Image

അമ്പലപ്പുഴയില്‍ ദമ്പതികള്‍ പൊള്ളലേറ്റ്‌ മരിച്ച സംഭവം ആത്മഹത്യയാണെന്ന്‌ നിഗമനം

Published on 24 April, 2017
അമ്പലപ്പുഴയില്‍ ദമ്പതികള്‍ പൊള്ളലേറ്റ്‌ മരിച്ച സംഭവം  ആത്മഹത്യയാണെന്ന്‌ നിഗമനം

ആലപ്പുഴ: ചിട്ടിക്കമ്പനിയുടമയുടെ വീട്ടില്‍ ദമ്പതികള്‍ പൊള്ളലേറ്റ്‌ മരിച്ച സംഭവം ആത്മഹത്യയാണെന്ന നിഗമനത്തില്‍ പോലീസ്‌. ഇടുക്കി കീരിത്തോട്‌ കുമരംകുന്നേല്‍ കുമാരന്റെ മകന്‍ കെ.കെ. വേണു(54) ഭാര്യ സുമ(50) എന്നിവരാണ്‌ ദാരുണമായി മരിച്ചത്‌. 

ഫോറന്‍സിക്‌ വിഭാഗത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്‌ ഇവര്‍ സ്വയം ജീവനൊടുക്കിയതാണെന്ന തീരുമാനത്തിലെത്തിയത്‌. പൊള്ളലേല്‍ക്കുന്നതിന്‌ തൊട്ടുമുമ്പ്‌ വേണു നാട്ടിലെ സുഹൃത്തിന്‌ ഫോണിലൂടെ നല്‍കിയ ആത്മഹത്യാ സന്ദേശവും പോലീസിന്‌ ലഭിച്ചു.

സ്വയം പെട്രോളൊഴിച്ച വേണു തുടര്‍ന്ന്‌ ഭാര്യയുടെ ദേഹത്തേക്കും പെട്രോള്‍ ഒഴിച്ചെന്നാണ്‌ പോലീസ്‌ നിഗമനം. കസ്റ്റഡിയിലുള്ള ചിട്ടിസ്ഥാപനം ഉടമ അമ്പലപ്പുഴ കോമന കൃഷ്‌ണാലയത്തില്‍ സുരേഷ്‌ ഭക്തവത്സലനെ വൈദ്യ പരിശോധനക്ക്‌ വിധേയമാക്കി. ഇയാളുടെ ശരീരത്തില്‍ തീപ്പൊള്ളലിന്റെ പാടുകളോ മറ്റു പരുക്കുകളോ കണ്ടെത്താനായില്ല.

ദമ്പതികളുടെ ശരീരത്തിലേക്ക്‌ സുരേഷ്‌ ലൈറ്റര്‍ ഉപയോഗിച്ച്‌ തീ കൊളുത്തിയിട്ടുണ്ടെങ്കില്‍ പ്രതിക്കും പൊള്ളലേല്‍ക്കേണ്ടതാണ്‌. ശരീരത്തില്‍ പെട്രോളൊഴിക്കുന്നതിന്‌ മുമ്പായി വേണു നാട്ടിലെ സൃഹൃത്തിനെ ഫോണില്‍ വിളിച്ച്‌ താന്‍ പറയുന്നത്‌ റെക്കോഡ്‌ ചെയ്യാന്‍ നിര്‍ദേശിച്ചു. പണം കിട്ടിയില്ലെങ്കില്‍ തീകൊളുത്തി മരിക്കുമെന്ന ഈ ശബ്ദ സന്ദേശം പോലീസിന്‌ ലഭിച്ചിട്ടുണ്ട്‌.

ദമ്പതികളെ ശനിയാഴ്‌ച വൈകിട്ടാണ്‌ ചിട്ടിസ്ഥാപനം ഉടമയുടെ വീട്ടില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടത്‌. തുടര്‍ന്ന്‌ ഇരുവരും ആലപ്പുഴ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ മരിച്ചു. ചിട്ടിസ്ഥാപനം ഉടമ സുരേഷ്‌ പെട്രോളൊഴിച്ച്‌ തീ കൊളുത്തിയെന്നാണ്‌ ഇരുവരുടെയും മരണമൊഴി. എന്നാല്‍ പോസ്റ്റുമോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്‌ ഇത്‌ സാധൂകരിക്കുന്നില്ല. അടച്ചു പൂട്ടിയിട്ടില്ലാത്ത സിറ്റൗട്ടില്‍ പെട്രോളൊഴിക്കാന്‍ ചിട്ടി ഉടമ ശ്രമിച്ചാല്‍ അത്‌ പ്രതിരോധിക്കാനോ രക്ഷപെടാനോ ശ്രമം ഉണ്ടാവണം.

വേദന അസഹ്യമായതിനുശേഷം മാത്രമാണ്‌ ദമ്പതികള്‍ ഇരിപ്പിടം വിട്ടെഴുന്നേറ്റിരിക്കുന്നതെന്ന്‌ ശരീരത്തിലെ പൊള്ളലിന്റെ അടയാളങ്ങളില്‍ നിന്ന്‌ ഫോറന്‍സിക്‌ വിദഗ്‌ദ്ധര്‍ അനുമാനിക്കുന്നു. മറ്റു മുറിവുകളൊന്നും വേണുവിന്റെയും സുമയുടെയും ശരീരത്തില്ല.

 സംഭവസമയത്ത്‌ താന്‍ സ്ഥലത്തില്ലായിരുന്നുവെന്നാണ്‌ ചിട്ടിക്കമ്പനി ഉടമ സുരേഷ്‌ ആവര്‍ത്തിക്കുന്നത്‌. എന്നാല്‍ ദമ്പതികളുടെ മരണമൊഴി പോലീസിനെ കുഴയ്‌ക്കുകയാണ്‌. സുരേഷ്‌ നടത്തിയിരുന്ന ബി ആന്‍ഡ്‌ ബി ചിട്ടിക്കമ്പനിയില്‍ നിന്ന്‌ ചിട്ടി പിടിച്ച ഇനത്തില്‍ മൂന്നര ലക്ഷം രൂപയോളം വേണുവിന്‌ ലഭിക്കാനുണ്ടായിരുന്നു. ഈ തുക നല്‍കാമെന്ന്‌ ഉറപ്പ്‌ നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ്‌ വേണുവും ഭാര്യയും സുരേഷിന്റെ വീട്ടിലെത്തിയത്‌. എന്നാല്‍ ഇയാള്‍ പണം നല്‍കാന്‍ തയ്യാറായില്ല. ഇതെത്തുടര്‍ന്നാണ്‌ ദമ്പതികളെ ശരീരത്തില്‍ തീ ആളിപ്പടരുന്ന നിലയില്‍ അയല്‍വാസികള്‍ കാണുന്നത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക