Image

'ദളിതരായ തോട്ടം തൊഴിലാളികളെന്താ വേശ്യകളാണോ; എം.എം മണിയ്‌ക്കെതിരെ പൊട്ടിത്തെറിച്ച്‌ ഗോമതി

Published on 23 April, 2017
'ദളിതരായ തോട്ടം തൊഴിലാളികളെന്താ വേശ്യകളാണോ;  എം.എം മണിയ്‌ക്കെതിരെ പൊട്ടിത്തെറിച്ച്‌ ഗോമതി

മൂന്നാര്‍: പൊമ്പിളൈ ഒരുമൈക്കെതിരായ പരാമര്‍ശനത്തിനെതിരെ മൂന്നാറില്‍ പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ സമരത്തില്‍. തങ്ങളുടെ സമരത്തെ അധിക്ഷേപിച്ച മന്ത്രി എം.എം മണി ഇവിടെയെത്തി തങ്ങളുടെ കാലില്‍ വീണ്‌ മാപ്പ്‌ പറയണമെന്നാവശ്യപ്പെട്ടാണ്‌ പ്രവര്‍ത്തകരുടെ സമരം.

`എം.എം മണി, ഇന്ത ടൗണില്‌ പബ്ലികാ വന്ന്‌ എങ്കളെ കാലില്‌ വീണ്‌ മാപ്പു പറയണം. ചുമ്മാ വിടമാട്ടെ.. കാലില്‍ വീണ മാപ്പുപറയണം'. പെമ്പിളൈ ഒരുമൈ നേതാവ്‌ ഗോമതി മാധ്യമങ്ങളോട്‌ പറഞ്ഞു.
സ്‌ത്രീകളുടെ കൂടി വോട്ടുകൊണ്ടാണ്‌ മണി ജയിച്ചതെന്നും മന്ത്രിയായതെന്നും പറഞ്ഞ പ്രവര്‍ത്തകര്‍ മണി മാപ്പ്‌ പറയുന്നത്‌ വരെ റോഡ്‌ തടഞ്ഞ്‌ പ്രതിഷേധിക്കുമെന്നും വ്യക്തമാക്കി.

`പൂച്ച പഴയ നമ്മുടെ പൂച്ച അന്ന്‌ സര്‍ക്കാര്‍ ഗസ്റ്റ്‌ ഹൗസില്‍ കുടിയും സകല പരിപാടികളുമായിരുന്നു. പൊമ്പിളൈ ഒരുമൈ അവരും കുടിയും സകല പരിപാടികളുമായി നടന്നിരുന്നു. സമരസമയത്ത്‌ അവിടെ കാട്ടിലായിരുന്നു പരിപാടി. ഒരു ഡി.വൈ.എസ്‌.പിയുമുണ്ടായിരുന്നു.' എന്ന ദ്വയാര്‍ത്ഥ പരാമര്‍ശം കൊണ്ടാണ്‌ എം.എം മണി പൊമ്പിളൈ ഒരുമൈയെ അധിക്ഷേപിക്കുന്നത്‌. ഇതിനെതിരെയാണ്‌ പൊമ്പിളൈ ഒരുമൈ സമരവുമായി രംഗത്തെത്തിയിരിക്കുന്നത്‌.


`തോട്ടം തൊഴിലാളി സ്‌ത്രീകളെക്കുറിച്ച്‌ നിങ്ങള്‍ക്കെന്തെറിയാം? തോട്ടം തൊഴിലാളികളായ സ്‌ത്രീകള്‍ വേശ്യകളാണെന്നാണോ കരുതിയത്‌? കുടുംബം പുലര്‍ത്താന്‍ തോട്ടത്തില്‍ തൊഴിലിനിറങ്ങുന്നവരാണ്‌ ഞങ്ങള്‍. നിനക്ക്‌ വെക്കമില്ല. മാനമില്ല. എം.എം മണി ഇവിടെ വരണം. എം.എം മണി വരാതെ ഞങ്ങള്‍ ഈ റോഡ്‌ വിട്ട്‌ പുറത്തുപോകില്ല. പെണ്‍കളെ പറ്റി പേസരുത്ത്‌. നീ പാര്‍ട്ടിക്ക്‌ അപമാനം. പാര്‍ട്ടിക്ക്‌ പുറത്താവണം' ഗോമതി പറഞ്ഞു.

താന്‍ സിപി.എം വിട്ട്‌ പുറത്ത്‌ പോകാന്‍ കാരണം കയ്യേറ്റത്തിന്‌ പിന്നില്‍ സി.പി.എം ആയത്‌ കൊണ്ടണെന്നും ഗോമതി പറഞ്ഞു. `സ്ഥലം കയ്യേറിയത്‌ സി.പി..എമ്മിന്റെ നേതാക്കളാണ്‌. അതാണ്‌ ഞാന്‍ സി.പി..എം വിട്ടുപോന്നത്‌.' അവര്‍ പറഞ്ഞു.

ദളിത്‌ പെണ്‍കള്‍ സംസാരിക്കാന്‍ പാടില്ലേ, ദളിത്‌ പെണ്‍കുട്ടി സമരം ചെയ്യാന്‍ പാടില്ലേയെന്നും ഗോമതി ചോദിച്ചു. പ്രതിഷേധവുമായി മൂന്നാര്‍ പഴയ റോഡില്‍ ഒത്തുചേര്‍ന്ന പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തുകയാണ്‌ റോഡ്‌ തടഞ്ഞ്‌ പ്രതിഷേധിക്കാനാണ്‌ പ്രവര്‍ത്തകരുടെ തീരുമാനം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക