Image

യുകെയിലെ ഏറ്റവും മികച്ച സംഘടനയ്‌ക്കുള്ള അവാര്‍ഡ്‌ വോക്കിംഗ്‌ മലയാളി അസോസിയേഷന്‌

ടോമിച്ചന്‍ കൊഴുവനാല്‍ Published on 27 February, 2012
യുകെയിലെ ഏറ്റവും മികച്ച സംഘടനയ്‌ക്കുള്ള അവാര്‍ഡ്‌ വോക്കിംഗ്‌ മലയാളി അസോസിയേഷന്‌
ലണ്‌ടന്‍: യുകെയിലെ ഏറ്റവും മികച്ച അസോസിയേഷനായി വോക്കിംഗ്‌ മലയാളി അസോസിയേഷന്‍ തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ മുമ്പിലെത്തിയ അഞ്ച്‌ അസോസിയേഷനുകളില്‍ ഏറ്റവും കൂടുതല്‍ മലയാളികള്‍ വോട്ടു ചെയ്‌താണ്‌ വോക്കിംഗിന്‌അവാര്‍ഡ്‌ ലഭിച്ചത്‌. യുകെയിലെ മലയാളികള്‍ക്കിടയില്‍ നടത്തിയ വോട്ടിംഗിലൂടെയാണ്‌ വോക്കിംഗ്‌ ഒന്നാമതെത്തിയത്‌.

കേരള ക്ലബ്‌ നനീട്ടനെ തോല്‍പ്പിച്ചാണ്‌ വോക്കിംഗ്‌ മലയാളി അസോസിയേഷന്‍ ഒന്നാമതെത്തിയത്‌. കെന്റിലെ മെഡ്‌ വേ കേരള കമ്യൂണിറ്റി, ഡെവന്‍ മലയാളി അസോസിയേഷന്‍, ബോണ്‍മൗത്തിലെ ചേതനാ യുകെ എന്നീ സംഘടനകളായിരുന്നു അവസാന ലിസ്‌റ്റില്‍ എത്തിയ മറ്റു മൂന്നു മലയാളി അസോസിയേഷനുകള്‍. ഇവരില്‍ ആരാണ്‌ ഏറ്റവും മികച്ചതെന്ന്‌ തെരഞ്ഞെടുക്കാന്‍ യുകെയിലെ മലയാളികള്‍ വോട്ട്‌ ചെയ്‌തപ്പോഴാണ്‌ വോക്കിംഗ്‌ ഒന്നാമതെത്തിയത്‌.

യുക്‌മ പ്രസിഡന്റ്‌ വര്‍ഗീസ്‌ ജോണ്‍ സ്ഥാപകപ്രസിഡന്റായ വോക്കിംഗ്‌ മലയാളി അസോസിയേഷന്‍ ഇപ്പോള്‍ നയിക്കുന്നത്‌ പ്രസിഡന്റ്‌ സന്തോഷ്‌ കുമാറും സെക്രട്ടറി ആല്‍വിന്‍ ഏബ്രഹാമുമാണ്‌. ജോണ്‍ മൂലേക്കുന്നേല്‍ പ്രസിഡന്റായും സന്തോഷ്‌ കുമാര്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ച കാലത്തെ പ്രവര്‍ത്തനങ്ങള്‍ക്കാണ്‌ അവാര്‍ഡ്‌ ലഭിച്ചത്‌. ഇരുപതിലധികം പ്രത്യേക പരിപാടികളാണ്‌ വോക്കിംഗ്‌ മലയാളി അസോസിയേഷന്‍ കഴിഞ്ഞ വര്‍ഷം നടത്തിയത്‌.

അവാര്‍ഡ്‌ ആഘോഷിക്കാന്‍ വോക്കിംഗിലെ മലയാളികള്‍ ഞായറാഴ്‌ച വോ ക്കിംഗിലെ പ്രധാന ഹോട്ടലില്‍ ഒത്തു ചേരും. ഞായറാഴ്‌ച ഉച്ചയ്‌ക്കു 12 മുതല്‍ രണ്‌ടുവരെ വോക്കിംഗിലെ മേബെറി സെന്റ്‌റില്‍ ആഘോഷപൂര്‍വമായ വിരുന്നു നടത്തിയാണ്‌ വോക്കിംഗ്‌ മലയാളികള്‍ ബ്രിട്ടീഷ്‌ മലയാളി അവാര്‍ഡ്‌ ആഘോഷിക്കുന്നത്‌.

ടിക്കറ്റില്ലാതെ നടത്തുന്ന വിരുന്നില്‍ വോക്കിംഗ്‌ മലയാളി അസോസിയേഷന്‍ അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുക്കും. ആവശ്യമെങ്കില്‍ സുഹൃത്തുക്കളെയും കൊണ്‌ടുവരാമെന്ന്‌ സെക്രട്ടറിയും പ്രസിഡന്റും സംയുക്തമായി ഇറക്കിയ പത്രക്കുറിപ്പില്‍ അറിയിച്ചു.എന്നാല്‍ അതിഥികളെ കൊണ്‌ടു വരുന്നവര്‍ അത്‌ മുന്‍കൂട്ടി അറിയിക്കണമെന്നു പ്രസിഡന്റും സെക്രട്ടറിയും അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക