Image

ബാബരി മസ്ജിദ് കേസില്‍ സുപ്രീംകോടതി വിധിയുടെ പൊരുള്‍ (ഡല്‍ഹികത്ത് : പി.വി.തോമസ്)

പി.വി.തോമസ് Published on 24 April, 2017
ബാബരി മസ്ജിദ് കേസില്‍ സുപ്രീംകോടതി വിധിയുടെ പൊരുള്‍ (ഡല്‍ഹികത്ത് : പി.വി.തോമസ്)
ഏപ്രില്‍ പത്തൊമ്പതാം തീയതി ബാബരി മസ്ജിദ് ഭേദന കേസില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിധി വളരെപ്രധാനപ്പെട്ട ഒന്നാണ്. ഈ വിധിപ്രകാരം മുന്‍ ഉപപ്രധാനമന്ത്രിയും ബി.ജെ.പി./ സംഘപരിവാറിന്റെ രാം ജന്മഭൂമി മുന്നേറ്റത്തിന്റെ നെടും നായകനുമായ എല്‍.കെ.അദ്വാനിക്കും മുതിര്‍ന്ന നേതാക്കന്മാരായ മുരളി മനോഹര്‍ ജോഷി ഉമാഭാരതി തുടങ്ങിയവര്‍ക്ക് എതിരെ ഗൂഢാലോചന കേസില്‍ വിചാരണ ചെയ്യണം. ഗുഢാലോചന കേസില്‍ നിന്നുംം കീഴ്‌ക്കോടതി ഇവരെ വിമുക്തരാക്കിയിരുന്നു. ഗൂഢാലോചന കേസും മസ്ജിദ് ഭേദന കേസും ഒരുമിച്ച് ലക്ക്‌നൗ കോടതിയില്‍ വിചാരണ ചെയ്യണം. നേരത്തെ ഇവ റായ് ബറേലിയിലും ലക്‌നൗവിലും ഉള്ള കോടതികളില്‍ വെവ്വേറെ ആയിരുന്നു വിചാരണ ചെയ്തിരുന്നത്. മറ്റൊരു പ്രധാനപ്പെട്ട തീരുമാന പ്രകാരം ബാബരി മസ്ജിദ് ഭേദകേസിന്റെ വിചാരണ അനുദിനം എന്നവണ്ണം നടത്തി വിധി രണ്ട് വര്‍ഷത്തിനുള്ളില്‍ പറയണം. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് 25 വര്‍ഷം ആയെങ്കിലും അതിന്റെ വിചാരണയൊ വിധിയൊ എങ്ങും എത്തിയിട്ടില്ല എന്നതിന്റെ പശ്ചാത്തലത്തില്‍ ആണ് സുപ്രീം കോടതി ഈ തീരുമാനത്തില്‍ എത്തിചേര്‍ന്നത്. വളരെ നല്ല ഒരു തീരുമാനം ആണ് ഇത്. മുമ്പ് മാര്‍ച്ച് ആറാം തീയതി സുപ്രീം കോടതി അദ്വാനിക്കും മറ്റും എതിരെയുള്ള ഗൂഢാലോചന കേസ് കീഴ്‌ക്കോടതി റദ്ദാക്കിയത് പ്രഥമ ദൃഷ്ട്യ തെറ്റാണെന്ന് കണ്ടെത്തുകയുണ്ടായി. അതോടനുബന്ധിച്ച് കോടതി നടത്തിയ ഒരു പരാമര്‍ശനം വിവാദവിഷയം ആവുകയുണ്ടായി. അതായത് ബാബരി മസ്ജിദ് ഭേദന കേസ് കോടതിക്ക് വെളിയില്‍ പറഞ്ഞ് തീര്‍ക്കണം. സുപ്രീം കോടതി ചീഫ് ജസ്റ്റീസ് മദ്ധ്യസ്ഥതയ്ക്ക് നില്‍ക്കാമെന്നും സമ്മതിച്ചു. എന്നാല്‍ വിവാദത്തെ തുടര്‍ന്ന് ഒടുവിലത്തെ വിധിയില്‍ ആ വക പരാമര്‍ശനങ്ങള്‍ ഉണ്ടായില്ല. അതും നന്ന്. കാരണം മനപൂര്‍വ്വം കുറ്റം ചെയതിനു ശേഷം അതിന് മാപ്പും പരിഹാരവും ഇല്ലാതെ എന്ത് ഒത്തുതീര്‍പ്പ് കാരണം സ്വതന്ത്ര ഇന്‍ഡ്യ കണ്ട ഏറ്റവും പൈശ്ചാചികമായ മത-രാഷ്ട്രീയ ഹത്യകളില്‍ ഒന്ന് ആയിരുന്നു ഇത്. 1975 ലെ അടിയന്തിരാവസ്ഥയും 1984-ലെ സിക്ക് വിരുദ്ധ വംശീയ കലാപവും 2002 ലെ ഗുജറാത്ത് കൂട്ടക്കുരുതിയും ഇതില്‍പ്പെടും.

ഏറ്റവും പ്രധാനപ്പെട്ട കാര്യം ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് കാല്‍ നൂറ്റാണ്ട് കഴിഞ്ഞിട്ടും അതിലെ കുറ്റവാളികളെ ശിക്ഷിക്കുകയോ കുറ്റവിമുക്തര്‍ ആക്കിയിട്ടോ ഇല്ലെന്നതാണ്. അത് നമ്മുടെ നിയമവ്യവസ്ഥയുടെ ശോചനാവസ്ഥയിലേക്ക് ആണ് വിരല്‍ ചൂണ്ടുന്നത്. ഇതിന് ഒരു അറുതി വരുത്തുവാനാണ് സുപ്രീം കോടതി ഇപ്പോള്‍ ശ്രമിക്കുന്നത്. ഇത് ഏറ്റവും സ്വാഗതാര്‍ഹം ആണ്. രണ്ട് വര്‍ഷത്തില്‍ 564  പ്രവര്‍ത്തി ദിവസം ഉള്ളതില്‍ 656 സാക്ഷികളെ ആണ് ലക്‌നൗവിലെ പ്രത്യേക കോടതിക്ക് വിസ്തരിക്കുവാന്‍ ഉള്ളത്. ഇതുവരെ ഈ 25 വര്‍ഷത്തിനുള്ളില്‍ ലക്‌നൗ കോടതി വിസ്തരിച്ച് 800 സാക്ഷികളില്‍ 195 പേരെ മാത്രമെ വിസ്തരിച്ചിട്ടുള്ളത്. ലക്‌നൗ കോടതിയാണ് ബാബരി മസ്ജിദ് ഭേദനം വിചാരണ ചെയ്യുന്നത്. ഗൂഢാലോചന കേസ് കേള്‍ക്കുന്ന റായ്ബറേലി കോടതിയാകട്ടെ ആകെയുള്ള 108 സാക്ഷികളില്‍ 57 പേരെ മാത്രം ആണ് വിസ്തരിച്ചിട്ടുള്ളത്. ഇങ്ങനെയാണ് നമ്മുടെ നീതി നിര്‍വ്വഹണ വ്യവസ്ഥ പ്രവര്‍ത്തിക്കുന്നത്! ബാബരി മസ്ജിദ് ഭേദനവും അതിലെ പ്രധാന പ്രതികളും പകല്‍പോലെ യാഥാര്‍ത്ഥ്യം ആണ്. സി.ബി.ഐ. കോടതി മുമ്പാകെ ധാരാളം തെളിവുകളും സമര്‍പ്പിച്ചിട്ടുണ്ട്. എന്നിട്ടും ന്യായനിര്‍വ്വഹണം നടത്തിയില്ലെന്നത് ദയനീയം ആണ്. മസ്ജിദ് തകര്‍ക്കപ്പെട്ട് പത്ത് ദിവസത്തിനുള്ളില്‍ ആണ് ജസ്റ്റീസ് മന്‍മോഹന്‍ സംങ്ങ് ലിബര്‍ഹാന്‍ കമ്മീഷന്‍ സ്ഥാപിക്കപ്പെട്ടത്. മസ്ജിദ് ഭേദനം അന്വേഷിക്കുകയെന്നതായിരുന്നു കമ്മീഷന്റെ ചുമതല. 17 വര്‍ഷത്തിനുശേഷം ലിബര്‍ഹാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അത് ബി.ജെ.പി. നേതാക്കന്മാരെ മസ്ജിദ് ഭേദനത്തിന് കുറ്റപ്പെടുത്തി.

അദ്വാനിക്കും ജോഷിക്കും ഉമാഭാരതിക്കും കല്യാണ്‍ സിങ്ങിനും മറ്റും എതിരെ ഗൂഢാലോചന കേസ് സുപ്രീം കോടതി ചുമത്തി വിചാരണയ്ക്ക് ഉത്തരവ് ഇട്ടത് വളരെ ഗൗരവമേറിയ ഒരു നീക്കം ആണ്. കല്യാണ്‍സിംങ്ങ് രാജസ്ഥാന്‍ ഗവര്‍ണ്ണര്‍ ആയതിനാല്‍ അദ്ദേഹത്തിന് ഭരണഘടനയുടെ സംരക്ഷണം ഉണ്ട്. അദ്ദേഹം ഗവര്‍ണ്ണര്‍ ആയിരിക്കുന്നിടത്തോളം കാലം അദ്ദേഹത്തെ കോടതിക്ക് വിചാരണ ചെയ്യുവാന്‍ സാധിക്കുകയില്ലെ. അദ്ദേഹത്തിന്റെ 5 വര്‍ഷത്തെ കാലാവധി തീരുന്നത് 2019- ല്‍ ആണ്. അദ്ദേഹത്തിന് രാജിവച്ച് വിചാരണ നേരിടാവുന്നതാണ് രാഷ്ട്രീയധാര്‍മ്മികതയുടെ അടിസ്ഥാനത്തില്‍. ഉമാഭാരതി കേന്ദ്രമന്ത്രി ആണ്. അവര്‍ക്കും രാജിവച്ച് വിചാരണ നേരിടാവുന്നതാണ്. പക്ഷേ രണ്ടിനും ബാദ്ധ്യതയില്ല. സുപ്രീം കോടതി വിധി വന്നതിന് ശേഷവും ഉമാഭാരതി മസ്ജിദ് ഭേദനത്തെ ന്യായീകരിക്കുകയാണുണ്ടായത്. ഭരണഘടനയെ തൊട്ട് ആണയിട്ട് അതിനെ സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുത്ത മന്ത്രിമാരും ഗവര്‍ണ്ണര്‍മാരും ഇതാണ് ചെയ്യുന്നതെങ്കില്‍ എന്ത് ഭരണവ്യവസ്ഥയാണ് ഇവിടെ നിലനില്‍ക്കുന്നത്? അല്ല, അദ്വാനി ഉപപ്രധാനമന്ത്രി ആയി സ്ഥാനം ഏറ്റെടുക്കുമ്പോള്‍ അദ്ദേഹം കുറ്റം ചുമത്തപ്പെട്ടിരുന്നു!

ഗൂഢാലോചനാ കുറ്റത്തിന്റെ പുനഃസ്ഥാപിക്കപ്പെടലും വിചാരണയും വളരെ പ്രാധാന്യമേറിയതാണ്. അവിടെയാണ് ബാബരി മസ്ജിദ് ഭേദന കേസിലെ പ്രധാനപ്രതികള്‍ നിലകൊള്ളുന്നത്. ആയിരക്കണക്കിന് വരുന്ന കരസേവകര്‍ വെറും മുഖം ഇല്ലാത്ത യുദ്ധ സാമഗ്രികള്‍ മാത്രം ആണ്. ഈ തലവന്മാര്‍ ആണ് കീഴ്‌ക്കോടതി വിധിപ്രകാരം ആദ്യം രക്ഷപ്പെടുവാന്‍ പഴുതുണ്ടാക്കിയത്. അത് ഇപ്പോള്‍ സാദ്ധ്യമല്ലാതായിരിക്കുന്നു. വിചാരണ നടക്കട്ടെ. ഇവര്‍ കുറ്റവാളികളോ കുറ്റവിമുക്തരോ എന്ന് കോടതി വിധി എഴുതട്ടെ. സി.ബി.ഐ.യുടെ കുറ്റപത്രം, കേസ് എത്ര ശക്തമാണ് എന്ന് അറിയട്ടെ. സാംസ്‌കാരിക ദേശീയത എന്ന വിചാരധാരക്ക് ആണോ ഇന്‍ഡ്യന്‍ ഭരണഘടന, കുറ്റവ്യവസ്ഥ എന്ന യാഥാര്‍ത്ഥ്യങ്ങള്‍ക്ക് ആണോ സാധുത എന്ന് അറിയട്ടെ. ഒട്ടേറെ ഭരണഘടന സ്ഥാപനങ്ങള്‍- പ്രധാനമന്ത്രി, മുഖ്യമന്ത്രി, ഗവര്‍ണ്ണര്‍, സുപ്രീംകോടതി-തുരങ്കം വയ്ക്കപ്പെട്ടതാണ് ബാബരി മസ്ജിദ് ഭേദനത്തില്‍. ഇതിന് എല്ലാം ഉ്ത്തരം ലഭിക്കണം.
സുപ്രീം കോടതിയുടെ ശീഘ്ര വേഗപാത നല്ല ഒരു സമീപനം തന്നെയാണ്. ബാബരി മസ്ജിദിന്റെ ഭേദനവും അതെതുടര്‍ന്നുണ്ടായ വര്‍ഗ്ഗീയ കലാപത്തില്‍ രണ്ടായിരത്തിലേറെ പേര്‍ കൊല്ലപ്പെട്ടതും, ആ സംഭവം ഇന്‍ഡ്യന്‍ റിപ്പബ്ലിക്കിന് ഏല്‍പിച്ച കളങ്കവും മറ്റും പരിഗണിക്കുമ്പോള്‍ ഈ ശ്രീഘ്രവേഗ നീതിപാത അത്യന്താപേക്ഷിതം ആണ്. നാല് ആഴ്ചക്കുള്ളില്‍ ഗൂഢാലോചന ആരോപണപത്രം സി.ബി.ഐ. സമര്‍പ്പിക്കണം. വിചാരണ യാതൊരു തടസവും ഇല്ലാതെ നിത്യേനയെന്നവണ്ണം നടത്തണം. ജഡ്ജിയെ സ്ഥലം മാറ്റുവാന്‍ പാടില്ല. കോടതി തക്കതായ കാരണമില്ലാതെ വിചാരണ നിറുത്തിവച്ചുകൂട. രണ്ട് വര്‍ഷത്തിനുള്ളില്‍ വിധി വാചകം രാഷ്ട്രത്തിന് സമര്‍പ്പിക്കണം. വളരെ നല്ല ഒരു ഇടപെടല്‍ ആണ് സുപ്രീംകോടതി നടത്തിയത്.

രണ്ട് വര്‍ഷത്തിനുള്ളില്‍ കോടതിവിധി വരുമ്പോള്‍ വര്‍ഷം 2019 ആണ്. അതായത് പൊതുതെരഞ്ഞെടുപ്പിന്റെ വര്‍ഷം. സുപ്രീംകോടതി വിധിയോടെ രാമക്ഷേത്ര മുന്നേറ്റം വീണ്ടും സജീവം ആയിരിക്കുകയാണ്. 2019-ല്‍ വിധി വരുമ്പോഴേക്കും അത് കത്തിക്കാളും. വിധി അനുകൂലം ആയാലും പ്രതികൂലം ആയാലും അത് ബി.ജെ.പി.-സംഘപരിവാര്‍ ശക്തികളെ രാഷ്ട്രീയമായി സഹായിക്കും. വീണ്ടും മതധ്രൂവീകരണത്തിന് സാദ്ധ്യതയുണ്ട്. സുപ്രീം കോടതി വിധിയെതുടര്‍ന്ന് വിശ്വഹിന്ദുപരിക്ഷത്തിന്റെ അന്താരാഷ്ട്രീയ അദ്ധ്യക്ഷന്‍ പ്രവീണ്‍ തൊഗാന്ധിയ പറഞ്ഞത് ശ്രദ്ധേയം ആണ്. ബാബരി മസ്ജിദ് ഭേദന കേസ് രാഷ്ട്രീയപ്രേരിതം ആണെന്നും പ്രതികള്‍ ഹിന്ദുക്കളുടെ അവകാശങ്ങളെ സംരക്ഷിക്കുന്നതിന് ശ്രമിച്ചവര്‍ മാത്രം ആണെന്നും തൊഗാന്ധിയ വാദിക്കുന്നു. ഇത് വരുവാനിരിക്കുന്ന രാഷ്ട്രീയ കൊടുങ്കാറ്റിന്റെ മുന്നോടി മാത്രം ആണ്.

ജൂലൈയില്‍ നടക്കുവാനിരിക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകുവാന്‍ സാദ്ധ്യത ഉണ്ടായിരുന്ന അദ്വാനിക്കെതിരായിട്ടുള്ള ഒരു ഒളിയമ്പ് ആയിട്ടും ഇതിനെ കാണുന്നവര്‍ ഉണ്ട്. മോഡി അദ്വാനിയെ ലോകസഭ അദ്ധ്യക്ഷ സ്ഥാനത്തേക്ക് പോലും പരിഗണിക്കുവാന്‍ തയ്യാറായതല്ല. പിന്നെ ആണോ രാഷ്ട്രപതിസ്ഥാനം? വേണമെങ്കില്‍ അദ്വാനിയെ രാഷ്ട്രപതി ആക്കി ഭരണഘടനയുടെ സംരക്ഷണം നല്‍കാവുന്നതാണ്. അതിനൊന്നും സാദ്ധ്യതയില്ല. 80 വയസ് കഴിഞ്ഞ അദ്വാനിയും ജോഷിയും മോഡിക്ക് ഇന്ന് രാഷ്ട്രീയമായി യാതൊരു വിധ ഭീഷണിയും ഉയര്‍ത്തുന്നില്ല. അതിനാല്‍ അങ്ങനെയുള്ള ഗൂഢനീക്കങ്ങള്‍ക്ക് സാദ്ധ്യത ഇല്ല. ഏതായാലും ബാബരി കേസ് 2019 ല്‍ ബി.ജെ.പി.-സംഘപരിവാര്‍ ശക്തികളെയും മോഡിയെയും സഹായിക്കുമെന്നതില്‍ തര്‍ക്കം ഇല്ല. പക്ഷേ, ഇവിടെ അതല്ല വിഷയം. നീതിന്യായ വ്യവസ്ഥയും ഭരണഘടന വാഴ്ചയും അതിന്റെ വഴിക്ക് പോകണം. ഇത് പോലുള്ള അക്രമം കഴിഞ്ഞിട്ട് 25 വര്‍ഷം കഴിഞ്ഞിട്ടും കുറ്റവാളികളെ ശിക്ഷിക്കുകയോ കുറ്റവിമുക്തരോ ആക്കിയിട്ടില്ലെന്നത് തികച്ചും പരിതാപകരമായ ഒരു അവസ്ഥ ആണ്. അതിനെയാണ് സുപ്രീംകോടതി തിരുത്തുവാന്‍ ശ്രമിക്കുന്നത്. വിധിയും വിധിക്ക് മുകളില്‍ അപ്പീലും എല്ലാം ഉണ്ടാകും. ഇതൊന്നും രണ്ട് വര്‍ഷത്തില്‍ ഒതുങ്ങുകയും ഇല്ല എന്നും ഏവര്‍ക്കും അറിയാം. എങ്കിലും ഇത് നല്ല ഒരു തുടക്കം ആണ്.


ബാബരി മസ്ജിദ് കേസില്‍ സുപ്രീംകോടതി വിധിയുടെ പൊരുള്‍ (ഡല്‍ഹികത്ത് : പി.വി.തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക