Image

അവന്‍ അനാഥനല്ല (കഥ: ഡോ.ഈ.എം. പൂമൊട്ടില്‍)

ഡോ.ഈ.എം. പൂമൊട്ടില്‍ Published on 29 April, 2017
അവന്‍ അനാഥനല്ല (കഥ: ഡോ.ഈ.എം. പൂമൊട്ടില്‍)
കുന്നത്തുപുരം എന്ന കൊച്ചു ഗ്രാമത്തില്‍ എല്ലാവരും ബഹുമാനിക്കുന്ന ഒരു വ്യക്തിയുണ്ട്- പള്ളി വികാരി ആബേലച്ചന്‍. തോമസ് എന്ന ചെറുപ്പക്കാരന്‍ അച്ചന്റ വിശ്വസ്ത ദൃത്യന്‍ മാത്രമല്ല, അദ്ദേഹത്തിന്റെ ഉത്തമ സുഹൃത്തും കൂടിയാണ്. പള്ളിയോടു ചേര്‍ന്നുള്ള പാഴ്‌സനേജില്‍ ഇവര്‍ താമസിക്കുന്നു. പള്ളി അങ്കണത്തോടു ചേര്‍ന്നുള്ള സ്‌ക്കൂളും അനാഥാലയവും അച്ചന്റെ മേല്‍നോട്ടത്തില്‍ നടക്കുന്നു.

ഒരു തിങ്കളാഴ്ച ദിവസത്തെ പ്രഭാതം. 'അച്ചാ, മുറ്റത്തൊരു പെണ്‍കുട്ടി വന്നു നിലയ്ക്കുന്നു, അച്ചനോടെന്തോ ചോദിക്കാനാണെന്നു പറയുന്നു. കൂട്ടത്തില്‍ മറ്റൊരു പെണ്‍കുട്ടിയുമുണ്ട്. യൂണിഫോം കണ്ടിട്ട് നമ്മുടെ സ്‌ക്കൂളിലെ കുട്ടികളാണെന്നു തോന്നുന്നു.' തോമസിന്റെ സംസാരം കേട്ട് പത്രം വായിച്ചുകൊണ്ടിരുന്ന അച്ചന്‍ വായന നിര്‍ത്തി മുറ്റത്തേക്ക് ഇറങ്ങി വന്നു. അച്ചനെ വന്ദനം ചെയ്തു മുമ്പോട്ടു നീങ്ങി നിന്ന കുട്ടിയോട് അദ്ദേഹം ചോദിച്ചു: കുട്ടീ, നിന്റെ പേരെന്തവാ, നിക്കെന്നോടെന്തോ പറയാനുണ്ടെന്നു കേട്ടല്ലോ, അതു പറയാമല്ലോ. അച്ചാ, എന്റെ പേര് മീരാ എന്നാ. ഞാനീ സ്‌ക്കൂളില്‍ നാലാം ക്ലാസ്സില്‍ പഠിക്കുവാ. തൊട്ടടുത്തുള്ള സ്‌ക്കൂള്‍ കെട്ടിടത്തിലേക്കു വിരല്‍ ചൂണ്ടിക്കൊണ്ടവള്‍ പറഞ്ഞു. എനിക്കിവിടത്തെ അനാഥായത്തിലെ കുഞ്ഞുങ്ങളെ ഇടയ്ക്കിടെ വന്നു കാണാനും കളിപ്പിക്കാനും താല്‍പര്യമുണ്ട, അതിനച്ചന്റെ അനുവാദം ചോദിക്കാനാ ഞാന്‍ വന്നത്. ങ്ഹാ, ഇതായിരുന്നോ ഇത്ര വല്യ കാര്യം. മീര മോള്‍ക്ക് എപ്പം വേണമെങ്കിലും ഇവിടെ വരികയും കുഞ്ഞുങ്ങളെ കാണുകയും ഒക്കെ ചെയ്യാമല്ലോ. പിന്നെ, അധികം ഒച്ചവെച്ച് ചില സമയത്ത് ഉറങ്ങിക്കിടക്കുന്ന കുഞ്ഞുങ്ങളെ ഉണര്‍ത്താതിരിക്കാന്‍ ശ്രദ്ധിക്കണം, കേട്ടല്ലോ! ചിരിച്ചുകൊണ്ട് ഇച്ചന്‍ പറഞ്ഞു. തന്റെ അപേക്ഷ അംഗീകരിച്ച അച്ചനു നന്ദി പറഞ്ഞുകൊണ്ട് മീര കൂട്ടികാരിയോടൊപ്പം നേരേ അനാഥായത്തിന്റെ പടിക്കലേക്ക് ഉത്സാഹത്തോടെ നടന്നു.

മീര പോയിക്കഴിഞ്ഞപ്പോള്‍ തോമസ് അച്ചനോടൊരു കാര്യം പറഞ്ഞു. അച്ചാ, ഇപ്പോള്‍ ഇവിടെ വന്നിട്ടുപോയ ആ പെണ്‍കുട്ടിയില്ലേ; അവള്‍ മിടുക്കിയാ; എന്നാല്‍ എനിക്കൊരു ചെറിയ സംശയം ഉണ്ട്. ഇന്നലെ സന്ധ്യയ്ക്കു നമുക്കീ പാഴ്‌സനേജിന്റെ പടിക്കല്‍ നിന്നും ആരോ ഉപേക്ഷിച്ചുപോയ ഒരു കുഞ്ഞിനെ കിട്ടിയില്ലേ; അച്ചന്‍ മോസസ്സ് എന്നു പേരു നല്‍കിയ ആ കുഞ്ഞ്; അതിന്റെ കരച്ചില്‍ കേട്ടു നമ്മള്‍ അവിടെ ചെന്നപ്പോള്‍ ഞാന്‍ പറഞ്ഞില്ലേ, ചെടികളുടെ ഇടയില്‍ നിന്നും ഒരു പെണ്‍കുട്ടി പെട്ടെന്ന് ഓടി അകലുന്നതായി കണ്ടെന്ന്; ആ പെണ്‍കുട്ടിയാണ് ഇവളെന്ന് എനിക്കൊരു തോന്നല്‍ ഉണ്ട്. തോമസിന്റെ സംശയം ഒരുപക്ഷേ ശരിയായിരിക്കാമെന്ന് അച്ചന്‍ ചിന്തിച്ചുവെങ്കിലും തല്‍ക്കാലം ഈ കാര്യം മനസ്സില്‍ സൂക്ഷിച്ചാല്‍ മതിയെന്ന് അദ്ദേഹം നിഷ്‌കര്‍ഷിച്ചു.

എല്ലാ ദിവസവും മുടങ്ങാതെ മീര അനാഥാലയത്തില്‍ വന്ന് കൊച്ചു കുഞ്ഞുങ്ങളോടൊപ്പം സമയം ചിലവിടുവാന്‍ തുടങ്ങി. മോസസ്സ് കുഞ്ഞിന്റെ അടുത്ത് അവള്‍ കൂടുതല്‍ സമയം ഇരിക്കുന്നതായും അതിനെ പ്രത്യേകം കരുതുന്നതായും അച്ചനും തോമസും ശ്രദ്ധിച്ചു. തോമസ് പറഞ്ഞ സംശയം ശരിയായിരിക്കാമെന്ന് ഏറെക്കുറെ അച്ചനിപ്പോള്‍ ബോധ്യമായി.

ഏതാനും ദിവസങ്ങള്‍ കഴിഞ്ഞു. മറ്റൊരപേക്ഷയുമായി മീര വീണ്ടും അച്ചന്റെ മുന്നിലെത്തി. അച്ചാ, ഒരു സഹായം ചോദിച്ചാല്‍ അച്ചന്‍ ചെയ്തു തരുമോ? കൂലിപ്പണിക്കാരനായിരുന്ന എന്റെ അച്ഛന്‍ അഞ്ചാറു മാസത്തിനു മുമ്പ് മരിച്ചുപോയി. വരുമാനം ഒന്നും ഇല്ലാത്തതിനാല്‍ ഞങ്ങള്‍ കഷ്ടത്തിലാ. എന്റെ അമ്മയ്ക്ക് ഇവിടുത്തെ കുഞ്ഞുങ്ങളെ നോക്കുന്ന പണി കൊടുക്കാമോ? അമ്മയ്ക്കു കുഞ്ഞുങ്ങളെ നോക്കാന്‍ നല്ലവണ്ണം അറിയാം. മോസസ്സ് കുഞ്ഞിനെ അമ്മ നന്നായി നോക്കിക്കൊള്ളും. അച്ചന്റെ മനസ്സലിഞ്ഞു. പിറ്റെ ദിവസം മുതല്‍ മീരയുടെ അമ്മ ശാരദ അനാഥാലയത്തിലെ ജോലിക്കാരിയായി.

മോസസ്സ് എന്ന കുഞ്ഞ് അനാഥാലയത്തില്‍ എത്തിയതെങ്ങെനെ എന്ന സത്യാവസ്ഥ ഇതിനകം അച്ചനും തോമസും മനസ്സിലാക്കികഴിഞ്ഞിരുന്നു: പട്ടിണി സഹിക്കവയ്യാതായപ്പോള്‍ ശാരദ തന്റെ മൂന്നുമാസമായ കുഞ്ഞിനെ ഉപേക്ഷിക്കുവാന്‍ തീരുമാനിച്ചതും, മീരയുടെ സഹായത്തോടെ കുഞ്ഞിനെ ഒരു കുട്ടയിലാക്കി അച്ചന്റെ പാഴ്‌സനേജിന്റെ അടുത്തുള്ള മുള്‍ച്ചെടിയുടെ കീഴില്‍ വെച്ചതും, കുഞ്ഞിനെ അച്ചന്‍ എടുക്കുന്നതുവരെ മീര മറ്റൊരു ചെടിയുടെ ഇടയില്‍ അവനു കാവലിരുന്നതും, ഇതൊന്നും അറിഞ്ഞതായി ഭാവിക്കാതെ ആ പാവങ്ങളെ തുടര്‍ന്നും സഹായിക്കുവാന്‍ അവര്‍ തീരുമാനിച്ചു. ആ കുഞ്ഞിന് അച്ചന്‍ മോസസ്സ് എന്നു പേരിട്ടത് യാദൃശ്ചികമായിരുന്നുവെങ്കിലും അവനുമായി ബന്ധപ്പെട്ട സംഭവങ്ങളും വേദപുസ്തകത്തിലെ മോശയുടെ കഥയും തമ്മിലുള്ള സാമ്യം അച്ഛനെ അതിശയിപ്പിച്ചു.

കാലം മുമ്പോട്ടു നീങ്ങി. മോസസ്സിനു രണ്ടു വയസ് കഴിഞ്ഞു. ഒരു ദിവസം ബിഷപ്പിന്റെ കത്തുമായി ഒരു ദമ്പതികള്‍ അനാഥായത്തിലേക്കു കടന്നു വന്നു. ഒരു കുഞ്ഞിനെ ദത്തെടുക്കുക എന്നതായിരുന്നു അവരുടെ ഉദ്ദേശ്യം. കുട്ടിയെ തിരഞ്ഞെടുത്തുകൊള്ളാന്‍ അച്ചന്‍ അനുവാദം നല്‍കി. കുഞ്ഞുങ്ങളെ എല്ലാവരെയും കണ്ടതിനുശേഷം അവര്‍ക്ക് ഇഷ്ടപ്പെട്ട കുഞ്ഞിന്റെ പേര് അറിയിച്ചു: മോസസ്. ഇതു പറയുമ്പോള്‍ ശാരദ അവിടെ അടുത്തുതന്നെ നില്‍പുണ്ടായിരുന്നു. അവള്‍ ആകെ പരിഭ്രാന്തയാകുന്നതും അവളുടെ കണ്ണുകള്‍ നിറയുന്നതും അച്ചന്‍ ശ്രദ്ധിച്ചു. ദമ്പതികലോട് അദ്ദേഹം നേര്‍ത്ത സ്വരത്തില്‍ പറഞ്ഞു: നിങ്ങള്‍ എന്നോടു ക്ഷമിക്കണം; ഞാനിതു നേരത്തേ പറയുവാന്‍ വിട്ടുപോയി. ഈ കുഞ്ഞിനെ ഒഴിച്ച് വേറെ ഏതെങ്കിലും ഒരു കുഞ്ഞിനെ നിങ്ങള്‍ സെലക്ടു ചെയ്‌തോളു; കാരണം ഇവന്‍ അനാഥനല്ല! ഇതു കേട്ട് അത്ഭുതപ്പെട്ടു നില്‍ക്കുന്ന ദമ്പതികളോടച്ചന്‍ പറഞ്ഞു: ഇവനെ അമ്മയെപ്പോലെ നോക്കുന്ന ഒരാളാണ് ഈ നില്‍ക്കുന്നത്; കൂടാതെ ഇവള്‍ക്ക് മീര എന്നൊരു മകളുണ്ട്. ദാ ഇപ്പോള്‍ സ്‌ക്കൂള്‍ വിട്ടാലുടന്‍ അവള്‍ ഇവിടെ പാഞ്ഞെത്തും. ഈ കുഞ്ഞെന്നുവെച്ചാല്‍ അവള്‍ക്കു സ്വന്തം കൂടെപ്പിറപ്പിനെക്കാള്‍ ജീവനാ.

ഇത്രയും കേട്ടപ്പോള്‍ ശാരദയ്ക്കു നിയന്ത്രിക്കാനായില്ല. അവള്‍ വിങ്ങിപ്പൊട്ടിക്കൊണ്ട് അച്ചന്റെ കാല്‍ക്കല്‍ വീണു. അച്ചന്‍ ഞങ്ങള്‍ക്കു മാപ്പു തരണം. ദൈവതുല്യനായ അങ്ങയോടിത്ര വലിയ ഒരു വാസ്തവം മറച്ചുവെച്ചതിനു മാപ്പു തരണം. തുടര്‍ന്നവള്‍ എല്ലാം വിശദീകരിക്കാന്‍ തുടങ്ങും മുമ്പെ അച്ചന്‍ അവളെ ആശ്വസിപ്പിച്ചുകൊണ്ടു പറഞ്ഞു: മകളേ, നീ സമാധാനമായിരിക്ക്. നീ പറയാന്‍ പോകുന്ന ഈ കാര്യങ്ങളെല്ലാം ഞാന്‍ നേരത്തെ അറിഞ്ഞിരുന്നു. ഇതൊക്കെ ഓര്‍ത്ത് നീ വിഷമിക്കേണ്ട. നിന്റെ കുഞ്ഞിനെ ഞാനാര്‍ക്കും കൊടുക്കുകയില്ല. അവന്‍ ഇവിടെത്തന്നെ വളരട്ടെ. ഇതെല്ലാം ദൈവഹിതത്താല്‍ നടന്നുവെന്നു വിശ്വസിക്കുക. അച്ചന്റെ സ്‌നേഹനിര്‍ഭമായ വാക്കുകള്‍ ശാരദയെ ആശ്വസിപ്പിച്ചു. സന്തോഷത്താല്‍ അവളുടെ കണ്ണുകള്‍ വീണ്ടും നിറഞ്ഞു.

അവന്‍ അനാഥനല്ല (കഥ: ഡോ.ഈ.എം. പൂമൊട്ടില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക