Image

"എല്ലാം ശരിയാകും' ജനങ്ങളെ മോഹിപ്പിച്ച മുദ്രാവാക്യം (ജോയ് ഇട്ടന്‍)

Published on 26 April, 2017
"എല്ലാം ശരിയാകും' ജനങ്ങളെ മോഹിപ്പിച്ച മുദ്രാവാക്യം (ജോയ് ഇട്ടന്‍)
‘ഇടതുപക്ഷം വരും എല്ലാം ശരിയാകു’മെന്ന തെരഞ്ഞെടുപ്പു മുദ്രാവാക്യത്തിനു ക്ലാവുപിടിച്ചിട്ടില്ലെങ്കില്‍ ജനങ്ങളുടെ സുരക്ഷയോര്‍ത്തെങ്കിലും സര്‍ക്കാര്‍ പൊലിസില്‍ അടിമുടി മാറ്റം വരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

കൗതുകകരമായ മുദ്രാവാക്യങ്ങളുയര്‍ത്തി ജനങ്ങളെ മോഹിപ്പിച്ചാണ് എല്‍.ഡി.എഫ് അധികാരത്തില്‍ വന്നത്. അവരുടെ വാഗ്ദാനങ്ങള്‍ ചതിയായിരുന്നോയെന്നു തോന്നിപ്പിക്കുന്ന സംഭവങ്ങളാണിപ്പോള്‍ നടക്കുന്നത്. പൊലിസിന്റെ കൊള്ളരുതായ്മകള്‍ നിസ്സഹായതയോടെ നോക്കിനില്‍ക്കുന്ന ഭരണാധികാരിയെയല്ല ജനം പിണറായി വിജയനില്‍ പ്രതീക്ഷിച്ചത്.

ദിവസേനയെന്നോണമാണ് ഇപ്പോള്‍ കേരളത്തില്‍ കൊലപാതകവും ബലാത്സംഗവും മറ്റ് അക്രമങ്ങളും നടക്കുന്നത്. കൊലപാതകികള്‍ക്കും ബലാത്സംഗക്കാര്‍ക്കും സഹായകരമായ നിലപാട് പൊലിസില്‍നിന്നുണ്ടായതോടെ സൈ്വര്യജീവിതം അസാധ്യമായിരിക്കുന്നു. വിദ്വേഷരാഷ്ട്രീയത്തിനും വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തിനും വിത്തു പാകിക്കൊണ്ടിരിക്കുന്നവരാണു രാജ്യം ഭരിക്കുന്നത്. വിദ്വേഷത്തിന്റെ വ്യാപനം കേരളത്തിലുമെത്തിക്കാനുള്ള ഭഗീരഥയത്‌നത്തിലുമാണവര്‍

പശ്ചിമബംഗാളും കേരളവുമാണ് ഇനി ലക്ഷ്യമെന്നു സംഘ്പരിവാര്‍ പറയുമ്പോള്‍ അതിലടങ്ങിയിരിക്കുന്ന അപകടത്തെക്കുറിച്ചു ഭരണകൂടം ബോധവാന്മാരാകേണ്ടതുണ്ട്. കോയമ്പത്തൂരില്‍ നടന്ന ആര്‍.എസ്.എസ് ദേശീയസമ്മേളനവും ഈ ലക്ഷ്യത്തിലൂന്നിയാണു പ്രവര്‍ത്തനരേഖ അവതരിപ്പിച്ചത്. അതിന്റെ അനുരണനം കേരളത്തില്‍ പടരുന്നതിനെ സര്‍വശക്തിയുമുപയോഗിച്ചു തടയേണ്ടതുണ്ട്. ഈയവസ്ഥയില്‍ ശക്തമായ പ്രതിരോധം തീര്‍ക്കേണ്ട ഭരണകൂടം അന്യസംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിക്കു വിലക്കുതീര്‍ക്കുന്ന സംഘ്പരിവാറിന്റെ ഭീഷണിക്കു മുന്‍പില്‍ നിശ്ശബ്ദനാവുകയാണോ?

ജനവിശ്വാസം നഷ്ടപ്പെട്ട പൊലിസ് സംവിധാനത്തിനു ഫാസിസ്റ്റുകളെ ചെറുക്കാന്‍ കഴിയുന്നില്ല.ആഭ്യന്തരവകുപ്പു കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ധീരമായ നടപടികളെടുക്കുന്നുണ്ടാകാം. പക്ഷേ, അതൊന്നും പൊലിസില്‍ ഏശുന്നില്ലെന്നുവേണം കരുതാന്‍. പാമ്പാടി നെഹ്‌റു കോളജ് ചെയര്‍മാനോട് ഒരുവിഭാഗം പൊലിസുകാര്‍ കാണിക്കുന്ന, അയാള്‍ക്കു ജാമ്യം കിട്ടാന്‍ ഉതകുന്ന വകുപ്പുകള്‍ എഴുതിചേര്‍ത്ത മനോഭാവത്തിന്റെ ഒരംശം ജനങ്ങളുടെ സുരക്ഷയ്ക്കുവേണ്ടി പൊലിസ് ഉപയോഗിക്കാമായിരുന്നു.

പണം തന്നാല്‍ അന്വേഷിക്കാമെന്നാണു ചില പൊലിസുകാര്‍ കുണ്ടറയില്‍ കൊല ചെയ്യപ്പെട്ട പതിനാലുകാരന്റെ മാതാവിനോടു പറഞ്ഞത്. ഭരണകൂടങ്ങള്‍ മാറിവന്നാലും പൊലിസിന്റെ മനോഭാവത്തില്‍ മാറ്റമുണ്ടാകുന്നില്ല. അവരെ നിലയ്ക്കുനിര്‍ത്താന്‍ ഭരണകൂടങ്ങള്‍ക്കു കഴിയുന്നില്ല. തൊഴിലിനെ പ്രാര്‍ഥനപോലെ കാണുന്ന, ക്രമസമാധാനപാലനം ആത്മാര്‍ഥതയോടെ നിര്‍വഹിക്കുന്ന ഒരുവിഭാഗം പൊലിസുകാര്‍ ഇല്ലായിരുന്നെങ്കില്‍ കേരളം എന്നോ ചുടലക്കളമാകുമായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക