായിരുന്നു മുണ്ടക്കയ്ക്കല്‍ മാധവന്‍ മണി എന്ന എം.എം മണി. സംസ്ഥാനത്ത് ഏറ്റവുമധികം കാലം സി.പി.എം ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ച വ്യക്തി ഇദ്ദേഹമാണ്. ഉടുമ്പന്‍ചോല മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അദ്ദേഹത്തിന്റെ സീനിയോരിറ്റി മാനിച്ചാണ് സംസ്ഥാന മന്ത്രിസഭയില്‍ വൈദ്യുത വകുപ്പ് മന്ത്രിയാക്കാന്‍ സി.പി.എം സംസ്ഥാന സമിതി തീരുമാനിച്ചത്. ഇപ്പോള്‍ സ്ത്രീകള്‍ക്കെതിരെയുള്ള പ്രസ്താവനയുടെ പേരില്‍ മണിയുടെ രാജി ആവശ്യം ഉയര്‍ന്നു കഴിഞ്ഞു. മണിക്കെതിരെ മുന്നണിയിലും പാര്‍ട്ടിയിലും മുറുമുറുപ്പുണ്ട്. പിണറായി സര്‍ക്കാരിലെ രണ്ടു മന്ത്രിമാര്‍ ഇതിനോടകം രാജിവച്ചൊഴിഞ്ഞു. വണ്‍, ടൂ, ത്രീ...അടുത്ത ഊഴം മണിയുടേതാവുമോ...? മിക്കവാറും...

മൂന്നാറില്‍ സ്ത്രീകള്‍ക്കെതിരെ മാടമ്പിത്തത്തിന്റെ കൊമ്പുകുലുക്കി മണിയാശാന്‍
Join WhatsApp News
Kai Mani 2017-04-23 17:24:38
ഒരു സമുദായക്കാരുടെ മ്രുതശരീരം പുറത്തെടുത്ത് ബലാത്സംഗം ചെയ്യണമെന്നു പറഞ്ഞ വ്യക്തി ഒരു സ്റ്റേറ്റില്‍ മുഖ്യമന്ത്രി. മണിയാശാന്‍ എന്താ ഇത്ര വലിയ കാര്യം പറഞ്ഞത്? ആ പൊമ്പിലൈ ഒരുമൈക്കാര്‍ക്ക് വനിതാ പോലീസ് നല്ല ചൂരല്‍ കഷായം കൊടുത്ത് വീട്ടിലിരുത്തണം.
നാലു പ്രതിഷെധക്കാരും ചാനലുമല്ല ഇവിടെ കാര്യങ്ങള്‍ തീരുമാനിക്കുന്നത്‌ 
രേവതി 2017-04-23 11:03:19
അട്ടയെ പിടിച്ചു  മെത്തയില്‍  കിടത്തിയാല്‍ ....
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക