Image

കുവൈത്തിലും കെഎസ്ആര്‍ടിസി; കയറിയാല്‍ ആസ്വദിച്ചു കഴിക്കാം

Published on 05 May, 2017
കുവൈത്തിലും കെഎസ്ആര്‍ടിസി; കയറിയാല്‍ ആസ്വദിച്ചു കഴിക്കാം
     കുവൈത്ത് : ആനവണ്ടി കണ്ടിട്ടെന്തോ ആദ്യം ഒന്നു പകച്ചു. കേരളത്തിന്റെ ദേശീയ റോഡ് ട്രാന്‍സ്‌പോര്‍ട്ടായ കെഎസ്ആര്‍ടിസിക്ക് ഗള്‍ഫില്‍ എന്താ കാര്യം എന്നൊന്നും ചോദിക്കരുത്. അടുത്തു ചെന്നപ്പോഴാണ് മനസിലായത് കേരളത്തിന്റെ ഗൃഹാതുരത്വം കുവൈത്തിലേക്ക് പറിച്ചുനട്ട തക്കാരയുടെ നാലാമത്തെ റസ്റ്ററന്റാണിതെന്ന്. 

ആദ്യമായി ഗള്‍ഫില്‍ ആനവണ്ടിയെ പ്രമേയമാക്കി ഫഹാഹീലില്‍ നിര്‍മിച്ച റസ്റ്ററന്റിന്റെ ഉദ്ഘാടനം ഇന്ത്യന്‍ അംബാസഡര്‍ സുനില്‍ ജയിനാണ് നിര്‍വഹിച്ചത്.

മലബാറിലെ വിഭവങ്ങളുടെ രുചി കൂട്ടുമായി ആരംഭിച്ച തക്കാര റസ്റ്ററന്റിന് നിലവില്‍ ഫര്‍വാനിയ, ദജീജ്, സാല്‍മിയ എന്നീ കേന്ദ്രങ്ങളില്‍ ബ്രാഞ്ചുകളുണ്ട്. കുറഞ്ഞ വിലയില്‍ കൂടുതല്‍ ഗുണനിലവാരം ഉറപ്പുവരുത്തി സാധാരണക്കാര്‍ക്കും ഭക്ഷണം ലഭ്യമാക്കുകയെന്നതാണ് തക്കാര ലക്ഷ്യമിടുന്നതെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ പറഞ്ഞു. ഉപഭോക്താവിന്റെ ഇഷ്ടാനുസരണം മീനുകള്‍ തിരഞ്ഞടുക്കുവാനും താമസംകൂടാതെ പാകം ചെയ്യുവാനുള്ള സൗകര്യവും തക്കാര റസ്റ്ററന്റിന്റെ പ്രത്യേകതയാണ്. പാര്‍ട്ടികളും മീറ്റിംഗുകളും നടത്തുവാനുള്ള സൗകര്യവും റസ്റ്ററന്റില്‍ ഒരുക്കിയിട്ടുണ്ടന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ അറിയിച്ചു. 

ഹമദ് അല്‍ ഫാദി, അബ്ദുല്‍ റഷീദ്, അഷറഫ് അയൂര്‍, സലിം, തംജീദ്, ഷാഫി, ബാബു എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക