Image

പെമ്പിളൈ ഒരുമ നിരാഹാര സമരം തുടങ്ങി

Published on 24 April, 2017
പെമ്പിളൈ ഒരുമ നിരാഹാര സമരം തുടങ്ങി

മൂന്നാര്‍ ഇടുക്കി: സ്‌ത്രീത്വത്തെ അപമാനിച്ച മന്ത്രി എം.എം. മണി നേരിട്ടെത്തി മാപ്പ്‌ പറയണമെന്നാവശ്യപ്പെട്ട്‌ പെമ്പിളൈ ഒരുമ പ്രവര്‍ത്തകരുടെ അനിശ്ചിതകാല നിരാഹാരസമരം തുടങ്ങി. പെമ്പിളൈ ഒരുമ നേതാക്കളായ ഗോമതിയും കൗസല്യ തങ്കമണിയുമാണ്‌ നിരാഹാര സമരം നടത്തുന്നത്‌.

മൂന്നാര്‍ ഗാന്ധി സ്‌ക്വയറിലെ പന്തലിലാണ്‌ നിരാഹാരം. മണിക്കെതിരെ തോട്ടം തൊഴിലാളികള്‍ ആരംഭിച്ച അനിശ്ചിതകാല സമരത്തിന്‌ വ്യാപക പിന്തുണയാണ്‌ ലഭിക്കുന്നത്‌. 

സിപിഐയുടെ തൊഴിലാളി സംഘടനയായ എഐടിയുസിയും പിന്തുണ പ്രഖ്യാപിച്ചു. ഇന്ന്‌ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന്‌ കൂടുതല്‍ പൊതുപ്രവര്‍ത്തകര്‍ സമരരംഗത്തെത്തുമെന്ന്‌ സമരത്തിലുള്ള ദേവികുളം ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ഗോമതി  പറഞ്ഞു.

അതിനിടെ, കൂടുതല്‍ തോട്ടം തൊഴിലാളികള്‍ സമരരംഗത്തേക്ക്‌ എത്തുന്നത്‌ തടയാന്‍ സിപിഎം നീക്കം ആരംഭിച്ചു. മുന്‍പ്‌ പെമ്പിളൈ ഒരുമൈയില്‍ പ്രവര്‍ത്തിച്ചിരുന്ന ലിസി സണ്ണിയെ മുന്‍നിര്‍ത്തിയാണ്‌ നീക്കം. പ്രതിഷേധം വ്യാപകമാണെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്ന്‌ ഇന്നലെ പങ്കെടുക്കേണ്ടിയിരുന്ന പരിപാടികളില്‍ നിന്ന്‌ മണി വിട്ടുനിന്നു. 

മൂന്നാറിലെ തോട്ടം തൊഴിലാളികളെ വനിത കമ്മീഷന്‍ അധ്യക്ഷ ഡോ. പ്രമീളാ ദേവി സന്ദര്‍ശിച്ചു. ബിജെപി സംസ്ഥാന നേതാക്കളായ ശോഭ സുരേന്ദ്രന്‍, അഡ്വ.വി.വി. രാജേഷ്‌ എന്നിവരും സമരത്തിന്‌ പിന്തുണ അറിയിച്ച്‌ എത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക