Image

ഹിന്ദുക്ഷേത്രം പൊളിച്ചത് എങ്ങനെ ഗൂഢാലോചനയാകുമെന്ന് തൊഗാഡിയ

Published on 23 April, 2017
ഹിന്ദുക്ഷേത്രം പൊളിച്ചത് എങ്ങനെ ഗൂഢാലോചനയാകുമെന്ന് തൊഗാഡിയ
കൊച്ചി: അയോധ്യയില്‍ ഹിന്ദുക്ഷേത്രം പുതുക്കിപ്പണിയാന്‍ വേണ്ടി പൊളിച്ചത് എങ്ങനെ ഹിന്ദു ഗൂഢാലോചനയാകുമെന്ന് വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ട്ര വര്‍ക്കിങ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയ ചോദിച്ചു. കശ്മീരില്‍ എത്രയോ ഹിന്ദു ക്ഷേത്രങ്ങള്‍ പൊളിക്കുന്നു, അതിനൊന്നിനു പോലും ഒരു മുസ്ലിമിനെതിരെയും ഗൂഢാലോചനയെന്ന ആരോപണമുയര്‍ന്നിട്ടില്ല. എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ ഹിന്ദു ഹെല്‍പ്പ് ലൈന്‍ ആറാമത് വാര്‍ഷിക പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരിക്കാനുള്ള ഹിന്ദുക്കളുടെ അവകാശം അവഗണിക്കപ്പെടുകയാണ്. ഭരണത്തില്‍ വന്നുപോയ ഒരു സര്‍ക്കാരും ഹിന്ദുക്കളുടെ വികസനത്തിന് ഒന്നും ചെയ്തിട്ടില്ല. ചെയ്തിരുന്നുവെങ്കില്‍ 19 കോടി ഹിന്ദുജനങ്ങള്‍ക്ക് അരി കിട്ടാതിരിക്കില്ലായിരുന്നു, 40 ലക്ഷം കാന്‍സര്‍ രോഗികള്‍ക്ക് മരുന്ന് ലഭിക്കാതിരിക്കില്ലായിരുന്നു, കര്‍ഷക ആത്മഹത്യ വര്‍ദ്ധിക്കില്ലായിരുന്നു. സത്യത്തില്‍ ഹിന്ദുവിന്റെ മനുഷ്യാവകാശങ്ങള്‍ പോലും സംരക്ഷിക്കപ്പെടുന്നില്ല തൊഗാഡിയ പറഞ്ഞു.

ഹിന്ദു ഹെല്‍പ്പ് ലൈന്‍ ലക്ഷ്യമിടുന്നത് ഇതിനെല്ലാമുള്ള ഉത്തരമാണ്. വിദ്യാഭ്യാസം, ജോലി, ഭക്ഷണം, ആരോഗ്യം തുടങ്ങി എല്ലാ സഹായവും ഹിന്ദുക്കള്‍ക്ക് ഹെല്‍പ്പ് ലൈന്‍ വഴിയെത്തിക്കും. ഒരു പിടി അരി, ഇന്ത്യ ഹെല്‍ത്ത് ലൈന്‍, എല്ലാ ഹിന്ദു യുവാക്കള്‍ക്കും ജോലി എന്നിവ ഹിന്ദു ഹെല്‍പ്പ് ലൈന്‍ നടപ്പിലാക്കും. ഹെല്‍പ്പ് ലൈന്‍ പ്രവര്‍ത്തിക്കുന്നത് ഹിന്ദുക്കളുടെ വികസനം ലക്ഷ്യമിട്ടല്ല, മറിച്ച് ഹിന്ദുക്കളുടെ സമൃദ്ധി മുന്നില്‍ക്കണ്ടാണ്. അതിന് ജനാധിപത്യ അധികാരവും വേണം. 100 കോടി ജനങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന ഹിന്ദുക്കളെ ജനാധിപത്യത്തില്‍ മാറ്റിനിര്‍ത്താന്‍ കഴിയില്ല. ഈ നൂറു കോടിയെ താന്‍ മുന്നില്‍ നിന്ന് നയിക്കും തൊഗാഡിയ പറഞ്ഞു.

ചടങ്ങില്‍ ഹിന്ദു ഹെല്‍പ്പ് ലൈന്‍ ഏര്‍പ്പെടുത്തിയ ഹിന്ദുരത്‌നം പുരസ്‌കാരം മാതാ അമൃതാനന്ദമയിക്കും ഹിന്ദുഭൂഷണ്‍ പുരസ്‌കാരം ഇടുക്കി സ്വദേശി ഷിബുവിനും പ്രവീണ്‍ തൊഗാഡിയ സമര്‍പ്പിച്ചു.

ഹിന്ദു ഹെല്‍പ്പ് ലൈന്‍ ദേശീയ പ്രസിഡന്റ് രഞ്ജിത്ത് നാട്ടൂര്‍, കേരള കണ്‍വീനര്‍ പ്രതീഷ് വിശ്വനാഥ്, മുന്‍ വി.എച്ച്.പി. ജില്ലാ പ്രസിഡന്റ് എം.കെ. ഗോപിനാഥന്‍, അസ്?പര്‍ശാനന്ദ സ്വാമി, വി.എച്ച്.പി. കേരളതമിഴ്‌നാട് സംയോജകന്‍ വെങ്കിടേശ്വരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. (Mathrubhumi)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക