Image

ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം ശൈലേന്ദ്രനാഥ് മന്ന അന്തരിച്ചു

Published on 27 February, 2012
ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം ശൈലേന്ദ്രനാഥ് മന്ന അന്തരിച്ചു
കൊല്‍ക്കത്ത: ഇന്ത്യന്‍ ഫുട്‌ബോളിലെ ഇതിഹാസ താരങ്ങളിലൊരാളായ ശൈലേന്ദ്രനാഥ് മന്ന(87) അന്തരിച്ചു. ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഞായറാഴ്ച രാത്രി അദ്ദേഹത്തെ സാള്‍ട്ട് ലേക് എ.എം.ആര്‍.ഐ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അര്‍ധരാത്രിയോടെ അസുഖം മൂര്‍ഛിക്കുകയും തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ മരണം സംഭവിക്കുകയും ചെയ്തു.

ഇന്ത്യന്‍ ഫുട്‌ബോള്‍ കണ്ട എക്കാലത്തേയും മികച്ച ഡിഫന്റര്‍മാരില്‍ ഒരാളായാണ് മന്ന അറിയപ്പെടുന്നത്. മികച്ച സെറ്റ് പീസ് കളിക്ക് പേരുകേട്ട മന്നയെ 2000 ത്തില്‍ നൂറ്റാണ്ടിന്റെ ഫുട്‌ബോളറായി ആള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ തിരഞ്ഞെടുത്തിരുന്നു.

ന്യൂഡല്‍ഹിയില്‍ നടന്ന പ്രഥമ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം സമ്മാനിച്ചത് മന്നയുടെ നേതൃത്വത്തിലുള്ള ടീമായിരുന്നു. 1952 ഹെല്‍സിങ്കി ഒളിമ്പിക്‌സിലും 1954 മനില ഏഷ്യന്‍ ഗെയിംസിലും ഇന്ത്യയെ അദ്ദേഹം നയിച്ചു.

1952 മുതല്‍ തുടര്‍ച്ചയായി മൂന്നു വര്‍ഷം നാല് രാഷ്ട്രങ്ങള്‍ പങ്കെടുത്ത ടൂര്‍ണമെന്റിലും മന്നയുടെ നേതൃത്വത്തില്‍ ഇന്ത്യ കിരീടം നേടി. 1953 ല്‍ ഇംഗ്ലണ്ട് ഫുട്‌ബോള്‍ അസോസിയേഷന്റെ ഇയര്‍ബുക്കില്‍ ലോകത്തെ മികച്ച 10 ക്യാപ്റ്റന്മാരുടെ പട്ടിക തയാറാക്കിയതില്‍ മന്നയും ഉള്‍പ്പെട്ടു.

1970 ല്‍ രാജ്യം അദ്ദേഹത്തെ പത്മശ്രീ നല്‍കി ആദരിച്ചു. 1924 സപ്തംബര്‍ ഒന്നിന് ജനിച്ച ശൈലന്‍ മന്നയുടെ പ്രഫഷണല്‍ ഫുട്‌ബോള്‍ ജീവിതം ആരംഭിക്കുന്നത് മോഹന്‍ ബഗാനിലൂടെയാണ്. 1942 മുതല്‍ 1960 ല്‍ വിരമിക്കുന്നത് വരെ അദ്ദേഹം ബഗാനില്‍ തുടര്‍ന്നു. പിന്നീട് ബഗാന്റെ കോച്ചായും പ്രവര്‍ത്തിച്ച മന്നയെ ക്ലബ് 2001 ല്‍ മോഹന്‍ ബഗാന്‍ രത്‌ന നല്‍കി ആദരിക്കുകയുണ്ടായി. സത്യസന്തതയിലും കളിയോടുള്ള സമര്‍പ്പണവും ലളിതമായ ജീവിശൈലിയും മന്നയുടെ സവിശേഷതകളായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക