Image

ഹാനോവറില്‍ ബോംബ് നിര്‍വീര്യമാക്കാന്‍ അര ലക്ഷം പേരെ ഒഴിപ്പിക്കും

Published on 06 May, 2017
ഹാനോവറില്‍ ബോംബ് നിര്‍വീര്യമാക്കാന്‍ അര ലക്ഷം പേരെ ഒഴിപ്പിക്കും

ഹാനോവര്‍: രണ്ടാം ലോക മഹായുദ്ധ കാലത്ത് ഉപയോഗിച്ച് പൊട്ടാതെ കിടന്ന ബോംബുകള്‍ നിര്‍വീര്യമാക്കാന്‍ ഹാനോവറില്‍ അന്പതിനായിരം പേരെ ഒഴിപ്പിക്കും. ഞായറാഴ്ചയാണ് ഒഴിപ്പിക്കല്‍ നടക്കുന്നത്.

ഓഫീസകളും സ്‌കൂളുകളും അവധിയുള്ള ദിവസങ്ങളിലാണ് രാജ്യത്ത് സാധാരണ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കഴിഞ്ഞ ക്രിസ്മസ് സന്ധ്യയില്‍ ഓഗ്‌സ്ബര്‍ഗില്‍ 54,000 പേരെ ഒഴിപ്പിച്ചും ബോംബ് നിര്‍വീര്യമാക്കിയിരുന്നു. 3.8 ടണ്ണുള്ള ബ്രിട്ടീഷ് ബോംബായിരുന്നു അത്.

രാജ്യത്തിന്റെ ചരിത്രത്തില്‍ തന്നെ ബോംബ് നിര്‍വീര്യമാക്കാനുള്ള ഏറ്റവും വലിയ ഒഴിപ്പിക്കലായിരുന്നു അന്നത്തേത്. 

ഇപ്പോള്‍ അഞ്ച് ബോംബുകളുടെ സാന്നിധ്യമാണ് ഹാനോവറില്‍ കണ്ടെത്തിയിരിക്കുന്നത്. ഇതിനായി 13 സ്ഥലങ്ങളും മാര്‍ക്ക് ചെയ്തു കഴിഞ്ഞു. ഒഴിപ്പിക്കേണ്ട സ്ഥലങ്ങളില്‍ ഏഴ് കെയര്‍ ഹോമുകളും വൃദ്ധ സദനങ്ങളും ഉള്‍പ്പെടുന്നു.

രാവിലെ ഒന്പതു മുതല്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങും. വൈകുന്നേരത്തോടെ എല്ലാവര്‍ക്കും വീടുകളില്‍ തിരിച്ചെത്താമെന്നാണ് കരുതുന്നത്. എല്ലാ വീടുകളിലും വൈദ്യുതിയും ഗ്യാസ് ഉപകരണങ്ങളും ഓഫ് ചെയ്യണമെന്നാണ് അധികൃതരുടെ നിര്‍ദേശം.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക