Image

പത്രധര്‍മ്മം (കവിത: കവലയൂര്‍ സ്വാതി)

കവലയൂര്‍ സ്വാതി Published on 30 April, 2017
പത്രധര്‍മ്മം (കവിത: കവലയൂര്‍ സ്വാതി)
ചിന്തിച്ചു കൂട്ടുന്നതൊക്കെ സമൂഹത്തില്‍
ഊകോടെ വീഴുന്ന വാക്കാകണം
സ്പന്ദിച്ചു നില്‍ക്കും ഹൃദന്തങ്ങള്‍ക്കുള്ളിലും
മണ്ണിലും പുത്തന്‍ ചിതപ്പുണര്‍ത്താന്‍
ചിന്തിച്ചു കൂട്ടുന്നതൊക്കെ സമൂഹത്തില്‍
ഊക്കോടെ വീഴുന്ന വാക്കാകണം.

തൂലിക തുമ്പില്‍ ഉതിരുന്നതൊക്കെയും
ഉശിരോടെ നാടിന്റെ നാവാകണം.
ഊര്‍ജ്ജരേണുക്കള്‍ കൊഴിഞ്ഞ സമൂഹത്തില്‍
ഇരുളില്‍ ജ്വലിക്കും വിളക്കാകുവാന്‍
ചിന്തിച്ചു കൂട്ടുന്നതൊക്കെ സമൂഹത്തില്‍
ഊകോടെ വീഴുന്ന വാക്കാകണം.

കാണാമറയത്തുയര്‍ന്ന വിലാപത്തില്‍
ഒരു സത്യദര്‍ശിയായ് സാക്ഷ്യമോതാന്‍
പത്ര ധര്‍മ്മത്തില്‍ പവിത്രത കാക്കുന്ന
കാമ്പുള്ള വൃത്തില്‍ കരുത്തേകുവാന്‍
ചിന്തിച്ചുകൂട്ടുന്നതൊക്കെ സമൂഹത്തില്‍
ഊക്കോടെ വീഴുന്ന വാക്കാകണം.

നേരിന്നു വേണ്ടി ഉടഞ്ഞുണരട്ടെ നിന്‍
വേറിട്ട ശബ്ദവും വ്യക്തിത്വവും
വറുതിയില്‍ പെയ്‌തൊരു പുതുമ പോലുള്ളില്‍
നിനവിന്റെ തീര്‍ച്ചാല്‍ ഉണര്‍ത്തുവാനായ്
ചിന്തിച്ചുകൂട്ടുന്നതൊക്കെ സമൂഹത്തില്‍
ഊക്കോടെ വീഴുന്ന വാക്കണം.

എണ്ണിച്ചുവടുകള്‍ മുന്നോട്ടു വയ്ക്കുമ്പോള്‍
പിന്നില്‍ പതിയുന്നു കാലടിപ്പാടുകള്‍
എത്ര ചുവടുകള്‍ മുന്നോട്ടു വച്ചാലും
പിന്നില്‍ പതിഞ്ഞ ചുവടുകള്‍ ഓര്‍ക്കുവാന്‍
ചിന്തിച്ചുകൂട്ടുന്നതൊക്കെ സമൂഹത്തില്‍
ഊക്കോടെ വീഴുന്ന വാക്കാകണം.

വെട്ടം ചിതറി തെറിച്ചാലുടന്‍ തന്നെ
മുട്ടിയുരുമ്മിയുണരും നിഴലുകള്‍
ചാരത്തുരുമ്മി നടക്കും നിഴലിന്റെ
ഓരം നടക്കും മരണത്തെ ഓര്‍ക്കുവാന്‍
ചിന്തിച്ചു കൂട്ടുന്നതൊക്കെ സമൂഹത്തില്‍
ഊക്കോടെ വീഴുന്ന വാക്കാകണം.

മൗനം ഒരാത്മീയ ഗാന്ധാരമാകുവാന്‍
അതിനുള്ളില്‍ അറിവിന്റെ വത്മികമുയരുവാന്‍
തെളിമയോടൊഴുകുന്ന പുഴപോലെ നിന്നുള്ളില്‍
ചിന്തതന്‍ കല്ലോലം സാമോദമുതിരുവാന്‍
ചിന്തിച്ചുകൂട്ടുന്നതൊക്കെ സമൂഹത്തില്‍
ഊക്കോടെ വീഴുന്ന വാക്കാകണം.

നോക്കിലും വാക്കിലും ഓരോ ചുവടിലും
തീര്‍ക്കുക നീ നിന്റെ വ്യക്തിമുദ്ര...
നാടിന്റെ നന്മയ്ക്കുയരും തിരമാലകള്‍
മാറ്റം വിതയ്ക്കട്ടെ ഈ ഭൂമിയില്‍
മഷിയുണങ്ങാത്ത നിന്‍ തൂലികതുമ്പില്‍
നിന്നുതിരട്ടെ നവയുഗ പത്രധര്‍മ്മം.

പത്രധര്‍മ്മം (കവിത: കവലയൂര്‍ സ്വാതി)
Join WhatsApp News
വിദ്യാധരൻ . 2017-05-01 13:11:17

ചിന്തയിൽ താത്‌പര്യം ഇല്ലാത്ത കൂട്ടർക്ക്
ഊക്കുള്ള വാക്കിനാൽ എന്തുകര്യം?
ധർമ്മവും നീതിയും പോയൊരുദേശത്ത്
പത്രധർമ്മത്തിനെന്തു കാര്യം?
പത്രത്തിൻ പത്രങ്ങൾ പോകാതെ നില്ക്കുവാൻ
അധർമ്മമല്ലേയുള്ളു മാർഗ്ഗമിന്ന്?
ഇന്നുള്ള പത്രവും വാർത്തകളൊക്കെയും
വ്യാജനാണെന്നത്രെ  ട്രമ്പിൻ വാദം
കാലങ്ങൾ വല്ലാതെ മാറി കവി നീ ഈ-
കാലത്തൊന്നുമല്ലെ  ജീവിപ്പത്?
കാര്യങ്ങൾ ഇങ്ങനെയാണെന്നാലും നീ നിൻ
ധർമ്മത്തെ കാറ്റിൽ പറത്തിടേണ്ട
കാലങ്ങൾ ഒക്കെയും മറിമറിഞ്ഞെത്തും
ധർമ്മമന്ത്യത്തിൽ സഫലമാകും

(പത്രത്തിന് ചിറക് എന്ന അർത്ഥവുമുണ്ട്)

Dr. Antony Fernandez. 2017-05-11 04:15:44
Thanks for your valuable words. I have seen all malpractice in the Press field. It is like cancer. So it should be cut of for the well being of our society. But in the same time there are dedicated journalists also, so this poem is like treatment for journalism.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക