Image

വേള്‍ഡ് മലയാളി കൗണ്‍സില്‍ എന്‍.ആര്‍.കെ സംഗമം ഓഗസ്റ്റ് മാസം കേരളത്തില്‍

ഡോ.ജോര്‍ജ് എം.കാക്കനാട്ട് Published on 01 May, 2017
വേള്‍ഡ് മലയാളി കൗണ്‍സില്‍ എന്‍.ആര്‍.കെ സംഗമം ഓഗസ്റ്റ് മാസം കേരളത്തില്‍
ദുബായ്: ലോക മലയാളികളെ സമസ്ത മേഖലകളിലും ഒരുമിപ്പിക്കുന്ന ഏക സംഘടനയായ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ നാലാമത് എന്‍.ആര്‍.കെ സംഗമം 2017 ജൂലൈ ഓഗസ്റ്റ് മാസം കേരളത്തില്‍ നടത്തുവാന്‍ ഏപ്രില്‍ 28ന് ഷാര്‍ജയില്‍ വച്ച് നടന്ന എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ തീരുമാനിച്ചു. പരിപാടിയുടെ സുഗമമായ നടത്തിപ്പിനു വേണ്ടി വേള്‍ഡ് മലയാളി കൗണ്‍സില്‍ ഇന്ത്യാ റീജിയന്‍ ചെയര്‍മാന്‍ ബേബി മാത്യു സോമതീരം, പ്രവാസി വെല്‍ഫെയര്‍ ചെയര്‍മാന്‍ ഷിബു വര്‍ഗീസ് (അബുദാബി), കൗണ്‍സില്‍ ഇന്ത്യാ റീജിയന്‍ പ്രസിഡന്റ് അനോജ് കുമാര്‍ എന്നിവരെ ചുമതലപ്പെടുത്തി. കൗണ്‍സിലിന്റെ വിവിധ റീജിയനുകളിലെ പ്രതിനിധികളെ ഉള്‍പ്പെടുത്തി സംഗമത്തിനുള്ള കമ്മിറ്റി വിപുലീകരിക്കുന്നതാണ്. ലോകമെമ്പാടുമുള്ള മലയാളികള്‍ അവധിക്കാലത്ത് നാട്ടിലെത്തുമ്പോള്‍ അവരെ ഒരുകുടക്കീഴില്‍ അണിനിരത്തി പരസ്പരം സ്‌നേഹം പങ്കുവയ്ക്കാനും സൗഹൃദം പുതുക്കുവാനും കുട്ടികളെ ഉല്‍സാഹ ഭരിതരാക്കുവാനും നാടിന്റെ ഉദാത്തമായ സംസ്‌കൃതിയിലേയ്ക്കും സംസ്‌കാരത്തിലേയ്ക്കും ചേര്‍ന്നുനില്‍ക്കാനും ലക്ഷ്യമിടുന്നതാണ് വേള്‍ഡ് മലയാളി കൗണ്‍സില്‍ എന്‍.ആര്‍.കെ സംഗമം.

കുട്ടിക്കാനം, കോവളം, കുമരകം എന്നിവിടങ്ങളിലാണ് ഇതിനുമുമ്പ് എന്‍.ആര്‍.കെ സംഗമം അരങ്ങേറിയിട്ടുള്ളത്. മേല്‍പ്പറഞ്ഞ ലക്ഷ്യങ്ങളും അതോടനുബന്ധിച്ചുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും പൂര്‍ണ വിജയത്തിലെത്തിയതിന്റെ ആവേശമുള്‍ക്കൊണ്ടാണ് ഇക്കുറിയും സംഗമം നടത്തപ്പെടുന്നത്. സംഘടനയുടെ ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. പി.എ ഇബ്രാഹീം അധ്യക്ഷത വഹിച്ച എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ മീറ്റിങ്ങില്‍ ആറ് റീജിയനുകളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു. അച്ചടക്കവും ഉത്തരവാദിത്വവും അര്‍പണബോധവും കൊണ്ട് വേള്‍ഡ് മലയാളി കൗണ്‍സിലിനെ മാതൃകാ സംഘടനയാക്കി മാറ്റാന്‍ നാം പ്രതിജ്ഞാബദ്ധരാണെന്ന് അദ്ദേഹം പറഞ്ഞു.

വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ജൈത്രയാത്രയിലെ അടുത്ത ഘട്ടത്തിലേയ്ക്ക് പ്രവേശിക്കുന്നതിനുള്ള കര്‍മ പരിപാടികള്‍ക്ക് രൂപം നല്‍കുകയും ചെയ്തു. വേള്‍ഡ് മലയാളി സെന്ററും കോര്‍പറേറ്റ് ഓഫീസും തിരുവനന്തപുരത്ത് പ്രവര്‍ത്തനമാരംഭിക്കുവാന്‍ തീരുമാനമായി. വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ എക്കാലത്തെയും സാമൂഹിക പ്രതിബദ്ധതയുടെ പ്രതീകമായ വില്ലേജ് ദത്തെടുക്കലും മറ്റ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും പൂര്‍വാധികം ശക്തിയോടെ തുടരുമെന്ന് ഗ്ലോബല്‍ പ്രസിഡന്റ് മാത്യു ജേക്കബ് (ജര്‍മനി), ഗ്ലോബല്‍ വൈസ് പ്രസിഡന്റ്, അഡ്മിനിസ്‌ട്രേഷന്‍ ഡോ. ജോര്‍ജ് കാക്കനാട്ട് (യു.എസ്.എ), ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി സാം മാത്യു (സൗദി അറേബ്യ), ഗ്ലോബല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. വിജയലക്ഷ്മി (തിരുവനന്തപുരം), അസോസിയേറ്റ് സെക്രട്ടറി ലിജു മാത്യു (ദുബായ്), ഗുഡ്‌വില്‍ അംബാസിഡര്‍ ജോണ്‍ മത്തായി (ഷാര്‍ജ) തുടങ്ങിയവര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തൃശൂര്‍ ജില്ലയിലെ വരന്തരപ്പിള്ളി പഞ്ചായത്തിലെ വിമലഗിരി ട്രൈബല്‍ കോളനി ദത്തെടുത്ത് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ബേബി മാത്യു സോമതീരവും ഡോ. വിജയലക്ഷ്മിയും ഇവിടുത്തെ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നു. കൂടാതെ പുനലൂര്‍ തെന്‍മല പഞ്ചായത്തിലെ ഉപ്പുകുഴി പ്രദേശത്ത് തുടങ്ങിയ തയ്യല്‍ പരിശീലന സ്‌കൂളിന് വേള്‍ഡ് മലയാളി കൗണ്‍സില്‍ നേതൃത്വം നല്‍കുന്നു. എറണാകുളം റവന്യൂ ജില്ലാ ആദിവാസി വിദ്യാഭാസ ഉല്‍സവമായ 'ആരണ്യകം-2017' സോമതീരം ആയൂര്‍വേദ ഗ്രൂപ്പ് വേള്‍ഡ് മലയാളി കൗണ്‍സിലുമായി സഹകരിച്ച് നടത്തി. കുട്ടമ്പുഴ പഞ്ചായത്തിലെ 14 ആദിവാസി ഊരുകളിലെ അഞ്ചിനും 14നും ഇടയില്‍ പ്രായമുള്ള മുഴുവന്‍ കുട്ടികളെയും വിദ്യാലയങ്ങളില്‍ പ്രവേശിപ്പിക്കുക, തുടര്‍ പഠനവും ഗുണമേന്‍മയുമുള്ള വിദ്യാഭ്യാസവും നല്‍കുക, ആരോഗ്യ, സുചിത്വ, ലഹരി വിരുദ്ധ കാംമ്പെയ്ന്‍ നടത്തുക തുടങ്ങിയവയായിരുന്നു ലക്ഷ്യം.

പുനലൂര്‍ കലയനാട് എന്ന സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന അനാഥാലയത്തിലെ കുട്ടികള്‍ക്ക് 'കൊച്ചനിയന്‍-അനിയത്തിക്ക്' എന്ന പദ്ധതിയിലൂടെ കുടയും ബാഗും വസ്ത്രങ്ങളുമടങ്ങുന്ന സ്‌കൂള്‍ കിറ്റ് നല്‍കുന്നതാണ്. മിഡില്‍ ഈസ്റ്റ് റീജിയനാണ് ഈ പദ്ധതി നടപ്പാക്കുന്നതെന്ന് ചെയര്‍മാന്‍ അബ്ദുള്‍ കലാം, പ്രസിഡന്റ് വര്‍ഗീസ് ജോര്‍ജ് എന്നിവര്‍ അറിയിച്ചു. തിരുവനന്തപുരത്തെ എല്‍.ബി.എസ് ടെക്‌നോളജി ഇന്‍സ്റ്റിറ്റിയൂട്ടിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നതും പഠനത്തില്‍ ഉന്നത നിലവാരം പുലര്‍ത്തുന്നതുമായ ഒരു കുട്ടിയുടെ രണ്ടു വര്‍ഷത്തേയ്ക്കുള്ള വിദ്യാഭ്യാസ ചെലവ് ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി സാം മാത്യു നല്‍കുകയുണ്ടായി.



വേള്‍ഡ് മലയാളി കൗണ്‍സില്‍ എന്‍.ആര്‍.കെ സംഗമം ഓഗസ്റ്റ് മാസം കേരളത്തില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക