Image

ഷാനി പ്രഭാകര്‍ ഇന്ത്യ പ്രസ് ക്ലബ് കണ്‍വന്‍ഷനില്‍

Published on 25 April, 2017
ഷാനി പ്രഭാകര്‍ ഇന്ത്യ പ്രസ് ക്ലബ് കണ്‍വന്‍ഷനില്‍
ഹൂസ്റ്റണ്‍: ഉദാത്തമായ മാനവികതയുടെ ശക്തരായ വക്താക്കളായി മാധ്യമ പ്രവര്‍ത്തകര്‍ പരിവര്‍ത്തനം ചെയ്യപ്പെടണമെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തക ഷാനി പ്രഭാകര്‍(മനോരമ ന്യൂസ്) അഭിപ്രായപ്പെട്ടു. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഏഴാമത് നാഷ്ണല്‍ കണ്‍വന്‍ഷനില്‍ സംബന്ധിക്കാനെത്തുന്ന ഷാനി പ്രഭാകര്‍ തന്റെ മാധ്യമ വിചാരവും വികാരവും ഇപ്രകാരം പങ്കുവയ്ക്കുന്നു.

'അമേരിക്കന്‍ സര്‍ക്കാരിന്റെ അതിഥിയായി 2012 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ വന്ന അഞ്ച് മലയാളി മാധ്യമ പ്രവര്‍ത്തകരിലൊരാളാണ് ഞാന്‍. അഞ്ച് വര്‍ഷത്തിനു ശേഷം വീണ്ടുമിവിടെ എത്തുമ്പോള്‍ ലോകം മാറി. രാഷ്ട്രീയം മാറി. ഇന്ത്യയും അമേരിക്കയും ഒരുപാട് മാറിയിരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ മാധ്യമ പ്രവര്‍ത്തനം കൂടുതല്‍ ഉത്തരവാദിത്വം ആവശ്യപ്പെടുന്ന സമയത്ത് ഈ പ്രവാസ ഭൂമിയിലിരുന്നു കൊണ്ട് ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യവും നോക്കിക്കാണുന്ന സമൂഹം ഈ മാറുന്ന രാഷ്ട്രീയം എങ്ങനെയാണ് വിലയിരുത്തുന്നതെന്നും അവരുടെ ജീവിതത്തില്‍ അത് അനുഭവപ്പെടുന്നത് എങ്ങനെയാണെന്നും അറിയാനുള്ള അവസരമായാണ് ഞാന്‍ ഈ യാത്രയെ വിശേഷിപ്പിക്കുന്നത്. അതുപോലെ തന്നെ പ്രവാസ ജീവിതത്തിന്റെ തിരക്കില്‍ മലയാള ഭാഷയില്‍ മാധ്യമ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകാനും അതില്‍ കൃത്യമായ നിലപാടുകള്‍ എടുക്കാനും ഇന്ത്യ പ്രസ് ക്ലബ് കാട്ടുന്ന എഫര്‍ട്ട് എന്നില്‍ അത്ഭുതമുളവാക്കുന്നു....'

'മാധ്യമ പ്രവര്‍ത്തനത്തില്‍ 15 വര്‍ഷം മാത്രം പരിചയമുള്ള വ്യക്തിയാണ് ഞാന്‍. കൈകാര്യം ചെയ്യുന്ന മീഡിയത്തിന്റെ സ്വഭാവമനുസരിച്ച് കൂടുതല്‍ ഉത്തരവാദിത്വമുള്ള ജോലികള്‍ ഏറ്റെടുക്കുകയും വിഷയങ്ങളില്‍ സജീവമായി ഇടപെടുന്നുമുണ്ട്. ഈ 15 കൊല്ലം എന്നു പറയുന്നത് മാധ്യമപ്രവര്‍ത്തനത്തിലും രാഷ്ട്രീയത്തിലും ലോകക്രമത്തിലുമൊക്കെ വലിയ മാറ്റങ്ങള്‍ സംഭവിച്ച കാലഘട്ടമാണ്....'

"അമേരിക്കയിലെ ആദ്യത്തെ കറുത്ത വര്‍ഗ്ഗക്കാരനായ പ്രസിഡന്റിനെ നാം കണ്ടു. ഇന്ത്യ ഏകകക്ഷി ഭരണത്തിലേക്ക് തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നപ്പോള്‍ വന്‍ ഭൂരിപക്ഷത്തോടെ ഒരു പാര്‍ട്ടി അധികാരത്തിലെത്തുന്നതും കണ്ടു. അമേരിക്കയില്‍ ഇപ്പോള്‍ മറ്റൊരു രാഷ്ട്രീയത്തിന്റെ വക്താവായ ഡൊണാള്‍ഡ് ട്രമ്പ് പ്രസിഡന്റാവുന്നത് ഈയിടെ കണ്ടു. അങ്ങനെ ലോകം നിരന്തരമായ മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്നു. ആ മാറ്റങ്ങളോട് സമൂഹം പൊരുത്തപ്പെട്ടു കൊണ്ടിരിക്കുകയും ചെയ്യുന്നു. എപ്പോഴും നല്ലതിനെ സ്വീകരിക്കുന്നതിനോടൊപ്പം മനുഷ്യത്വത്തിനപ്പുറത്തേക്കുള്ള കാര്യങ്ങളെ നിരന്തരം ചോദ്യം ചെയ്യുമെന്ന സത്യത്തെയാണ് ഞാന്‍ ഈ ഒന്നൊര പതിറ്റാണ്ട് കാലയളവില്‍ പഠിച്ചു കൊണ്ടിരുന്നത്. ഇനിയങ്ങോട്ട് പഠിക്കുന്നതും...'

ഒടുവില്‍ മാനവികത തന്നെ പ്രധാനപ്പെട്ട കാര്യമായി വരികയും അതിനോടെതിര്‍പ്പുകളില്ലാത്ത തരത്തില്‍ സമൂഹം അതിന്റെ രാഷ്ട്രീയത്തിലുള്‍പ്പെടുത്തുകയും ചെയ്യും. ഉദാത്ത മാനവികതയില്‍ മാത്രം വിശ്വസിക്കുന്ന ആളുകളായി മനുഷ്യന്‍ മാറും. ഇടയ്ക്ക് ചില നിരാശാ ബോധം ഒക്കെയുണ്ടാവാം. തനിക്ക് അര്‍ഹിക്കുന്നത് കിട്ടുന്നുണ്ടോ എന്ന് മനുഷ്യന്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്നതിന്റെ ഫലമാണിത്. കുറച്ചുകൂടി കഴിയുമ്പോള്‍ ഞാന്‍. എന്റെ, എന്റെയാള്‍ക്കാര്‍.... എന്നീ വല്ലാത്തൊരു സ്വയം കേന്ദ്രീകൃത രീതിയിലേക്ക് വ്യക്തികള്‍ മാറ്റപ്പെടും. എന്നാല്‍ മനുഷ്യന്‍ സാമൂഹിക ജീവിയായി തന്നെ തിരിച്ചു വരും. എല്ലാവരും ഒരുപോലെയാണ്. എല്ലാ രാജ്യത്തെയും മനുഷ്യന് മനുഷ്യന്റേതായ അവകാശമുണ്ട്. പാസ്‌പോര്‍ട്ടിനും ഗ്രീന്‍ കാര്‍ഡിനും സിറ്റിസന്‍ഷിപ്പിനുമൊക്കെയപ്പുറത്ത് നമുക്ക് നമ്മുടേതായ നിലപാടുകളെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട് എന്ന ചിന്താഗതിയിലേക്ക് സമൂഹം മാറി വരും എന്ന് ഞാന്‍ വിചാരിക്കുന്നു...'

 ആധുനിക മലയാള മാധ്യമ സംസ്‌കാരത്തിന്റെ ചാനല്‍ മുറിയിലിരുന്ന് വ്യക്തവും കൃത്യവുമായ നിരീക്ഷണ ബോധത്തോടെ സമൂഹത്തിന്റെ വിവിധ വിഷയങ്ങളിലും പ്രശ്‌നങ്ങളിലും സജീവമായി ഇടപെട്ടു സംസാരിക്കുന്ന വ്യക്തിയാണ് ഷാനി പ്രഭാകര്‍. വാക്കുകള്‍ ചാട്ടൂളി പോലെ ലക്ഷ്യങ്ങള്‍ ഭേദിക്കുമ്പോള്‍ എതിര്‍വശത്തിരിക്കുന്നവര്‍ പലപ്പോഴും വിയര്‍ക്കുന്നത് കാണാം. ആനുകാലിക വിഷയങ്ങളോട് പക്ഷപാതിത്വമില്ലാതെ സംസാരിച്ച്, ചര്‍ച്ച ചെയ്ത്, വിശകലനം നടത്തി കൃത്യമായ ഉത്തരങ്ങളിലേക്ക് എത്തിക്കുന്ന തിരുത്തല്‍ ശക്തിയായി കൃത്യനിര്‍വഹണം നടത്തുന്ന ഷാനി പ്രഭാകര്‍ ശരിയായ മാധ്യമ പ്രവര്‍ത്തനത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ...

'നല്ല മാധ്യമപ്രവര്‍ത്തനത്തിന് ചില പരിമിതികളുണ്ട്. വസ്തുതകളുടെ അഭാവമാണത്. ശരിയായ വസ്തുതകള്‍ കൃത്യമായി ഒരുക്കി അതില്‍ നിന്ന് മാത്രം നിലപാടുകള്‍ രൂപപ്പെടുത്തി. നമ്മുടെ ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ കാഴ്ചപ്പാടുകളോ മുന്‍ വിധികലോ അതിനെ മാറ്റാതെ, അതിനെ സ്വാധീനിക്കാതെ വിസ്തുതകളെ മാത്രം അടിസ്ഥാനപ്പെടുത്തി 'ഇതാണ് ശരി...' എന്നു പറയാന്‍ കഴിയുന്ന മാധ്യമപ്രവര്‍ത്തനത്തിലേക്കെത്തുക എന്നതാണെന്റെ ആഗ്രഹം. എങ്ങനെ അങ്ങനെ മാറ്റിയെടുക്കണം എന്നാണ് എപ്പോഴും വിചാരിക്കാറുള്ളത്. മുഴുവന്‍ വസ്തുതകളും ലഭിക്കാതിരിക്കുന്നതാണ് ഇതിന് തടസ്സം. വസ്തുതകള്‍ മുഴുവന്‍ ചര്‍ച്ച ചെയ്യുമ്പോള്‍. പിന്നെ തല്‍പര കക്ഷികള്‍ ശരിയായ വസ്തുക്കളെ മൂടി വയ്ക്കുകയും ചെയ്യും. ശരിയായ വസ്തുതകള്‍ തരാതെ മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ശ്രമങ്ങളുമുണ്ടാവും. ഒരേ ഒഴുക്കിലേക്ക് പോകാനുള്ള ഒരു പ്രവണത മാധ്യമങ്ങള്‍ക്കിടയിലുണ്ടിപ്പോള്‍. വസ്തുതകള്‍ കൃത്യമായെടുത്ത്.... ഈ സാഹചര്യത്തില്‍, ഈ വിഷയത്തില്‍, ഇതാണ് ശരിയെന്ന മുന്‍ വിധികളില്ലാതെ മാധ്യമപ്രവര്‍ത്തനത്തിലേക്കെത്തുക എന്നതാണ് എന്റെ മുന്നില്‍ ഞാന്‍ വച്ചിരിക്കുന്ന ലക്ഷ്യം അത് തന്നെയാണ് യഥാര്‍ത്ഥ മാധ്യമ പ്രവര്‍ത്തനം എന്ന് ആര് ചോദിച്ചാലും പറയുകയും ചെയ്യും. ഇന്ത്യ പ്രസ് ക്ലബ് നോര്‍ത്ത് അമേരിക്കയുടെ കണ്‍വന്‍ഷന് എന്റെ ശുഭാശംസകള്‍....'

ഷാനി പ്രഭാകര്‍ ഇന്ത്യ പ്രസ് ക്ലബ് കണ്‍വന്‍ഷനില്‍ ഷാനി പ്രഭാകര്‍ ഇന്ത്യ പ്രസ് ക്ലബ് കണ്‍വന്‍ഷനില്‍
Join WhatsApp News
Francis E Thadathil 2017-04-25 14:13:06
മിസ്റ്റർ പാഷാണം, 
എന്താണ് രണ്ടാംകിട പത്രപ്രവർത്തനം? vernacular പത്രപ്രവർത്തനം നടത്തുന്നവർ എല്ലാം രണ്ടാം കിട പത്രപ്രവർത്തകരാണോ? ഇംഗ്ലീഷ് പറയുന്നവർ മാത്രം അല്ലെങ്കിൽ എഴുതുന്നവർ മാത്രം  ഒന്നാംകിട പത്രപ്രവർത്തനം നടത്തുന്നവരാണെങ്കിൽ താങ്കളെപോലുള്ളവരെ സായിപ്പിനെ കാണുമ്പോൾ കവാത്തു മറക്കുന്നവൻ എന്ന് വിളിച്ചാൽ ദോഷം പറയേണ്ടതില്ലല്ലോ. ഇംഗ്ലീഷിൽ എന്ത് മണ്ടത്തരം  എഴുതുകയും അറിവില്ലായ്‍മ കൈ മുതലായി ബ്ലാ ബ്ലാ ബ്ലാ പറയുന്നവരുടെ കാൽ കഴുകിയ വെള്ളം കുടിക്കാനാണ് നമുക്ക് യോഗ്യത. ഷാനി പ്രഭാകർ എന്ന പത്രപ്രവർത്തക കൊളംബിയ യൂണിവേഴ്സിറ്റിയിൽ പഠിച്ചിട്ടില്ല.പക്ഷെ yജേർണലിസം പഠിച്ചിട്ടുണ്ട് നല്ല അസ്സലായി തന്നെ
കൊളംബിയയിൽ; ജേർണലിസം പഠിച്ച അർണാബ് ഗോസ്വാമിമാരെക്കാൾ എന്തുകൊണ്ടും നല്ല ചർച്ച നയിക്കുന്നവളാണ് ഷാനി. വിമർശിക്കും മുമ്പ് വിഷയം പഠിക്കു....
3977
പാഷാണം വര്‍ക്കി 2017-04-25 11:39:36
അമേരിക്കന്‍ മുഖ്യധാരാ മാധ്യമ രംഗത്ത് ഇപ്പോള്‍ തിളങ്ങി നില്‍ക്കുന്ന Vinita Nair(ABC News), Reena Ninan(CBS News), Manu Raju(CNN) എന്നിവര്‍ ഇവിടെ ഉള്ളപ്പോള്‍ കേരളീത്തെന്നു രണ്ടാംകിട മാധ്യമ പ്രവര്‍ത്തകരെ കൊണ്ടുവരേണ്ട ആവശ്യമെന്ത് ? ഇവരൊക്കെ എന്നാണാവോ മാധ്യമപ്രവര്‍ത്തകര്‍ ആവുക?
നാരദന്‍ 2017-04-26 03:21:16
അല്ല  ഒബ്സെർവരെ  !
 അമേരിക്കയിലെ  ജേര്ണലിസ്റ്  എന്ന് പറഞ്ഞു  നടക്കുന്നവരിൽ  മിക്കവാറും  എല്ലാവരും  സ്വന്തം  പേര്  പത്തു  പേര് അറിയാൻ  കാണിക്കുന്ന  കൊപ്രാന്തേം  അല്ലെ ?  പലരും  ഇങ് ലീഷ്   തർജിമ  ചെയ്യും . ഉരി  അരി  എന്നത്  പകുതി  നാസി എന്നോ  ; when i & my wife was in ootti, was translated by 8th grade upadesi - ഞാനും  ഇ  നില്‍ക്കുന്ന  സായിപ്പിന്റെ  ഭാര്യയും  കൂടി  ഉട്ടിയില്‍  ആയിരുന്നപ്പോള്‍  എന്ന മട്ടില്‍ തര്‍ജിമ.  ഇതിനൊക്കെ എന്തിനു  ഡിഗ്രി ?
senior most journalist  എന്നു ഒക്കെ ഇയിടെ പലരും സ്വയം പരിചയപെടുത്തുുനനതു കോടടു
Observer 2017-04-25 20:19:58
ഇവിടെ ഇംഗ്ലീഷോ മലയാളമോ സംസാരിക്കുന്ന പത്രപ്രവർത്തകൻ എന്നതിനേക്കാൾ അവർ ഏതു സംസ്കാരത്തിൽ നിന്ന് പത്രപ്രവർത്തനം നടത്തുന്നു എന്നുള്ളത് വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ്.  അമേരിക്കയിലെ പത്രപ്രവർത്തകർ എവിടെയാണെന്നു ചോദിച്ചാൽ കേരളത്തിലും അല്ല അമേരിക്കയിലും അല്ല. ത്രിശങ്കു സ്വർഗ്ഗത്തിലാണെന്നു പറയാം. ത്രിശങ്കു സ്വർഗ്ഗത്തിൽ താമസിക്കുന്ന ഒത്തിരിപ്പേരുള്ളതു കൊണ്ട് അവരുടെ പത്ര പ്രവർത്തനം നടന്നു പോകുന്നു.  മനം അങ്ങും മിഴി ഇങ്ങുമായി ജീവിക്കുന്ന ധാരാളം പേരുണ്ട്.  അവരുടെ ജീവിതം ഇവിടെ എരിഞ്ഞടങ്ങും. അവരുടെ സന്താന പരമ്പര ഈ രാജ്യത്തിന്റെ സംസ്കാരത്തിലും കേരളസംസ്കാരത്തിന്റെ സ്വാധീനത്തിലും വളരും പക്ഷേ മാതാപിതാക്കൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെയും പിണറായിസർക്കാരിന്റെയും രാഷ്ട്രീയ തലത്തിൽ വരുന്ന മാറ്റങ്ങളുടെയും കഥ പറഞ്ഞും ഡിബേറ്റുകൾ സംഘടിപ്പിച്ചും 'മനം അങ്ങും മിഴി ഇങ്ങുമായി' ചിതയിലോ കുഴിയിലോ ചെന്നെത്തുന്നതു വരെ ജീവിതം തുടരും.   അവർ അമേരിക്കൻ രാഷ്ട്രീയത്തിന്റെയോ സംസ്കാരത്തിന്റെയോ ഭാഗമാണോ എന്ന് ചോദിച്ചാൽ അല്ല. കേരള രാഷ്ട്രീയത്തിന്റെയോ കേരള സംസ്കാരത്തിന്റെയോ ഭാഗമാണോ എന്ന് ചോദിച്ചാൽ അതും അല്ല .  അതുകൊണ്ടാണ് ഞാൻ പറഞ്ഞത് ത്രിശങ്കു സ്വർഗ്ഗത്തിലാണെന്ന്  . ത്രിശങ്കു സ്വർഗ്ഗത്തിൽ പത്ര പ്രവർത്തനം നടത്താൻ വിനീത നായരോ, റീന നൈനാനോ അല്ലെങ്കിൽ മനു രാജുവോ വേണമെന്നില്ല.  അവർ അമേരിക്കൻ സംസാകാരവുമായി ഇഴുകി ചേർന്നവരാണ്. അവരെ ഇവിടെ കൊണ്ട് വന്നിട്ട് പ്രയോചനം ഇല്ല.  പിന്നെ അമേരിക്കയിലെ മിക്ക പത്ര പ്രവർത്തകർക്കും (ചിലരൊഴിച്ച് ) ജേർണലിസത്തിൽ വിദ്യാഭ്യാസമോ ഡിഗ്രിയോ ഒന്നും ഉള്ളവരല്ലത്തതുകൊണ്ടു ഇടയ്ക്ക് ഇങ്ങനെയുള്ളവരെ കൊണ്ടുവന്ന് സെമിനാറുകൾ സംഘടിപ്പിക്കുന്നതിൽ കുഴപ്പം കാണുന്നില്ല.  അമേരിക്കയിലെ മിക്ക പത്ര പ്രവർത്തകരും പലപല മേഖലകളിൽ വിദ്യാഭ്യാസം ഉള്ളവരാണ്. മെഡിക്കൽ റിപ്പോർട്ട് പറയുന്നവർ, നിയമപരമായ കാര്യങ്ങളെക്കുറിച്ചു റിപ്പോർട്ട് ചെയ്യുന്നവർ , സമ്പത്ത് വ്യവസ്ഥകളെക്കുറിച്ച് സംസാരിക്കുന്നവർ ഇവരൊക്കെ അവരവരുടെ മേഖലകളിൽ പ്രവീണരാണ്‌.. ആയതുകൊണ്ട് വസ്തുനിഷ്ടമായി ഇവർ കാര്യങ്ങൾ സംസാരിക്കുകയും 'പൊതുജന കഴുതകൾക്ക് " മനസിലാക്കി കൊടുക്കുകയും ചെയ്യും .  അമേരിക്കൻ മലയാള പത്രപ്രവർത്തനത്തിനു അങ്ങനെയുള്ള വിദഗ്‌ദ്ധരുടെ ആവശ്യം ഇല്ലല്ലോ. പക്ഷേ ഓരോത്തരും അധികാരത്തിൽ വരുമ്പോൾ അവരുടെ സമ്മേളനങ്ങൾ ഏറ്റവും കേമായി തീർന്നു എന്ന് വരുത്തി തീർക്കാനുള്ള പരിപാടികൾ കാട്ടും , അങ്ങനെ അതിനെ തള്ളിക്കളയുക. അല്ലാതെ ഇത്തരം ചെറിയ കാര്യങ്ങൾക്കു വേണ്ടി വിയർക്കണ്ട ആവശ്യം ഇല്ല .

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക