Image

നടുക്കുന്ന ഓര്‍മയായി ....ജീവനോടെ അടര്‍ന്നു വീണ ആ കണ്ണ് ..... ( ഭാഗം 14: ഫ്രാന്‍സിസ് തടത്തില്‍)

Published on 28 April, 2017
നടുക്കുന്ന ഓര്‍മയായി ....ജീവനോടെ അടര്‍ന്നു വീണ ആ കണ്ണ് ..... ( ഭാഗം 14: ഫ്രാന്‍സിസ് തടത്തില്‍)
1997 ഡിസംബര്‍ ആറ് .
ഇന്ത്യക്കാരായവര്‍ക്ക് ഡിസംബര്‍ ആറ് മറക്കാനാവുമോ ? ലോകത്തെ മുഴുവന്‍ ഞെട്ടിച്ച് , ഭാരതീയ സംസ്‌കാരത്തിന് തീരാകളങ്കം സൃഷ്ടിച്ച ബാബറി മസ്ജിദ് തകര്‍ത്ത ദിനം . ആ കിരാത സ്മരണ ഉണര്‍ത്തുന്ന അന്ന് തൃശൂര്‍ നഗരം മറ്റൊരാഘോഷത്തിമര്‍പ്പിലായിരുന്നു . ഏഷ്യയിലെ ഏറ്റവും വലിയ കായിക മാമാങ്കമായ സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ സമാപന ദിനം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 5000ത്തിലധികം കായിക താരങ്ങളും അധ്യാപകരും ഒഫിഷ്യലുകളുമായി വേറെ ആയിരങ്ങളും തൃശൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ സമ്മേളിച്ചിരിക്കുകയാണ് .  അവസാന ദിനമായതിനാല്‍ ജില്ലയിലെ സ്‌കൂളുകള്‍ക്കും അവധിയായിരുന്നു . സ്റ്റേഡിയം തിങ്ങി നിറഞ്ഞ് ആളുകള്‍. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള ദേശീയ മാധ്യമ പ്രവര്‍ത്തകരുള്‍പ്പടെ വന്‍ മാധ്യമപ്പട കായിക മേള കവര്‍ ചെയ്യാനെത്തിയിരുന്നു . 

മീറ്റിന്റെ അവസാന ദിനത്തെ ആവേശകരമായ ഇനമാണ് റിലേ ഓട്ട മത്സരം . സീനിയര്‍ ബോയിസിന്റെ ഹീറ്റ്‌സിനായി ടീമുകള്‍ ലൈന്‍ അപ് ചെയ്തു. ഠേ.....സ്റ്റാര്‍ട്ടര്‍ വെടി മുഴങ്ങി . പിന്നാലെ നഗരം നടുങ്ങുമാറുച്ചത്തില്‍ ഉഗ്ര സ്‌ഫോടന ശബ്ദം . ഓടിക്കൊണ്ടിരുന്ന താരങ്ങള്‍ ഒരു നിമിഷം പകച്ചു പോയി . റഫറി ഫൌള്‍ വിസില്‍ മുഴക്കി . 

കണ്ണടച്ചു തുറക്കുന്ന നിമിഷം ....ഒരൊറ്റ പത്ര പ്രവര്‍ത്തകനെയും കാണാനില്ല ....എല്ലാവരും സ്‌ഫോടനത്തെക്കുറിച്ച് അന്വേഷിക്കാന്‍ കുതിച്ചോടി. ഒടുവില്‍ സ്‌ഫോടനത്തിന്റെ പ്രഭവ കേന്ദ്രം തൃശൂര്‍ റെയ്ല്‍വേ സ്റ്റേഷനാണെന്നു കണ്ടെത്തി. ദീപികയുടെ കായിക മേള റിപ്പോര്‍ട്ടിംഗ് കോഓര്‍ഡിനേറ്റ് ചെയ്തിരുന്നത് ബ്യൂറോ ചീഫ് ഫ്രാങ്കോ ലൂയീസ് ആയിരുന്നു . സ്‌പെഷ്യല്‍ റിപ്പോര്‍ട്ടിങ്ങിനായി കോട്ടയത്തു നിന്നും ഇ. രുദ്രന്‍ വാര്യര്‍ , ഇ.പി. ഷാജുദ്ദീന്‍ , ഷാജി ജേക്കബ് , രാജേഷ് ജ്ഞാനമറ്റം തുടങ്ങിയ പ്രമുഖ നിര തന്നെയുണ്ടായിരുന്നതിനാല്‍ എനിക്കു കാര്യമായ റോളൊന്നുമുണ്ടായിരുന്നില്ല . 

 മുഴുവന്‍ സമയവും ബ്യൂറോ മേല്‍ നോട്ടം. സമയം കിട്ടുമ്പോഴൊക്കെ എന്തെങ്കിലും സ്‌പെഷ്യല്‍ സ്റ്റോറി ചെയ്യാനും പോകും . അന്നു പതിവു പോലെ ബ്യൂറോയില്‍ വാര്‍ത്തകളുടെ ഷെഡ്യൂള്‍ തയാറാക്കിക്കൊണ്ടിരിക്കുകയായിരുന്നു . ഏതാണ്ടു പത്തുമണി സമയമായിട്ടുണ്ടാകും , ആ ഉഗ്ര സ്‌ഫോടനം നടക്കുമ്പോള്‍ . റെയ്ല്‍വേ സ്റ്റേഷന്‍ ഓഫീസിനു തൊട്ടടുത്താണ് . ശബ്ദം കേട്ട ദിശ ലാക്കാക്കി ഞാന്‍ ബൈക്കില്‍ ചീറിപ്പാഞ്ഞു . ഫോട്ടോഗ്രാഫര്‍ സാബുവിനെ വിവരമറിയിച്ചപ്പോള്‍ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു എന്നു മറുപടി കിട്ടി . പത്തുമിനിറ്റിനകം റെയ്ല്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ പോലീസ് –ഫയര്‍ഫോഴ്‌സ് സേനയെക്കൊണ്ട് അടുക്കാനാവാത്ത വിധം പരിസരം നിറഞ്ഞിരുന്നു . സ്റ്റേഷനു വെളിയില്‍  ബൈക്കു പാര്‍ക്കു ചെയ്ത ശേഷം പ്ലാറ്റ് ഫോമിലേക്കു കയറാനൊരുങ്ങുമ്പോള്‍ രക്തത്തില്‍ കുളിച്ച നിരവധി പേരെ ചുമന്നുകൊണ്ട് രക്ഷാപ്രവര്‍ത്തകരോടുന്ന കാഴ്ചയാണ് കണ്ടത്.

എന്താണു സംഭവിച്ചതെന്ന് ഒരൂഹവുമില്ല . ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ ഒരു യാത്രാ ട്രെയ്ന്‍ നിര്‍ത്തിയിട്ടിട്ടുണ്ട് . തിരുവനന്തപുരം ഭാഗത്തേക്കു പോകാനുള്ളതാണ് . എന്‍ജിന്റെ അടുത്തേക്കു നീങ്ങുന്തോറും നിലവിളികളും രോദനങ്ങളും കൂട്ടക്കരച്ചിലും . എങ്ങും രക്തം തളം കെട്ടിക്കിടക്കുന്നു . എനിക്കു മുമ്പില്‍ ഓടിക്കൊണ്ടിരുന്നയാള്‍ പെട്ടെന്നു നിന്നു. എന്തോ കണ്ട് പേടിച്ച പോലെ അയാള്‍ അലമുറയിട്ടു –
ദേ ..ഒരു കണ്ണ് .....ഓടി വായോ ...ദേ ഒരു കണ്ണ് ....

ഓടിയയാളുടെ അടുത്തെത്തിയ ഞാനും തരിച്ചു പോയി . ഒരു മനുഷ്യന്റെ കണ്ണ് അപ്പാടെ തെറിച്ചു പ്ലാറ്റ്‌ഫോമില്‍ വീണു കിടക്കുന്നു ..... ? ? ? സ്‌ഫോടനം വന്ന ബോഗിയില്‍ നിന്ന് ഏതാണ്ട് ആയിരം മീറ്റര്‍ ദൂരെയാണ് കണ്ണ് കാണപ്പെട്ടത് . ചുറ്റിലും തകര്‍ന്ന ട്രെയ്ന്‍ ബോഗിയുടെ ഇരുമ്പ് അവശിഷ്ടങ്ങളും രക്തവും മാംസക്കഷണങ്ങളും ചിതറിക്കിടപ്പുണ്ട് . ജീവിതത്തില്‍ ആദ്യമായാണ് ഒരു മനുഷ്യന്റെ കണ്ണ് വേര്‍പെട്ടു കാണുന്നത് . ഒരു മനുഷ്യന്റെ കണ്ണിന് ഇത്രയും വലിപ്പമോ ... ? ? ? അന്തിച്ചു പോയി ...

ആ കണ്ണിന്റെ ചിത്രമെടുക്കാന്‍ ഫോട്ടോഗ്രാഫര്‍മാരാരുമില്ല . കിട്ടിയാല്‍ രാഷ്ട്ര ദീപിക ഒന്നാം പേജ് പടമായിരിക്കുമെന്നുറപ്പ് . അങ്ങനെയിരിക്കുമ്പോള്‍ മാധ്യമം ഫോട്ടോഗ്രാഫര്‍ ജോണ്‍സണ്‍ വി. ചിറയത്ത് സ്ഥലത്തെത്തി . (ആദ്യമായെത്തിയ ഫോട്ടോഗ്രാഫര്‍ ജോണ്‍സണും റിപ്പോര്‍ട്ടര്‍ ഞാനുമായിരുന്നു .) ദീപികയില്‍ വച്ചു തന്നെ ജോണ്‍സണുമായി ആത്മബന്ധമുണ്ടായിരുന്നു , ഇപ്പോഴുമുണ്ട്. പ്രഫഷണല്‍ കോംപറ്റീഷനാണ് . ഞാനാകെ കണ്‍ഫ്യൂഷനായി. ജോണ്‍സണെ അറിയിച്ചാല്‍ ഷെയര്‍ ചെയ്യണം . സാബുവിനായി കാത്തിരുന്നാല്‍ കണ്ണ് എടുത്തു മാറ്റിയെന്നു വരും . ഒടുവില്‍ രണ്ടും കല്‍പിച്ച് ജോണ്‍സണോട് രഹസ്യം വെളിപ്പെടുത്തി ,,,ഒരു നിബന്ധനയോടെ . രാഷ്ട്രദീപികയ്ക്കു പടം തരണം. പിറ്റേന്നത്തെ ഡെയ്
ലിക്ക് ആര്‍ക്കു വേണമെങ്കിലും കൊടുത്തു കൊള്ളൂ.., 

ഫോട്ടോഗ്രാഫര്‍മാരിലേറ്റവും മാന്യനും ശുദ്ധനും ആത്മാര്‍ഥതയുള്ളവനുമായ വ്യക്തിയാണ് ജോണ്‍സണ്‍. ജോണ്‍സണ്‍ പതിവു പോലെ വാക്കു പാലിച്ചു , പടം തന്നു . രാഷ്ട്രദീപികയില്‍ എക്‌സ്‌ക്ലൂസീവ് സ്റ്റോറിയും പടവും .പിറ്റേന്നത്തെ ദിന പത്രങ്ങളില്‍ ഫോളോഅപ് വാര്‍ത്തകളും പടങ്ങളും . 

ബാബറി മസ്ജിദ് തകര്‍ന്ന അഞ്ചാം വാര്‍ഷിക ദിനത്തില്‍ ചില തീവ്രവാദി സംഘടനകള്‍ നടത്തിയ സ്‌ഫോടനപരമ്പരകളുടെ ഭാഗമായിരുന്നു തൃശൂരിലേതും . തൃശൂരിനു പുറമേ കോയമ്പത്തൂര്‍ , ഈറോഡ് , ചെന്നൈ തുടങ്ങി മൂന്നിടങ്ങളിലാണ് ഏതാണ്ട് ഒരേ സമയം സ്‌ഫോടന പരമ്പര അരങ്ങേറിയത് . കോയമ്പത്തൂരില്‍ നടന്ന സ്‌ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത് പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനി. മൂന്നു സ്‌ഫോടനങ്ങളിലായി 10 പേര്‍ കൊല്ലപ്പെടുകയും 64 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു . 

തമിഴ്‌നാട്ടില്‍ മധുരയ്ക്കു പോകുകയായിരുന്ന പാണ്ഡ്യന്‍ എക്‌സ്പ്രസിലും കോയമ്പത്തൂരിലേക്കു പോകുകയായിരുന്ന ചേരന്‍ എക്‌സ്പ്രസിലും നടന്ന സ്‌ഫോടനത്തില്‍ 6 പേര്‍ കൊല്ലപ്പെടുകയും 15 പേര്‍ക്ക് മാരകമായി പരിക്കേല്‍ക്കുകയും ചെയ്തു . തൃശൂരില്‍ ചെന്നൈ ആലപ്പുഴ എക്‌സ് പ്രസ് ട്രെയിനിന്റെ ലോക്കല്‍ കമ്പാര്‍ട്ടുമെന്റിലാണ് അത്യുഗ്രമായ സ്‌ഫോടനം നടന്നത് . നാലുപേര്‍ കൊല്ലപ്പെട്ട സ്‌ഫോടനത്തില്‍ ഏതാണ്ട് 46പേര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത് . ട്രെയിന്‍ തൃശൂര്‍ റെയ്ല്‍വേ സ്റ്റേഷനില്‍ എത്തിയ ശേഷം ചില യാത്രക്കാരിറങ്ങുകയും ചിലര്‍ കയറുകയും ചെയ്തു .
ചെയ്തു . ട്രെയ്ന്‍ പുറപ്പെടാന്‍ തുടങ്ങിയ നേരത്താണ് തിങ്ങി നിറഞ്ഞ കമ്പാര്‍ട്ടുമെന്റ് തകര്‍ത്ത് തരിപ്പണമാക്കിക്കൊണ്ട് സ്‌ഫോടനം വന്നത് . സ്‌ഫോടനം ഏതാനും മിനിറ്റുകള്‍ക്കു മുമ്പായിരുന്നെങ്കില്‍ ആളപായം ഇനിയും വര്‍ധിക്കുമായിരുന്നു . 

പ്ലാറ്റ് ഫോമില്‍ കണ്ണു കണ്ടെത്തിയതിനെ തുടര്‍ന്നു പരിഭ്രാന്തനായ ഞാന്‍ അല്പസമയം അവിടെ കുടുങ്ങിപ്പോയി . ഈ സമയം കണ്ണിന്റെ ഉടമയെ ഗുരുതരമായ പരിക്കുകളോടെ രക്ഷാപ്രവര്‍ത്തകര്‍ ആശുപത്രിയിലേക്കു മാറ്റിയിരുന്നു . ജോണ്‍സണ്‍ ചിത്രമെടുത്തതിനു ശേഷം ഞാന്‍ അന്നത്തെ എസ്.പിയായിരുന്ന ബി. സന്ധ്യയെ വിവരമറിയിച്ചു . തൃശൂര്‍ ഹാര്‍ട്ട് ഹോസ്പിറ്റലിലേക്കാണ് അയാളെയും വഹിച്ചു കൊണ്ടുള്ള ആംബുലന്‍സ് പോയതെന്നറിഞ്ഞു . ഉടന്‍ തന്നെ ഒരു തുണിയില്‍ പൊതിഞ്ഞു കൊണ്ട് കണ്ണ് ആശുപത്രിയിലേക്ക് കൊണ്ടു പോയി .പിന്നീടെന്തു സംഭവിച്ചുവെന്ന് അറിയാന്‍ കഴിഞ്ഞില്ല . 

ബാബറി മസ്ജിദ് തകര്‍ത്തതിന്റെ അഞ്ചാം വാര്‍ഷികം ചില മുസ്ലിം സംഘടനകള്‍ ആചരിച്ചു വരുകയായിരുന്നു . അന്നേ ദിവസം രാജ്യമൊട്ടാകെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു . രാജ്യമൊട്ടുക്കും , പ്രത്യേകിച്ച് ദക്ഷിണേന്ത്യയില്‍ അന്നേ ദിവസം സ്‌ഫോടന പരമ്പര നടക്കുമെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റ മുന്നറിയിപ്പിനെ തുടര്‍ന്നായിരുന്നു റെഡ് അലര്‍ട്ട് . അതു കൊണ്ട് സ്‌ഫോടനം നടന്ന് മിനിറ്റുകള്‍ക്കകം വന്‍ പോലീസ് സേനയാണ് സംഭവസ്ഥലത്ത് എത്തിയത് . സംഭവത്തിന്റെ ഉത്തരവാദിത്തം അന്നു തന്നെ ഒരു മുസ്ലിം തീവ്രവാദ സംഘടന ഏറ്റെടുത്തിരുന്നു . 

എന്റെ കണ്ണ് ..റെയ്ല്‍വേ സ്റ്റേഷനില്‍ നിന്ന് അപ്രത്യക്ഷമായ ശേഷമാണ് മറ്റു പത്രപ്രതിനിധികളെത്തിയത് . തൃശൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തിലുണ്ടായിരുന്ന എല്ലാ തല മുതിര്‍ന്ന സ്‌പോര്‍ട്‌സ് ലേഖകന്മാരും സ്‌ഫോടന വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്യാന്‍ റെയ്ല്‍വേ സ്റ്റേഷനിലെത്തിയിരുന്നു . തൃശൂരിലെ എല്ലാ പത്രങ്ങളിലെയും റിപ്പോര്‍ട്ടര്‍മാരും ഫോട്ടോഗ്രാഫര്‍മാരും കായിക മേള കവര്‍ ചെയ്യാന്‍ പുറത്തു നിന്നെത്തിയ റിപ്പോര്‍ട്ടര്‍മാരും ഫോട്ടോഗ്രാഫര്‍മാരും സ്‌ഫോടനസ്ഥലത്തത്തിയപ്പോള്‍ പോലീസ് സേന അമ്പരന്നു പോയി . നൂറിലേറെ റിപ്പോര്‍ട്ടര്‍മാരും അത്ര തന്നെ ഫോട്ടോഗ്രാഫര്‍മാരും . 

എത്ര വലിയ സംഭവം നടന്നാലും ഇത്രയും വലിയ മാധ്യമപ്പടയെ ഇവര്‍ കണ്ടിട്ടില്ല . സ്‌ഫോടനത്തെ കുറിച്ച് മാധ്യമങ്ങള്‍ മുന്‍കൂട്ടി അറിഞ്ഞതാവണം ഇത്രയേറെ മാധ്യമങ്ങള്‍ തത്സമയ റിപ്പോര്‍ട്ടിങ്ങിനെത്തിയതെന്നും പോലീസ് രഹസ്യാന്വേഷണ വിഭാഗം ആദ്യം കരുതി . അതേ സമയം മുനിസിപ്പല്‍ സ്റ്റേഡിയത്തിലെ പ്രസ് ഗ്യാലറി ശൂന്യമായതറിഞ്ഞ് കായികമേളയുടെ നടത്തിപ്പുകാരും ആശങ്കപ്പെട്ടു . 

പെട്ടെന്നു മീഡിയാ റൂം ശൂന്യമാകാനെന്താ കാരണം .... മേള ബഹിഷ്‌കരിച്ചതു വല്ലതുമാണോ ...സാധാരണ സ്വര്‍ണമെഡലുകള്‍ ലഭിച്ചവരുടെ പിന്നാലെ പോയി ഓടിച്ചിട്ടു പിടിച്ചു പടമെടുത്തിരുന്ന സാഹചര്യത്തില്‍ മെഡലു കിട്ടിയ കായിക താരങ്ങള്‍ കാര്യമറിയാതെ പത്രക്കാരെ തേടി മീഡിയ റൂമിലൂടെ തലങ്ങും വിലങ്ങും നടക്കുകയായിരുന്നു . ഏതായാലും ഒരിക്കല്‍ പോലും ജനറല്‍ റിപ്പോര്‍ട്ടിംഗ് ചെയ്തിട്ടില്ലാത്ത ബ്രാന്‍ഡഡ് ആയ സ്‌പോര്‍ട്‌സ് ലേഖകന്മാര്‍ക്ക് ആദ്യമായി ഒരു വലിയ സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ അവസരം കിട്ടി ..അതും രാജ്യം മുഴുവന്‍ ഞെട്ടിയ സ്‌ഫോടന പരമ്പര . 

തൃശൂരിലെ ഈ ബോംബു സ്‌ഫോടനത്തെ തുടര്‍ന്ന് ജില്ലയിലുട നീളം അതീവ ജാഗ്രതയോടെയാണ് പോലീസ് പ്രവര്‍ത്തിച്ചത് . തീവ്രവാദത്തിന് വേരോട്ടമുണ്ടെന്നു സംശയിക്കപ്പെട്ട എല്ലാ കേന്ദ്രങ്ങളിലും കര്‍ശനമായ റെയ്ഡുകള്‍ നടത്തി . പ്രത്യേകിച്ച് ചാവക്കാട് മേഖലയില്‍ നടത്തിയ റെയ്ഡുകള്‍ വന്‍ സ്‌ഫോടക ശേഖരങ്ങളും ബോംബു നിര്‍മാണത്തിനുപയോഗിക്കുന്ന വസ്തുക്കളും വന്‍ തോതില്‍ കണ്ടെടുത്തു . നിരവധി പേര്‍ കരുതല്‍ തടങ്കലിലുമായി .ബോംബു നിര്‍മാണത്തോടൊപ്പം വന്‍ഹവാല പണത്തിന്റെ സ്രോതസും കണ്ടെത്തി . 

ബോംബു സ്‌ഫോടനവും വെടിക്കെട്ടു സ്‌ഫോടനവും ഒരു കാലത്ത് നിത്യ സംഭവമായിരുന്നു തൃശൂരില്‍ . വേനല്‍ക്കാലമായാല്‍ ഏതെങ്കിലും കുഗ്രാമത്തില്‍ നിന്ന് ഫോണ്‍ സന്ദേശംവരും . വിശാലമായ പാടത്തിനു നടുവില്‍ ഉഗ്രസ്‌ഫോടനവും അഗ്‌നികുണ്ഠവും . വെടിക്കെട്ടു ദുരന്തത്തിനിരയായവരെ കണ്ടാല്‍ സഹതാപം തോന്നും .....ഒരു നിമിഷത്തെ അഗ്‌നിയും സ്‌ഫോടനവുംകൊണ്ട് ഒരു മനുഷ്യ ശരീരം ചുട്ട കോഴിയെപ്പോലെയായി മാറും ...ശരീരം മുഴുവന്‍ കത്തിക്കരിഞ്ഞ് മുഖം വികൃതമായി കിടക്കുന്ന മൃതശരീരങ്ങള്‍ക്ക് ആ വ്യക്തികളുടെ യഥാര്‍ഥ ചിത്രങ്ങളുമായി പുലബന്ധം പോലുമുണ്ടാകില്ല . ദുരന്തത്തിനിരയായവരുടെ യഥാര്‍ഥ ചിത്രങ്ങള്‍ കാണുമ്പോഴേ അതിന്റെ തീവ്രത മനസിലാകൂ. 

അടുത്തിടെ കൊല്ലം പുറ്റിങ്ങലില്‍ നടന്ന വെടിക്കെട്ടു ദുരന്തമാണ് കേരളത്തില്‍ നടന്ന ഏറ്റവും വലിയ വെടിക്കെട്ടു ദുരന്തം . ഏതാണ്ടു 140 ഓളം പേരുടെ ജീവനപഹരിച്ച ഈ ദുരന്തത്തിന്റെ ജീവിക്കുന്ന രക്തസാക്ഷികള്‍ അനേകം പേരാണ് നരകയാതന അനുഭവിച്ചു കഴിയുന്നത് . വെടിക്കെട്ടു ദുരന്തങ്ങള്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ നടക്കുന്നത് തൃശൂരില്‍ തന്നെ. ഉത്സവങ്ങളുടെയും പൂരങ്ങളുടെയും പള്ളിപ്പരുന്നാളുകളുടെയും അമിതാവേശം തന്നെ പ്രധാനകാരണം . 

അപകടങ്ങളുടെ കണക്കെടുത്താല്‍ ശബരിമല വെടിക്കെട്ടു ദുരന്തമാണ് രണ്ടാമത്തെ വലിയ ദുരന്തം . 1952 ല്‍ നടന്ന വെടിക്കെട്ട് ദുരന്തത്തില്‍ 68 പേരുടെയാണ് ജീവന്‍ പൊലിഞ്ഞത് . 1979ല്‍ തലശേരി ജഗന്നാഥ ക്ഷേത്രത്തില്‍ ഡൈനാമിറ്റ് പൊട്ടി 42 പേരാണ് കൊല്ലപ്പെട്ടത് . 1982 ല്‍ കുളന്നാഥ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ടു ദുരന്തത്തില്‍ 32 പേരും കൊല്ലപ്പെട്ടു . 1987ല്‍ തൃശൂരില്‍ വേലൂര്‍ വെല്ലാറ്റാഞ്ചൂരിലുള്ള കുട്ടന്‍ മുള്ളി ക്ഷേത്രത്തില്‍ 20 പേര്‍ വെടിക്കെട്ടു ദുരന്തത്തില്‍ കൊല്ലപ്പെട്ടപ്പോള്‍ 1984 ലെ കണ്ടശാം കടവ് പള്ളിയിലെ വെടിക്കട്ട് ദുരന്തത്തില്‍ 15 പേര്‍ മൃതിയടഞ്ഞു . 2011 ല്‍ ഷൊര്‍ണൂരിനടുത്ത് കരിമരുന്നു ഫാക്റ്ററിയില്‍ പൊട്ടിത്തെറിയില്‍ കൊല്ലപ്പെട്ടത് 13 പേരാണ് . അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം 1989ല്‍ കണ്ടശാംകടവ് പളളിയില്‍ ഉണ്ടായ രണ്ടാമത്തെ വെടിക്കെട്ടു ദുരന്തത്തില്‍ 12 പേര്‍കൂടി കൊല്ലപ്പെട്ടു .

 1990ല്‍ കൊല്ലത്തെ ദുര്യോധന ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ടു ദുരന്തത്തില്‍ 33 പേരുടെ ജീവനാണ് ഹോമിക്കപ്പെട്ടത് . 1988ല്‍ തൃപ്പൂണിത്തുറ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തത്തില്‍ 10 സ്ത്രീകളാണ് കൊല്ലപ്പെട്ടത് . 1999ല്‍ പാലക്കാട് ചാമുണ്ട ക്ഷേത്രത്തില്‍ വെടിക്കെട്ട് അപകടത്തില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടപ്പോള്‍ 1997 ല്‍ തൃശൂര്‍ ജില്ലയിലെ ചിയ്യാരത്തെ പടക്ക നിര്‍മാണ ശാലയിലുണ്ടായ വെടിക്കെട്ട് ദുരന്തത്തില്‍ ഒരു കുടുംബത്തിലെ ആറു പേരുടെ ജീവനാണ് അപഹരിക്കപ്പെട്ടത് . 2006 ല്‍ തൃശൂര്‍ പൂരത്തിനായി വെടിക്കെട്ടു സാമഗ്രികള്‍ സൂക്ഷിച്ചിരുന്ന സംഭരണ ശാലക്ക് തീ പിടിച്ചുണ്ടായ ദുരന്തത്തിലും ആറു പേരുടെ ജീവന്‍ അപഹരിക്കപ്പട്ടു. 2013 ല്‍ പാലക്കാട് പന്നിയാംകുറുശി കുളങ്കുന്നത്തുള്ള വെടിക്കെട്ടു നിര്‍മാണ ഫാക്റ്ററിയില്‍ നടന്ന ദുരന്തത്തിലും ആറു പേരുടെ ജീവനപഹരിക്കപ്പട്ടു . 

1978 ലെ തൃശൂര്‍ പൂരം വെടിക്കെട്ടു ദുരന്തം പുറ്റിങ്ങല്‍ ദുരന്തത്തെ അനുസ്മരിപ്പിക്കും . സ്വരാജ് റൌണ്ടിനു ചുറ്റും പൂഴി വാരിയിട്ടാല്‍ നിലം തൊടാത്തത്ര പുരുഷാരം തിങ്ങി നിറഞ്ഞ വെളുപ്പാന്‍ കാലത്താണ് വെടിക്കെട്ട്. പുലര്‍ച്ചെ മൂന്നിന് ഇരു വിഭാഗക്കാരും അമിട്ടുകള്‍ പൊട്ടിച്ച് തുടക്കം ഗംഭീരമാക്കി . കൂടുതല്‍ അമിട്ടുകള്‍ കൊണ്ട് മാനത്തെ വര്‍ണ ശോഭമാക്കാനുള്ള ഒരുക്കത്തിലായിരുന്നു ഇരു വിഭാഗവും . കൂറ്റന്‍ അമിട്ടുകള്‍ കുഴിമാന്തി നിരനിരയായി സെറ്റു ചെയ്തിരുന്നു . ഒരുക്കങ്ങള്‍ പൂര്‍ത്തിയായി പാറമേക്കാവു വിഭാഗം ആദ്യത്ത അമിട്ടിനു തിരി കൊളുത്തി –അബദ്ധ വശാല്‍ കുഴിയില്‍ വച്ചിരുന്ന അമിട്ട് ചരിഞ്ഞു പോയി . തീപിടിച്ച അമിട്ട് ഒന്നിനു പിറകെ ഒന്നായി നിരനിരയായി വച്ചിരുന്ന അമിട്ടുകളെ ഇടിച്ചു കൊണ്ട് ആകാശത്തേക്ക് ഉയരുന്നതിനു പകരം ജനക്കൂട്ടത്തിനു നേരെ പാഞ്ഞു . ആദ്യത്തെ അമിട്ടില്‍ തട്ടി ചീട്ടു കൊട്ടാരം പോലെ ചരിഞ്ഞു വീണ മറ്റ് അമിട്ടുകളിലും തീ പടര്‍ന്നു പിടിച്ചു . നിരനിരയായി മിസൈല്‍ പോലെ അതെല്ലാം ജനക്കൂട്ടത്തിനിടയിലേക്ക് ......ചിലരുടെ തല തെറിച്ചു . മറ്റു ചിലരുടെ നെഞ്ചകം പിളര്‍ന്നു ...തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ ചവിട്ടി മെതിക്കപ്പെട്ടു ചതഞ്ഞരഞ്ഞു കൊല്ലപ്പെട്ടു . എട്ടു പേര്‍ മരിച്ചതില്‍ അധികവും സ്ത്രീകളും കുട്ടികളുമായിരുന്നു .

വെടിക്കെട്ട് എല്ലായ്‌പോഴും വെളുപ്പാന്‍ കാലത്തു നടക്കുമ്പോള്‍ പല പത്രങ്ങളിലും ഈ വാര്‍ത്ത കൊടുക്കാന്‍ കഴിയില്ല . തൃശൂരില്‍ അന്ന് ദീപികയ്ക്കും എക്‌സ്പ്രസ് പത്രത്തിനും മാത്രമാണ് പ്രിന്റിംഗ് ഉള്ളത് . ഈ പത്രങ്ങളില്‍ സിറ്റി എഡിഷനില്‍ മാത്രം ചിത്രങ്ങളും വാര്‍ത്തയും വരും . ആ വര്‍ഷം എഡിഷനില്ലാത്ത മാതൃഭൂമി ഒരു അതിബുദ്ധി കാണിച്ചു . രാത്രിയില്‍ നടന്ന സാമ്പിള്‍ വെടിക്കെട്ടിന്റെ ചിത്രം വച്ച് ലേഖകന്റെ ഭാവനാ വിലാസത്തില്‍ അതി മനോഹരമായ ഒരു വാര്‍ത്തയും നല്‍കി . 

മാനത്ത് വര്‍ണ വിസ്മയങ്ങള്‍ പൂത്തുലഞ്ഞു ...പാറമേക്കാവും തിരുവാമ്പാടി വിഭാഗവും മത്സരിച്ച് വിവിധ തരത്തിലുള്ള വിസ്മയങ്ങള്‍ മാനത്തു വിരിയിച്ചപ്പോള്‍ മണിക്കൂറുകളോളം കാത്തിരുന്ന കാഴ്ചക്കാര്‍ ആവേശ ഭരിതരായി . ഒരു മണിക്കൂര്‍ നീണ്ടു നിന്ന കലാപ്രകടനം തൃശൂര്‍ പൂരം കാണാനത്തിയ പതിനായിരങ്ങള്‍ക്ക് ആനന്ദ നിര്‍വൃതിയേകി....
ഇത്തരമൊരു ദുരന്തം സ്വപ്‌നേപി ചിന്തിക്കാതിരുന്ന ലേഖകന് ഇതില്‍ പരം ഇരുട്ടടി വേറെ കിട്ടാനുണ്ടോ .... ? ദുരന്തം നടന്ന പുറകേ ഈ പത്രങ്ങള്‍ വരിക്കാരുടെ വീടുകളിലെത്തുകയും ചെയ്തു ...

വെടിക്കെട്ടു ദുരന്തമായാലും അഗ്‌നിബാധ മൂലമുള്ള ദുരന്തമായാലും പൊള്ളലേറ്റവരുടെ ദുരിതം ഒരു വല്ലാത്ത അനുഭവം തന്നെയാണ് . ഇന്ത്യയില്‍ 60 ശതമാനം പൊള്ളലേറ്റവര്‍ അപൂര്‍വമായേ രക്ഷപെടാറുള്ളൂ. എന്നാല്‍ പൊളളലേറ്റത് വി ഐപികളാണെങ്കില്‍ മികച്ച ചികിത്സാ സൌകര്യങ്ങളുള്ള ആശുപത്രികളില്‍ 70 ശതമാനം വരെ പൊള്ളലേറ്റവരെ ചികിത്സിച്ചു ഭേദമാക്കിയിട്ടുണ്ട് . സാധാരണ പൊള്ളലേല്‍ക്കുന്നതും
പാമ്പു കടിയേല്‍ക്കുന്നതും പാവപ്പെട്ടവരെയാണ് . അതു കൊണ്ടു തന്നെ ഇവ രണ്ടിനും സംസ്ഥാനത്തെ പ്രമുഖ ആശുപത്രികളില്‍ വിദഗ്ധ ചികിത്സ ലഭ്യമല്ല . മെഡിക്കല്‍ കോളെജുകളിലും ചാരിറ്റി നല്‍കാറുള്ള ആശുപത്രികളിലും മാത്രമാണ് ഇതിനുള്ള സൌകര്യമുള്ളത് .
ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് മരണം വര ബോധമുണ്ടാകാറുണ്ട് . പാലക്കാട് കഞ്ചിക്കോടുള്ള ഇന്ത്യന്‍ മിലിറ്ററിക്കു വേണ്ടി കാട്ട്‌റിഡ്ജിന്റെ റൌണ്ട് നിര്‍മിക്കുന്ന ഒരു ഫാക്റ്ററിയില്‍ പൊട്ടിത്തെറി ഉണ്ടായി . നിരവധിയാളുകളാണ് കൊല്ലപ്പെട്ടത് . അപകടത്തില്‍ പെട്ടവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം നേരെ തൃശൂര്‍ മെഡിക്കല്‍ കോളെജിലേക്കയക്കുകയായിരുന്നു .

അപകടത്തെക്കുറിച്ച് പാലക്കാട് ബ്യൂറോയില്‍ നിന്ന് വിവരങ്ങള്‍ ലഭിച്ച ഉടന്‍ മെഡിക്കല്‍ കോളേജിലേക്ക് കുതിച്ചു പായുകയായിരുന്നു . അവിടെ എത്തുമ്പോള്‍ അടുക്കാന്‍ പറ്റാത്ത വിധം ജനക്കൂട്ടം . ജനക്കൂട്ടത്തിന്റെഇടയില്‍ പത്തു പതിനഞ്ച് ആംബുലന്‍സുകള്‍ ...ആംബുലന്‍സുകളില്‍ നിന്ന് ശരീരം മുഴുവന്‍ എന്നു പറഞ്ഞാല്‍ കാല്‍ വിരല്‍ തൊട്ട് തലമണ്ട വരെ വെന്തു കരിഞ്ഞ ജീവനുള്ള മനുഷ്യ ശരീരങ്ങളുമായി സ്ട്രക്ചറില്‍ കൊണ്ടു വരുന്ന കാഴ്ച ഹൃദയഭേദകമായിരുന്നു ...

പൊള്ളലേറ്റവരെ കാഷ്വാലിറ്റിയില്‍ കയറ്റാതെ വേറെ വാര്‍ഡുകളിലേക്കു മാറ്റി രണ്ടു മണിക്കൂര്‍ മുമ്പ് അറിയിപ്പു ലഭിച്ചതിനാല്‍ അധികൃതര്‍ ഒരു വാര്‍ഡു തന്നെ ഇവര്‍ക്കായി സജ്ജമാക്കിയിരുന്നു. അവിടെ കഴിഞ്ഞിരുന്ന രോഗികളെ മറ്റു വാര്‍ഡുകളിലും മറ്റുമായി പാര്‍പ്പിച്ചു . ഡോക്ടര്‍മാരുടെയും ഹൌസ് സര്‍ജന്മാരുടെയും വന്‍ പടതന്നെ ഇവര്‍ക്കു ചികിത്സ നല്‍കാനുണ്ടായിരുന്നു . പാലക്കാട്ടു നിന്നു തൃശൂര്‍ മെഡിക്കല്‍ കോളേജിലെത്തുമ്പോള്‍ രണ്ടു പേര്‍ മാത്രമേ മരിച്ചിരുന്നുള്ളു .
ഇന്ത്യന്‍ പട്ടാളത്തിനുള്ള പാറ്റണ്‍ ടാങ്കറുകള്‍ക്ക് ഉണ്ട, അതായത് റൌണ്ട് നിര്‍മിക്കുന്ന ഫാക്റ്ററിയിലാണ് പൊട്ടിത്തെറിയുണ്ടായത് . അതീവ സുരക്ഷാ സന്നാഹമുള്ള ഫാക്ടറിയില്‍ എങ്ങനെ പൊട്ടിത്തെറിയുണ്ടായെന്ന് മരണാസന്നരായി കിടന്നിരുന്നവര്‍ക്കു പോലും യാതൊരൂഹവുമില്ല . ഒന്നോ രണ്ടോ റൌണ്ടുകളല്ല , നൂറുകണക്കിനു റൌണ്ടുകള്‍ പൊട്ടിക്കാനുള്ള വെടിമരുന്നു ശേഖരമായിരുന്നു അവിടെ പൊട്ടിത്തെറിച്ചതെന്ന് അപകടത്തിനിരയായ ഒരു യുവാവ് എന്നോടു പറഞ്ഞു . ആ യുവാവിനെ ഞാന്‍ കാണുമ്പോള്‍ ശരീരം മുഴുവന്‍ വെളുത്ത നിറം .അങ്ങിങ്ങായി രക്തപ്പാടുകള്‍ ...കാല്‍ വിരല്‍ തൊട്ട് തല വരെ ഒരേ നിറം ...മുടി മുഴുവന്‍ കത്തിക്കരിഞ്ഞു ,,,കണ്‍പീലികള്‍ , മീശ ..ഇവയെല്ലാം കത്തിക്കരിഞ്ഞ് തിരിച്ചറിയാന്‍ മേലാത്ത വിധം 14 പേരോളം ഈ വാര്‍ഡില്‍ കഴിഞ്ഞിരുന്നു .എല്ലാവരെയും കണ്ടാല്‍ ഒരേ പോലെ . അത്യുഗ്രമായ സ്‌ഫോടനത്തിന്റെ ബാക്കി പത്രം കഠിനമായ ഉഷ്ണമായിരുന്നു . ഇതുമൂലം ശരീരം മുഴുവനായുമുള്ള പുറം തൊലി കത്തിക്കരിഞ്ഞു പോയതിനാലാണ് ശരീരത്തില്‍ നിറം മാറ്റമുണ്ടായത് . ശരീരം മുഴുവന്‍ നീരു വന്നതിനാല്‍ എല്ലാവരെയും കണ്ടാല്‍ ഒരേ പോലെ ...എല്ലാവര്‍ക്കും നേപ്പാളികളുടെ മുഖം പോലെ

പൊള്ളലേറ്റു കിടന്ന 14 പേരോടു ഞാന്‍ നേരിട്ടു സംസാരിച്ചു . അവരില്‍ നിന്നു തന്നെ അവരുട മേല്‍വിലാസവും ദൃക്‌സാക്ഷി വിവരണവും ലഭിച്ചു . അവരുടെ വീട്ടുകാര്‍ കൂടെയുണ്ടായിരുന്നതിനാല്‍ പേഴ്‌സുകളില്‍ സൂക്ഷിച്ചിരുന്ന തിരിച്ചറിയല്‍ കാര്‍ഡുകളില്‍ അവരുടെ യഥാര്‍ഥ മുഖം കണ്ടപ്പോള്‍ ഞെട്ടിത്തരിച്ചു പോയി . ....ദൈവമേ...ഇത്രയും സുന്ദരമായ ഈ ശരീരങ്ങള്‍ ഒരു നിമിഷം കൊണ്ട് എത്ര വികൃതമായിപ്പോയി... ?

ഒരാളോടു സംസാരിച്ച് അടുത്തയാളുടെ അടുത്തേക്കു നീങ്ങവേ ഒരു കൂട്ട നിലവിളി...ഞാന്‍ അല്പം മുമ്പ് സംസാരിച്ചയാള്‍ മരണത്തിനു കീഴടങ്ങിയിരുന്നു . ഡോക്ടര്‍മാരുടെ ഭാഷയില്‍ 70 ശതമാനം പൊള്ളലേറ്റയാള്‍ എപ്പോള്‍ മരിക്കുമെന്ന് അയാളൊഴികെ ബാക്കിയെല്ലാവര്‍ക്കുമറിയാമായിരുന്നു . അങ്ങനെ എല്ലാവരുടെയുമടുത്ത് സംസാരിച്ചു തീരും മുമ്പേ നാലു പേര്‍ കൂടി മൃതിയടഞ്ഞു . കൂട്ടക്കരച്ചിലും ദീനരോദനങ്ങളും കൊണ്ട് ശോകമൂകമായി ആശുപത്രി വാര്‍ഡ്. ഇതിനിടെ പൊള്ളലേറ്റു കിടന്ന ഒരാളുടെ ഭാര്യ എന്നെ വിളിച്ചു . അയാള്‍ക്ക് എന്തോ പറയാനുണ്ടെന്നു പറഞ്ഞു . അല്പം മുമ്പ് അയാളോടു സംസാരിച്ചതേയുള്ളു . ഞാനോടി അയാളുടെ അടുത്തെത്തി കാര്യം തിരക്കി –
അയാള്‍ ചോദിച്ചു – എത്രയാള്‍ മരിച്ചു സര്‍ ... ?
ഞാന്‍ പറഞ്ഞു – നാലു പേര്‍ . 

എന്റെയും ഗതി ഇതായിരിക്കുമല്ലേ ..അതു പറയുമ്പോള്‍ അയാളുടെ കണ്‍പീലികള്‍ കരിഞ്ഞു പോയ കണ്‍പോളകള്‍ക്കിടയിലൂടെ കണ്ണീര്‍ത്തുള്ളികള്‍ ഇറ്റിറ്റു വീഴുന്നുണ്ടായിരുന്നു . പൊള്ളി തൊലി ഉതിര്‍ന്നു പോയ ആ തോളത്ത് ഒന്നു കൈവയ്ക്കണമന്നു തോന്നി . പക്ഷേ , എങ്ങനെ ചെയ്യാന്‍ ... ഞാനറിയാത വിങ്ങിപ്പൊട്ടിപ്പോയി . എല്ലാം ശരിയാകും . പ്രാര്‍ഥിക്കാം . ദൈവം കൂടെയുണ്ട് .....ഞാന്‍ പറഞ്ഞു . അല്‍പ നേരം അയാള്‍ക്കു സമീപം നിന്നു .

പെട്ടെന്നു വാര്‍ഡിന്റെ മറ്റൊരു തലക്കല്‍ നിന്ന് അടുത്ത നിലവിളി ...അഞ്ചാമത്തെ ആളും പോയി . ദീനരോദനം കേട്ട ഭാഗത്തേക്കു ഞാനോടിച്ചെന്നു . അല്‍പം മുമ്പ് അയാളോടും ഞാന്‍ സംസാരിച്ചിരുന്നു . ഒരു മരണക്കോട്ടയ്ക്കുള്ളിലകപ്പെട്ട ആത്മാവിനെപ്പോലെ ഞാന്‍ തലങ്ങും വിലങ്ങും അലഞ്ഞു നടന്നു .... 

അപ്പോഴതാ ഞാന്‍ നേരത്തെ സംസാരിച്ചയാളുടെ അടുത്തു നിന്നും കൂട്ടക്കരച്ചില്‍ ...ഞാന്‍ ഞെട്ടി വിറച്ചു ...തൊട്ടു മുമ്പ് അയാള്‍ പറഞ്ഞ വാചകം ഉള്ളില്‍ തികട്ടി വന്നു ......എന്റെ ഗതിയും ഇതായിരിക്കുമല്ലേ ..

ദൈവമേ ..ഇതെന്തൊരു ഗതി ... ? ഞാനാകെ ആശങ്കയിലായി . എന്നോടു സംസാരിച്ചയാളിതാ നിമിഷങ്ങള്‍ക്കകം സ്വര്‍ഗം പ്രാപിച്ചിരിക്കുന്നു . ആറാമനായി അദ്ദേഹം മരിച്ചപ്പോള്‍ എല്ലാമവസാനിച്ചെന്നു കരുതി . എന്നാല്‍ നിമിഷങ്ങള്‍ക്കകം എല്ലാം മാറി മറിഞ്ഞു.
വാര്‍ഡിനുള്ളില്‍ തലങ്ങും വിലങ്ങും കൂട്ടക്കരച്ചില്‍ .

 അരമണിക്കൂറിനുള്ളില്‍ നാലു പേര്‍ കൂടി മരണപ്പട്ടികയില്‍ ഇടം പിടിച്ചു . മൊത്തം പത്തു പേര്‍ . ഞാനങ്ങനെ പത്തു പേരുടെ മരണം നേരിട്ടു കാണാനിടയായി . ഏതാനും ദിവസങ്ങള്‍ക്കിടയില്‍ ബാക്കിയുള്ളവരും കൂട്ടുകാര്‍ക്കൊപ്പം പോയി . അങ്ങനെ മരണ സംഖ്യ 14 ആയി . 

ദുരന്തങ്ങളുടെയും ആഘോഷങ്ങളുടെയും പെരുമ കേട്ട നാടാണ് തൃശൂര്‍ . ദേശീയപാതകള്‍ രണ്ടെണ്ണം ഇതു വഴി കടന്നു പോകുന്നതിനാല്‍ നിരവധി അപകടങ്ങളാണ് തൃശൂരില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിഞ്ഞത് . അതേപ്പറ്റി അടുത്ത അധ്യായത്തില്‍ .
Contact fethadathil@gmail.com
Ph 9735183447
നടുക്കുന്ന ഓര്‍മയായി ....ജീവനോടെ അടര്‍ന്നു വീണ ആ കണ്ണ് ..... ( ഭാഗം 14: ഫ്രാന്‍സിസ് തടത്തില്‍)നടുക്കുന്ന ഓര്‍മയായി ....ജീവനോടെ അടര്‍ന്നു വീണ ആ കണ്ണ് ..... ( ഭാഗം 14: ഫ്രാന്‍സിസ് തടത്തില്‍)
Join WhatsApp News
Observer 2017-04-28 10:20:21
Thank you Francis for another great item. I feel sorry that you could not continue your active journalism for long. Yet you achieved much in such a short time. 
വിദ്യാധരൻ 2017-04-28 12:45:36
മതമെന്ന കറുപ്പടിച്ചു മർത്ത്യർ
കലികേറി തുള്ളുന്നു കാളിയെപ്പോൽ
തലവെട്ടി കുലചെയ്തു തുള്ളിടുമ്പോൾ
മൃതരായി തീരുന്നു നിഷ്‌കളങ്കർ
മതിമതി മതമെ നിൻ തേർവാഴ്ചയിങ്ങ്
വെറുതെ വീട്ടിടൂ മനുഷ്യരെ ജീവിക്കാനായ്
വിഷലിപ്ത ചിന്തകൾ കുത്തിവച്ച്
എത്രനാൾ ഒളിവിൽ കഴിഞ്ഞുകൂടാം?
മതി മതി വേദാന്തം ചൊന്നതൊക്കെ
മതിയാക്കൂ മതമെ  നിൻ കാപട്യങ്ങൾ     

critic 2017-04-30 05:52:09
So touching

ഒരാളോടു സംസാരിച്ച് അടുത്തയാളുടെ അടുത്തേക്കു നീങ്ങവേ ഒരു കൂട്ട നിലവിളി...ഞാന്‍ അല്പം മുമ്പ് സംസാരിച്ചയാള്‍ മരണത്തിനു കീഴടങ്ങിയിരുന്നു . ഡോക്ടര്‍മാരുടെ ഭാഷയില്‍ 70 ശതമാനം പൊള്ളലേറ്റയാള്‍ എപ്പോള്‍ മരിക്കുമെന്ന് അയാളൊഴികെ ബാക്കിയെല്ലാവര്‍ക്കുമറിയാമായിരുന്നു . അങ്ങനെ എല്ലാവരുടെയുമടുത്ത് സംസാരിച്ചു തീരും മുമ്പേ നാലു പേര്‍ കൂടി മൃതിയടഞ്ഞു . കൂട്ടക്കരച്ചിലും ദീനരോദനങ്ങളും കൊണ്ട് ശോകമൂകമായി ആശുപത്രി വാര്‍ഡ്. ഇതിനിടെ പൊള്ളലേറ്റു കിടന്ന ഒരാളുടെ ഭാര്യ എന്നെ വിളിച്ചു . അയാള്‍ക്ക് എന്തോ പറയാനുണ്ടെന്നു പറഞ്ഞു . അല്പം മുമ്പ് അയാളോടു സംസാരിച്ചതേയുള്ളു . ഞാനോടി അയാളുടെ അടുത്തെത്തി കാര്യം തിരക്കി –
അയാള്‍ ചോദിച്ചു – എത്രയാള്‍ മരിച്ചു സര്‍ ... ?
ഞാന്‍ പറഞ്ഞു – നാലു പേര്‍ .

എന്റെയും ഗതി ഇതായിരിക്കുമല്ലേ ..അതു പറയുമ്പോള്‍ അയാളുടെ കണ്‍പീലികള്‍ കരിഞ്ഞു പോയ കണ്‍പോളകള്‍ക്കിടയിലൂടെ കണ്ണീര്‍ത്തുള്ളികള്‍ ഇറ്റിറ്റു വീഴുന്നുണ്ടായിരുന്നു . പൊള്ളി തൊലി ഉതിര്‍ന്നു പോയ ആ തോളത്ത് ഒന്നു കൈവയ്ക്കണമന്നു തോന്നി . പക്ഷേ , എങ്ങനെ ചെയ്യാന്‍ ... ഞാനറിയാത വിങ്ങിപ്പൊട്ടിപ്പോയി . എല്ലാം ശരിയാകും . പ്രാര്‍ഥിക്കാം . ദൈവം കൂടെയുണ്ട് .....ഞാന്‍ പറഞ്ഞു . അല്‍പ നേരം അയാള്‍ക്കു സമീപം നിന്നു .

പെട്ടെന്നു വാര്‍ഡിന്റെ മറ്റൊരു തലക്കല്‍ നിന്ന് അടുത്ത നിലവിളി ...അഞ്ചാമത്തെ ആളും പോയി . ദീനരോദനം കേട്ട ഭാഗത്തേക്കു ഞാനോടിച്ചെന്നു . അല്‍പം മുമ്പ് അയാളോടും ഞാന്‍ സംസാരിച്ചിരുന്നു . ഒരു മരണക്കോട്ടയ്ക്കുള്ളിലകപ്പെട്ട ആത്മാവിനെപ്പോലെ ഞാന്‍ തലങ്ങും വിലങ്ങും അലഞ്ഞു നടന്നു ....

അപ്പോഴതാ ഞാന്‍ നേരത്തെ സംസാരിച്ചയാളുടെ അടുത്തു നിന്നും കൂട്ടക്കരച്ചില്‍ ...ഞാന്‍ ഞെട്ടി വിറച്ചു ...തൊട്ടു മുമ്പ് അയാള്‍ പറഞ്ഞ വാചകം ഉള്ളില്‍ തികട്ടി വന്നു ......എന്റെ ഗതിയും ഇതായിരിക്കുമല്ലേ ..

ദൈവമേ ..ഇതെന്തൊരു ഗതി ... ? ഞാനാകെ ആശങ്കയിലായി . എന്നോടു സംസാരിച്ചയാളിതാ നിമിഷങ്ങള്‍ക്കകം സ്വര്‍ഗം പ്രാപിച്ചിരിക്കുന്നു . ആറാമനായി അദ്ദേഹം മരിച്ചപ്പോള്‍ എല്ലാമവസാനിച്ചെന്നു കരുതി . എന്നാല്‍ നിമിഷങ്ങള്‍ക്കകം എല്ലാം മാറി മറിഞ്ഞു.
വാര്‍ഡിനുള്ളില്‍ തലങ്ങും വിലങ്ങും കൂട്ടക്കരച്ചില്‍ .

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക