Image

പിണറായിക്കെതിരായ ചിത്രവും പോസ്റ്റും: കേരള ഹൗസ് ജീവനക്കാരനെ പുറത്താക്കി

Published on 27 April, 2017
പിണറായിക്കെതിരായ ചിത്രവും പോസ്റ്റും: കേരള ഹൗസ് ജീവനക്കാരനെ പുറത്താക്കി

ന്യൂഡല്‍ഹി: കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന നര്‍മംകലര്‍ന്ന പോസ്റ്റും ഹാസ്യചിത്രവും വാട്‌സ്ആപ്പില്‍ പങ്കുവെച്ച ഡല്‍ഹിയിലെ കേരള ഹൗസ് ജീവനക്കാരനെ പിരിച്ചുവിട്ടു.

കേരള ഹൗസിലെ ദിവസവേതന ജീവനക്കാരനായ ശശിയെയാണ് ബുധനാഴ്ച ജോലിയില്‍നിന്ന് പിരിച്ചുവിട്ടത്. കേരള ഹൗസില്‍നിന്ന് രണ്ടു പേരെയാണ് ബുധനാഴ്ച പിരിച്ചുവിട്ടത്. അതിലൊരാള്‍ക്കെതിരെ ജോലിക്ക് ഹാജരാകാതിരുന്നതിനാണ് നടപടി. എന്നാല്‍, ശശിക്കെതിരെ തൊഴില്‍പരമായ വീഴ്ചയോ കൃത്യവിലോപമോ ചൂണ്ടിക്കാണിക്കാത്ത കേരള ഹൗസ് അധികൃതര്‍ മുഖ്യമന്ത്രിക്കെതിരെ വന്ന രണ്ട് പോസ്റ്റുകള്‍ ഫോര്‍വേഡ് ചെയ്തുവെന്ന കുറ്റമാണ് ചുമത്തിയത്.

പിണറായിയുടെ നേട്ടങ്ങള്‍ ഒറ്റ നോട്ടത്തില്‍ എന്ന തലക്കെട്ടിലുള്ള ഒരു പോസ്റ്റും ‘‘കേരളത്തിലെ പുതിയ സഭയും അതിെന്റ അധ്യക്ഷനും മാര്‍ പിണോറിയോസ് ബ്രണ്ണന്‍ തിരുമേനി’’ എന്നു പേരിട്ട ചിത്രവും പലരില്‍നിന്നായി ശശിക്ക് വന്നതായിരുന്നു. തനിക്ക് കിട്ടിയ ആ രണ്ട് പോസ്റ്റുകളും വാട്‌സ്ആപ്പിലൂടെ ഫോര്‍വേഡ് ചെയ്തതാണ് ശശിക്ക് വിനയായത്.

ചുവന്ന നിറത്തിലുള്ള ക്രിസ്തീയ സഭാ വസ്ത്രം ധരിച്ച പിണറായിയെ പരിഹസിക്കുന്ന തരത്തില്‍ ഫോേട്ടാഷോപ്പില്‍ ചെയ്തതാണ് വിവാദ ചിത്രം. പിണറായിയുടെ ഭരണത്തെ വിമര്‍ശിക്കുന്ന പോസ്റ്റില്‍ ഭരണനേട്ടമായി പെന്‍ഷന്‍ ഒറ്റത്തവണയായി, സരിതയെ കാണാതായി, അച്ചുമ്മാമ മിണ്ടാതെയായി, കെ.എം. മാണി പരിശുദ്ധനായി എന്ന് തുടങ്ങി ന്യായീകരണം പതിവായി, ട്രോളുകള്‍ കുറ്റകരമായി, ഇരട്ടച്ചങ്ക് ഇരട്ടത്താപ്പായി തുടങ്ങിയവ  ഭരണനേട്ടമായി പരിഹാസത്തോടെ അവതരിപ്പിച്ചിരിക്കുകയാണ്. ഇവ രണ്ടും പങ്കുവെച്ചതിനാല്‍ ജോലിയില്‍നിന്ന് പിരിച്ചുവിട്ടതായി ശശിക്ക് അറിയിപ്പ് ലഭിക്കുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക