Image

ദുരുപയോഗം ചെയ്യപ്പെടുന്ന 'ത്വലാഖ്' അഥവാ 'മുത്വലാഖ്' (ഭാഗം: 2) - മൊയ്തീന്‍ പുത്തന്‍ചിറ

മൊയ്തീന്‍ പുത്തന്‍ചിറ Published on 02 May, 2017
ദുരുപയോഗം ചെയ്യപ്പെടുന്ന 'ത്വലാഖ്' അഥവാ 'മുത്വലാഖ്' (ഭാഗം: 2) - മൊയ്തീന്‍ പുത്തന്‍ചിറ
സത്യത്തില്‍ 'മുത്വലാഖ്' വിഷയം ദേശീയ പ്രശ്‌നമായി ഉയര്‍ത്തിക്കൊണ്ടു വരുമ്പോള്‍ 'അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്' രംഗപ്രവേശം ചെയ്യുകയും, അവരാണ് രാജ്യത്തുള്ള മുസ്ലീങ്ങളുടെ മതമൗലിക കാര്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നതെന്നുമുള്ള ന്യായീകരണം നടത്തുന്നത് എന്തിനാണെന്ന് മനസ്സിലാകണമെങ്കില്‍ ഈ ബോര്‍ഡ് എന്തിനാണ് രൂപീകരിച്ചതെന്നും, അവരുടെ ലക്ഷ്യങ്ങളെന്താണെന്നും മനസ്സിലാക്കുമ്പോഴാണ്. മുസ്ലിം വ്യക്തിനിയമ സംരക്ഷണത്തിനാണെന്നു പറഞ്ഞ് 1973ലാണ് ഈ 'അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് അഥവാ അകങജഘആ' രുപീകരിച്ചത്. മതാചാരപ്രകാരം വ്യക്തിജീവിതം നയിക്കാന്‍ ഭരണഘടന നല്‍കുന്ന അവകാശം ഏക സിവില്‍ കോഡ്, വ്യക്തിനിയമ പരിഷ്‌കാരങ്ങള്‍ എന്നിവയുടെ ഭാഗമായി ഹനിക്കാന്‍ ശ്രമം നടന്നപ്പോഴാണ് ഈ സംഘടന രൂപം കൊടുത്തതെന്നും, വിവിധ വിഷയങ്ങളില്‍ മുസ്‌ലിം സമുദായത്തെ പ്രതിനിധീകരിക്കുന്നുവെന്നും ഇവര്‍ അവകാശപ്പെടുന്നു. ഉത്തരേന്ത്യയിലെ കുറെ 'മതപണ്ഡിതരെന്ന്' അവകാശപ്പെടുന്നവരാണ് ഈ സംഘടനയുടെ രക്ഷാധികാരികള്‍.

ശരീഅത്ത് നിയമം സംരക്ഷിക്കാനും വ്യക്തിനിയമങ്ങള്‍ അനുസരിച്ച് ജീവിക്കാനുള്ള അവകാശത്തിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുക, നേരിട്ടോ അല്ലാതെയോ സമാന്തരമായോ വ്യക്തിനിയമങ്ങളെ ബാധിക്കുന്ന നിയമനിര്‍മ്മാണങ്ങളില്‍ നിന്ന് മുസ്‌ലിം വ്യക്തിനിയമത്തെ ഒഴിവാക്കാന്‍ മുന്‍കരുതലെടുക്കുക, മുസ്‌ലിം വ്യക്തിനിയമത്തെയും അതിന്റെ അനുശാസനങ്ങളെയും കുറിച്ച് മുസ്‌ലിം സമൂഹത്തില്‍ അവബോധമുണ്ടാക്കുക, നിയമവിദഗ്ദ്ധരും മതപണ്ഡിതരും ഉള്‍പ്പെടുന്ന സ്റ്റാന്റിംഗ് കമ്മിറ്റി ഗവണ്മെന്റിന്റെയും മറ്റും നിയമങ്ങളെയും കുറിച്ചും അവയുടെ സ്വാധീനത്തെയും പറ്റി പഠനം നടത്തുക, ഇസ്ലാമിലെ വിവിധ ചിന്താസരണികളെ പൊതുവിഷയങ്ങളില്‍ ഏകോപിപ്പിക്കുക, നിലവിലുള്ള മുഹമ്മദന്‍ നിയമത്തിന് ഖുര്‍ആനും പ്രവാചകചര്യയും അനുസരിച്ചുള്ള മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുക എന്നിവയാണ് ഈ സംഘടനയുടെ ഉദ്ദേശലക്ഷ്യങ്ങളെന്ന് അവരുടെ വെബ് സൈറ്റില്‍ പറയുന്നു (http://www.aimplboard.in/)

എന്നാല്‍, ശരീഅത്ത് നിയമത്തില്‍ നിഷ്‌ക്കര്‍ഷിക്കുന്ന പല കാര്യങ്ങളും ഈ സംഘടനയില്‍ പെട്ടവര്‍ തന്നെ ദുര്‍വ്യാഖ്യാനം ചെയ്യുകയോ ഗോപ്യമായി ചിത്രീകരിക്കുകയോ ചെയ്യുന്നുണ്ടെന്ന് അവരുടെ അടുത്ത കാലങ്ങളിലെ ചില ഇടപെടലുകളില്‍ നിന്ന് മനസ്സിലാകും. ഈ ലേഖനത്തിന്റെ ആദ്യ ഭാഗത്തില്‍ അത് വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട് (ഷാ ബാനു കേസില്‍ കേന്ദ്ര ഗവണ്മെന്റില്‍ സ്വാധീനം ചെലുത്തിയതടക്കം). സുന്നി വിഭാഗക്കാര്‍ക്ക് ഭൂരിപക്ഷമുള്ള ഈ സംഘടന എങ്ങനെ മറ്റു വിഭാഗക്കാരുടെ താത്പര്യം സംരക്ഷിക്കും എന്ന ചോദ്യമാണ് ഇവിടെ പ്രസക്തം. പക്ഷെ, ഇന്ത്യയില്‍ ഏകീകൃത സിവില്‍ കോഡ് കൊണ്ടുവരാന്‍ ബി.ജെ.പി. ശ്രമിച്ചപ്പോള്‍ അതിനെ എതിര്‍ത്തത് മുസ്ലിം സമുദായം മാത്രമല്ല, മറ്റു മതവിഭാഗങ്ങളും ഉണ്ടായിരുന്നു എന്ന സത്യത്തിനും ഇവിടെ പ്രസക്തിയേറുന്നു. ഇന്ത്യയിലെ പ്രധാന മതജാതി വൈജാത്യങ്ങള്‍ക്കനുസരിച്ച് ഓരോ വ്യക്തിക്കും പ്രത്യേകംപ്രത്യേകം ബാധകമാകുന്ന രീതിയില്‍ ഇപ്പോള്‍ നിലവിലുള്ള വ്യക്തിനിയമത്തെ നീക്കി എല്ലാ ഇന്ത്യാക്കാര്‍ക്കും ഒരേ രീതിയില്‍ ബാധകമാകുന്ന തരത്തില്‍ ഒരു പൊതു വ്യക്തിനിയമ സംഹിത വേണം എന്ന ആശയമാണ് ഏകീകൃത സിവില്‍ കോഡുകൊണ്ട് ഉദ്ദേശിച്ചിരുന്നത്. വ്യക്തികളുടെ വിവാഹം, വിവാഹമോചനം, പരമ്പരാഗത സ്വത്ത്, ദത്ത്, ജീവനാംശം എന്നീ വിഷയങ്ങളില്‍ പൊതുവായ നിയമം കൊണ്ടുവരാന്‍ ഉദ്ദേശിച്ചിട്ടുള്ളതായിരുന്നു അതെന്നും, ഇന്ത്യന്‍ ഭരണഘടയിലെ നിര്‍ദ്ദേശക തത്വങ്ങളിലെ 44ാം വകുപ്പനുസരിച്ച് ഇന്ത്യയില്‍ ഏകീകൃത സിവില്‍ നിയമം കൊണ്ടുവരേണ്ടത് ഭരണകൂടത്തിന്റെ കടമയാണെന്നും കണക്കുകൂട്ടിയതുകൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ അങ്ങനെയൊരു നീക്കത്തിന് മുതിര്‍ന്നത്. അവിടെയാണ് ഈ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് എതിര്‍പ്പ് പ്രകടിപ്പിച്ചത്. അതിന്റെ കാരണവും അവര്‍ പറയുന്നു.

നാനാത്വത്തില്‍ ഏകത്വം നിലനില്‍ക്കുന്ന ഇന്ത്യയില്‍ ആരുടെ സിവില്‍ കോഡാണ് നടപ്പാക്കുക? വിവിധ മതങ്ങളും ജാതികളും നിലനില്‍ക്കുന്നതാണ് ഇന്ത്യാ മഹാരാജ്യം. ഹിന്ദു, കൃസ്ത്യന്‍, മുസ്ലിം, പഞ്ചാബി, പാഴ്‌സി, ജെയ്ന്‍ ഇത്യാദി വിശ്വാസികള്‍ക്ക് അവരവരുടെ വിശ്വാസങ്ങള്‍ക്കനുസരിച്ച് ജീവിക്കാനുള്ള അവകാശം ഭരണഘടനയില്‍ അനുശാസിക്കുന്നു. ഒരു ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുമ്പോള്‍ ഇവയില്‍ ഏത് വിശ്വാസക്കാരുടെ നിയമമായിരിക്കും സാധൂകരിക്കുക എന്ന സംശയമാണ് മുസ്ലിം വ്യക്തിനിയമ ബോര്‍ഡിനെ എതിര്‍ക്കാന്‍ പ്രേരിപ്പിക്കുന്നത്. കൂടാതെ മുത്വലാഖ് അനുവദിക്കാത്തത് ഖുറാന്‍ തിരുത്തിയെഴുതുന്നതിന് തുല്യമാണെന്നും, മുസ്ലിം വ്യക്തിനിയമവും ഖുറാനും മൂന്ന് തവണ ത്വലാഖ് ചൊല്ലി വിവാഹ മോചനം നടത്തുന്ന രീതി ശരിവെക്കുന്നതാണെന്നും,  ഖുറാനില്‍ മുത്വലാഖ്  അംഗീകരിക്കുന്ന സ്ഥിതിക്ക് മുത്വലാഖിന് നിയമസാധുത ഇല്ലാതാക്കരുതെന്നുമാണ് ഈ സംഘടന  കോടതിയില്‍ പറഞ്ഞിരിക്കുന്നത്. മുന്നു തവണ ത്വലാഖ് ചൊല്ലി വിവാഹമോചനം നേടുന്ന രീതിക്കെതിരെ മുസ്ലിം സമുദായത്തിലെ സ്ത്രീകള്‍ തന്നെ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. മുത്വലാഖിനെതിരെ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ മുസ്ലിം സ്ത്രീപുരുഷന്മാരുള്‍പ്പെടെ അന്‍പതിനായിരത്തോളം പേരാണ് ഒപ്പുവെച്ചിട്ടുള്ളത്. മുത്വലാഖിനെ തൊട്ടുകളിക്കരുതെന്ന് ബോര്‍ഡ് പറയുമ്പോള്‍ തന്നെ പുരുഷന്മാര്‍ക്ക് സംരക്ഷണം നല്‍കുന്ന രീതിയില്‍ അവര്‍ സര്‍ക്കാരിനെ സ്വാധീനിച്ച് ശരീഅത്ത് നിയമത്തെ വക്രീകരിച്ചത് അവര്‍ സ്വയം വിസ്മരിക്കുകയാണ്. മതസ്വാതന്ത്ര്യവും, ത്വലാഖും, മുത്വലാഖും രാഷ്ട്രീയവുമായി കൂട്ടിക്കുഴച്ച് മുസ്ലിം സമുദായത്തെ തെറ്റിദ്ധരിപ്പിക്കാന്‍ കാണിക്കുന്ന ചിലരുടെ വ്യഗ്രത കോടതിയില്‍ ചോദ്യം ചെയ്‌തേ പറ്റൂ.

ഭീഷണികള്‍ മുസ്ലിം മതപണ്ഡിതരില്‍ നിന്ന് ഉയര്‍ന്നു വരുന്നതിന്റെ കാരണം തന്നെ മുസ്ലിം സമുദായത്തിലെ 'പുരുഷ മേധാവിത്വം' നിലനിര്‍ത്താന്‍ അവര്‍ തട്ടിക്കൂട്ടിയെടുത്ത നിയമത്തെ രക്ഷിക്കാന്‍ തന്നെയാണെന്നേ പറയാന്‍ പറ്റൂ. 'ശരിഅത്ത്' അല്ലാഹുവിന്റെ നിയമമാണെങ്കില്‍ എങ്ങനെ രാജീവ് ഗാന്ധി കോണ്‍ഗ്രസ് സര്‍ക്കാര്‍ അതില്‍ മാറ്റം വരുത്തി? അതുമല്ലെങ്കില്‍ ശരിഅത്ത് പുരുഷന്മാര്‍ക്കു മാത്രമല്ല, സ്ത്രീകള്‍ക്കും ബാധകമാണെന്ന് എന്തുകൊണ്ട് ഈ വ്യക്തിനിയമ ബോര്‍ഡ് മനസ്സിലാക്കുന്നില്ല? സ്ത്രീകളെ അടിമകളാക്കി അതുമല്ലെങ്കില്‍ ഉപഭോക്തവസ്തുവാക്കി വെച്ചുകൊണ്ടിരിക്കാന്‍ പുരുഷന്മാര്‍ ശരിഅത്തിനെ കൂട്ടു പിടിച്ച് കോണ്‍ഗ്രസ് സര്‍ക്കാരില്‍ സ്വാധീനം ചെലുത്തി. ആ സ്വാധീനത്തില്‍ മുസ്ലിം സ്ത്രീകളെ അവഗണനയുടെ പടുകുഴിയിലേക്ക് തള്ളിയിട്ട് പീഡിപ്പിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നേ ഇപ്പോള്‍ ബിജെപി ഭരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെടുന്നുള്ളൂ. മുത്വലാഖിന്റെ പേരില്‍ മുസ്‌ലിം സ്ത്രീകളുടെ ജീവിതം നശിപ്പിക്കാന്‍ അനുവദിക്കില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നതും അതുകൊണ്ടാണ്. 'ഹിന്ദുക്കള്‍ക്കിടയില്‍ സ്ത്രീ ഭ്രൂണഹത്യ നടത്തുന്നവര്‍ ജയിലില്‍ പോകേണ്ടിവരും. അതുപോലെയാണു ഫോണിലൂടെ വിവാഹമോചനം നടത്തുന്നവര്‍. അവര്‍ മുസ്‌ലിം സഹോദരിമാരുടെ ജീവിതം നശിപ്പിക്കുകയാണ്, അത് അനുവദിച്ചുകൊടുക്കാനാവില്ല. അതേസമയം വിഷയത്തെ രാഷ്ട്രീയവര്‍ക്കരിക്കുന്നത് അപലപനീയമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കൂടാതെ ടിവി ചാനലുകള്‍ ഈ വിഷയത്തെ ഹിന്ദുക്കളും മുസ്‌ലിംകളും തമ്മിലോ ബിജെപിയും മറ്റു പാര്‍ട്ടികളും തമ്മിലോ ഉള്ള തര്‍ക്കവിഷയമാക്കി മാറ്റരുതെന്നും മോദി അഭ്യര്‍ഥിച്ചിരുന്നു. ചര്‍ച്ച നടത്തേണ്ടതു മാധ്യമങ്ങളല്ല, ഖുര്‍ആന്‍ പരിജ്ഞാനമുള്ള മുസ്‌ലിം സമുദായത്തിലെ പണ്ഡിതന്മാരാണെന്നും, ഭരണഘടന അനുസരിച്ചുള്ള അവകാശങ്ങള്‍ മുസ്‌ലിം വനിതകള്‍ക്കു നല്‍കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും,  അതിന് പ്രബുദ്ധരായ, വിവരവും വിദ്യാഭ്യാസവുമുള്ള, മുസ്ലിം പുരുഷന്മാര്‍ മുന്നോട്ടു വന്ന് ഈ ഭയാനകമായ വിപത്തിനെ ഉന്മൂലനം ചെയ്യണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ഏകീകൃത സിവില്‍ കോഡിനു പകരം ശരിഅത്തിനെ കൂട്ടുപിടിച്ച് 'മുത്വലാഖ്' എന്ന പ്രാകൃത സമ്പ്രദായം ഇല്ലാതാക്കിയാല്‍ മുസ്ലീം സ്ത്രീകളുടെ ഭാവി ഭദ്രമാകുമെന്നു മാത്രമല്ല, പുരുഷന്മാര്‍ കാട്ടിക്കൂട്ടുന്ന തെമ്മാടിത്തരത്തിന് അറുതിയും വരും.

പരസ്ത്രീകളെ പൂകാനും, ഉള്ളതിനെ അകറ്റി നിര്‍ത്താനുമുള്ള ആയുധമായി ഉപയോഗിക്കുന്ന 'ബഹുഭാര്യത്വത്തിന്റെ മറ്റൊരു പതിപ്പാണ് ഈ 'മുത്വലാഖ്.' മാനുഷിക മൂല്യങ്ങള്‍ക്ക് വില കല്പിക്കാത്ത ഈ നിയമത്തില്‍ എന്തിനാണ് മുസ്ലിം സമുദായം കടിച്ചുതൂങ്ങിക്കിടക്കുന്നതെന്ന് മനസ്സിലാകുന്നില്ല. സ്ത്രീയും പുരുഷനും ദൈവ സൃഷ്ടിയാണെങ്കില്‍ ആ ദൈവം സ്ത്രീക്ക് ഒരു നിയമവും പുരുഷന് മറ്റൊരു നിയമവും ഒരിക്കലും നിഷ്‌ക്കര്‍ഷിക്കുകയില്ല. സമാധാനപരമായി കുടുംബജീവിതം നയിക്കാന്‍ ഏതൊരു സ്ത്രീക്കും അര്‍ഹതയുണ്ട്, അവകാശമുണ്ട്. സ്ത്രീകളെ പുരുഷന്മാര്‍ അടിമകളാക്കി വെച്ചുകൊണ്ടിരിക്കുന്ന സമ്പ്രദായം അറബ് രാജ്യങ്ങളിലുണ്ട്. പാക്കിസ്ഥാനിലും തഥൈവ. അവിടെ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യമില്ല, അവര്‍ക്ക് നീതി ലഭിക്കുകയില്ല, അവര്‍ക്കുവേണ്ടി വാദിക്കാനും ആരുമില്ല. അതുകൊണ്ടുതന്നെ സ്ത്രീ പീഡനവും ഭ്യാര്യാ പീഡനവും അവിടെ കൊടികുത്തി വാഴുന്നു. സ്ത്രീകളെ പച്ചയ്ക്ക് കത്തിക്കുന്നു.. അഥവാ അവരെ രക്ഷിക്കാന്‍ ആരെങ്കിലും മുന്നോട്ടു വന്നാല്‍ അവരെ കാഫിറുകളാക്കി ചിത്രീകരിച്ച് അവരെയും ശിക്ഷിക്കുന്നു. എന്നാല്‍, ഇന്ത്യയിലെ സ്ഥിതി അതല്ല. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ ഭാര്യാ പീഡനം കുറവാണെന്നു പറയാം. എന്നിരുന്നാലും ചില യാഥാസ്ഥിതിക ചിന്താഗതി വെച്ചുപുലര്‍ത്തുന്നവര്‍ ഈ ശരിഅത്തിന്റെ പേരില്‍ സ്ത്രീകളെ പീഡിപ്പിക്കുന്നുമുണ്ട്.

ഈയ്യിടെ ഇസ്ലാമിക് പണ്ഡിതന്മാര്‍ക്കെതിരെയും മുത്വലാഖിനെതിരെയും ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുടെ ഭാര്യ സല്‍മ അന്‍സാരി നടത്തിയ പ്രസ്താവനയില്‍ മുസ്ലിം സ്ത്രീകള്‍ 'ബുദ്ധിവൈഭവത്തോടെ' കാര്യങ്ങള്‍ ഗ്രഹിക്കണമെന്ന് പറയുന്നുണ്ട്. മൂന്നു തവണ ത്വലാഖ് ചൊല്ലിയാല്‍ വിവാഹബന്ധം വേര്‍പെടുത്താമെന്ന് നിയമം ഖുര്‍ആനില്‍ ഇല്ലെന്നും,  ഈ വിഷയത്തില്‍ ഇസ്ലാമിക് പണ്ഡിതന്മാരെ മാത്രം ആശ്രയിക്കാതെ സ്ത്രീകള്‍ ഖുറാന്‍ വായിച്ചു പഠിക്കണമെന്നുമാണ് അവര്‍ ആവശ്യപ്പെട്ടത്. ഈ വിഷയവുമായി ബന്ധപ്പെട്ട് ദേശീയ തലത്തില്‍ വലിയ ചര്‍ച്ച നടക്കുന്ന സമയത്താണ് മുത്വലാഖിനെ എതിര്‍ത്ത് ഉപരാഷ്ട്രപതിയുടെ ഭാര്യ രംഗത്ത് വന്നിരിക്കുന്നത്.  മുസ്ലിം സമുദായത്തിലെ മുത്വലാഖ്, ബഹുഭാര്യത്വം തുടങ്ങിയ വിഷയങ്ങളില്‍ സുപ്രിം കോടതി വാദം കേള്‍ക്കുകയാണ്, മുത്വലാഖുമായി ബന്ധപ്പെട്ട് സ്ത്രീകള്‍ക്ക് സംശയം ഉണ്ടെങ്കില്‍ ഖുറാനില്‍ നോക്കാമെന്നും, അത് വായിച്ച് മനസ്സിലാക്കാത്ത പക്ഷം തെറ്റിദ്ധാരണകള്‍  ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും അവര്‍ അഭിപ്രായപ്പെട്ടിരുന്നു. 'ഖുര്‍ആന്‍ വായിച്ചാല്‍ സത്യമെന്താണെന്നത് നിങ്ങള്‍ക്ക് മനസിലാകും. അറബിയില്‍ എഴുതിയ ഖുര്‍ആന്‍ വായിക്കണം. പരിഭാഷ വായിക്കരുത്. എന്താണ് പുരോഹിതര്‍ പറയുന്നത് അത് അക്ഷരംപ്രതി അനുസരിക്കുകയാണ് നിങ്ങള്‍ ചെയ്യുന്നത്. അത് ചെയ്യരുത്. ഖുര്‍ആന്‍ വായിക്കൂ... എന്താണ് റസൂല്‍ പറഞ്ഞതെന്ന് നോക്കൂ...' സല്‍മ അന്‍സാരി സ്ത്രീകളോടായി പറയുന്നു.

(തുടരും....)

അടുത്തത്: മുത്വലാഖിന്റെ പേരില്‍ നടക്കുന്ന ക്രൂരതകള്‍


ദുരുപയോഗം ചെയ്യപ്പെടുന്ന 'ത്വലാഖ്' അഥവാ 'മുത്വലാഖ്' (ഭാഗം: 2) - മൊയ്തീന്‍ പുത്തന്‍ചിറദുരുപയോഗം ചെയ്യപ്പെടുന്ന 'ത്വലാഖ്' അഥവാ 'മുത്വലാഖ്' (ഭാഗം: 2) - മൊയ്തീന്‍ പുത്തന്‍ചിറദുരുപയോഗം ചെയ്യപ്പെടുന്ന 'ത്വലാഖ്' അഥവാ 'മുത്വലാഖ്' (ഭാഗം: 2) - മൊയ്തീന്‍ പുത്തന്‍ചിറദുരുപയോഗം ചെയ്യപ്പെടുന്ന 'ത്വലാഖ്' അഥവാ 'മുത്വലാഖ്' (ഭാഗം: 2) - മൊയ്തീന്‍ പുത്തന്‍ചിറദുരുപയോഗം ചെയ്യപ്പെടുന്ന 'ത്വലാഖ്' അഥവാ 'മുത്വലാഖ്' (ഭാഗം: 2) - മൊയ്തീന്‍ പുത്തന്‍ചിറദുരുപയോഗം ചെയ്യപ്പെടുന്ന 'ത്വലാഖ്' അഥവാ 'മുത്വലാഖ്' (ഭാഗം: 2) - മൊയ്തീന്‍ പുത്തന്‍ചിറ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക