Image

സൗമ്യ വധക്കേസ്: സര്‍ക്കാരിന്റെ റിവ്യൂ ഹര്‍ജി സുപ്രീംകോടതി പരിഗണിച്ചു

Published on 27 April, 2017
സൗമ്യ വധക്കേസ്: സര്‍ക്കാരിന്റെ റിവ്യൂ ഹര്‍ജി സുപ്രീംകോടതി പരിഗണിച്ചു
ന്യൂഡല്‍ഹി: കോളിളക്കം സൃഷ്ടിച്ച സൗമ്യക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രീം കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി പരിഗണിച്ചു. ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ആറംഗ വിശാല ബഞ്ചാണ് ചേംബറില്‍ വച്ച് ഹര്‍ജി പരിശോധിച്ചത്. ഉത്തരവ് ഉടന്‍ ഇറങ്ങും.

തുറന്ന കോടതിയില്‍ വീണ്ടും വാദം കേള്‍ക്കണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം. എന്നാല്‍, ഹര്‍ജി പരിഗണിക്കാതെ തള്ളാനാണ് തീരുമാനമെങ്കില്‍ ഈ ആവശ്യവും നിഷേധിക്കപ്പെടും. അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗിയാണ് തിരുത്തല്‍ ഹര്‍ജി തയാറാക്കിയത്. ഹര്‍ജി പരിഗണിക്കാന്‍ മുതിര്‍ന്ന ജഡ്ജിമാരടങ്ങിയ ബെഞ്ച് ചീഫ് ജസ്റ്റിസ് രൂപീകരിച്ചു. കേസില്‍ വിധി പറഞ്ഞ ജസ്റ്റിസുമാരായ രഞ്ജന്‍ ഗഗോയ്, പി.സി. പന്ത്, യു.യു. ലളിത് എന്നിവരും ബെഞ്ചിലുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ അവസാനശ്രമമാണ് ഈ തിരുത്തല്‍ ഹര്‍ജി. നിരവധി കേസുകളില്‍ പ്രത്യാഘാതമുണ്ടാക്കുകയും കുറ്റവാളികള്‍ക്ക് തെറ്റായ സന്ദേശം നല്‍കുകയും ചെയ്യുന്ന വിധിയാണ് സുപ്രീംകോടതിയില്‍ നിന്നുണ്ടായതെന്നാണ് കേരളത്തിന്റെ വാദം. സൗമ്യയെ ട്രെയിനില്‍ നിന്ന് ഗോവിന്ദച്ചാമി തള്ളിയിട്ടു എന്നതിന് നേരിട്ട് തെളിവുകളൊന്നുമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വധശിക്ഷയില്‍ നിന്ന് പ്രതിയെ ഒഴിവാക്കിയത്. നേരത്തെ വിചാരണക്കോടതിയും ഹൈക്കോടതിയും പ്രതിയ്ക്ക് വധശിക്ഷ വിധിച്ചിരുന്നു.

സൗമ്യ വധക്കേസ്: സര്‍ക്കാരിന്റെ റിവ്യൂ ഹര്‍ജി സുപ്രീംകോടതി പരിഗണിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക