Image

ലോക്‌പാല്‍ നിയമനം വൈകിപ്പിക്കരുതെന്ന് സുപ്രീംകോടതി

Published on 27 April, 2017
ലോക്‌പാല്‍ നിയമനം വൈകിപ്പിക്കരുതെന്ന് സുപ്രീംകോടതി

ന്യൂദല്‍ഹി: ലോക്‌പാല്‍ നിയമനം വൈകിപ്പിക്കുന്നത്‌ അംഗീകരിക്കാനാകില്ലെന്ന്‌ സുപ്രീംകോടതി. ഭേദഗതികള്‍ വരുത്തേണ്ടതുള്ളതിനാലാണ്‌ നിയമനം പ്രാബല്ല്യത്തില്‍ വരുത്താത്തതെന്ന കേന്ദ്ര സര്‍ക്കാര്‍ വാദം തള്ളിയ സുപ്രീംകോടതി ഇനിയും ഇക്കാര്യത്തില്‍ താമസം വരുത്താന്‍ കഴിയില്ലെന്നും വ്യക്തമാക്കി.

2013ലാണ്‌ ലോക്‌പാല്‍ നിയമനം അംഗീകരിച്ചുകൊണ്ട്‌ പാര്‍ലമെന്റ്‌ നിയമം പാസാക്കിയത്‌. എന്നാല്‍ പ്രതിപക്ഷ നേതാവ്‌ ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ്‌ കേന്ദ്രസര്‍ക്കാര്‍ നിയമനം വൈകിപ്പിച്ചിരുന്നത്‌. പ്രധാനമന്ത്രി നേതൃത്വം നല്‍കുന്ന സമിതിയില്‍ പ്രതിപക്ഷ നേതാവ്‌, ലോകസഭാ സ്‌പീക്കര്‍, സുപ്രീംകോടതി ചീഫ്‌ ജസ്റ്റിസ്‌ എന്നിവര്‍ ഉള്‍പ്പെടണമെന്നാണ്‌ ലോക്‌പാല്‍ നിയമം പറയുന്നത്‌. ഈ നിര്‍ദ്ദേശം ചൂണ്ടിക്കാട്ടിയാണ്‌ കേന്ദ്രസര്‍ക്കാര്‍ നിയമനം വൈകിപ്പിച്ചത്‌.


ലോക്‌പാല്‍ നിയമനത്തിന്‌ കേന്ദ്രത്തോട്‌ നിര്‍ദ്ദേശം വെക്കാന്‍ സുപ്രീംകോടതിക്ക്‌ കഴിയില്ലെന്ന വാദമാണ്‌ കേന്ദ്രസര്‍ക്കാര്‍ ഉന്നയിച്ചിരുന്നത്‌. എന്നാല്‍ ഈ വാദങ്ങള്‍ കോടതി തള്ളുകയായിരുന്നു. നിയമനത്തിനായി പ്രതിപക്ഷ നേതാവിനെ കാത്തിരിക്കേണ്ടതില്ലെന്നും കോടതി സര്‍ക്കാരിനോട്‌ നിര്‍ദ്ദേശിച്ചു.

സന്നദ്ധ സംഘടനയാണ്‌ നിയമനം ഉടന്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട്‌ കോടതിയെ സമീപിച്ചത്‌. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക