Image

കൊറിയയുടെ ചരിത്രവും യുദ്ധങ്ങളും (ജോസഫ് പടന്നമാക്കല്‍)

Published on 26 April, 2017
കൊറിയയുടെ ചരിത്രവും യുദ്ധങ്ങളും (ജോസഫ് പടന്നമാക്കല്‍)
ഒരു രാജ്യത്തിന്റെ സാംസ്ക്കാരികതയും പൗരാണികതയും സംബന്ധിച്ച പഠനം നടത്തുമ്പോള്‍ ചരിത്രകുതുകികള്‍ അതാത് രാജ്യങ്ങളിലുള്ള ഐതിഹാസിക കഥകളും പരിഗണിക്കാറുണ്ട്. കൊറിയായുടെ ചരിത്രവും തുടങ്ങുന്നത് വീര സാഹസിക നായകനായ ഡാന്‍ ഗുണ്‍ (ഉമിഴൗി) എന്ന കഥാപാത്രത്തില്‍ക്കൂടിയാണ്. 2033 ബി.സി. മുതല്‍ തികച്ചും അവിശ്വസിനീയമായ കഥകളില്‍ക്കൂടി കൊറിയന്‍ ഇതിഹാസവും ആരംഭിക്കുന്നു. ജപ്പാന്‍ രാജവംശവുമായി കൊറിയാ ലയിക്കുന്നതിനുമുമ്പ് ആ രാജ്യം ഉദിക്കുകയും അസ്തമിക്കുകയും ചെയ്ത അനേക രാജകീയ പരമ്പരകള്‍ ഉള്‍പ്പെട്ടതായിരുന്നു. എ.ഡി.1397 മുതല്‍ 1897 വരെ വിവിധ വംശങ്ങളിലുള്ള രാജാക്കന്മാര്‍ രാജ്യം വാണിരുന്നു. കൊറിയന്‍ സംസ്ക്കാര പാരമ്പരകളില്‍ക്കൂടി കണ്ണോടിക്കുന്നുവെങ്കില്‍ കൊറിയാക്കാര്‍ മദ്ധ്യ സൈബീരിയായില്‍ നിന്നുള്ള കുടിയേറ്റക്കാരെന്നു മനസിലാക്കാന്‍ സാധിക്കും. പ്രാകൃത കൊറിയാക്കാര്‍ പ്രകൃതി ശക്തികളെയും മൃഗങ്ങളെയും ആരാധിച്ചിരുന്നു. പ്രധാനമായും കടുവായെയും പുലിയെയും പൂജിച്ചിരുന്ന ഗോത്ര വര്‍ഗക്കാര്‍ ചരിത്രാതീത കാലത്ത് കൊറിയായില്‍ അധിവസിച്ചിരുന്നു.

എ.ഡി.1392ല്‍ ജനറല്‍ 'യി സിയോങ്ഗയ' (General Yi Seong-gye) എന്നയാള്‍ 'ജോസേണ്‍' രാജപരമ്പര സ്ഥാപിച്ചു. എ.ഡി. 1418 മുതല്‍ 1450 വരെ ഭരിച്ചിരുന്ന സെജോങ് (Sejong the Great) എന്ന മഹാനായ രാജാവ് രാജ്യത്ത് സാമൂഹിക സാമ്പത്തിക പരിവര്‍ത്തനങ്ങളില്‍ക്കൂടി ഭരണ പരിഷ്ക്കാരങ്ങള്‍ നടപ്പാക്കിയിരുന്നു. രണ്ടു നൂറ്റാണ്ടോളം രാജകീയ ഭരണം നിര്‍വഹിച്ചിരുന്ന ജോസേണ്‍ രാജഭരണത്തിന് വിദേശ ആക്രമണങ്ങളെ കൂടെക്കൂടെ നേരിടേണ്ടി വന്നു. 1592 മുതല്‍ 1637 വരെ രാജ്യത്ത് ആഭ്യന്തര കലാപങ്ങളും പൊട്ടിപ്പുറപ്പെട്ടിരുന്നു. കാലക്രമേണ രാജവംശം ക്ഷയിക്കാനും തുടങ്ങി. ഇടവിടാതെ ഭരണ സ്തംഭനങ്ങളും സംഭവിച്ചുകൊണ്ടിരുന്നു.

പതിനാറാം നൂറ്റാണ്ടില്‍ 'ജോസേണ്‍' രാജവംശത്തിനു ശക്തി ക്ഷയിച്ചു. രാജ്യ പരിരക്ഷക്കായി ചൈനയുമായി രാജവംശം സഖ്യത്തിലേര്‍പ്പെട്ടിരുന്നു. മദ്ധ്യകാലത്തിനുശേഷം കൊറിയാ, ചൈനയുടെ അധീനതയിലായി. ജപ്പാന്‍ ചൈനയെ തോല്‍പ്പിച്ചതോടെ കൊറിയന്‍ സാമ്രാജ്യം രൂപപ്പെട്ടു. എന്നാല്‍ ഈ രാജ്യം പെട്ടെന്ന് റഷ്യയുടെ അധീനതയിലായി. പത്തൊമ്പതാം നൂറ്റാണ്ടില്‍ യൂറോപ്പ്യന്‍മാരുടെ അധികാരം കൊറിയായിലും വ്യാപിക്കാന്‍ തുടങ്ങി. കൊറിയായുടെ സംരക്ഷണത്തിനായി വിദേശ ശക്തികളുമായി ഉടമ്പടികള്‍ വെക്കേണ്ടി വന്നു. 1910ല്‍ ജപ്പാന്‍ റഷ്യയെ പരാജയപ്പെടുത്തി കൊറിയന്‍ സാമ്രാജ്യം പിടിച്ചെടുത്തു. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ തെക്കും വടക്കുമുള്‍പ്പെട്ട കൊറിയ, ജപ്പാന്‍ സാമ്രാജ്യത്തിന്റെ നിയന്ത്രണത്തിലായിരുന്നു.

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ജപ്പാന്റെ സ്വാധീനം കൊറിയായില്‍ ഇല്ലാതാക്കാന്‍ സോവിയറ്റ് യൂണിയനും അമേരിക്കയുമൊത്ത് കൊറിയായെ രണ്ടായി വിഭജിക്കാന്‍ തീരുമാനിച്ചു. വടക്കേ കൊറിയാ ചൈനയും സോവിയറ്റ് യൂണിയനും പങ്കിടുകയും തെക്കേ കൊറിയ അമേരിക്കയുടെ ചുമതലയിലുമായി. പിന്നീട് ഈ രാജ്യങ്ങള്‍ തെക്ക്‌വടക്ക് എന്നിങ്ങനെ രണ്ടു കൊറിയാകളായി അറിയപ്പെടാന്‍ തുടങ്ങി. കൊറിയന്‍ ഉപദ്വീപ് അമേരിക്കയുടെ നിയന്ത്രണത്തില്‍ പ്രതീക്ഷിക്കാതെ വന്ന ഒരു രാജ്യമായിരുന്നു. 1945 മുതല്‍ തെക്കേ കൊറിയാ അമേരിക്കയുടെ നിയന്ത്രണത്തിലും വടക്കേ കൊറിയാ സോവിയറ്റ് യൂണിയന്റെ നിയന്ത്രണത്തിലും ഭരണ കാര്യങ്ങള്‍ നിര്‍വഹിച്ചുവന്നു.

കൊറിയന്‍ ഉപദ്വീപ് രണ്ടായ ശേക്ഷം രണ്ടു കൊറിയാകളും ഏകാധിപതികളുടെ കീഴിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. തെക്കേ കൊറിയാ കമ്മ്യൂണിസ്റ്റ് വിരോധിയായ സിംഗ്മാന്‍ റീ (SYNGMAN RHEE) യുടെ അധികാരത്തിലായിരുന്നു. അദ്ദേഹത്തിന് രാജ്യ പുരോഗതിക്കായുള്ള എല്ലാ സഹായങ്ങളും അമേരിക്കന്‍ ഐക്യനാടുകളില്‍ നിന്ന് ലഭിച്ചിരുന്നു. വടക്കേ കൊറിയായിലെ ഏകാധിപതി 'കിം ഇല്‍ സുങ് രണ്ടാമന്' (ഗകങ കഘ ടഡചഏ) സോവിയറ്റ് യൂണിയനില്‍ നിന്നും സഹായങ്ങള്‍ ലഭിച്ചുകൊണ്ടിരുന്നു. യുദ്ധം തുടങ്ങുന്നതിനു മുമ്പുതന്നെ രണ്ടു രാജ്യങ്ങളും തമ്മില്‍ പരസ്പ്പരം ഏറ്റുമുട്ടലുകളുമുണ്ടായിരുന്നു. അതുമൂലം അവിടെ പതിനായിരക്കണക്കിന് ജനം മരിച്ചുവീണു.

അമേരിക്കയെ സംബന്ധിച്ചടത്തോളം അവരുടെ കൊറിയായിലുള്ള ഭരണ നിയന്ത്രണങ്ങളും ഇടപാടുകളും താല്‍ക്കാലികമായിരുന്നു. അതേസമയം വടക്കേ കൊറിയായില്‍ സോവിയറ്റ് യൂണിയന്റെ സ്വാധീനത്തില്‍ അവിടെ ഭീകര ഭരണം ആരംഭിച്ചിരുന്നു. അതുമൂലം പതിനായിരക്കണക്കിന് അഭയാര്‍ഥികള്‍ വടക്കേ കൊറിയായില്‍ നിന്നും തെക്കേ കൊറിയായിലേക്ക് പ്രവഹിക്കാന്‍ തുടങ്ങി. ഏകീകൃത കൊറിയായ്ക്കായി അവര്‍ക്ക് ഒരു ഫോര്‍മുല ഉണ്ടാക്കാന്‍ സാധിച്ചില്ല. തെക്കേ കൊറിയായും വടക്കേ കൊറിയായും മത്സരമനോഭാവത്തില്‍ സൈനിക ശക്തി വര്‍ദ്ധിപ്പിക്കാനും ആരംഭിച്ചു. ഇതിനിടയില്‍ കിം സുങ് (Kim Il-sung) വടക്കേ കൊറിയായുടെയും പട്ടാളത്തിന്റെയും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും നിയന്ത്രണം ഏറ്റെടുത്തു. ഇരു രാജ്യങ്ങളിലും പട്ടാള ശക്തിയും വര്‍ദ്ധിപ്പിച്ചു.1947ല്‍ അമേരിക്കയുടെ പ്രസിഡന്റായിരുന്ന ഹാരീസ് ട്രൂമാന്‍ കൊറിയായുടെ പ്രശ്‌നങ്ങളില്‍ ഇടപെടണമെന്ന് യുണൈറ്റഡ് നാഷനോട് ആവശ്യപ്പെട്ടു.

1949ല്‍ കിം സുങ് രണ്ടാമന്‍ (Kim Il-sung) മോസ്‌കോയില്‍ സോവിയറ്റ് നേതാവായ ജോസഫ് സ്റ്റാലിനുമായി തെക്കേ കൊറിയായെ ആക്രമിക്കുന്നതു സംബന്ധിച്ചു ചര്‍ച്ചകള്‍ നടത്തി. വടക്കേ കൊറിയായുടെ ആയുധങ്ങള്‍ തെക്കേ കൊറിയായെ ആക്രമിക്കാനായി അപര്യാപ്തമെന്നും ആക്രമണം ഉണ്ടായാല്‍ അമേരിക്ക ഇടപെടുമെന്നും പറഞ്ഞുകൊണ്ടു സ്റ്റാലിന്‍ യുദ്ധത്തെ നിരുത്സാഹപ്പെടുത്തി. 1950 ആയപ്പോള്‍ വടക്കേ കൊറിയ ആയുധങ്ങള്‍ സംഭരിക്കുകയും തെക്കേ കൊറിയായേക്കാള്‍ കൂടുതല്‍ ശക്തി പ്രാപിക്കുകയും ചെയ്തു. 1950 മാര്‍ച്ചില്‍ കിം വീണ്ടും യുദ്ധ മോഹങ്ങളുമായി മോസ്‌ക്കോ സന്ദര്‍ശിച്ചപ്പോള്‍ സ്റ്റാലിന്‍ തെക്കേ കൊറിയായെ ആക്രമിക്കാന്‍ അനുവാദം കൊടുക്കുകയുണ്ടായി.

1950 ജൂണ്‍ ഇരുപത്തിയഞ്ചാം തിയതി വടക്കേ കൊറിയായുടെ പട്ടാളം തെക്കേ കൊറിയായെ ആക്രമിച്ചു. 53000 പട്ടാളക്കാര്‍ 'ഇജിം' നദി കടന്ന് സാഹുളിനെ ലക്ഷ്യമാക്കി നീങ്ങി. തെക്കേ കൊറിയായുടെ രണ്ടു വശങ്ങളില്‍ നിന്നുമാണ് ആക്രമണം ആരംഭിച്ചത്. ആദ്യം തെക്കേ കൊറിയന്‍ സൈന്യം ആക്രമം പ്രതിരോധിക്കുക മാത്രമാണുണ്ടായത്. അമേരിക്കയെ സംബന്ധിച്ചിടത്തോളം ഒരു യുദ്ധത്തിന് വേണ്ടത്ര തയ്യാറെടുപ്പ് നടത്തിയിട്ടുണ്ടായിരുന്നില്ല. പ്രസിഡന്റ് ട്രൂമാന്‍ അവിടുത്തെ അമേരിക്കന്‍ സൈന്യാധിപനായ 'മാക് ആര്‍തറിനോട്' യുദ്ധഭൂമിയായ റോക്കയിലേയ്ക്ക് വേണ്ടത്ര ആയുധങ്ങളെത്തിക്കാന്‍ ആവശ്യപ്പെട്ടു. അമേരിക്കന്‍ പൗരന്മാര്‍ക്ക് സുരക്ഷിതമായ സംരക്ഷണം കൊടുക്കാനുള്ള നിര്‍ദ്ദേശങ്ങളും നല്‍കി.

സോവിയറ്റ് യൂണിയന്റെ ഉപദേശമനുസരിച്ച് 1950 ജൂണ്‍ മാസത്തില്‍ വടക്കേ കൊറിയാ തെക്കേ കൊറിയായെ ആക്രമിച്ചപ്പോള്‍ ഇരു രാജ്യങ്ങളുമായുള്ള യുദ്ധം ആഗോള ഇടപെടലിന് കാരണമായി. വടക്കേ കൊറിയായ്ക്ക് സോവിയറ്റ് യൂണിയന്‍ ആയുധങ്ങള്‍ നല്‍കിക്കൊണ്ടിരുന്നു. രണ്ടു കൊറിയാകളും തമ്മില്‍ യുദ്ധം തുടങ്ങിയപ്പോള്‍ യുണൈറ്റഡ് നേഷന്റെ സഹായത്തോടെ അമേരിക്കാ യുദ്ധത്തില്‍ തെക്കേ കൊറിയായുടെ ഭാഗം ചേര്‍ന്നു. ചൈനാ റിപ്പബ്ലിക്ക് വടക്കേ കൊറിയായുടെ സഹായത്തിനുമെത്തി.

അമേരിക്കന്‍ ഭരണാധികാരികള്‍ക്ക് കൊറിയന്‍ യുദ്ധം ആദ്യഘട്ടങ്ങളില്‍ വിസ്മയകരങ്ങളായിരുന്നെങ്കിലും അത് തികച്ചും ഒരു അതിര്‍ത്തി യുദ്ധമായിരുന്നുവെന്ന് അവര്‍ കരുതിയിരുന്നില്ല. ഭൂമിയുടെ മറുഭാഗത്ത് താമസിക്കുന്ന അവരെ സംബന്ധിച്ച് സ്ഥിരതയില്ലാത്ത രണ്ടു ഏകാധിപതികള്‍ തമ്മിലുള്ള അതിര്‍ത്തി തര്‍ക്കമായിരുന്നില്ല. ലോകം മുഴുവന്‍ കമ്മ്യുണിസത്തില്‍ കൊണ്ടുവരാനുള്ള നീക്കങ്ങളാണ് ഈ യുദ്ധമെന്ന് അമേരിക്കാ കണക്കാക്കി. അതുകൊണ്ടു രണ്ടു കൊറിയാകള്‍ തമ്മിലുള്ള വഴക്കുകളില്‍ ഇടപെടേണ്ടത് അമേരിക്കയെ സംബന്ധിച്ച് ആവശ്യമായി വന്നു. കമ്മ്യുണിസ്റ്റ് സാമ്രാജ്യങ്ങളുടെ സ്വാധീന ശക്തി യൂറോപ്പിലേക്ക് വ്യാപിപ്പിക്കുമെന്നും ഭയപ്പെട്ടു. ഹാരിസ് ട്രൂമാന്‍ പറഞ്ഞു, "തെക്കേ കൊറിയ യുദ്ധത്തില്‍ നിലം പതിക്കുകയാണെങ്കില്‍, നാം അതിന് അനുവദിക്കുമെങ്കില്‍, ആ രാജ്യത്തെയും ഒപ്പം മറ്റു രാജ്യങ്ങളെയും കമ്മ്യുണിസം ഒന്നൊന്നായി വിഴുങ്ങാനാരംഭിക്കും. കൊറിയന്‍ യുദ്ധം താത്ത്വികമായി ചിന്തിക്കുകയാണെങ്കില്‍ കിഴക്കും പടിഞ്ഞാറും തമ്മിലും നന്മയും തിന്മയും തമ്മിലുമുള്ള ഒരു യുദ്ധമായിരിക്കും." വടക്കേ കൊറിയായുടെ സൈന്യം തെക്കേ കൊറിയായുടെ തലസ്ഥാനമായ സാവൂളില്‍ നീങ്ങിയപ്പോള്‍ കമ്മ്യൂണിസത്തിനെതിരായി തന്നെ അമേരിക്കാ ഒരു തുറന്ന യുദ്ധത്തിനു തയ്യാറാവുകയായിരുന്നു.

യുദ്ധം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനു മുമ്പ് ട്രൂമാന്‍ യുണൈറ്റഡ് നാഷന്‍റെ അംഗീകാരം നേടാന്‍ ശ്രമിച്ചു. ജൂണ്‍ ഇരുപത്തിയഞ്ചാം തിയതി യുണൈറ്റഡ് നേഷന്‍സ് വടക്കേ കൊറിയായോട് അക്രമം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടു. യുണൈറ്റഡ് നാഷനില്‍ അംഗങ്ങളായവര്‍ തെക്കേ കൊറിയായ്ക്ക്, വേണ്ടത്ര സൈനിക സഹായങ്ങള്‍ കൊടുക്കാനും ആവശ്യപ്പെട്ടു. അക്കാലത്ത് ചൈന സെക്യൂരിറ്റി കൗണ്‍സിലില്‍ അംഗത്വം ശ്രമിച്ചുകൊണ്ടിരുന്ന കാലങ്ങളായിരുന്നു. ചൈനയ്ക്ക് സെക്യൂരിറ്റി കൗണ്‍സിലില്‍ അംഗത്വം നല്‍കാന്‍ മറ്റു ശാക്തിക രാജ്യങ്ങള്‍ സമ്മതിക്കാത്തതിനാല്‍ റഷ്യ കൗണ്‍സിലില്‍ വോട്ടു രേഖപ്പെടുത്തുവാന്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ടു പ്രമേയം വീറ്റോ ചെയ്യാനും സാധിച്ചില്ല. അമേരിക്കയിലും പൊതുവെ ജനാഭിപ്രായമുണ്ടായിരുന്നത് യുദ്ധം വേണമെന്നായിരുന്നു. അമേരിക്കന്‍ കോണ്‍ഗ്രസിലും പ്രമേയം പാസാക്കാന്‍ വലിയ ബുദ്ധിമുട്ടുണ്ടായില്ല.

തെക്കേ കൊറിയായില്‍ ലെഫ്റ്റനെന്റ് ജനറല്‍ 'വാള്‍ട്ടന്‍ എച്ച് വാള്‍ക്കറിന്റെ' (Walton H. Walker)നേതൃത്വത്തിലുള്ള സൈന്യം 1944ല്‍ രണ്ടാം ലോക മഹായുദ്ധത്തില്‍ നല്ല മികവ് പ്രകടിപ്പിച്ചിരുന്നു. അദ്ദേഹത്തിന്‍റെ കീഴിലുള്ള അന്നത്തെ സൈന്യം യൂറോപ്പിലെ ഏറ്റവും മികച്ചതുമായിരുന്നു. റോക്കയിലെ മേജര്‍ ജനറല്‍ ചുങ് വണ്‍ന്റെ (Major General Chung Il-kwon)നേതൃത്വത്തിലുള്ള സൈന്യം വിജയകരമായി മുന്നേറിക്കൊണ്ടിരുന്നു. ആയിരക്കണക്കിന് തെക്കേ കൊറിയാക്കാരും ജപ്പാന്‍കാരും തൊഴിലാളികളും പട്ടാളക്കാര്‍ക്കാവശ്യമുള്ള ഭക്ഷണ വിഭവങ്ങളും സാങ്കേതിക സഹായങ്ങളും എത്തിച്ചുകൊണ്ടിരുന്നു.

വടക്കേ കൊറിയാക്കാരുടെ പട്ടാളത്തെയും ടാങ്കുകളെയും തടയാനും ആയുധപ്പുരകള്‍ നശിപ്പിക്കാനും ജനറല്‍ വാള്‍ക്കര്‍ യുദ്ധഭൂമികളില്‍ മീഡിയം ടാങ്കുകളും റോക്കറ്റുകളും ഇറക്കിക്കൊണ്ടിരുന്നു. രണ്ടാം ലോക മഹായുദ്ധത്തില്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചിരുന്ന പി 51, ബി 26, ബി 29 എന്നീ ശക്തമായ ബോംബുകളുടെ ശേഖരങ്ങളും ഉണ്ടായിരുന്നു. കാലാള്‍പ്പടയുടെ നിര്‍ദേശം അനുസരിച്ചു എവിടെവേണമെങ്കിലും നശീകരണ ബോംബുകളുമായി പറക്കാന്‍ കഴിവുള്ള ചെറു വിമാനങ്ങളും നാവികരുടെ നിയന്ത്രണത്തിലുണ്ടായിരുന്നു. കൂടാതെ അമേരിക്കയില്‍ നിന്ന് മാറ്റം വരുന്ന ടെക്‌നോളജിയനുസരിച്ച് നിര്‍മ്മിതമായ നശീകരണ ആയുധങ്ങള്‍ നിറച്ച കപ്പലുകള്‍ വന്നു കൊണ്ടിരുന്നു. ബ്രിട്ടീഷ് കോമണ്‍ വെല്ത്ത് രാജ്യങ്ങളുടെ (British Common Wealth Coutnries) കീഴിലുള്ള വിവിധ രാജ്യങ്ങളും ആയുധങ്ങള്‍ എത്തിച്ചുകൊണ്ടിരുന്നു. തെക്കേ കൊറിയായിലെ യുവജനങ്ങള്‍ യുദ്ധത്തില്‍ വോളന്റീയര്‍മാരായി പങ്കെടുത്തിരുന്നു. ആഗസ്റ്റ് പതിനെട്ടാം തിയതി മുതല്‍ ഇരുപത്തിയാറാം വരെ തബു ഡോങ്കില്‍ (Tabu-dong) നടന്ന യുദ്ധത്തില്‍ അമേരിക്കന്‍ പട്ടാളം വടക്കേ കൊറിയന്‍ പട്ടാളത്തെ പരാജയപ്പെടുത്തി. അന്ന് 60000 പട്ടാളത്തെയും അവരുടെ ടാങ്കുകളെയും നശിപ്പിച്ചു. വടക്കേ കൊറിയായുടെ അവശേഷിച്ച പട്ടാളം പിന്തിരിഞ്ഞോടുകയും ചെയ്തു.

ആദ്യമൊക്കെ യുദ്ധമുന്നണിയില്‍ അമേരിക്കാ കുതിച്ചുകൊണ്ടു വിജയിച്ചിരുന്നുവെങ്കിലും സാഹചര്യങ്ങള്‍മൂലം പിന്നീടുള്ള യുദ്ധഭൂമികളില്‍ പട്ടാളക്കാര്‍ക്ക് മനോവീര്യം കുറഞ്ഞുകൊണ്ടിരുന്നു. പുതിയൊരു രാജ്യത്തു വന്നെത്തിയ അമേരിക്കന്‍ പട്ടാളത്തിന് യുദ്ധം ചെയ്യാന്‍ പ്രകൃതിയോട് മല്ലിടണമായിരുന്നു. കൊറിയായിലെ ഭൂപ്രകൃതിയും ചൂടുള്ള വേനലും ചെളി പിടിച്ച പാടങ്ങളും ചതുപ്പു നിലങ്ങളും കുന്നുകളും മലകളും അമേരിക്കന്‍ പട്ടാളത്തെ സംബന്ധിച്ച് അതിജീവിക്കാന്‍ പ്രയാസമായിരുന്നു. 'സൈനികര്‍ക്ക് മുന്നേറാന്‍ സാഹചര്യങ്ങളില്ലാത്ത ഒരു ഭൂപ്രദേശം ലോകത്തുണ്ടെങ്കില്‍ അത് കൊറിയാ ആയിരിക്കുമെന്ന്' യു.എസ്. സ്‌റ്റേറ്റ് സെക്രട്ടറിയായിരുന്ന ഡീന്‍ അക്കേസന്‍ അക്കാലങ്ങളില്‍ അഭിപ്രായപ്പെടുകയുണ്ടായി.

രാഷ്ട്രീയമായ അംഗീകാരമുണ്ടായിരുന്നെങ്കിലും യുദ്ധത്തിനായി ഐക്യരാഷ്ട്ര സഭ പച്ചക്കൊടി കാട്ടിയെങ്കിലും വടക്കേ കൊറിയായെ ആക്രമിക്കാനുള്ള വേണ്ടത്ര തയ്യാറെടുപ്പ് അമേരിക്കയ്ക്ക് ഇല്ലാതെ പോയതും ട്രൂമാനെ അസന്തുഷ്ടനാക്കിയിരുന്നു. 'മാക് ആര്‍തര്‍' മൂന്നു ഡിവിഷന്‍ പട്ടാളക്കാരെ ജപ്പാനില്‍ നിന്ന് സംഘടിപ്പിച്ചു. യുദ്ധത്തില്‍ ശത്രുക്കളെ തോല്‍പ്പിക്കാമെന്ന ഉദ്ദേശത്തില്‍ അമേരിക്കന്‍ കാലാള്‍ പടയെ വികസിപ്പിച്ചു. 'കും നദിയുടെ' തീരത്ത് ഒസാനുസമീപം അമേരിക്കന്‍ പട്ടാളക്കാര്‍ ശത്രുവിനെതിരെ അണിനിരന്നുകൊണ്ടു യുദ്ധം ചെയ്തു. യുദ്ധത്തില്‍ അനേകം അമേരിക്കക്കാര്‍ മരണമടഞ്ഞു. അനേകായിരം അമേരിക്കന്‍ പട്ടാളം ഓടി രക്ഷപെട്ടു. അമേരിക്കന്‍ പടയുടെ കാര്യക്ഷമമില്ലായ്മയും ആവശ്യത്തിന് ആയുധമില്ലാത്തതും യുദ്ധത്തില്‍നിന്നും പിന്മാറാന്‍ കാരണമായിരുന്നു. പടയെ നയിക്കാന്‍ കഴിവുള്ള സൈന്യാധിപന്മാരും ഉണ്ടായിരുന്നില്ല. തെക്കോട്ടുള്ള വഴികളില്‍ നിയന്ത്രിക്കാന്‍ പാടില്ലാത്ത വിധം അഭയാര്‍ഥി പ്രവാഹവുമുണ്ടായിരുന്നു. അതുമൂലം ശത്രു പക്ഷത്തുനിന്നും ഗറില്ലാകളും നുഴഞ്ഞുകയറി. ഗറില്ലാകളുടെ ഒളിഞ്ഞിരുന്ന പോരാട്ടങ്ങളെയും നേരിടേണ്ടി വന്നു. അപ്രതീക്ഷിതമായ ഗറില്ലാ ആക്രമണത്തില്‍ ആയിരക്കണക്കിന് പൗര ജനങ്ങളും കൊല്ലപ്പെട്ടിരുന്നു. ജൂലൈ അവസാന ദിവസങ്ങളില്‍ നക്‌ടോങ് നദിയുടെ തീരത്ത് നോഗണ്‍റി (ചഛഏഡചഞക) ഗ്രാമത്തിനു സമീപം റെയില്‍വേ റോഡില്‍ അതുമൂലം ദിനംപ്രതിയുള്ള വെടിവെപ്പില്‍ നൂറു കണക്കിന് ജനം മരിച്ചു വീണുകൊണ്ടിരുന്നു.

അമേരിക്കയ്ക്ക് യുദ്ധത്തിന്റെ പ്രാരംഭഘട്ടങ്ങളില്‍ കമ്മ്യൂണിസത്തെ പുറത്താക്കണമെന്നുള്ള ലക്ഷ്യം മാത്രമേയുണ്ടായിരുന്നുള്ളൂ. വടക്കേകൊറിയായുടെ ആക്രമണത്തിനെതിരെ പ്രതിരോധത്തില്‍ മാത്രം ശ്രദ്ധിച്ചിരുന്നു. എന്നാല്‍ യുദ്ധത്തില്‍ സഖ്യകഷികള്‍ക്കു കനത്ത തിരിച്ചടിയാണ് കിട്ടിയത്. വടക്കേ കൊറിയായുടെ പട്ടാളം വളരെയധികം കാര്യക്ഷമതയുള്ളതായിരുന്നു. സോവിയറ്റ് യൂണിയനില്‍ നിന്നും നേടിയ ആധുനിക ആയുധങ്ങള്‍ സഹിതം പരിശീലനം ലഭിച്ചവരുമായിരുന്നു. പകരം ദക്ഷിണ കൊറിയായുടെ നേതൃത്വം വഹിച്ചിരുന്ന റീയുടെ പട്ടാളം വടക്കേ കൊറിയായുടെ അതിശക്തമായ മുന്നേറ്റത്തെ ഭയപ്പെടാനും തുടങ്ങി. യുദ്ധക്കളത്തില്‍ നിന്ന് പ്രതിരോധം സാധ്യമാകാതെ പിന്‍വാങ്ങാനും തുടങ്ങി. കൂടാതെ ഏറ്റവും ചൂടുള്ള സമയമായിരുന്നതു കൊണ്ട് അമേരിക്കന്‍ പട്ടാളത്തിനു പ്രതികൂലമായ കാലാവസ്ഥകളെ അഭിമുഖീകരിക്കാന്‍ കഴിയുമായിരുന്നില്ല. യുദ്ധക്കളത്തില്‍ അടുത്തുള്ള നെല്‍പ്പാടത്തിലെ ചെളി വെള്ളം കുടിച്ചു് പട്ടാളത്തിനു ദാഹം തീര്‍ക്കേണ്ടി വന്നു. അവിടം മനുഷ്യ കാഷ്ടം ഉപയോഗിച്ച് നെല്‍കൃഷി ചെയ്തിരുന്ന പ്രദേശങ്ങളായിരുന്നു. തല്‍ഫലമായി പട്ടാളക്കാര്‍ക്ക് 'കുടല്‍' രോഗവും കൂടെ കൂടെ ഉണ്ടായിക്കൊണ്ടിരുന്നു. പകര്‍ച്ചവ്യാധികളും അവരുടെയിടയില്‍ പടര്‍ന്നു പിടിച്ചു.

ചൈനയുടെ ഭൂപ്രദേശങ്ങളില്‍ക്കൂടി പട്ടാളം കടന്നു കയറി യുദ്ധം ചെയ്യരുതെന്നുള്ള പ്രസിഡന്റ് ട്രൂമാന്റെ അറിയിപ്പുണ്ടായിരുന്നു. എങ്കിലും അമേരിക്കന്‍ ട്രൂപ്പുകളുടെ നീക്കം ചൈനായുടെ ഭൂമിയില്‍ക്കൂടിയായിരുന്നു. ചൈനയെ അത് പ്രകോപനത്തിന് കാരണമാക്കി. ആദ്യമെല്ലാം തെക്കേ കൊറിയായുടെ സഖ്യകക്ഷികള്‍ വിജയം കൈവരിച്ചെങ്കിലും ചൈനയുടെ പട്ടാളം യുദ്ധത്തിനിറങ്ങിയത് മാക് ആര്‍തറിന്റെ കണക്കുകൂട്ടലുകള്‍ക്കു തെറ്റുപറ്റാന്‍ കാരണമായി. 'യാലു നദി' കടക്കുമ്പോള്‍ പട്ടാളത്തിന് ചൈനയുടെ അതിര്‍ത്തിയും കടക്കണമായിരുന്നു. ചൈനയുടെ ഭൂപ്രദേശത്ത് പട്ടാളം കടന്നപ്പോള്‍ അക്രമം ചൈനയ്‌ക്കെതിരെയെന്നു വ്യാഖ്യാനിച്ചു. ചൈനീസ് നേതാവായ മാവോ സേതുങ് വടക്കേ കൊറിയായില്‍ പട്ടാളത്തെ അയച്ചുകൊണ്ടു 'ട്രൂപ്പിനെ ആ പ്രദേശത്തു നിന്ന് പിന്‍വലിച്ചില്ലെങ്കില്‍ വലിയ തോതിലുള്ള യുദ്ധം പ്രഖ്യാപിക്കുമെന്നും' അമേരിക്കയെ അറിയിച്ചു.

ചൈന യുദ്ധത്തില്‍ ഇടപെട്ടതോടെ ട്രൂമാന് യുദ്ധം തുടരാന്‍ താല്പര്യമുണ്ടായില്ല. അതുമൂലം സോവിയറ്റ് യൂണിയന്‍ ഇടപെടുന്നതിന് കാരണമാകുമെന്നും യൂറോപ്പ് മുഴുവന്‍ ന്യുകഌയര്‍ ബോംബ് വര്‍ഷിക്കുമെന്നും മില്യന്‍ കണക്കിന് ജനങ്ങളുടെ ജീവന്‍ നഷ്ടപ്പെടുമെന്നും ട്രൂമാന്‍ ഭയപ്പെട്ടു. എന്നാല്‍ 'മാക് ആര്‍തര്‍' കമ്മ്യൂണിസത്തെ നശിപ്പിക്കാന്‍ വലിയ തോതില്‍ യുദ്ധം വേണമെന്നും ആഗ്രഹിച്ചു. വിജയത്തിന് പകരമായി മറ്റൊരു ഒത്തുതീര്‍പ്പിനും ആ സൈന്യാധിപന്‍ തയ്യാറായില്ല. ചൈനയുമായി ഏറ്റു മുട്ടരുതെന്നു ട്രൂമാന്‍ പറയുന്ന സമയമെല്ലാം 'മാക് ആര്‍തര്‍' പ്രസിഡണ്ടിന്റെ അഭിപ്രായത്തിനു എതിരു നില്‍ക്കുകയായിരുന്നു. 1951 മാര്‍ച്ചില്‍ 'മാക് ആര്‍തര്‍' സെനറ്റര്‍ 'ജോസഫ് മാര്‍ട്ടിന്' വ്യാപകമായ യുദ്ധം തുടരാനുള്ള പിന്തുണ അഭ്യര്‍ത്ഥിച്ചുകൊണ്ടു ഒരു കത്തെഴുതിയിരുന്നു. യുദ്ധത്തില്‍ വിജയിക്കാതെ മടങ്ങുന്ന പ്രശ്‌നവുമില്ലെന്നും അദ്ദേഹം എഴുതി. സെനറ്റര്‍ ജോസഫ് മാര്‍ട്ടിന്‍ പൂര്‍ണ്ണമായ ഒരു യുദ്ധത്തിനുള്ള പിന്തുണ നല്‍കുകയും ചെയ്തു. പ്രസിഡണ്ടിന്റെ അധികാരത്തെ ലംഘിച്ചുകൊണ്ടുള്ള മാക് ആര്‍തറിന്റെ കത്തിന്റെ വിവരം പ്രസിഡന്റ് ട്രൂമാന്‍ മനസിലാക്കി. ഉടന്‍ തന്നെ ജനറലിനെ സൈനിക ചുമതലകളില്‍നിന്നും പിരിച്ചുവിടുകയും ചെയ്തു. "നിര്‍ണ്ണായക ഘട്ടങ്ങളിലെല്ലാം രാജ്യത്തിനു വേണ്ടി ധീരപൂര്‍വം പൊരുതിയ ശക്തനായ ജനറല്‍ 'മാക് ആര്‍തറെ' ജോലിയില്‍നിന്നു പിരിച്ചുവിടുന്നതില്‍ അത്യഗാധമായ ദുഃഖമുണ്ടെങ്കിലും വ്യക്തി താല്‍പ്പര്യങ്ങളെക്കാളും ലോകസമാധാനം താന്‍ കാംഷിക്കുന്നുവെന്നും" പ്രസിഡന്റ് ട്രൂമാന്‍ പറഞ്ഞു.

1951 ജൂലൈയില്‍, പാന്‍മുന്‍ജോം എന്ന സ്ഥലത്ത് (PANMUNJOM) പ്രസിഡന്റ് ട്രൂമാന്‍ പുതിയതായി നിയമിച്ച മിലിറ്ററി കമാണ്ടര്‍മാരുമൊത്തു വടക്കേ കൊറിയായുമായി സമാധാനത്തിനായുള്ള സംഭാഷണം ആരംഭിച്ചു. രണ്ടു കൂട്ടരും വെടിനിര്‍ത്തലിന് ഒത്തുതീര്‍പ്പായി. എങ്കിലും തടവുകാരെ സംബന്ധിച്ച ഒരു തീരുമാനം എടുക്കാന്‍ സാധിച്ചില്ല. ഒടുവില്‍ നീണ്ട രണ്ടു വര്‍ഷത്തെ ചര്‍ച്ചകള്‍ക്കു ശേഷം തടവുകാര്‍ക്ക് ഇഷ്ടമുള്ള സ്ഥലത്ത് താമസിക്കാമെന്നുള്ള തീരുമാനമായി. 1953 ജൂലൈ ഇരുപത്തിയേഴാം തിയതി സമാധാനത്തിനായുള്ള ഉടമ്പടിയില്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. യുദ്ധത്തടവുകാര്‍ക്ക് തെക്കേ കൊറിയായിലോ വടക്കേ കോറിയായിലോ താമസിക്കാമെന്നായിരുന്നു തീരുമാനം. ഒരു പുതിയ അതിര്‍ത്തി തീരുമാനിക്കുകയും തെക്കേ കൊറിയായ്ക്ക് 1500 ചതുരശ്ര മൈല്‍ കൂടുതല്‍ സ്ഥലം നല്‍കുകയും ചെയ്തു. അതിര്‍ത്തിയില്‍നിന്നും രണ്ടു മൈല്‍ അകലം പാലിച്ച് സൈന്യം പരസ്പ്പരം മാറി നില്‍ക്കണമെന്ന വ്യവസ്ഥകളുമുണ്ടായി.

യുദ്ധത്തിന്റെ പ്രതിഫലനമായി വടക്കേ കൊറിയായിലും തെക്കേ കൊറിയായിലും മില്യന്‍ കണക്കിന് ജനങ്ങളുടെ ജീവനും നാശ നഷ്ടങ്ങളും സംഭവിച്ചു. ഒരു രാജ്യത്തിന്റെ ശക്തിയേയും ചെറുതായി കാണരുതെന്നുള്ള വിവരവും അമേരിക്കാ ഈ യുദ്ധത്തില്‍ക്കൂടി പഠിച്ചു. 1953ല്‍ യുദ്ധം അവസാനിച്ചെങ്കിലും തെക്കേ കൊറിയായും വടക്കേ കൊറിയായും രണ്ടു ശത്രു രാജ്യങ്ങളായി ചേരിതിരിഞ്ഞു പോരുകള്‍ തുടര്‍ന്നുകൊണ്ടിരുന്നു. ഇരു രാജ്യങ്ങളുടെയും അതിര്‍ത്തികള്‍ സംബന്ധിച്ച തീരുമാനങ്ങള്‍ക്കായി 1954ല്‍ ചര്‍ച്ചകളുണ്ടായെങ്കിലും യാതൊരു പുരോഗതിയും കൈവരിക്കാന്‍ സാധിച്ചില്ല.

കൊറിയന്‍ യുദ്ധം രക്തപങ്കിലമായിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം വടക്കേ കൊറിയായും തെക്കേ കൊറിയായും തമ്മില്‍ നടന്ന യുദ്ധത്തില്‍ ഏകദേശം രണ്ടര മില്യന്‍ ജനങ്ങളുടെ ജീവന്‍ നഷ്ടപ്പെട്ടു. അവരില്‍ പകുതിയോളം സിവിലിയന്‍ ജനതയായിരുന്നു. കൊറിയായിലെ യുദ്ധക്കളത്തില്‍ 40000 അമേരിക്കന്‍ പട്ടാളം മരിക്കുകയും ഒരു ലക്ഷത്തില്‍പ്പരം അമേരിക്കക്കാര്‍ക്കു മുറിവേല്‍ക്കുകയുമുണ്ടായി.

ഇന്ന്, കിഴക്കേ ഏഷ്യയിലുള്ള വടക്കേ കൊറിയായെ ഭരിക്കുന്നത് 'കിം ജോംഗ് യൂണ്‍ ' (ഗശാ ഖീിഴഡി) എന്ന മുപ്പത്തിമൂന്നു വയസുകാരനായ ഏകാധിപതിയാണ്. പിതാവ് 'കിം ജോംഗ് രണ്ടാമനില്‍ നിന്നും (Kim Jong-Il) മുത്തച്ഛന്‍ കിം രണ്ടാമന്‍ സുങ്ങില്‍ നിന്നും (Kim Il-Sung) രാജ്യം അയാള്‍ക്ക് ലഭിച്ചു. രണ്ടരക്കോടി ജനങ്ങള്‍ ആ രാജ്യത്തു വസിക്കുന്നു. ലോകത്തിലേക്കും വെച്ച് അഴിമതി നിറഞ്ഞ രാജ്യമെന്നും അറിയപ്പെടുന്നു. ജയിലില്‍ കിടക്കുന്ന കുറ്റവാളികളില്‍ നാല്‍പ്പത് ശതമാനം ഭക്ഷണം ലഭിക്കാതെ മരിക്കുന്നു. നിഷ്കളങ്കരായവരെ കുറ്റം ബലമായി സമ്മതിപ്പിച്ചു വധശിക്ഷ നടപ്പാലാക്കലുമുണ്ട്. 2006 മുതല്‍ ആറില്‍പ്പരം ന്യുകഌയര്‍ പരീക്ഷണങ്ങള്‍ നടത്തി. രാജ്യത്തിലെ പൗര ജനങ്ങള്‍ക്ക് പത്ര സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും നിഷേധിച്ചിരിക്കുന്നു. ഇന്റര്‍ നെറ്റില്ലാത്ത രാജ്യമായും അറിയപ്പെടുന്നു. ക്രിസ്ത്യാനികളെ കൂട്ടമായി കൊല്ലുന്നതും പതിവാണ്. ബൈബിള്‍ കൈവശം കണ്ടാല്‍ വധശിക്ഷ ലഭിക്കും. അവിടെ അമേരിക്കയുടെ കോണ്‍സുലേറ്റില്ല. ശീത സമരം അവസാനിക്കാത്ത ഏക രാജ്യമാണ് വടക്കേ കൊറിയാ. എന്ത് ചെയ്താലും നിയമ വിരുദ്ധം. തെക്കേ കൊറിയായുടെ ടെലിവിഷന്‍ കണ്ടാല്‍ ഒരു കൊല്ലം ജയില്‍ ശിക്ഷ കിട്ടും. അവിടേയ്ക്കു യാത്ര ചെയ്താല്‍ മരണ ശിക്ഷയും ഉറപ്പാണ്. മനുഷ്യനായി വടക്കേ കൊറിയായില്‍ ജനിച്ചവന്‍ സ്വയം വെറുക്കപ്പെടും. രാജ്യത്തുള്ള ഭൂരിഭാഗം ജനങ്ങളും ദുഷിച്ചവരെന്നു പറയുന്നില്ല. രാജ്യം നശിപ്പിക്കണമെന്നും പറയുന്നില്ല. അത് അമേരിക്കയ്ക്കും ക്ഷീണം സംഭവിക്കും. ഏകാധിപത്യം അവസാനിപ്പിച്ചുകൊണ്ട് വിപ്ലത്തില്‍ക്കൂടി രാജ്യത്ത് ജനാധിപത്യം സ്ഥാപിക്കണം. അത് സംഭവിക്കുമെന്നും തോന്നുന്നില്ല.
കൊറിയയുടെ ചരിത്രവും യുദ്ധങ്ങളും (ജോസഫ് പടന്നമാക്കല്‍)കൊറിയയുടെ ചരിത്രവും യുദ്ധങ്ങളും (ജോസഫ് പടന്നമാക്കല്‍)കൊറിയയുടെ ചരിത്രവും യുദ്ധങ്ങളും (ജോസഫ് പടന്നമാക്കല്‍)കൊറിയയുടെ ചരിത്രവും യുദ്ധങ്ങളും (ജോസഫ് പടന്നമാക്കല്‍)കൊറിയയുടെ ചരിത്രവും യുദ്ധങ്ങളും (ജോസഫ് പടന്നമാക്കല്‍)
Join WhatsApp News
George V 2017-04-28 06:56:36
ശ്രി ജോസഫ് പടന്നമാക്കൽ, പതിവുപോലെ നല്ല ഒരു ചരിത്ര വിശകലനം. ഒത്തിരി കാര്യങ്ങൾ വളരെ ചുരുക്കി വിവരിച്ചിരിക്കുന്നു. എല്ലാ വിധ ആശംസകളും
Joseph Padannamakkel 2017-04-28 08:19:26
ശ്രീ ജോർജ് വി, ലേഖനത്തെപ്പറ്റി നല്ലയൊരു അഭിപ്രായം എഴുതിയതിൽ സന്തോഷം ഉണ്ട്. ഇത്തരം വിഷയങ്ങൾ വായിച്ചറിയാൻ നമ്മുടെ സമൂഹത്തിലുള്ള ഭൂരിഭാഗംപേരും താല്പര്യം കാണിക്കാറില്ല. 

എന്റെ ചെറുപ്പകാലത്ത് വൈദ്യുതി പോലും നാട്ടിൽ വന്നിട്ടുണ്ടായിരുന്നില്ല. അന്നു വരുന്ന പത്രത്തിനുചുറ്റും വാർത്തകൾ വായിക്കാൻ അയൽവക്കത്തെ സാധാരണക്കാർ ചുറ്റും കൂടുന്നതും ഓർക്കുന്നുണ്ട്. തൊഴിലാളികൾ പോലും ലോക മഹായുദ്ധങ്ങളും കൊറിയൻ യുദ്ധങ്ങളും ചർച്ചകൾ ചെയ്യുന്നത് കേൾക്കാമായിരുന്നു. അവർ പറഞ്ഞ കാര്യങ്ങൾ സത്യങ്ങളായിരുന്നുവെന്ന് അടുത്ത ദിവസം ഗഹനമായി കൊറിയൻ യുദ്ധത്തെപ്പറ്റി വായിച്ചപ്പോഴാണ് മനസിലായത്.

തിരക്കു പിടിച്ച ഇന്നത്തെ ലോകത്ത് പഴയകാല ചരിത്രം ഇന്നുള്ളവർക്ക് ബോറടിയായിരിക്കും. അവരുടെ വിഷയങ്ങൾ സിനിമാതാരങ്ങളും മോഹൻലാലും, ദിലീപും തിരുമേനിമാരും ഇടുക്കിയിലെ മണിയാശാനുമായിരിക്കും. അതുകൊണ്ട് കേരളചരിത്രം തന്നെ അജ്ഞാതമായി പോവുകയാണ്. പഴയ നാട്യകലകളും കഥകളിയും കൂത്താട്ടങ്ങളും വിസ്മൃതിയിലാവുകയും ചെയ്യുന്നു.  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക