Image

പിണറായി സര്‍ക്കാരിന് താക്കീതായി തീരാക്കളങ്കങ്ങള്‍ (എ.എസ് ശ്രീകുമാര്‍)

Published on 25 April, 2017
പിണറായി സര്‍ക്കാരിന് താക്കീതായി തീരാക്കളങ്കങ്ങള്‍ (എ.എസ് ശ്രീകുമാര്‍)
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കൊടിയ അഴിമതികളും അരുതായ്കകളും ചൂണ്ടിക്കാട്ടി, തങ്ങള്‍ വന്നാല്‍ എല്ലാം പെട്ടെന്ന് ശരിയാക്കാം എന്ന് പറഞ്ഞ് ജനങ്ങളുടെ വോട്ട് വാങ്ങി അധികാരത്തിലേറിയ, പിണറായി വിജയന്റെ, ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവണ്‍മെന്റ് വിവാദങ്ങളുടെ വറചട്ടിയില്‍ നിന്ന് എരിതീയിലേക്ക് വീഴുന്ന പരമ ദയനീയമായ കാഴ്ചകളാണ് രാഷ്ട്രീയ കേരളം ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. പ്രശ്‌നങ്ങള്‍ ഒന്നിനു പിറകെ ഒന്നായി അശനിപാതം പോലെ മുഖ്യമന്ത്രി പിണറായി വിജയനെ വിടാതെ പിന്തുടരുന്നു.  ഇപ്പോള്‍ ഒരു നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ എന്തു സംഭവിക്കുമെന്ന് അറിയാന്‍ പാഴൂര്‍ പടി വരെ പോയി പ്രശ്‌നം വയ്‌ക്കേണ്ടണ്ടതില്ല. പ്രശ്‌നങ്ങള്‍ക്ക് പഞ്ഞമില്ലാത്തതിനാല്‍ കാര്യങ്ങള്‍ സി.പി.എമ്മിന് എതിരായി തന്നെ ഭവിക്കുമെന്നുറപ്പ്. കോണ്‍ഗ്രസ് ഒട്ടും മെച്ചപ്പെടാന്‍ സാധ്യതയില്ല. പക്ഷേ, ചുളുവില്‍ ബി.ജെ.പി നേട്ടമുണ്ടാക്കും. പിണറായി വിജയന്‍ തന്റെ മന്ത്രിസഭാംഗങ്ങളെയും മറ്റും ജനഹിതത്തിനൊപ്പിച്ച് വരുതിയില്‍ നിര്‍ത്തിയില്ലെങ്കില്‍ ഇതായിരിക്കും സംഭവിക്കാന്‍ പോവുക. 

സമ്മതിദായകര്‍ തളികയില്‍ വച്ചുകൊടുത്ത കനത്ത ഭൂരിപക്ഷത്തിന്റെ ആനുകൂല്യത്തില്‍ അധികാരത്തിലേറിയ ഇടതുസര്‍ക്കാരിന്റെ രണ്ടു മന്ത്രിമാര്‍ ഇതിനോടകം രാജി വച്ചു. ഒന്ന് സ്വജനപക്ഷപാതം. മറ്റൊന്ന് പെണ്ണു കേസ്. ബന്ധു നിയമനത്തിന്റെ പേരിലാണ് ഇ.പി ജയരാജന്റെ കസേര തെറിച്ചതെങ്കില്‍ സ്ത്രീ വിഷയത്തിലാണ് മന്ത്രി എ.കെ ശശീന്ദ്രന് നാണെകെട്ട് ഒഴിയേണ്ടി വന്നത്. രണ്ടും നാറ്റക്കേസുതന്നെ. മൂന്നാമതൊരു മന്ത്രിക്കു കൂടി രാജിയുടെ വഴി തെളിഞ്ഞു വരുന്നു. അതും സ്ത്രീകളുമായി ബന്ധപ്പെട്ട ഗുരുതരമായ പ്രശ്‌നമാണ്. മന്ത്രി എ.കെ ശശീന്ദ്രനാണ് തന്റെ എല്ലില്ലാത്ത നാവു കൊണ്ട് പൊമ്പിളെ ഒരുമ എന്ന വനിതാ സംഘടനക്കാരെ അശ്ലീലം പറഞ്ഞ് ആക്ഷേപിച്ചത്. സ്ത്രീത്വത്തെ അപമാനിച്ച ഈ സംഭവത്തില്‍ വനിതാ കമമീഷന്‍ സ്വമേധയാ കേസെടുക്കുകയും മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് ഇടുക്കി ജില്ലാ പോലീസ് മേധാവിയോട് നിര്‍ദ്ദേശിച്ചിട്ടുമുണ്ട്. 

സ്ത്രീകളെ അപമാനിക്കുന്ന വാക്കുകള്‍ ഉപയോഗിച്ചതിനും പെരുമാറ്റത്തിനും എതിരെയുള്ള 1980ലെ പ്രത്യേക വകുപ്പ്, പോലീസ് നിയമം 119, ഇന്ത്യന്‍ ശിക്ഷാനിയമം 354 വകുപ്പുകള്‍ പ്രകാരം ഏഴ് വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. മന്ത്രി മണിക്കെതിരെ സ്വന്തം പാര്‍ട്ടിയില്‍ നിന്നും മുന്നണിയില്‍ നിന്നും പൊതു സമൂഹത്തില്‍ നിന്നും ആക്ഷേപങ്ങളും താക്കീതുകളും തെറിയഭിഷേകങ്ങളും അനുനിമിഷം ഉയരുന്നുണ്ടെങ്കിലും താന്‍ മാപ്പ് പറയില്ലെന്നും പാര്‍ട്ടി പറഞ്ഞാല്‍ രാജി വെക്കുമെന്നുമാണ്, സഖാക്കള്‍ മണിയാശാന്‍ എന്നു വിളിക്കുന്ന ഈ മര്‍ക്കട മന്ത്രിയുടെ നിലപാട്. 

ഈ സര്‍ക്കാര്‍ നാണം കെട്ട സംഭവമാണ് മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറുമായി ബന്ധപ്പെട്ട വിഷയം. കേരളത്തിന്റെ പോലീസ് മേധാവിയായി ടി.പി സെന്‍കുമാറിനെ തിരികെ നിയമിക്കാനുള്ള സുപ്രീം കോടതി വിധി പിണറായിക്ക് കനത്ത തിരിച്ചടി തന്നെയാണ്. സെന്‍ കുമാറിനെ മാറ്റിയ സര്‍ക്കാര്‍ നടപടി ഏകപക്ഷീയവും നീതിരഹിതവുമാണെന്നും പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പെട്ടെന്നുണ്ടായ നടപടി രാഷ്ട്രീയ പ്രേരിതമാകാമെന്നും പരമോന്നത നീതിപീഠം നിരീക്ഷിച്ചു. ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന്റെ അഞ്ചാം പക്കം തന്നെ ക്രമസമാധാനത്തിന്റെ ചുമതലയുള്ള ഡി.ജി.പി സ്ഥാനത്തു നിന്ന് മാറ്റിയത് രാഷ്ട്രീയ പ്രേരിതമാണെന്ന് കാണിച്ച് സെന്‍കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഈ സുപ്രധാന വിധി. 

പിണറായി സര്‍ക്കാര്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത് ടി.പി സെന്‍കുമാറിനെ നീക്കി ആ സ്ഥാനത്ത് പിണറായി വിജയന്റെ ഇഷ്ടക്കാരനായ ലോക്‌നാഥ് ബെഹ്‌റയെ പ്രതിഷ്ഠിച്ചു കൊണ്ടാണ്. പിണറായി സര്‍ക്കാര്‍ കൈക്കൊണ്ട ആദ്യ നടപടി എന്ന പ്രത്യേകതയും ഈ ഇളക്കിമാറ്റലിനുണ്ട്. ഇടതു മുന്നണിക്ക് നേരത്തെ തന്നെ അനഭിമതനാണ് ടി.പി സെന്‍കുമാര്‍. 2005ല്‍ തിരുവനന്തപുരം എ.ജി കോളേജില്‍ എ.ബി.വി.പി പ്രവര്‍ത്തകര്‍ക്കെതിരായ പോലീസ് നടപടിക്കിടെ വിദ്യാര്‍ത്ഥികളെ ക്ലാസ്സില്‍ കയറി തല്ലിയതിന് സെന്‍കുമാര്‍ കോണ്‍സ്റ്റബിളിന്റെ കോളറില്‍ പിടിച്ച് വിലക്കിയത് വിവാദമായിരുന്നു. സംഭവം ഇടതുമുന്നണിയുടെ അപ്രീതിക്ക് കാരണമായി. 

മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കൂര്‍, ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കതിരൂര്‍ മനോജ് വധക്കേസുകളില്‍, കണ്ണുരിലെ ജയരാജ ത്രയത്തിലെ പി.ജയരാജന്‍ ഉള്‍പ്പെടെയുള്ള സി.പി.എം നേതാക്കള്‍ക്കെതിരായുള്ള അന്വേഷണത്തില്‍ സെന്‍കുമാര്‍ കടുത്ത നിലപാടെടുത്തതും സി.പി.എമ്മിന്റെ വിരോധത്തിനിടയായി. അദ്ദേഹം ജയില്‍ ഡി.ജി.പിയുടെ ചുമതല വഹിച്ചപ്പോള്‍ ടി.പിചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ അനുഭവിച്ചിരുന്ന സൗകര്യങ്ങള്‍ അവസാനിപ്പിക്കാന്‍ ശ്രമിച്ചതും സി.പി.എമ്മിനിഷ്ടപ്പെട്ടില്ല. സെന്‍കുമാര്‍ ഡി.ജി.പി കസേരയിലേക്ക് മടങ്ങിയെത്തുമ്പോള്‍ മാനം പോകുന്നത് ഇടത് ഗവണ്‍മെന്റിനും പ്രത്യേകിച്ച് ഭരണത്തിന് നേതൃത്വം നല്‍കുന്ന സി.പി.എമ്മിനുമാണ്. 

തിരുവനന്തപുരത്തെ ലോ അക്കാദമി ലോ കോളേജിലെ വിദ്യാര്‍ത്ഥി സമരവും സര്‍ക്കാരിന് കളങ്കം ചാര്‍ത്തി. സി.പി.എം നേതാവായ കോലിയക്കോട് കൃഷ്ണന്‍ നായരുടെ ബന്ധു ലക്ഷ്മി നായര്‍ പ്രിന്‍സിപ്പലായിട്ടുള്ളതാണ് ലോ അക്കാദമി. ലക്ഷ്മി നായരുടെ വിദ്യാര്‍ത്ഥികളോടുള്ള പീഡന സമീപനങ്ങളും സാമ്പത്തിക ക്രമക്കേടുകളും പൊതുജന മധ്യത്തില്‍ വിചാരണ ചെയ്യപ്പെട്ട സംഭവങ്ങളാണ് ലോ അക്കാദമി ക്യാമ്പസിലും പുറത്തും അരങ്ങേറിയത്. ഒടുവില്‍ നിവൃത്തിയില്ലാതെ പ്രിന്‍സിപ്പലിനെ അഞ്ചു വര്‍ഷത്തേക്ക് മാറ്റിക്കൊണ്ട് പാര്‍ട്ടി മുഖം രക്ഷിക്കുകയായിരുന്നു. അതുപോലെ തന്നെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ ദുരൂഹമരണത്തെ ചൊല്ലിയുണ്ടായ സമരങ്ങളും പ്രക്ഷോഭങ്ങളും, ജിഷ്ണുവിന്റെ അമ്മ മഹിജയെ തിരുവനന്തപുരത്തെ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിന് മുന്നില്‍ വച്ച് വഴിയിലൂടെ വലിച്ചിഴച്ച് കൊണ്ടു പോയ സംഭവവും സര്‍ക്കാരിനെ പിടിച്ചുലച്ചു...ജനരോഷം ആളിക്കത്തിച്ചു.  

മറ്റൊരു കത്തുന്ന വിഷയം മൂന്നാറിലെ അനധികൃത കുടിയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നത് സംബന്ധിച്ചാണ്. കൈയ്യേറ്റം ഒഴിപ്പിക്കുന്നതിനെ ചൊല്ലി സി.പി.എമ്മും, സി.പി.ഐയും തമ്മില്‍ കൊമ്പു കോര്‍ത്തത് പിണറായി സര്‍ക്കാരിന് വല്ലാത്ത ആഘാതമായി. മൂന്നാറിലെ പാപ്പാത്തിച്ചോലയില്‍ സ്പിരിറ്റ് ഇന്‍ ജീസസ് എന്ന സംഘടന ഭൂമി കൈയ്യേറി സ്ഥാപിച്ച കുരിശ് നീക്കം ചെയ്ത സംഭവവും സ്‌ഫോടനാത്കമായി. സ്പിരിറ്റ് ഇന്‍ ജീസസ്‌കാരെ മുഖ്യമന്ത്രി പിണറായി വിജയനും എം.എം മണിയുമൊക്കെ വാഴ്ത്തിയപ്പോള്‍ റവന്യു വകുപ്പ് കൈകാര്യം ചെയ്യുന്ന സി.പി.ഐ നിലപാട് കര്‍ക്കശമാക്കുകയായിരുന്നു. കുരിശ് യേശുക്രിസ്തുവിന്റെ സഹനത്തിന്റെ അടയാളമാണ്. ഈ വികാരം രാഷ്ട്രീയ നേട്ടത്തിനു വേണ്ടി മാനിപ്പുലേറ്റ് ചെയ്യുകയായിരുന്നു. 

സി.പി.ഐയും സി.പി.എമ്മും പല വിഷയങ്ങളില്‍ രണ്ടു ധ്രുവങ്ങളിലേക്ക് മാറി നിന്ന് പോരടിക്കുന്നതാണ് ഇടതു മന്ത്രിസഭയുടെ ആത്മവിശ്വാസത്തെ തന്നെ തകര്‍ക്കുന്നത്. മേല്‍പ്പറഞ്ഞ എല്ലാ വിവാദവിഷയങ്ങളിലും സി.പി.ഐ സംസ്ഥാന സെക്രട്ടറികാനം രാജേന്ദ്രന്‍ ജനകീയ നിലപാട് സ്വീകരിച്ച് വല്ല്യേട്ടന്‍ പാര്‍ട്ടിയായ സി.പി.എമ്മിനെതിരെ ആഞ്ഞടിക്കുന്നു എന്ന പ്രതീതിയും ഉളവാക്കി. കാനം അങ്ങനെ ഒരു താരമായി മാറി. പിന്നെ പോലീസ് സേനയിലെ വീഴ്ചകള്‍, മലപ്പുറം ഉപതിരഞ്ഞെടുപ്പിലെ തോല്‍വി...ഇങ്ങനെ ഒരു കുന്നോളം പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രി പിണറായിയുടെ സര്‍ക്കാരിന് മുന്നിലുണ്ട്. ജനം വളരെ പ്രതീക്ഷയോടെ അധികാരത്തിലേറ്റിയ സര്‍ക്കാരാണിത്. അതുകൊണ്ടു തന്നെ ജനാധിപത്യത്തെ മാനിച്ച് ജനഹിതമറിഞ്ഞ് പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഭാവി ഇരുളടഞ്ഞതാകും സഖാക്കളേ...

പിണറായി സര്‍ക്കാരിന് താക്കീതായി തീരാക്കളങ്കങ്ങള്‍ (എ.എസ് ശ്രീകുമാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക