Image

ആദ്യ സംഗമം അവിസ്മരണീയമാക്കി അയര്‍ക്കുന്നം മറ്റക്കരക്കാര്‍

Published on 01 May, 2017
ആദ്യ സംഗമം അവിസ്മരണീയമാക്കി അയര്‍ക്കുന്നം മറ്റക്കരക്കാര്‍
    ബെര്‍മിംഗ്ഹാം: യുകെയിലെ അയര്‍ക്കുന്നം മറ്റക്കര സംഗമം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ജോസ് കെ. മാണി എംപി ഉദ്ഘാടനം ചെയ്തു. സംഗമത്തിന്റെ ജനറല്‍ കണ്‍വീനര്‍ സി.എ.ജോസഫ് അധ്യക്ഷത വഹിച്ചു. സംഗമം കണ്‍വീനറും യുക്മ ദേശീയ ജനറല്‍ സെക്രട്ടറിയുമായ റോജിമോന്‍ വര്‍ഗീസ്, അമയന്നൂര്‍ മെത്രാഞ്ചേരി സെന്റ്‌തോമസ് പള്ളി വികാരി ഫാ. സോണി വി. മാത്യു തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. 

ചടങ്ങില്‍ വിശിഷ്ടാതിഥിയായ എംപിയേയും ഭാര്യയേയും പൊന്നാട അണിയിച്ച് ആദരിച്ചു. സംഗമത്തിന്റെ ലോഗോ തയാറാക്കിയ റോജിമോന്‍ വര്‍ഗീസിനുവേണ്ടി മകനായ അശ്വിനും തീം സോംഗ് രചിച്ച കണ്‍വീനര്‍ സി.എ. ജോസഫിനും സംഗമത്തിന്റെ പ്രചാരണത്തിനുവേണ്ടി സോഷ്യല്‍ മീഡിയയില്‍ പ്രത്യേകമായി ഒരു ഫേസ് ബുക്ക് പേജ് തുടങ്ങിയ അജയ് ബോബി തുടങ്ങിയവര്‍ക്ക് പ്രത്യേക ഉപഹാരങ്ങള്‍ സമ്മാനിച്ചു. 

സംഗമം ഉദ്ഘാടനം ചെയ്യാന്‍ എത്തിച്ചേര്‍ന്ന ജോസ് കെ.മാണി എംപിയെയും ഭാര്യ നിഷയെയും മുത്തുക്കുട കൂടെയും വാദ്യമേളങ്ങളുടെയും അകന്പടിയോടെയാണ് ഭാരവാഹികള്‍ സംഗമ വേദിയിലേക്ക് ആനയിച്ചത്.

ഉദ്ഘാടന സമ്മേളനത്തിനുശേഷം വിവിധ കലാപരിപാടികളുമായി സംഗമത്തിന്റെ പ്രവര്‍ത്തകര്‍ വേദിയില്‍ അണിനിരന്നു. സി.എ. ജോസഫ് രചിച്ച തീം സോംഗിന് സ്മിത തോട്ടത്തിന്റെ കോറിയോഗ്രാഫിയില്‍ റാണി ജോസഫിന്റെ നേതൃത്വത്തില്‍ അവതരിപ്പിച്ച അവതരണ നൃത്തം കാണികളുടെ ശ്രദ്ധ പിടിച്ച് പറ്റി. തുടര്‍ന്ന് ഗായകരായ ഫ്‌ളോറന്‍സ് ഫെലിക്‌സ്, ബേബി ആലീസ്, മോളി ടോം തുടങ്ങിയവരുടെ ഗാനങ്ങളും കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. സംഗമത്തില്‍ പുതിയ വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുപ്പും നടന്നു. ജോമോന്‍ ജേക്കബ് നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: അലക്‌സ് വര്‍ഗീസ് 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക