Image

ഫാ.ടോം ഉഴുന്നാലിന്റെ മോചനത്തിനായി സത്വരനടപടികള്‍ സ്വീകരിക്കണം: ഡബ്ലുഎംസി

Published on 30 April, 2017
ഫാ.ടോം ഉഴുന്നാലിന്റെ മോചനത്തിനായി സത്വരനടപടികള്‍ സ്വീകരിക്കണം: ഡബ്ലുഎംസി
    ബെര്‍ലിന്‍: യെമനില്‍ നിന്നും ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ സലേഷ്യന്‍ സഭാംഗമായ ഫാ.ടോം ഉഴുന്നാലിനെ എത്രയും വേഗം മോചിപ്പിക്കാന്‍ വേണ്ട നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് ഡബ്ല്യുഎംസി ജര്‍മന്‍ പ്രൊവിന്‍സ് ഇന്ത്യന്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു. 

മോചന നടപടികള്‍ ഊര്‍ജിതമാക്കണമെന്നാവശ്യപ്പെട്ടുള്ള മെമ്മോറാണ്ടം പ്രധാനമന്ത്രി നരേന്ദ്രമോദി, വിദേശകാര്യന്ത്രി സുഷമ സ്വരാജ്, ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിംഗ് എന്നിവര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ കേരളസര്‍ക്കാരിനോടും ഡബ്ല്യുഎംസി അഭ്യര്‍ഥിച്ചു.

ഫാ.ടോമിന്റെ ആരോഗ്യനിലയില്‍ സമ്മേളനം ആശങ്ക രേഖപ്പെടുത്തി. പോയ വര്‍ഷം ഐഎസിന്റെ പേരില്‍ ഫാ. ടോമിനെപ്പറ്റിയുള്ള യൂട്യൂബ് വീഡിയോ സന്ദേശത്തില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില വളരെ പരിതാപകരമായിരുന്നുവെന്ന് യോഗം വിലയിരുത്തി. നാളിതുവരെയും ഫാ.ടോമിന്റെ മോചനത്തിനായി കേന്ദസര്‍ക്കാര്‍ എന്തു ചെയ്തുവെന്ന് വെളിപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

ജര്‍മനിയിലെ റ്യോസ്‌റാത്ത് സെന്റ് നിക്കോളാസ് ദേവാലയ ഹാളില്‍ കൂടിയ പ്രൊവിന്‍സ് യോഗത്തില്‍ ചെയര്‍മാന്‍ ജോസ് കുന്പിളുവേലില്‍ അധ്യക്ഷത വഹിച്ചു. പ്രൊവിന്‍സ് പ്രസിഡന്റ് ജോളി എം പടയാട്ടില്‍ മുഖ്യപ്രഭാഷണം നടത്തി. ഡബ്ല്യുഎംസി യൂറോപ്പ് റീജണ്‍ പ്രസിഡന്റ് ഗ്രിഗറി മേടയില്‍ പ്രമേയം അവതരിപ്പിച്ചു. സെന്റ് നിക്കോളാസ് പള്ളി വികാരി ഫാ.ജോസ് വടക്കേക്കര സിഎംഐ ഫാ. ടോമിന്റെ യെമനിലെ പ്രവര്‍ത്തനങ്ങളെ അനുസ്മരിച്ച് സംസാരിച്ചു. ഡബ്ല്യുഎംസി ഗ്ലോബല്‍ പ്രസിഡന്റ് മാത്യു ജേക്കബ്, ഗ്ലോബല്‍ ട്രഷറര്‍ തോമസ് അറന്പന്‍കുടി, യൂറോപ്പ് റീജണ്‍ ചെയര്‍മാന്‍ ജോളി തടത്തില്‍, പ്രൊവിന്‍സ് ട്രഷറര്‍ ജോസുകുട്ടി കളത്തിപ്പറന്പില്‍, ജോസ് പുതുശേരി (പ്രസിഡന്റ്, കൊളോണ്‍ കേരള സമാജം), തോമസ് ചക്യാത്ത്(ചീഫ് എഡിറ്റര്‍, രശ്മി ദ്വൈമാസിക), പ്രസിഡന്റ് ജോളി എം പടയാട്ടില്‍, ജനറല്‍ സെക്രട്ടറി മേഴ്‌സി തടത്തില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക