Image

ആയിരം പൂര്‍ണചന്ദ്രന്മാരെ കണ്ട ലോകത്തിന്റെ ബിഷപ്പ് (അനില്‍ പെണ്ണുക്കര)

അനില്‍ പെണ്ണുക്കര Published on 27 April, 2017
ആയിരം പൂര്‍ണചന്ദ്രന്മാരെ കണ്ട  ലോകത്തിന്റെ ബിഷപ്പ്   (അനില്‍ പെണ്ണുക്കര)
എല്ലാ കാര്യങ്ങളും ഭംഗിക്കൊത്ത് തമാശയായി പറയാന്‍ ഒരു സാധാരണക്കാരന് കഴിയില്ല .എന്നാല്‍ എല്ലാ ആളുകളെയും തമാശയിലൂടെ പറയേണ്ടതെല്ലാം പറഞ്ഞു മനസിലാക്കുവാനും രസിപ്പിക്കുവാനും ചിന്തിപ്പിക്കുവാനും സാധിക്കുന്ന ഒരേ ഒരാള്‍ ആണ് ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമാ മെത്രാപ്പോലീത്ത .ആ ചിരിയുടെ തമ്പുരാന് ഇന്ന് നൂറു വയസ്.ആയിരം പൂര്‍ണ്ണ ചന്ദ്രന്മാരെ തിരുമേനി കണ്ടു കഴിയുമ്പോള്‍ മലയാളം ഇന്ന് തിരുമേനിക്ക് മുന്നില്‍ തലകുനിച്ചു .ലോകമെങ്ങുമുള്ള സമൂഹത്തിനു താന്‍ ഇത്രത്തോളം സ്വീകാര്യന്‍ ആയിരിക്കുമെന്ന് തിരുമേനിപോലും കരുതിയിരിക്കില്ല.അച്ഛന്‍ മാരാമണ്‍ കണ്‍ കണ്‍ വന്‍ഷനു കൊടുത്തുവിട്ട പൈസയില്‍ അല്പമെടുത്തു കടല വാങ്ങി കൂട്ടുകാര്‍ക്കൊപ്പം കൊറിച്ചുനടന്ന ആ പയ്യന്‍ അറുപതു തവണ മാരാമണ്‍ കണ്‍വന്‍ഷനില്‍ പ്രാസംഗികന്‍ ആയതു ചരിത്രം.ഭാരത സഭയില്‍ ഇത്രത്തോളം ചര്‍ച്ച ചെയ്യപ്പെട്ട ഒരു ബിഷപ്പ് വേറെ ഇല്ല.തിരുമേനിയുടെ കൈ മുത്താത്ത സെലിബ്രിറ്റികള്‍ ഇല്ല.ഇന്ത്യന്‍ പ്രസിഡന്റ് മുതല്‍ നീളുന്നു ആ പട്ടിക.തിരുമേനിയുടെ നൂറാം പിറന്നാള്‍ ഇന്ന് മാര്‍ത്തോമാ സഭ തിരുവല്ലയില്‍ ആഘോഷിച്ചു.തന്റെ സുഹൃത്ത് കൂടിയായ മുതിര്‍ന്ന ബി ജെ പി നേതാവ് എല്‍ കെ അദ്വാനി ആയിരുന്നു ജന്മദിനാഘോഷങ്ങള്‍ ഉത്ഘാടനം ചെയുവാന്‍ തിരുവല്ലയില്‍ വന്നത്.പ്രൗഢവും ഗംഭീരവുമായ ചടങ്ങില്‍ തിരുമേനിയുടെ വാക്കുകള്‍ക്കാണ് അദ്വാനി പോലും കാതു കൂര്‍പ്പിച്ചത് .

ഇനിയും തീരുന്നില്ല തിരുമേനിയുടെ പിറന്നാള്‍ ആഘോഷങ്ങള്‍ .പക്ഷെ അവിടെയെല്ലാം മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്തയുടെ ഓരോ വാക്കുകള്‍ക്കാണ് ഓരോരുത്തരും കാതു കുര്‍പ്പിക്കുന്നത് .തിരുമേനി പറയുന്ന കഥകള്‍ കേള്‍ക്കാന്‍,ആ കഥയില്‍ നിന്ന് ജീവപാഠങ്ങള്‍ കേളക്കാന്‍ എല്ലാവരും തയാറാകുന്നു .തിരുമേനിയുടെ ഓരോ വാക്കുകള്‍ക്കും ഓരോ ശക്തി. ചിന്തിക്കും തോറും ഹൃദയത്തില്‍ തുളച്ചു കയറുന്ന വാക്കുകള്‍. നന്മ നിറയുന്ന വാക്കുകളില്‍ പുഞ്ചിരിയുടെ നറുമലരുകള്‍ കൂടിയാകുമ്പോള്‍ ഒരായുസ്സുവരെ വരെ ഓര്‍ത്തിരിക്കാവുന്ന നുറുങ്ങുകളും. ഇത് മലയാളിക്ക് സ്വന്തം! ക്രിസോസ്റ്റം തിരുമേനിയെ പ്രസംഗ  വേദികളില്‍ കിട്ടാന്‍ സംഘടനകളും സഭകളും മത്സരമാണ്. കിട്ടിക്കഴിഞ്ഞാലോ, സാക്ഷാല്‍ യേശു ക്രിസ്തു സ്വര്‍ഗ്ഗത്തു നിന്നിറങ്ങി വന്ന് കൈ കൊടുക്കും..

ആര്‍ക്കും ഒരു പരാതിയുമില്ലാതെ, സ്‌നേഹത്തിന്റെ ശാസനയോടെ തിരുമേനി പറയുന്ന വാക്കുകള്‍ ക്ഷമയോടെ കേള്‍ക്കും. പിന്നെ പൊട്ടിച്ചിരിക്കും..നമ്മുടെയെല്ലാം സത്യത്തിന്റെ സ്വര്‍ണ്ണ നാവുകാരനായ തിരുമേനിയുടെ ചില  പ്രസംഗങ്ങളില്‍ നിന്ന് ചിലത് ഇമലയാളി വായനക്കാര്‍ക്കായി ചേര്‍ക്കട്ടെ.. ചിരിക്കാം ചിന്തിക്കാം ഓര്‍ത്തു വയ്ക്കാം..


'നീതിമാന്‍ വേണ്ടുവോളം ഭക്ഷിക്കുന്നു ദുഷ്ടന്മാരുടെ വയറോ വിശന്നു കൊണ്ടിരിക്കും'
===================================================
അമേരിക്കയില്‍ നടന്ന സംഭവം. സരസനായ ഒരുപദേശിയും മാര്‍ ക്രിസോസ്റ്റവും ഒരുമിച്ച് ക്രിസ്തുമസ് ഭക്ഷണത്തിനിരിക്കുകയായിരുന്നു. ഭക്ഷണത്തിനിരിക്കുമ്പോഴാണ് മാര്‍ ക്രിസോസ്റ്റം സാധാരണ ഫോമിലാകുന്നത്. കൂടെയിരിക്കുന്നത് ഒരു സഹൃദയനാണെങ്കില്‍ പറയുകയും വേണ്ടാ. തമാശകളുടെ മാലപ്പടക്കമായിരിക്കും.
ഈ സംഭവ കഥയിലെ ഉപദേശിയും മാര്‍ ക്രിസോസ്റ്റവും ഭക്ഷണം കഴിക്കുന്നു. ഇരുവരും ഭക്ഷണം അങ്ങേയറ്റം ആസ്വദിച്ചു കഴിക്കുമ്പോള്‍ മാര്‍ ക്രിസോസ്റ്റം തമാശയായി പറഞ്ഞു,
'ഭക്ഷണം വളരെ നല്ലതാണ്, എന്നാല്‍ വയറു നമ്മുടെതാണെന്നോര്‍മ്മ വേണമല്ലോ.' ഉപദേശി ചിരിച്ചു കൊണ്ടു പറഞ്ഞു,
'തിരുമേനി, പക്ഷേ ഇപ്പോള്‍ ഒരു വാക്യം എന്റെ ഒര്‍മ്മയിലേക്കു വരുന്നു. സദൃശവാക്യങ്ങള്‍ പതിമൂന്നാം അദ്ധ്യായം 25ാം വാക്യം.'
തിരുമേനി പ്രതിവചിച്ചു, 'എനിക്ക് വേദപുസ്തകം അത്ര നിശ്ചയമില്ല. ഉപദേശി തന്നെ പറഞ്ഞാട്ടെ.'
'തിരുമേനി, ഞാന്‍ അതെങ്ങെനെയാ പറയുന്നത്. സമയം കിട്ടുമ്പോള്‍ തിരുമേനി തന്നെ വായിച്ചു നോക്കിയാല്‍ മതിയാകും.'
തിരുമേനിയുടെ നിര്‍ബന്ധത്തിനു വഴങ്ങി ഉപദേശി വാക്യം ഉദ്ധരിച്ചു,
'നീതിമാന്‍ വേണ്ടുവോളം ഭക്ഷിക്കുന്നു. ദുഷ്ടന്‍മാരുടെ വയറോ വിശന്നുകൊണ്ടിരിക്കും.' ഒരു കൊച്ചുകുട്ടിയെപ്പോലെ ക്രിസോസ്റ്റം തിരുമേനി പൊട്ടിച്ചിരിച്ചു പോയി! ഒപ്പം ഒരു കമന്റും,
'അതാണല്ലോ ഞാന്‍ പറഞ്ഞത്! വയറ് വിശന്നുകൊണ്ടിരിക്കുന്നത് കൊണ്ടാണല്ലോ പലരും ലക്കും ലഗാനുമില്ലാതെ ഭക്ഷിച്ചു കൊണ്ടിരിക്കുന്നത്.'
കൂട്ടചിരി.
=============================================
ഹബക്കൂക്
വേദപുസ്തക പരിജ്ഞാനത്തെ പരാമര്‍ശിച്ച് തിരുമേനി പറഞ്ഞ കഥ.
'ഒരു പള്ളിയില്‍ ക്രിസ്മസ് ആരാധന നടക്കുകയാണ്. ആരാധന മദ്ധ്യേയുള്ള പാഠം വായന. കുഞ്ഞാപ്പി മുന്നോാട്ടു വന്നു. ഹബക്കൂക്ക് മുന്നാം അദ്ധ്യായം ഒന്നു മുതല്‍ പത്രണ്ട് വരെയാണ് അന്ന് വായിക്കേണ്ടിയിരുന്ന പഴയനിയമ പാഠഭാഗം. ഈ യുവാവ് എത്ര ശ്രമിച്ചിട്ടും 'ഹബക്കൂക്' വേദപുസ്തകത്തില്‍ നിന്നും തിരഞ്ഞു പിടിക്കാനായില്ല. മദ്ബഹായില്‍ കാപ്പ ധരിച്ചു കുര്‍ബ്ബാനയ്ക്കു ഒരുങ്ങിക്കൊണ്ടിരുന്ന വൈദികന്‍ ദേഷ്യപ്പെട്ട് തിരശീല നീക്കി യുവാവിന്റെ അടുത്തു വന്ന് ഉച്ചത്തില്‍ യുവാവിനോടു കയര്‍ത്തു,
'എന്താ കുഞ്ഞാപ്പി പാഠം വായിക്കാന്‍ ഇത്ര താമസം?'
യുവാവ് തന്റെ നിസ്സഹായവസ്ഥ പറഞ്ഞു,
' അച്ചാ, ഹബക്കുക് തപ്പീട്ട് കിട്ടുന്നില്ല അച്ചനറിയാമോ ഹബക്കൂക് എവിടെയാണെന്ന്'
ഒരു നിമിഷം ആലോചിച്ചു നിന്നിട്ട്, ശ്രീഘ്രം അച്ചന്‍ മദ്ബഹായിലേക്ക് തിരികെ കയറിപ്പോയി!'

ധനകാര്യം മറന്ന മാണി, തിയോളജി മറന്ന തിരുമേനി
====================================================
ശ്രി. കെ. എം. മാണി ധനകാര്യ മന്ത്രിയായിരിക്കുന്ന സമയം. മാര്‍ക്രിസോസ്റ്റം സഫ്രഗന്‍ മെത്രാപ്പോലീത്തായും, മാണിയും ഒരിക്കല്‍ ഒരു വേദിയില്‍ വന്നു. സംയുക്ത ക്രിസ്മസ് ആഘോഷത്തിന്റെ വേദിയിലായിരുന്നു അത്. ശ്രീ. കെ. എം. മാണി പറഞ്ഞു,
'എനിക്ക് ക്രിസ്തുമസിനെ കുറിച്ച് ആധികാരികമായി സംസാരിക്കാന്‍ അറിഞ്ഞു കൂടാ... തന്നെയുമല്ല മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്താ വേദിയിലുള്ളപ്പോള്‍ 'തിയോളജി' അറിവില്ലാത്ത ഞാന്‍ ക്രിസ്തുമസിനെക്കുറിച്ച് സംസാരിക്കുന്നത് തന്നെ ശരിയാണെന്നു തോന്നുന്നില്ല.'
തന്റെ ഉദ്ഘാടന പ്രസംഗം മാണി പെട്ടെന്ന് ഉപസംഹരിച്ചു ഇരുന്നു. മാര്‍ ക്രിസോസ്റ്റത്തിനായിരുന്നു അടുത്ത ഊഴം. അദ്ദേഹം തുടങ്ങി.
'ഇത്രയും നാള്‍ ഞാന്‍ വിചാരിച്ചു, ശ്രീ. കെ. എം. മാണിക്ക് ധനകാര്യത്തില്‍ മാത്രമേ അജ്ഞതയുള്ളൂ എന്ന്! ഇപ്പോള്‍ അദ്ദേഹം പറയുന്നു... തിയോളജിയും അദ്ദേഹത്തിനറിയില്ലെന്ന്. ചുരുക്കം പറഞ്ഞാല്‍ ഞാനും മാണിയും തമ്മില്‍ വലിയ വ്യത്യാസം ഒന്നും ഇല്ല. എനിക്ക് തിയോളജിയും അറിയില്ല ധനകാര്യങ്ങളും!'
' കൊള്ളാം... തിയോളജി അറിയുവാന്‍ വയ്യാത്ത ഒരു ബിഷപ്പ്... ധനകാര്യമറിയാത്ത ഒരു ധനകാര്യ മന്ത്രി.. നമ്മേ... ഈ മീറ്റിംഗിന് ക്ഷണിച്ചവര്‍ എത്രയോ സമര്‍ത്ഥരാണ് അല്ലേ...???'
നീണ്ടു നിന്ന കൂട്ടച്ചിരിക്കിടയില്‍ മാര്‍ ക്രിസോസ്റ്റം തന്റെ തനതു ശൈലിയില്‍ ക്രിസ്തുമസ് സന്ദേശ പ്രസംഗം തുടര്‍ന്നു.

സ്വര്‍ഗ്ഗത്തില്‍ വിവാഹം....
=============================
'ഒരു യുവാവും യുവതിയും പരസ്പരം സ്‌നേഹിച്ചുപോയി. വിവാഹിതരാകുവാന്‍ അവര്‍ രണ്ടു പേരും മാത്രമല്ല, അവരുടെ കുടുംബാംഗങ്ങളും താത്പര്യം കാണിച്ചു. എന്നാല്‍ അവരുടെ ആഗ്രഹം പൂര്‍ത്തീകരിക്കപ്പെടുന്നതിനു മുന്‍പായി യുവാവും പിന്നാലെ യുവതിയും ഈ ലോകത്തില്‍ നിന്ന് മാറ്റപ്പെട്ടു. മരിച്ച രണ്ടു പേരും സ്വര്‍ഗ്ഗത്തില്‍ ചെന്നു. അവിടെ വച്ച് പരസ്പരം കണ്ടു. സംസാരിച്ചു. ലോകത്തില്‍ വച്ച് കേട്ടിട്ടുണ്ട്, വിവാഹം സ്വര്‍ഗ്ഗത്തില്‍ വച്ചു നടക്കുന്നു എന്ന്. എന്നാല്‍ ആ ആഗ്രഹം വൈകിക്കേണ്ടാ എന്നു കരുതി ദൈവം തമ്പുരാന്റെ അടുത്ത് ചെന്ന് രണ്ടുപേരും തങ്ങളുടെ കഴിഞ്ഞ കാല അനുഭവവും, വീട്ടുകാരുടെ ആഗ്രഹവും അറിയിച്ചു. ലോകത്തില്‍ വച്ച് സഫലമായില്ലെങ്കിലും ഇവിടെ തമ്പുരാന്‍ കനിഞ്ഞാല്‍ സാധിക്കുമെന്നറിച്ചു. ദൈവം തമ്പുരാന്‍ ഒരലക്ഷ്യഭാവത്തില്‍ പറഞ്ഞു,
'നോക്കാം മക്കളേ.'
ആഴ്ചകള്‍ പലതു നീങ്ങി. വീണ്ടും ഓര്‍മ്മിപ്പിച്ചു. അപ്പോഴും ഉത്തരം തഥൈവ. പിന്നീടു ദൈവം ഇവരെ കണ്ടാല്‍ ശ്രദ്ധിക്കാന്‍ വൈമനസ്യം കാണിക്കുന്നു എന്നു പോലും ഇവര്‍ക്കു തോന്നി. മാസങ്ങള്‍ കഴിഞ്ഞു, മാനസികമായി ഇരുവര്‍ക്കും നിരാശ. അവര്‍ ഒരു തീരുമാനത്തിലെത്തി. നേരിട്ട് ഒരിക്കല്‍ കൂടി ദൈവത്തോടു ചോദിക്കുക ഇത് നടക്കുമോ ഇല്ലയോ എന്ന് അറിയണം!
'പിതാവെ, കല്ല്യാണം നടക്കുമേ ഇല്ലയോ എന്നു പറയണം. എന്തിന് ഞങ്ങളെ ഇങ്ങനെ ആശിപ്പിക്കുന്നു?'
ദൈവം രണ്ടു പേരേയും അടുക്കലേക്ക് വിളിച്ചു പറഞ്ഞു,
'മക്കളെ നിങ്ങളുടെ ആഗ്രഹം വളരെ നല്ലതു തന്നെ. എനിക്കും ആഗ്രഹമുണ്ട് നിങ്ങളെ രണ്ടുപേരേയും യോജിപ്പിക്കണമെന്ന്. പക്ഷേ എന്തു ചെയ്യാം. ഞാന്‍ നേരിട്ടു കല്യാണം നടത്തി കൊടുക്കാറില്ല. ഒരു അച്ചനോ, ബിഷപ്പോ വേണം ആ കര്‍മ്മം നിര്‍വ്വഹിക്കുവാന്‍. ആ കൂട്ടത്തില്‍പ്പെട്ട ഒരൊറ്റയാളും ഇന്നലെ വരെ സ്വര്‍ഗ്ഗത്തില്‍ എത്തിയിട്ടില്ല. പിന്നെ എങ്ങനെയാണു നിങ്ങളുടെ കല്ല്യാണം നടത്തിത്തരുക?'
ഇതാണ് അഭിവന്ദ്യനായ തിരുമേനി...
 തിരുമേനിയുടെ വാക്കുകളാണ് നമ്മുടെ ശക്തി. ഈ നാവ് പൊന്നായിരിക്കട്ടെ!

ഈ ദൈവനാവുകാരന് ഇമലയാളിയുടെ നൂറാം ജന്മദിനാശംസകള്‍

ആയിരം പൂര്‍ണചന്ദ്രന്മാരെ കണ്ട  ലോകത്തിന്റെ ബിഷപ്പ്   (അനില്‍ പെണ്ണുക്കര)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക