Image

മനസിന്റെ ഭാഷയെന്ന്‌ എംഎം മണി, സ്വന്തം കുടുംബത്തില്‍ ഇത്തരം പദപ്രയോഗങ്ങള്‍ നടത്തുമോയെന്ന്‌ ഗോമതി

Published on 25 April, 2017
മനസിന്റെ ഭാഷയെന്ന്‌ എംഎം  മണി,  സ്വന്തം കുടുംബത്തില്‍ ഇത്തരം പദപ്രയോഗങ്ങള്‍ നടത്തുമോയെന്ന്‌ ഗോമതി
 ഇടുക്കി: വിവാദ പരാമര്‍ശത്തെ ന്യായീകരിച്ച എംഎം മണിക്കും മണിയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും  മറുപടിയുമായി പെമ്പിളൈ ഒരുമൈ സമരനായിക ഗോമതി. മണിയുടെ വിശദീകരണത്തെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച ഗോമതി മണിയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രിയെയും വിമര്‍ശിച്ചു.

 പിണറായിയുടെ നിലപാട്‌ ദുഃഖകരമെന്നും അവര്‍ പറഞ്ഞു. തന്റേത്‌ ഗ്രാമീണ ഭാഷയാണെന്നും മനസില്‍ നിന്ന്‌ വന്ന വാക്കുകളാണെന്നും അതില്‍ കൃത്രിമമില്ലെന്നും മണി പറഞ്ഞതാണ്‌ പെമ്പിളൈ ഒരുമൈയെ പ്രകോപിപ്പിച്ചിരിക്കുന്നത്‌. സ്വന്തം കുടുംബത്തിലുള്ളവരെ ഇത്തരം നാടന്‍ പ്രയോഗങ്ങള്‍ കൊണ്ട്‌ അധിക്ഷേപിക്കുമോയെന്ന്‌ ഗോമതി ചോദിച്ചു. 

മറ്റ്‌ സിപിഎം നേതാക്കളുടെ കുടുംബത്തിനെതിരെ ഇത്തരം നാടന്‍ പ്രയോഗങ്ങള്‍ നടത്തുമോയെന്നും ഗോമതി. 

മണി അങ്ങനെ പറഞ്ഞിട്ടില്ലെങ്കില്‍ കണ്ടതും കേട്ടതും എന്താണെന്നും പ്രവര്‍ത്തകര്‍.  വിവാദ പ്രസംഗത്തില്‍ മണി നിയമസഭയില്‍ വിശദീകരണം നല്‍കിയിരുന്നു. തനിക്ക്‌ പണ്ഡിതോചിതസംസാരം അറിയില്ലെന്നും താനൊരു ഗ്രാമീണനാണെന്നും തന്റെ വാക്കുകള്‍ മനസിന്റെ ഭാഷയാണെന്നും അതില്‍ കൃത്രിമമില്ലെന്നുമായിരുന്നു വിശദീകരണത്തില്‍ മണി വ്യക്തമാക്കിയത്‌.

 മണിയുടെ സംസാരം നാടന്‍ ശൈലിയെന്നാണ്‌ മുഖ്യമന്ത്രിയുടെ സഭയിലെ വിശദീകരണം. എതിരാളികള്‍ ഇതിനെ പര്‍വതീകരിച്ച്‌ രാഷ്ട്രീയ വിവാദമാക്കുന്നുവെന്നും പിണറായി ന്യായീകരണത്തില്‍ വ്യക്തമാക്കി. സംസാരത്തില്‍ കടന്നുവന്നത്‌ നാടിന്റെ ശൈലിയെന്നും അദ്ദേഹം. 

 അതേസമയം മണി മാപ്പ്‌ പറയണമെന്നാവശ്യപ്പെട്ട്‌ പെമ്പിളൈ ഒരുമൈ നടത്തുന്ന സമരം ശക്തമാക്കി. ചൊവ്വാഴ്‌ച മുതല്‍ ഗോമതിയും കൗസല്യയും നിരാഹാര സമരം ആരംഭിച്ചു. മണി സമരപ്പന്തലിലെത്തി മാപ്പ്‌ പറയണമെന്നാണ്‌ ഇവരുടെ ആവശ്യം. 

അതിനിടെ സമരം നടത്തുന്ന പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ മണി വീണ്ടും പരിഹസിച്ചു. പെമ്പിളൈ ഒരുമയുടേത്‌ നാലാള്‍ സമരമാണെന്നായിരുന്നു മണിയുടെ പരിഹാസം. സമരം നാലാള്‍ സമരമാണെയെന്ന്‌ മണിക്ക്‌ കാണിച്ചു കൊടുക്കുമെന്ന്‌ പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകരും പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക