Image

ശ്മശാനഭൂമിയായി യാഗശാല .....ആശുപത്രികളില്‍ ശവക്കൂമ്പാരം ..(അധ്യായം 15: ഫ്രാന്‍സിസ് തടത്തില്‍)

Published on 07 May, 2017
ശ്മശാനഭൂമിയായി യാഗശാല .....ആശുപത്രികളില്‍ ശവക്കൂമ്പാരം ..(അധ്യായം 15: ഫ്രാന്‍സിസ് തടത്തില്‍)
മീന്‍ മാര്‍ക്കറ്റില്‍ മത്സ്യം നിരത്തി വച്ച പോലെ ശവക്കൂനകള്‍ ....ആശുപത്രി വരാന്തയില്‍ നിരത്തിയിട്ടിരിക്കുന്ന ശവങ്ങള്‍ക്കു ചുറ്റും നെഞ്ചിലിടിച്ചു കരയുന്ന ആശ്രിതര്‍... ഭൂരിപക്ഷം മൃതദേഹങ്ങളും തിരിച്ചറിഞ്ഞിട്ടില്ല . നിരത്തിയിട്ടിരിക്കുന്ന ശവശരീരങ്ങളില്‍ തങ്ങളുടെ ഉറ്റവരാരെങ്കിലുമുണ്ടോ എന്ന് അങ്കലാപ്പോടെ ഓടി നടന്നു നോക്കുകയാണ് നിരവധി പേര്‍. ഇടയ്ക്ക് ഉച്ചത്തില്‍ അലമുറകള്‍ കേള്‍ക്കാം , മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞ ബന്ധുക്കളാണ് . ഒറ്റയടിക്ക് അത്രയേറെ ശവങ്ങള്‍ കണ്ട എന്റെ കണ്ണ് അന്ധാളിച്ചു പോയി . ജീവിതത്തിലാദ്യമായും അവസാനമായുമാണ് അത്ര വലിയൊരു ദുരന്തം കാണുന്നത് . ഇന്നും മറക്കാനാവാത്ത ആ കാഴ്ച , തഞ്ചാവൂരിലെ ബ്രഹദീശ്വര ക്ഷേത്രത്തിലാണരങ്ങേറിയത് . 1997 ല്‍ അവിടെ നടന്ന കുംഭമേളത്തോടനുബന്ധിച്ചുള്ള കുംഭാഭിഷേകം യാഗത്തിലെ യാഗശാലയില്‍ ഉണ്ടായ ചെറിയ അഗ്‌നിബാധയാണ് ഈ വന്‍ ദുരന്തത്തിന്റെ പ്രഭവ കേന്ദ്രം .
പതിനൊന്നാം നൂറ്റാണ്ടില്‍ നിര്‍മിച്ച ചരിത്ര പ്രസിദ്ധമായ ക്ഷേത്രമാണിത് . ഇവിടുത്തെ യാഗശാലയിലുണ്ടായ അഗ്‌നിബാധ ചുറ്റിലും തയാറാക്കിയിരുന്ന താല്‍ക്കാലിക പന്തലിലേക്കു പടര്‍ന്നു പിടിച്ചതാണ് വന്‍ ദുരന്തത്തിനു വഴിയൊരുക്കിയത് . ഇതിനിടെ ബോംബു സ്‌ഫോടനമാണ് നടന്നതെന്ന് ആരോ ഉറക്കെ നിലവിളിച്ചതിനെ തുടര്‍ന്ന് ഭയവിഹ്വലരായ പതിനായിരക്കണക്കിനു ഭക്ത ജനങ്ങള്‍ പ്രാണനും കൊണ്ട് തലങ്ങും വിലങ്ങും പാഞ്ഞു . ആബാലവൃദ്ധജനം തിക്കിലും തിരക്കിലും പെട്ട് താഴെ വീണു . പരക്കം പാച്ചിലിനിടെ ചിലര്‍ കുഞ്ഞുങ്ങളെ പോലും മറന്നു . നിലത്തു വീണവരുടെ നെഞ്ചത്തും തലയിലും മറ്റും പ്രാണരക്ഷാര്‍ഥം ഓടിയവര്‍ ചവിട്ടി മെതിച്ചു . ഏതാണ്ട് 50 പേര്‍ സംഭവസ്ഥലത്തും 25 പേര്‍ ആശുപത്രിയിലും മാര്‍ഗമധ്യേയും മരിച്ചു . ഭൂരിഭാഗവും ചവിട്ടേറ്റ് ചതഞ്ഞരഞ്ഞ് പരിക്കേറ്റതിനെ തുടര്‍ന്ന് മരിച്ചതാണ് . നൂറിലേറെ പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു . ഇവരില്‍ പലരും പിന്നീട് മരണപ്പെട്ടു . നൂറുകണക്കിനു പേര്‍ക്കു ജീവഹാനി സംഭവിച്ചില്ലെങ്കിലും പരിക്കേറ്റ് ചികിത്സയിലായിരുന്നു .
തഞ്ചാവൂര്‍ മെഡിക്കല്‍ കോളേജ് , സമീപത്തെ സ്വകാര്യ ആശുപത്രികള്‍ , കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് , കോവ്വെ മെഡിക്കല്‍ സെന്റര്‍ , മദ്രാസ് മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ നിരവധി പേരെയാണ് പരിക്കുകളോടെ പ്രവേശിപ്പിച്ചത് .
സംഭവം നടന്ന് ഒരു മണിക്കൂറിനുള്ളില്‍ കോയമ്പത്തൂര്‍ ലേഖകന്‍ തോമസ് തട്ടാരടി തൃശൂര്‍ ഓഫീസില്‍ വിളിച്ചു വിവരമറിയിച്ചു . എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എന്‍ .എസ് . ജോര്‍ജ് സാര്‍ അയാളോട് സംഭവസ്ഥലത്തേക്ക് ഉടന്‍ പുറപ്പെടാന്‍ പറഞ്ഞു . തുടര്‍ന്ന് ബ്യൂറോയിലേക്ക് വിളിച്ചപ്പോള്‍ അറ്റന്‍ഡ് ചെയ്തത് ഞാനായിരുന്നു .
തനിക്ക് തഞ്ചാവൂരേയ്ക്ക് പോകാമോടേ ...യ മറുതലയ്ക്കല്‍ നിന്ന് മുഖവുരയില്ലാതൊരു ചോദ്യം .
തഞ്ചാവൂരോ ....പോകാം സാര്‍ ....ഒരു മടിയുമില്ലാതെ മറുപടി പറഞ്ഞു . എന്താ കാരണമെന്നു പോലും തിരക്കാതെയുള്ള എന്റെ മറുപടിയില്‍ അത്ര വിശ്വാസം തോന്നാത്തതു കൊണ്ടാവാം അദ്ദേഹം പറഞ്ഞു ....
അല്ലേ വേണ്ട ...തന്നെക്കൊണ്ട് പറ്റുമെന്നു തോന്നുന്നില്ല . പത്തു നൂറു പേര്‍ മരിച്ച സംഭവമാണ് . ഫ്രാങ്കോ ഇല്ലേ അവിടെ ....
ഫോണ്‍ ഫ്രാങ്കോ സാറിനു കൈമാറി . ടാക്‌സി വിളിച്ച് ഉടന്‍ പുറപ്പെടാന്‍ നിര്‍ദേശവും ലഭിച്ചു . എനിക്കാണെങ്കില്‍ ഭയങ്കര സങ്കടമായി , എന്നെ തഴഞ്ഞതില്‍ . ഒരു കാറ് , ഫ്രാങ്കോ സാറും ഫോട്ടാഗ്രാഫറും മാത്രം . ഞാന്‍ പതിയെ മണിയടിച്ചു .
സര്‍ , ഞാനും കൂടി പോന്നോട്ടെ . കാറില്‍ സ്ഥലമുണ്ടല്ലോ .
കുഴപ്പമില്ല ....ബ്യൂറോയിലാരാ ...
ഞാന്‍ പോളിനെയും സുതനെയും നോക്കി . നോ പ്രോബ്ലം ...ഞാന്‍ അവരുടെ കണ്ണുകളില്‍ നിന്നു വായിച്ചറിഞ്ഞു . ഫ്രാങ്കോ സാര്‍ എന്‍.എസ് .സാറിനെ വിളിച്ചു .
പ്രാഞ്ചിക്കു കൂടി പോരണമെന്ന് , വലിയ സംഭവമല്ലേ ...
അതിനെന്താ ...അവനും പൊക്കോട്ടെ ..കാഴ്ച കാണാനല്ല , സ്റ്റോറി തരണമെന്നു പറയണം .
സന്തോഷം കൊണ്ട് ഞാന്‍ തുള്ളിച്ചാടി . തമിഴ്‌നാടിന്റെ നാട്ടു ഭംഗികള്‍ ആസ്വദിച്ച് കോയമ്പത്തൂരിലെത്തി . തട്ടാരടിയെ വിളിച്ചപ്പോള്‍ അയാള്‍ കോയമ്പത്തൂരില്‍ നിന്ന് പുറപ്പെട്ടിട്ടില്ല . എന്തു ചെയ്യണമെന്നു രൂപമില്ലാതെ തട്ടിയും മുട്ടിയും നടക്കുകയാണ് . ഉടന്‍ കോയമ്പത്തൂര്‍ ഓഫീസിലെത്തി . അവിടുത്തെ ആശുപത്രികളിലായിരുന്നു ആദ്യ സന്ദര്‍ശനം . നാലഞ്ചു മൃതദേഹങ്ങളും പരിക്കേറ്റ ഏതാനും പേരുടെ വിവരങ്ങളും മാത്രം ലഭിച്ചു . അധികം വൈകാതെ തട്ടാരടിയെയും കൂട്ടി യാത്ര തുടര്‍ന്നു . ഏതാണ്ട് പന്ത്രണ്ടു മണിക്കൂര്‍ യാത്ര ചെയ്ത് തഞ്ചാവൂരിലെ യാഗശാലയിലെത്തുമ്പോഴേക്കും നേരം സന്ധ്യയായിരുന്നു . ആദ്യം സംഭവസ്ഥലം സന്ദര്‍ശിച്ചു . സാബു നിരവധി ചിത്രങ്ങളെടുത്തു . പിന്നീട് ആശുപത്രികള്‍ സന്ദര്‍ശനം . തഞ്ചാവൂര്‍ മെഡിക്കല്‍ കോളേജില്‍ കണ്ട കാഴ്ചയാണ് ആമുഖത്തില്‍ പറഞ്ഞത് . ഒരു നിമിഷം വന്ന കാര്യം പോലും മറന്ന് മനസ് മരവിച്ചു നിന്നു പോയി . അത്ര ദാരുണമായിരുന്നു ആ കാഴ്ച .
മുഖം ചതഞ്ഞരഞ്ഞ് വികൃതമായ ശരീരങ്ങള്‍... വസ്ത്രങ്ങള്‍ മുഴുവന്‍ ചെമ്മണ്ണില്‍ പുതഞ്ഞ കാല്‍പ്പാടുകളാല്‍ അനാവൃതമായിരുന്നു . മരിച്ചവരില്‍ ഭൂരിഭാഗവുംസ്ത്രീകളും കുട്ടികളുമായിരുന്നു . മരിച്ചതില്‍ പുരുഷന്മാരുമുണ്ട് .. അവരാകട്ടെ ഭൂരിഭാഗവും വൃദ്ധരും വികലാംഗരും കുട്ടികളും ...സ്വയരക്ഷക്കായുള്ള പ്രയാണത്തില്‍ പരാജയപ്പെട്ട് മൃത്യുവിനു മുമ്പില്‍ കീഴടങ്ങിയവര്‍ . ബോംബ് പൊട്ടിയതാണെന്നു വിളിച്ചു കൂവിയതിനെ തുടര്‍ന്നുണ്ടായ വിനയാണ് ഇത്രയും വലിയ ദുരന്തത്തിനിട വരുത്തിയത് .
തഞ്ചാവൂരിലെ ഈ പ്രസിദ്ധ ക്ഷേത്രം ഏക്കറുകളോളം വ്യാപിച്ചിരിക്കുന്നു . ചെങ്കല്ലുമലകളും ചെമ്മണ്‍ പാതയും കൂടിക്കലര്‍ന്ന ഈ ക്ഷേത്രം ആയിടയ്ക്കു നവീകരിച്ചതായിരുന്നു . തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് യാഗത്തില്‍ പങ്കെടുക്കാന്‍ ആളുകള്‍ കാലേകൂട്ടി എത്തിയിരുന്നു . പതിനായിരക്കണക്കിനു വരുന്ന ഭക്തര്‍ യാഗശാലയ്ക്കു സമീപമുള്ള തുറസായ സ്ഥലത്ത് ടെന്റുകള്‍ കെട്ടി വയ്പും കുടിയുമായി ഒരാഴ്ചയായി അവിടെ തന്നെയായിരുന്നു കഴിഞ്ഞിരുന്നത് . പല സ്ഥലങ്ങളില്‍ നിന്നുള്ള ഭക്തജനങ്ങളായതിനാല്‍ മരിച്ചവരെയും ഗുരുതരമായി പരിക്കേറ്റവരെയും തിരിച്ചറിയുക അത്രയെളുപ്പമായിരുന്നില്ല . ചില കുടുംബാംഗങ്ങള്‍ വിവിധ ആശുപത്രികളിലായി ചിതറിപ്പോയി.
ആശുപത്രി സന്ദര്‍ശനം നടത്തിക്കൊണ്ടിരിക്കെ മുഖ്യമന്ത്രി ജയലളിത സംഭവസ്ഥലം സന്ദര്‍ശിക്കുന്നുവെന്ന് അറിയിപ്പു ലഭിച്ചു . ഉടന്‍ സംഭവസ്ഥലത്തെത്തി . അപ്പോഴാണ് കണുന്നത് ...ഒരു ടാര്‍ പോളിന്‍ കൊണ്ട് പത്തിരുപത് മൃതദേഹങ്ങള്‍ മൂടിയിട്ടിരിക്കുന്നു . സംഭവസ്ഥലത്ത് മരിച്ചവരാണ് . ആരെന്നു തിരിച്ചറിഞ്ഞിട്ടില്ല .
മുഖ്യമന്ത്രിയുടെ വരവിനു മുമ്പായി പ്രതിപക്ഷ നേതാവ് കരുണാനിധിയുള്‍പ്പടെ പല നേതാക്കളും സംഭവസ്ഥലം സന്ദര്‍ശിക്കാനെത്തിയിരുന്നു . അവരുടെ വരവാണ് കൌതുകമുണര്‍ത്തിയത് . ചില സിനിമകളില്‍ കളിയാക്കിയാണെങ്കില്‍ പോലും തമിഴ് രാഷ്ട്രീയക്കാര്‍ വരുമ്പോള്‍ അകമ്പടിയായി കുറഞ്ഞത് ഇരുപത്തഞ്ചുകാറുകളെങ്കിലും ഉള്ളതായി കാണിക്കാറുണ്ട് . അതു വളരെ സത്യമാണെന്ന് അന്നു മനസിലായി . അതാണ് അവരുടെ ശൈലി. ഓരോ കാറിലും ഒന്നോ രണ്ടോ പേര്‍ മാത്രമേ കാണൂ . എന്നാലും കാറിന്റെ എണ്ണം കുറയ്ക്കില്ല . എല്ലാവരും വന്നാല്‍ നമ്മുടെ മാണി സാര്‍ മോഡല്‍ ഒരു പ്രകടനമാണ് ..കണ്ണു നിറച്ച് കണ്‍മുമ്പില്‍ കാണുന്നവരെയെല്ലാം നിലം പറ്റെ നടു വളച്ച് കൈകൂപ്പിയങ്ങു വണങ്ങും ...പിന്നെ മാധ്യമങ്ങളുടെ നേരെ തിരിഞ്ഞ് പുഞ്ചിരിച്ചു നില്‍ക്കും ....ദുഖത്തില്‍ നിന്ന് ചിരിയിലേക്കുള്ള ഭാവമാറ്റം ദ്രുതഗതിയിലാണ് . അപാരം തന്നെ .
അങ്ങനെ കാത്തു കാത്തിരുന്ന നേതാവെത്തി . സാക്ഷാല്‍ അമ്മ . നൂറു കണക്കിനു കാറുകളുടെ അകമ്പടി . ബീക്കണ്‍ ലൈറ്റുകളുമായി പോലീസ് , ആംബുലന്‍സ് , ഫയര്‍ഫോഴ്‌സ് വണ്ടികളുമുണ്ട് അകമ്പടിക്ക് . ഏറ്റവും മുമ്പില്‍ ബൈക്കില്‍ (ബുള്ളറ്റ് ) പോലീസ് സേനയും ഡിജിപി മുതലുള്ള എല്ലാ പോലീസ് മേധാവികളും . അവര്‍ക്കു പിന്നില്‍ ബീക്കണ്‍ ലൈറ്റും സൈറണും കാതടപ്പിക്കുന്ന ഹെവി ഡെസിബല്‍ ശബ്ദമുള്ള ഹോണടിയും . നടുക്ക് കരിമ്പൂച്ചകളുടെ സംരക്ഷണത്തില്‍ സാക്ഷാല്‍ പുരട്ചി തലൈവി –അമ്മ . അവര്‍ക്കു പിന്നില്‍ വന്‍ പോലീസ് സന്നാഹം . ഏറ്റവും പിറകില്‍ മറ്റു മന്ത്രിമാരും ചീഫ് സെക്രട്ടറി മുതലായ ഉദ്യോഗസ്ഥ വൃന്ദവും എഐഎഡിഎംകെ നേതാക്കന്മാരും . പ്രധാനമന്ത്രി , രാഷ്ട്രപതി തുടങ്ങിയവരുടെ സന്ദര്‍ശനങ്ങള്‍ കവര്‍ ചെയ്തപ്പോള്‍ പോലുമില്ലാത്തത്ര വാഹന വ്യൂഹവും പോലീസ് സേനയുമായിരുന്നു അവര്‍ക്കു ചുറ്റും .
അമ്മ ക്ഷേത്ര കവാടത്തിലെത്തിയപ്പോഴാണ് കഥ മാറിയത് . അതു വരെ സൌഹൃദത്തിലായിരുന്ന പോലീസുകാരുടെ വിധം മാറി . പത്രപ്രവര്‍ത്തകരാണെന്ന പരിഗണന പോലുമില്ലാതെ എല്ലാവരെയും വിരട്ടി ഓടിച്ചു . സുരക്ഷാ വലയത്തില്‍ പുറത്തിറങ്ങിയ അവരുടെ ദൈവമായ അമ്മയെ കാണാനും തൊടാനും ആളുകള്‍ നെട്ടോട്ടമോടുന്നതു കണ്ടു . തലേന്നത്തെ ദുരന്തത്തിന്റെ തനിയാവര്‍ത്തനമുണ്ടാകുമോ എന്നു പോലും ഞാന്‍ സംശയിച്ചു .അമ്പലം മുഴുവന്‍ ചുറ്റിക്കറങ്ങിയ അമ്മ കൂടി നിന്നവരെയെല്ലാം ആശ്വസിപ്പിച്ചു .അവിടെ വച്ചു തന്നെ മരണപ്പെട്ടവര്‍ക്കും പരിക്കേറ്റവര്‍ക്കും അടിയന്തിര സഹായം പ്രഖ്യാപിച്ചു . ഒരു കാര്യം കൂടി പറഞ്ഞു – ഇത് അടിയന്തിര സഹായമാണ് . ക്യാബിനറ്റ് കൂടി കൂടുതല്‍ ധനസഹായം നല്‍കുന്നതാണെന്നും പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ നല്‍കുന്നതാണെന്നും ഉറപ്പു നല്‍കി .ജയലളിത ഇതു പറഞ്ഞത് മാധ്യമങ്ങളോടായിരുന്നില്ല , സാക്ഷാല്‍ പ്രജകളോടായിരുന്നു .
തുടര്‍ന്ന് കാറില്‍ കയറാന്‍ തുടങ്ങവേ മാധ്യമപ്പടകള്‍ കാറു വളഞ്ഞു . ഇന്നത്തേപ്പോലെ ചാനലുകളുടെ അതിപ്രസരമില്ലാത്ത കാലമായിരുന്നു അത് . കേരളത്തില്‍ നിന്ന് ഏഷ്യാനെറ്റ് , സൂര്യ ടി വി എന്നിവ മാത്രം. ദുരന്തത്തേക്കുറിച്ച് ചോദ്യങ്ങളുന്നയിച്ചു , ജുഡീഷ്യല്‍ അന്വേഷണം തുടങ്ങിയ കാര്യങ്ങള്‍. അവരുടെ പ്രതികരണം അമ്പരപ്പിക്കുന്നതായിരുന്നു . ഒറ്റവാക്കില്‍ മറുപടി കഴിഞ്ഞു – നോ കമന്റ്‌സ് ...
പറയാനുള്ളത് ജനങ്ങളോടു പറഞ്ഞു കഴിഞ്ഞു . കൂടുതല്‍ കാര്യങ്ങള്‍ എല്ലാം പഠിച്ചതിനു ശേഷം . സമയമില്ല . ആശുപത്രികള്‍ സന്ദര്‍ശിക്കണം . ചെന്നൈയില്‍ മടങ്ങി എത്തിയ ശേഷം പത്രസമ്മേളനം വിളിക്കും . വീണ്ടും ചോദ്യം ചോദിക്കാനൊരുങ്ങിയ ഒരു പ്രാദേശിക ചാനല്‍ റിപ്പോര്‍ട്ടറെ രൂക്ഷമായി ഒന്നു നോക്കീ ജയലളിത – സരി അമ്മാ ...അയാള്‍ പഞ്ചപുച്ഛമടക്കി ആള്‍ക്കൂട്ടത്തിലേക്ക് ഉള്‍വലിഞ്ഞു . അതാണ് ജയലളിത എന്ന ഏകാധിപതി .
അന്നു രാത്രി കോയമ്പത്തൂര്‍ ഓഫീസിലെത്തി .മത്സരിച്ച് സ്റ്റോറികളെഴുതി ഞാനും ഫ്രാങ്കോ സാറും സ്‌കോറു ചെയ്തപ്പോള്‍ സൈഡ് സ്റ്റോറി എഴുതാന്‍ പറഞ്ഞ പ്രാദേശിക ലേഖകന് മെയിന്‍ സ്റ്റോറി എഴുതിയേ മതിയാകൂ. ഒമ്പതര ആയിട്ടും അയാളുടെ പേനയില്‍ നിന്ന് ഒറ്റ വരി പോലും ഉരുത്തിരിയുന്നില്ല . ഫ്രാങ്കോ സാര്‍ തനി നിറം പുറത്തിറക്കി . അപ്പോള്‍ അയാള്‍ പറയുകയാണ് വിവരങ്ങള്‍ എഴുതിയ കുറിപ്പ് നഷ്ടപ്പെട്ടു പോയെന്ന് . ഞങ്ങള്‍ അതിനകം അഞ്ചെട്ടു സ്റ്റോറികളെങ്കിലുംമ ഫയല്‍ ചെയ്തു കാണും. അതാകണം അയാളിലുള്ള ആത്മവിശ്വാസം നഷ്ടപ്പെടാന്‍ കാരണം . ഏതായാലും പത്തുമിനിറ്റിനുള്ളില്‍ ഫ്രാങ്കോ സാര്‍ മെയിന്‍ സ്റ്റോറി തയാറാക്കി പോസ്റ്റു ചെയ്തു .
പിന്നീട് ഹോട്ടല്‍ മുറിയില്‍ ഞങ്ങള്‍ക്ക് അദ്ദേഹം സല്‍ക്കാരമൊരുക്കി . അയാള്‍ മനസു തുറന്നു പറഞ്ഞു – നിങ്ങളില്ലായിരുന്നെങ്കില്‍ ഞാന്‍ കഷ്ടപ്പെട്ടു പോയേനെ .
പിറ്റേന്ന് ഉച്ച വരെ സംഭവസ്ഥലവും ആശുപത്രികളും പോലീസ് ആസ്ഥാനവും സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിച്ച് ഫോളോ അപ്പ് സ്റ്റോറികള്‍ തയാറാക്കി . ഇതിനിടെ ദിനകരനിലെ ലേഖകനുമായി ഞാന്‍ സൌഹൃദത്തിലായി .
തുടര്‍ന്ന് എല്ലാ ദിവസവും ഫോളോ അപ് ഇയാളില്‍ നിന്നു ശേഖരിച്ചു . ഒരു പരസ്പര സഹായ സഹകരണമായി ആ ബന്ധം ദീര്‍ഘനാള്‍ നീണ്ടു നിന്നു . കേരളത്തില്‍ നടക്കുന്ന വലിയ സംഭവങ്ങളെല്ലാം അയാള്‍ എന്നെ വിളിച്ച് അറിയാവുന്ന വിവരങ്ങള്‍ ശേഖരിക്കുമായിരുന്നു . തൃശൂരില്‍ സേവനം ചെയ്തിരുന്നപ്പോള്‍ അപകടങ്ങള്‍ നിത്യ സംഭവമായിരുന്നു . മുമ്പു സൂചിപ്പിച്ച പ്രകാരം വിവരങ്ങള്‍ ശേഖരിക്കാന്‍ മനസാക്ഷിയില്ലാത്തവരെ പോലെ പലപ്പോഴും പ്രവര്‍ത്തിക്കേണ്ടി വന്നിട്ടുണ്ട് . പുതിയ വാര്‍ത്താ സ്രോതസുകള്‍ തേടിക്കൊണ്ടിരുന്നപ്പോഴാണ് ഒരു വാര്‍ത്താ സ്രോതസ് തേടി വന്നത് സ്വകാര്യ ക്രെയിന്‍ സര്‍വീസുകള്‍ . കാരണം വന്‍ ദുരന്തങ്ങള്‍ നടന്നില്ലെങ്കില്‍ അവര്‍ പട്ടിണിയിലാകും . ശവപ്പെട്ടി കച്ചവടക്കാരനെപ്പോലെ മരണത്തെ സ്‌നേഹിക്കുന്ന കൂട്ടരില്‍ മാധ്യമപ്രവര്‍ത്തകരും ക്രെയിന്‍ സര്‍വീസുകാരും ഉള്‍പ്പെടും .
രണ്ടു ദേശീയ പാതകള്‍ കടന്നു പോകുന്ന ജില്ലയാണ് തൃശൂര്‍ .അതില്‍ പ്രധാനപ്പെട്ടത് ചെന്നൈ – തിരുവനന്തപുരം ദേശീയ പാതയാണ് . കോയമ്പത്തൂര്‍ മുതല്‍ ചാലക്കുടി വരെയുള്ള റോഡിലാണ് ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ നടക്കാറുള്ളത് . കോയമ്പത്തൂര്‍ മധുക്കരയാണ് അമിത വേഗത മൂലം പല വാഹനങ്ങളും അപകടത്തില്‍ പെടുന്നത് . അപകട കാര്യത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ മനസു മരവിച്ചവരെന്നു പറയുമ്പോള്‍ അവരിലുമുണ്ട് നല്ല സമരിയാക്കാര്‍ . അത്തരത്തില്‍ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട് പലരെയും രക്ഷിച്ച ടി.എ.സാബു അതിനുദാഹരണമാണ് . സാബുവിന്റെ അനുഭവങ്ങള്‍ പിന്നീടുള്ള അധ്യായങ്ങളില്‍ പരാമര്‍ശിക്കുന്നതാണ് .
മണ്ണുത്തി –പാലക്കാട് ദേശീയ പാതയില്‍ അപകടം വന്നാല്‍ അത് എപ്പോഴും വന്‍ ദുരന്തമായിരിക്കും. പ്രത്യേകിച്ച് പീച്ചിക്കടുത്ത് കുതിരാന്‍ കയറ്റം . ഈ റൂട്ടില്‍ കാതടപ്പിക്കുന്ന ശബ്ദത്തില്‍ സ്‌ഫോടനത്തെ അനുസ്മരിപ്പിക്കും വിധമാണ് വാഹനങ്ങളുടെ കൂട്ടിയിടി ശബ്ദം കേള്‍ക്കുക . പോലീസും ഫയര്‍ ഫോഴ്‌സുമൊക്കെ എത്തും മുമ്പ് നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു കഴിയും .ചുറ്റുവട്ടത്തുള്ള മിക്ക വീടുകളിലും വാഹനം കുത്തിപ്പൊളിക്കാനാവശ്യമായ ആയുധ ശേഖരങ്ങളുണ്ട് . കാരണം നിരന്തരമായ അപകടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തണമെങ്കില്‍ വാഹനം വെട്ടിപ്പൊളിച്ചേ മതിയാകൂ. നാട്ടുകാര്‍ ദ്രുതഗതിയില്‍ വാഹനം വെട്ടിപ്പൊളിച്ച് അതിനുള്ളിലകപ്പെട്ടവരെ പുറത്തെത്തിക്കുമ്പോഴേയ്ക്കും സൈറണ്‍ മുഴക്കി പോലീസും ഫയര്‍ ഫോഴ്‌സും ആംബുലന്‍സുമൊക്കെ എത്തും . അതു കൊണ്ടു തന്നെ പരിക്കേറ്റവരെ പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കാന്‍ കഴിയും . കുതിരാന്‍ കയറ്റത്തിനു പുറമേ പട്ടിക്കാട് , പീച്ചി , മണ്ണുത്തി , എറണാകുളം റൂട്ടില്‍ ഒല്ലൂര്‍ , പുതുക്കാട് , ആമ്പല്ലൂര്‍ , മണലി പാലം , കോഴിക്കോട് റൂട്ടില്‍ അമല , മുണ്ടൂര്‍ , കുന്നം കുളം തുടങ്ങിയ ഇടങ്ങളിലാണ് ദിവസേന അപകടങ്ങള്‍ പതിയിരിക്കുന്നത് .
അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മരിച്ചവരുടെ ഫോട്ടോ ശേഖരിക്കലാണ് ഏറ്റവും വേദനാജനകമായ കാര്യം . വീടുകളില്‍ ചെല്ലുമ്പോള്‍ ഉറ്റവരും ഉടയവരും മരണ വാര്‍ത്ത അറിഞ്ഞിട്ടുണ്ടാകില്ല . അങ്ങനെയുള്ള വീടുകളില്‍ നിന്നു ഫോട്ടോ ശേഖരിക്കുക അതീവ സാഹസകരമായ ജോലിയാണ് . ദോഷൈക ദൃക്കുകളായ ചില അയല്‍ക്കാര്‍ ഫോട്ടോയുടെ കാര്യം കേട്ടാലുടന്‍ അക്രമാസക്തരാകും . നിനക്കൊക്കെ മരണം ആഘോഷിക്കണമല്ലേ എന്നു തുടങ്ങും ആക്രോശങ്ങള്‍ . അങ്ങനെയുള്ളവരുടെ വാക്കുകള്‍ കേട്ട് പടം സംഘടിപ്പിച്ചു തരാമെന്ന് ഏററവും പെട്ടെന്നു നിലപാടു മാറ്റും . ഇത്തരം ദോഷൈക ദൃക്കുകളെ കയ്യിലെടുക്കാന്‍ പല തന്ത്രങ്ങളും മെനയേണ്ടി വരും . പിറ്റേന്നത്തെ പത്രത്തില്‍ ഫോട്ടോ സഹിതം വാര്‍ത്ത വന്നില്ലെങ്കില്‍ ദൂരെയുള്ള ബന്ധുക്കള്‍ അറിയാതെ പോകും എന്നു വരെ പറഞ്ഞു ബോധ്യപ്പെടുത്തും . പിന്നീടവിടെ ഒരു ഷോ ആണ് . ഞാന്‍ വീട്ടുകാരിലൊരാളായി മാറി നാട്ടുകാരെ കയ്യിലെടുക്കും . വീട്ടുകാരോടു മരണ വാര്‍ത്ത മറച്ചു വച്ച് പരിക്ക് അത്ര ഗുരുതരമല്ലെന്നും ഞാന്‍ ആളെ നേരില്‍ കണ്ടെന്നുംമ ഇപ്പോള്‍ ഓപ്പറേഷന്‍ തിയറ്ററിലാണെന്നും പറയും . അതോടെ അവര്‍ക്ക് വിശ്വാസം കൂടും . പിന്നെ കുടുംബ ആല്‍ബം സ്വന്തമാക്കും . മരിച്ച ആളാണെന്ന് ഉറപ്പു വരുത്തി ചിലപ്പോള്‍ വീട്ടുകാര്‍ പോലുമറിയാതെയും അവരുടെ അറിവോടെയാണെങ്കില്‍ പരിക്കേറ്റയാള്‍ ഇയാള്‍ തന്നെയാണോ എന്നുറപ്പു വരുത്താന്‍ ഫോട്ടോ എന്നു പറഞ്ഞ് ഫോട്ടോ സ്വന്തമാക്കും . പിന്നീട് നാട്ടുകാരില്‍ കുഴപ്പക്കാരല്ലെന്നു തോന്നുന്ന ആരെയെങ്കിലും ഫോട്ടോ കാണിച്ച് ഉറപ്പു വരുത്തും . ഫോട്ടോ മാറിപ്പോയാലുള്ള പുലിവാല് അറിയാമല്ലോ ...അഥവാ നാട്ടുകാര്‍ക്കു വിശ്വാസം വരാതെ വന്നാല്‍ അപകടം നടന്ന സ്ഥലത്തെ പോലീസ് സ്റ്റേഷനിലേക്ക് അവരുടെ സാന്നിധ്യത്തല്‍ തന്നെ വിളിച്ച് വിവരങ്ങള്‍ തിരക്കും . അതോടെ ഉടക്കി നിന്നവരും വിശ്വാസത്തിലേക്കെത്തും. ചില മരണ വീടുകളില്‍ പോയി ആല്‍ബങ്ങളുള്‍പ്പടെ എല്ലാ പടങ്ങളും അടിച്ചു മാറ്റി എക്‌സ്‌ക്ലൂസീവ് അടിക്കുന്ന ചില വിരുതന്മാരുണ്ട് . അതാണ് പത്രാധിപ ധര്‍മമെന്നാണ് അവരുടെ വിചാരം . ഞാന്‍ എല്ലാവര്‍ക്കും കൊടുത്തു കൊള്ളാമെന്നു പറഞ്ഞുകൊണ്ടാണ് മോഷണം നടത്തുന്നത് . മറ്റുള്ളവര്‍ ചെല്ലുമ്പോള്‍ ഒരു പടം പോലും അവശേഷിച്ചിട്ടുണ്ടാകില്ല . ചിലപ്പോള്‍ അവരുടെ ബന്ധുക്കളുടെ വീട്ടില്‍ പോയാണെങ്കിലും പടം സംഘടിപ്പിക്കും . ഇത്തരക്കാര്‍ പടം കൊടുത്തുകഴിഞ്ഞാല്‍ മൊബൈല്‍ ഓഫാക്കി ഒറ്റ മുങ്ങലാണ് . പിന്നെ പൊന്തുന്നത് പിറ്റേന്നു രാവിലെയും . അത്തരക്കാരോടെന്നും പുച്ഛം മാത്രമാണ് തോന്നിയിട്ടുള്ളത് . ഇതൊക്കെ എന്തു സ്‌കൂപ്പ് ...നല്ല സ്റ്റോറികള്‍ ചെയ്ത് മിടുക്കു കാട്ടാത്തവരാണ് ഇവരില്‍ ഭൂരിഭാഗവും .
ഒരുപാട് കൌതുകകരമായ വാര്‍ത്തകളുടെ ഉറവിടമാണ് തൃശൂര്‍ . അത്തരത്തിലുണ്ടായ ചില അനുഭവങ്ങളുമായി അടുത്ത അധ്യായത്തില്‍ വീണ്ടും കാണാം .
Contact:
Ph 9737928785 (Home)
9735183447(Cell)
fethadathil@gmail.com,fethadathil@yahoo.com
ശ്മശാനഭൂമിയായി യാഗശാല .....ആശുപത്രികളില്‍ ശവക്കൂമ്പാരം ..(അധ്യായം 15: ഫ്രാന്‍സിസ് തടത്തില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക