Image

ഹിലരി പരാജയകാരണങ്ങള്‍ വിശദീകരിക്കുന്നു (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 04 May, 2017
ഹിലരി പരാജയകാരണങ്ങള്‍ വിശദീകരിക്കുന്നു (ഏബ്രഹാം തോമസ്)
ന്യൂയോര്‍ക്ക്: ആറു മാസത്തിന് ശേഷം ആദ്യമായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ട ഹിലരിക്ലിന്റണ്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തനിക്കുണ്ടായ പരാജയത്തിന്റെ കാരണങ്ങള്‍ വിശദീകരിച്ചു. വിമന്‍ഫോര്‍ വിമന്‍ പരിപാടിയില്‍ ഒരു വാര്‍ത്താ ചാനല്‍ പ്രതിനിധിയോടാണ് ഹില്ലരി മനസ് തുറന്നത്.

ഇല്ക്ഷന്‍ ഒക്ടോബര്‍ 27ന് നടന്നിരുന്നെങ്കില്‍ ഞാനായിരുന്നേനെ നിങ്ങളുടെ പ്രസിഡന്റ്. ഇലക്ഷന്‍ വിജയിക്കുമെന്ന ആത്മവിശ്വാസത്തോടെ ഞാന്‍ മുന്നോട്ടു പോവുകയായിരുന്നു. രണ്ട് സംഭവങ്ങള്‍ എനിക്ക് തിരിച്ചടിയായി. റഷ്യന്‍ ഹാക്കര്‍മാര്‍ ചോരണം നടത്തി എന്ന് കരുതുന്ന എന്റെ കാമ്പെയിന്‍ ചെയര്‍മാന്‍ ജോണ്‍ പോഡസ്റ്റയുടെ ഇമെയിലുകളുടെ പരസ്യമാക്കലും ഒക്ടോബര്‍ 28ന് എഫ്ബിഐ ഡയറക്ടര്‍ ജെയിംസ് കോമി എന്റെ സ്വകാര്യ സെര്‍വറെകുറിച്ചും ഇമെയിലുകളെ കുറിച്ചും എഫ്ബിഐ പുനരന്വേഷണം നടത്തും എന്ന് പറഞ്ഞതുമാണ് എനിക്കെതിരായത്. റഷ്യന്‍ വിക്കിലീക്ക്‌സ് നടത്തിയ വെളിപ്പെടുത്തലുകള്‍ എനിക്കു വോട്ടുചെയ്യും എന്ന് ഉറപ്പിച്ചിരുന്ന ജനങ്ങളുടെ മനസ്സുകളില്‍ ഭയം സൃഷ്ടിക്കുവാന്‍ കാരണമായി.

മുന്‍പെങ്ങും സംഭവിച്ചിട്ടില്ലാത്ത ഒരു വിദേശ നേതാവിന്റെ (റഷ്യന്‍ പ്രസിഡന്റ് വഌദമിര്‍ പുടിനെയാണ് ഉദ്ദേശിച്ചത്) ഇടപെടലും എന്റെ പരാജയത്തിന് കാരണമായി. ഈ നേതാവ് എന്റെ ഫാന്‍ ക്ലബ്ബില്‍ അംഗമല്ല(സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയിരിക്കുമ്പോള്‍ ഹിലരി പുടിനുമായി ഇടഞ്ഞിരുന്നു.).

തന്റെ പരാജയത്തില്‍ സ്ത്രീവിദ്വേഷത്തിനും പങ്കുണ്ട് എന്ന് ഹിലരി പറഞ്ഞു. ട്രമ്പിന്റെ നയങ്ങളെയും തീരുമാനങ്ങളെയും പ്രസിഡന്റ് എന്ന നിലയിലെ പെരുമാറ്റത്തെയും കൂടെക്കൂടെ ട്വീറ്റ് ചെയ്യുന്നതിനെയും ഹിലരി രൂക്ഷമായി വിമര്‍ശിച്ചു.

പൊതുവേദികളില്‍ ഈ പ്രതിഷേധം ഉയര്‍ത്തുവാന്‍ താന്‍ പ്രത്യക്ഷപ്പെടും. സജീവ പ്രവര്‍ത്തകയായ ഒരു പൗരയെന്ന നിലയില്‍ പ്രതിഷേധത്തിന്റെ ഭാഗമാണ് താന്‍.

ട്രമ്പിനെക്കാള്‍ 3 മില്യന്‍ വോട്ട് തനിക്ക് ലഭിച്ചു എന്ന് എടുത്തുപറയുവാന്‍ ഹിലരി മറന്നില്ല. തന്റെ അനുഭവങ്ങള്‍ വിവരിച്ച് ഒരു പുസ്തകം എഴുതി വരികയാണ്. എഴുത്ത് ശുദ്ധീകരിക്കുന്നതും അത്യധികം വേദന നല്‍കുന്നതും ആയാസകരവുമാണ്. എന്റെ തിരഞ്ഞെടുപ്പ് പ്രചരണം കുറ്റമറ്റതായിരുന്നില്ല. പരാജയത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ഞാന്‍ ഏറ്റെടുക്കുന്നു. എന്റെ തിരഞ്ഞെടുപ്പ് തന്ത്രത്തെയോ സ്റ്റാഫിനെയോ ഞാന്‍ പഴി പറയില്ല. ബാഹ്യശക്തികളായിരുന്നു എന്റെ പരാജയത്തിന് കാരണം, എന്നാണ് ഹിലരിയുടെ വിശദീകരണം.

സ്ത്രീ വിദ്വേഷം, റഷ്യന്‍ ഇടപെടല്‍, എഫ്ബിഐയുടെ ചോദ്യം ചെയ്യപ്പെടാവുന്ന തീരുമാനങ്ങള്‍ എന്നീ മൂന്ന് കാരണങ്ങളാണ് തനിക്ക് വിജയം നഷ്ടപ്പെടുത്തിയതെന്ന് ഹിലരി വീണ്ടും പറഞ്ഞു. എന്നാല്‍ ഒരു സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ ഉണ്ടായിരുന്ന ദൗര്‍ബല്യങ്ങളും ചില ഭാഗങ്ങളില്‍ വോട്ടര്‍ മാര്‍ക്കിടയിലുണ്ടായ അമര്‍ഷവും മനസ്സിലാക്കുവാന്‍ അവര്‍ക്കോ അവരുടെ പ്രചാരകര്‍ക്കോ കഴിഞ്ഞില്ല എന്ന് സമ്മതിക്കുവാന്‍ ഹിലരി തയ്യാറയില്ല. തന്റെ പരാജയം ആശ്ചര്യജനകമായിരുന്നു എന്താണ് ഹിലരി വിശേഷിപ്പിക്കുന്നത്.

ഹിലരി പരാജയകാരണങ്ങള്‍ വിശദീകരിക്കുന്നു (ഏബ്രഹാം തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക