Image

ദൈവവിളിയുടെ അടിസ്ഥാനം ക്രിസ്തുവിന്റെ സ്‌നേഹം: മാര്‍ ചിറപ്പണത്ത്

Published on 05 May, 2017
ദൈവവിളിയുടെ അടിസ്ഥാനം ക്രിസ്തുവിന്റെ സ്‌നേഹം: മാര്‍ ചിറപ്പണത്ത്
    വത്തിക്കാന്‍സിറ്റി: പൗരോഹിത്യ ദൈവവിളിയുടെ അടിസ്ഥാനവും അതിലേക്കുള്ള തിരഞ്ഞെടുപ്പും ക്രിസ്തുവിന്റെ അപരിമേയമായ സ്‌നേഹമാണെന്നും വൈദിക ജീവിതത്തിലുള്ള വിശ്വസ്തതയും ഫലദായകത്വവും ഒരാള്‍ ക്രിസ്തുവിന് പകരം നല്‍കുന്ന ആഴമായ സ്‌നേഹത്തില്‍ വേരൂന്നിയിരിക്കുന്നുവെന്നും യൂറോപ്പിലെ സീറോ മലബാര്‍ സഭ അപ്പസ്‌തോലിക വിസിറ്റേറ്റര്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത്. റോമിലെ മാത്തര്‍ എക്ലേസിയ സെമിനാരിയില്‍ വൈദിക പരിശീലനം നടത്തുന്ന സീറോ മലബാര്‍ സഭയിലെ ആറ് ശെമ്മാശന്മാര്‍ക്ക് കാറോയ, ഹെവ്പദിയാകാന, മ്ശംശാന പട്ടങ്ങള്‍ നല്‍കുന്ന ചടങ്ങില്‍ മുഖ്യകാര്‍മികത്വം വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പഴയ നിയമത്തിലെ ദാവീദ് രാജാവിനെപ്പോലെ ദൈവത്തിന്റെ ഹൃദയത്തിന് അനുരൂപരായ നല്ല വൈദികരാകണമെന്നും ബലഹീനതകളിലും വീഴ്ചകളിലും അടിപതറാതെ ഗുരുവായ ക്രിസ്തുവിന്റെ സ്‌നേഹത്തില്‍ എന്നും നിലനില്‍ക്കാന്‍ പരിശ്രമിക്കണമെന്നും മാര്‍ ചിറപ്പത്ത് വൈദിക വിദ്യാര്‍ഥികളെ ഓര്‍മപ്പെടുത്തി.

സുബിന്‍ പുത്തന്‍പുരയ്ക്കല്‍ (തക്കല രൂപത), ആല്‍ബിന്‍ പുന്നേലിപറന്പില്‍ (ഇരിഞ്ഞാലക്കുട രൂപത), ബിജോ ഇരുപ്പക്കാട്ട്, ജോസ് ഈറ്റോളില്‍ (ചങ്ങനാശേരി അതിരൂപത), ജിന്റോ പുത്തന്‍പുരയ്ക്കല്‍ (മാണ്ഡ്യ രൂപത), ജോജിത് കൂട്ടുങ്ങല്‍ (കല്യാണ്‍ രൂപത) എന്നിവരാണ് പൗരോഹിത്യ പരിശീലനത്തിന്റെ ഭാഗമായി വിവിധ പട്ടങ്ങള്‍ സ്വീകരിച്ചത്. 

ശുശ്രൂഷകളില്‍ റവ. ഡോ. ചെറിയാന്‍ തുണ്ടുപറന്പില്‍ സിഎംഐ ആര്‍ച്ച് ഡീക്കനായും ഫാ. ജോഷി കുളത്തുങ്കല്‍ സഹകാര്‍മികനായും പങ്കെടുത്തു. സെമിനാരി റെക്ടര്‍ ഫാ. ഓസ്‌കാര്‍, അസിസ്റ്റന്റ് റക്ടര്‍ ഫെലിപ്പെ, മോണ്‍. വിന്‍ചെന്‍സോ വീവ, റവ. ഡോ. ജോസ് ചിറമ്മല്‍, യൂറോപ്പിലെ അപ്പസ്‌തോലിക വിസിറ്റേഷന്റെ കോഓര്‍ഡിനേറ്റര്‍ റവ. ഡോ. ചെറിയാന്‍ വാരികാട്ട്, റോമിലെ വിവിധ യൂണിവേഴ്‌സിറ്റികളില്‍ പഠിക്കുന്ന വൈദികര്‍, സന്യസ്തര്‍, വൈദിക വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക