Image

മലേഗാവ്‌ സ്‌ഫോടന കേസ്‌: സ്വാധി പ്രഗ്യാ സിംഗ്‌ ഠാക്കൂറിന്‌ ജാമ്യം

Published on 25 April, 2017
മലേഗാവ്‌ സ്‌ഫോടന കേസ്‌:  സ്വാധി പ്രഗ്യാ സിംഗ്‌ ഠാക്കൂറിന്‌ ജാമ്യം



മുംബൈ: മലേഗാവ്‌ സ്‌ഫോടനക്കേസിലെ മുഖ്യ കുറ്റാരോപിത സ്വാധി പ്രഗ്യാ സിംഗ്‌ ഠാക്കൂറിന്‌ മുംബൈ ഹൈക്കോടതി ജാമ്യം നല്‍കി. അഞ്ച്‌ ലക്ഷം രൂപയുടെ ഷുവര്‍ട്ടിയിന്‍ മേലാണ്‌ ജാമ്യം നല്‍കിയിരിക്കുന്നത്‌.


2008 സെപ്‌തംബറിലായിരുന്നു മഹാരാഷ്ട്രയിലെ മലേഗാവില്‍ സ്‌ഫോടനമുണ്ടാകുന്നത്‌. സ്‌ഫോടനത്തില്‍ ആറു പേര്‍ കൊല്ലപ്പെടുകയും നൂറോളം പേര്‍ക്ക്‌ പരുക്കേല്‍ക്കുകയും ചെയ്‌തു. ഈ കേസിലെ മുഖ്യ കുറ്റാരോപിതയാണ്‌ സ്വാധി പ്രഗ്യ. എന്‍.ഐ.എ കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന്‌ 2016 ഓഗസ്റ്റില്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ജാമ്യം നല്‍കുന്നതില്‍ തങ്ങള്‍ക്ക്‌ എതിര്‍പ്പില്ലെന്ന്‌ എന്‍.ഐ.എ ഹൈക്കോടതിയില്‍ അറിയിക്കുകയായിരുന്നു.

സ്‌ഫോടനത്തില്‍ സ്വാധി പ്രഗ്യ സിംഗിന്റെ പങ്ക്‌ തെളിയിക്കാന്‍ മതിയായ തെളിവുകളില്ലെന്ന്‌ കാണിച്ച്‌ 2016 മെയ്‌ മാസം എന്‍.ഐ.എ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
മലേഗാവ്‌ സ്‌ഫോടന കേസിലെ മറ്റൊരു കുറ്റാരോപിതനായ കേണല്‍ പ്രസാദ്‌ പുരോഹിതിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയിട്ടുണ്ട്‌. ഉപാധികളോടെയാണ്‌ സ്വാധിയ്‌ക്ക്‌ ജാമ്യം നല്‍കിയിരിക്കുന്നത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക