Image

രക്ഷാധികാരി ബൈജു- തനി നാടന്‍ സിനിമ (ആശാ പണിക്കര്‍)

Published on 26 April, 2017
രക്ഷാധികാരി ബൈജു- തനി നാടന്‍ സിനിമ (ആശാ പണിക്കര്‍)
നാട്ടിന്‍പുറത്തെ നന്‍മകളിലും കളിക്കളങ്ങളിലും മനസും ശരീരവും അര്‍പ്പിച്ചു വളര്‍ന്ന ഒരു ചെറുപ്പക്കാരന്‍. ബൈജു എന്നാണ് അയാളുടെ പേര്. കളിക്കളങ്ങളില്‍ നിന്നും കുട്ടികളെ അകറ്റി അവര്‍ക്ക് ബാല്യത്തിന്റെ ആഹ്‌ളദങ്ങളും ആരവങ്ങളും നിഷേധിക്കുന്ന വര്‍ത്തമാനകാല സമൂഹത്തിന്റെ നേര്‍ക്കുള്ള ഒരു ചൂണ്ടുവിരല്‍ കൂടിയാണ് രക്ഷാധികാരി ബൈജു എന്ന രഞ്ജന്‍ പ്രമോദിന്റെ സിനിമ.

ഗ്രാമീണതയുടെ ഭംഗിയും പച്ചപ്പും അതിന്റേതായ നിഷ്ക്കളങ്കതയുമെല്ലാം ആവോളം ഒപ്പിയെടുത്തിട്ടുണ്ട് ഈ സിനിമയില്‍. ചിത്രം കണ്ടുകൊണ്ടിരിക്കുമ്പോള്‍ ഗ്രാമീണദൃശ്യങ്ങളുടെ ഗൃഹാതുരത നമ്മുടെ ഹൃദയത്തെ സ്പര്‍ശിക്കും. കുമ്പളം ഗ്രാമത്തിലെ എല്ലാമെല്ലാമാണ് ബൈജു. ജലവിഭവ വകുപ്പിലാണ് ജോലി. ഭാര്യയും മകളുമുണ്ട്. കുമ്പളം ബ്രദേഴ്‌സ് എന്ന ക്‌ളബ്ബിന്റെയും ക്രിക്കറ്റ് ടീമിന്റെ ക്യാപര്‌റന്‍കൂടിയാണ് അയാള്‍. ജോലിയുണ്ടെങ്കിലും ക്‌ളബ്ബിന്റെ പരിപാടികളുമായി അയാള്‍ എപ്പോഴും തിരക്കിലായിരിക്കും.
എട്ടുവയസുള്ളപ്പോള്‍ അയാളും കൂട്ടുകാരും ചേര്‍ന്നു രൂപീകരിച്ച ക്‌ളബാണിത്. ഇതില്‍ നിരവധി പേരുണ്ട്. ഈ ക്‌ളബ്ബ് ബൈജുവിന് പ്രാണനെ പോലെയും ചിലര്‍ക്ക് ജീവിതവും ചിലര്‍ക്ക് പ്രതീക്ഷയുമാണ്. ഇവരുടെ സന്തോഷങ്ങളും പിണക്കങ്ങളും നര്‍മവുമൊക്കെയാണ് ചിത്രം പറയുനനത്.

ചിത്രത്തിന് പ്രത്യേകിച്ച് ഒരു കഥയില്ല. നായകനായ ബൈജുവിന്റെ ജീവിതവുമായി ബന്ധപ്പെട്ടാണ് കഥയുടെ സഞ്ചാരം. ആദ്യപകുതി ശുദ്ധമായ നര്‍മത്തിലാണ് അവതരിപ്പിക്കുന്നതെങ്കില്‍ രണ്ടാംപകുതി മറ്റൊരു കാഴ്ചയിലേക്ക് ക്യാമറ സൂം ചെയ്യുന്നു. കുട്ടിയും കോലും കുഴിപ്പന്തും ഓലമടലിന്റെ ബാറ്റുമൊക്കെയായി തകര്‍ത്തു കളിച്ചു നടന്ന പഴയകാലത്തിന്റെ രസാനുഭൂതികള്‍ പുതിയ കാലത്തിന്റെ മുന്നിലേക്ക് തുറന്നു വയ്ക്കുകയാണ് സംവിധായകന്‍. മൊബൈലും വാട്ട്‌സാപ്പും വീഡിയോഗെയിമും ഒക്കെയായി ചുരുണ്ടുകൂടുന്ന ഇന്നത്തെ തലമുറയ്ക്ക് ഒട്ടും പരിചിതമല്ലാത്ത ഗ്രാമീണകാഴ്ചകളുടെ കലവറ തന്നെയാണ് സംവിധായകന്‍ തുറന്നു വയ്ക്കുന്നത്.

ക്രിക്കറ്റ് മത്സരത്തില്‍ പലപ്പോഴും ബൈജു ജയിക്കാറില്ല. അതിന് അയാള്‍ പറയുന്നത് തോല്‍വിയില്‍ നിന്നാണ് പാഠം പഠിക്കേണ്ടതെന്നാണ്. മറ്റൊരര്‍ത്ഥത്തില്‍ അത് ശരിയുമാണ്.കാരണം ആള്‍ക്കൂട്ടത്തിനു മുന്നില്‍ വച്ചുള്ള മത്സരക്കളികളില്‍ തോല്‍ക്കുന്നതില്‍ അപമാനം തോന്നേണ്ട ആവശ്യമില്ല. കാരണം തോല്‍വിയുടെ ആഘാതം നേരിടാന്‍ ശീലിക്കുന്നതിനും ഇത്തരം കളിക്കളങ്ങള്‍ ആവശ്യമാണ്. ഈ അവസരം കിട്ടാത്ത കുട്ടികളാണ് നിസാരകാര്യങ്ങള്‍ക്ക് ആത്മഹത്യ ചെയ്യുന്നത്.

ബിജുമേനോന്റെ തകര്‍പ്പന്‍ പ്രകടനമാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്‌ളസ് പോയിന്റ്. അച്ഛനായും മകനായും ഭര്‍ത്താവായും കൂട്ടുകാരനായുമെല്ലാം ബിജു മിന്നുന്ന പ്രകടനം തന്നെ കാഴ്ച വച്ചിട്ടുണ്ട്. അലന്‍സിയര്‍, ദിലീഷ് പോത്തന്‍, ഹരീഷ്, അജു വര്‍ഗീസ്, ദീപക്, വിജയരാഘവന്‍, ജനാര്‍ദ്ദനന്‍, ഇന്ദ്രന്‍സ്, പത്മരാജന്‍, ഹന്ന, അഞ്ജലി, അനഘ തുടങ്ങി എല്ലാ താരങ്ങളും തങ്ങളുടെ വേഷം ഭംഗിയാക്കി. ധാരാളം പുതുമുഖങ്ങള്‍ ചിത്രത്തിലുണ്ട്. ഗ്രാമത്തിലെ പയ്യന്‍സ് ലുക്ക് കൈവരുത്തുന്നതില്‍ ഇവരും മികവു കാട്ടി.

ബിജിപാലിന്റെ നാടന്‍ സംഗീതവും പ്രശാന്ത് രവീന്ദ്രന്റെ ഛായാഗ്രഹണവും സംജിത് മുഹമ്മദിന്റെ ചിത്രസംയോജനവും ചിത്രത്തോട് പരമാവധി നീതി പുലര്‍ത്തി. ഒരവധിക്കാലം ആഘോഷിക്കാന്‍ മനോഹരമായ ഒരു ഗ്രാമത്തില്‍ പോകുന്നതുപോലെ മനനോഹരമായ ഒരനുഭവമാണ് ഈ സിനമ. ഏല്ലാ പ്രായക്കാര്‍ക്കും ഒരുമിച്ചിരുന്ന് കാണാന്‍ കഴിയുന്ന സിനിമയാണ് രക്ഷാധികാരി ബൈജു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക