Image

കുതിരാന്‍ തുരങ്കങ്ങള്‍: കേരളത്തിന്റെ എഞ്ചിനിയറിങ് വിസ്മയം (എ.എസ് ശ്രീകുമാര്‍)

Published on 08 May, 2017
കുതിരാന്‍ തുരങ്കങ്ങള്‍: കേരളത്തിന്റെ എഞ്ചിനിയറിങ് വിസ്മയം (എ.എസ് ശ്രീകുമാര്‍)
തുരങ്കങ്ങള്‍ ഭൂമി തുരന്നുണ്ടാക്കുന്ന വിസ്മയ പാതകളാണ്. ഇരുളിന്റെ ആ നീളന്‍ പത്തായപ്പുരകളിലേയ്ക്ക് നാമിറങ്ങുമ്പോള്‍ ആവേശവും ഭീതിയുമൊക്കെ മനസ്സില്‍ ഉടലെടുക്കാം. പ്രകൃതിദത്തമായ തുരങ്കങ്ങളും മനുഷ്യ നിര്‍മിതമായതുമെല്ലാം ഒളിച്ചിരിക്കാനും വേഗത്തില്‍ ലക്ഷ്യസ്ഥാനത്തെത്താനുമുള്ള വഴികളാണ്. കേരളത്തിലെ റോഡ് ഗതാഗതത്തിന് കുതിരവേഗം നല്‍കിക്കൊണ്ട് തൃശൂര്‍ ജില്ലയിലെ 'കുതിരാന്‍ തുരങ്കങ്ങള്‍' നിര്‍മാണത്തിന്റെ അവസാനഘട്ടത്തിലേയ്‌ക്കെത്തുന്നു. ഇത് കേരളത്തിന്റെ മാത്രമല്ല, ഇന്ത്യയുടെ തന്നെ എഞ്ചിനീയറിങ് അത്ഭുതമാണ്. കുതിരാന്‍ ഒരു തുരങ്കവിശേഷത്തിലേയ്ക്ക്...

ആറുവരിപ്പാതയൊരുക്കുന്ന രണ്ടു തുരങ്കങ്ങളും തമ്മിലുള്ള അകലം 24 മീറ്ററാണ്. ഈ സയാമീസ് ഇരട്ട തുരങ്കങ്ങള്‍ക്ക് 14 മീറ്റര്‍ വീതിയും 945 മീറ്റര്‍ നീളവും 10 മീറ്റര്‍ ഉയരവുമുണ്ട്. 200 കോടി രൂപയോളം ചെലവുണ്ട്. ആയിരത്തോളം സ്‌ഫോടനങ്ങളിലൂടെ നീക്കം ചെയ്തത് ഇതുവരെ നാലു ലക്ഷം ക്യുബിക് മീറ്റര്‍ കല്ലും പൊടിയുമാണ്. തൃശൂര്‍-പാലക്കാട് ദേശീയപാത 47നരുകിലെ കുതിരാന്‍ മല കരിമ്പാറക്കെട്ടുകള്‍ നിറഞ്ഞതാണ്. റോഡിലെ ഗതാഗത കുരുക്ക് നിത്യ ശാപമായിരുന്നു. ഇനി അത് വേഗ വഴിക്കാപ്പം കൗതുകക്കാഴ്ചയുമൊരുക്കും. 

കീഴ്ക്കാം തൂക്കായ കുതിരാന്‍ മല ഒരുപക്ഷേ നമ്മേ പേടിപ്പെടുത്തും. സാഹസികര്‍ക്കാകട്ടെ ഈ മലകയറ്റം ഇഷ്ട വിനോദവുമാണ്. എണ്‍പതുകളുടെ മധ്യത്തില്‍ ഇതുവഴിയുള്ള യാത്ര, ശരിക്കും പറഞ്ഞാല്‍ 'റിസ്‌കി' ആയിരുന്നു. കുതിരാന്‍ മലയെ അക്കാലത്ത് വിശേഷിപ്പിച്ചിരുന്നത് 'കൊടും ക്രിമിനലുകളുടെ പറുദീസ' എന്നാണ്. എന്നും പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന റോഡിലൂടെ കാറിലോ  ബൈക്കിലോ കുതിരാന്‍ മലമ്പാതയിലൂടെ യാത്ര ചെയ്യുന്നവര്‍ ക്രിമനലുകളുടെ നിരന്തരമായ ആക്രമണത്തിനിരയായിരുന്നു. പലരുടെയും സ്വര്‍ണവും പണവും അപഹരിക്കപ്പെട്ടു. പരിക്കേറ്റവരും ജീവഹാനി സംഭവിച്ചവരും നിരവധി. ഒറ്റപ്പെട്ട സംഭവങ്ങള്‍ ഈ അടുത്തകാലത്തുമുണ്ടായി. 

ഈ തുരങ്കങ്ങള്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ പേടിയില്ലാതെ, അപകടമില്ലാതെ നമുക്കിവിടം കടക്കാം. വീതി കണക്കാക്കിയാല്‍ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ തുരങ്കങ്ങള്‍ തന്നെ. പൂര്‍ണമായും യാത്രാസജ്ജമാകാന്‍ ഇനി ഏതാനും മാസങ്ങള്‍ മാത്രം. പാലക്കാട്ടു നിന്ന് തൃശൂരിലേയ്ക്ക് വരുമ്പോള്‍ ഇടതു വശത്തുള്ള തുരങ്കത്തിലൂടെ ഓഗസ്റ്റില്‍ വണ്ടിയോടിത്തുടങ്ങും. രണ്ടാമത്തേതില്‍ ഡിസംബറോടെയും. മല തുരന്ന് മൂലമറ്റം പവര്‍ഹൗസ് നിര്‍മിച്ചതിനു ശേഷം ഇതുപോലൊരു സംരംഭം കേരളത്തില്‍ ആദ്യമാണ്. തുരങ്കങ്ങളില്‍ അവസാനവട്ട പണികളാണ് ഇപ്പോള്‍ നടക്കുന്നത്. 240 തൊഴിലാളികള്‍. കഠിനാധ്വാനത്തിന്റെ നൂറ്റിമുപ്പതോളം ദിനങ്ങള്‍. പ്രാദേശിക എതിര്‍പ്പുകള്‍ മൂലം നാലര മാസത്തോളം പണി മുടങ്ങിയിട്ടും ഒരു വര്‍ഷം തികയും മുമ്പ് നിര്‍മാണം പൂര്‍ത്തിയാക്കിയത് തൊഴിലാളികളുടെ മിടുക്ക്.

ഡല്‍ഹിയില്‍ ദേശീയപാത അതോറിറ്റിയുടെ ചീഫ് ജനറല്‍ മാനേജരായിരുന്ന കന്തസ്വാമിയും പാലക്കാട് പ്രോജക്ട് ഡയറക്ടറായിരുന്ന എം. കൃഷ്ണനുമാണ് ഇരട്ടത്തുരങ്കം എന്ന ആശയത്തിന് തുടക്കമിട്ടത്. 2006-ല്‍ വിശദ പദ്ധതി രേഖ തയ്യാറാക്കി. കുതിരാനില്‍ സംരക്ഷിത വനവും വന്യജീവി സങ്കേതവുമുണ്ട്. സ്ഥലമെടുക്കാന്‍ സുപ്രീം കോടതിയുടെ അനുമതി വേണം. തുല്യമായ സ്ഥലം സര്‍ക്കാരിനു വിട്ടുനല്‍കണം. വനം പോകുന്നതിന് നഷ്ടപരിഹാരം കെട്ടിവെക്കണം. ഇതെല്ലാം പൂര്‍ത്തിയാവാന്‍ വര്‍ഷങ്ങളെടുത്തു. 2007ലും 2008ലും ടെന്‍ഡര്‍ ചെയ്തിരുന്നെങ്കിലും ആരും വന്നില്ല. 2010ല്‍ കരാര്‍ ഉറപ്പിച്ചു. ആറുവരിപ്പാതയുടെ കരാറുകാരായ കെ.എം.സി കമ്പനി തുരങ്കം പണി പ്രഗതി ഗ്രൂപ്പിന് ഉപകരാര്‍ നല്‍കി. അന്തിമാനുമതി കിട്ടിയത് 2013ല്‍. പക്ഷേ, അപ്പോഴേക്കും എതിര്‍പ്പുകള്‍ കുതിരാന്‍ മലയോളം വളര്‍ന്നു. 

പദ്ധതി മുമ്പോട്ടു പോകില്ലെന്നു കരുതി ദേശീയപാത അതോറിറ്റി 2015ല്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. വിവരം ഗതാഗതമന്ത്രാലയത്തെ അറിയിച്ചു. അവസാന ശ്രമം കൂടി നടത്താന്‍ ഉദ്യോഗസ്ഥര്‍ തീരുമാനിച്ചത് വഴിത്തിരിവായെന്ന് പിന്നീട് ദേശീയപാത അതോറിറ്റിയുടെ പാലക്കാട് പ്രോജക്ട് ഡയറക്ടറായിരുന്ന പി. രാമനാഥന്‍ പറഞ്ഞു. 2015ല്‍ ജോലികള്‍ ആരംഭിച്ചു. കഴിഞ്ഞ വര്‍ഷം മെയ് 13ന് രണ്ടറ്റത്തു നിന്നും  പാറ തുരക്കല്‍ തുടങ്ങി. ആദ്യ പൊട്ടിക്കലില്‍ തന്നെ പാറക്കഷണങ്ങള്‍ ദേശീയപാതയിലും സമീപ പ്രദേശങ്ങളിലും തെറിച്ചു വീണതോടെ പണി നിര്‍ത്തേണ്ടി വന്നു. ജൂണില്‍ വീണ്ടും തുടങ്ങി. പാലക്കാട് നിന്നു വരുമ്പോള്‍ ഇടതുവശത്തുള്ള തുരങ്കം ഇക്കൊല്ലം ഫെബ്രുവരി 22നും രണ്ടാം തുരങ്കം ഏപ്രില്‍ 21നും കൂട്ടിമുട്ടി. ഇനിയുള്ള ജോലികള്‍ക്ക് സമയം കൂടുതലെടുക്കും. ഉള്ളില്‍ അപകടം ഉണ്ടായാല്‍ ഗതാഗതം തിരിച്ചുവിടാന്‍ രണ്ടു ഇടനാഴികള്‍ പൂര്‍ത്തിയാവണം. വൈദ്യുതീകരണം, അഴുക്കുചാല്‍, ഉള്ളില്‍ ഓക്‌സിജന്‍ ഉറപ്പാക്കാന്‍ എക്‌സോസ്റ്റുകള്‍, സി.സി.ടി.വി, നടപ്പാത, 24 മണിക്കൂറും വൈദ്യുതി ഉറപ്പാക്കല്‍ എന്നിവയാണ് തീരാനുള്ളത്. ഇതിന് അറുപതോളം തൊഴിലാളികള്‍ കൂടിയെത്തും.

തുരങ്കം പണിതു പരിചയമുള്ള ഉത്തരേന്ത്യക്കാരാണ് ഇവിടുത്തെ നിലവിലുള്ള 240 തൊഴിലാളികളും. പരിചയ സമ്പന്നര്‍ക്ക് കനത്ത ശമ്പളമാണ്. അപകടം പിടിച്ച ജോലിയാണിത്. പാറക്കഷണങ്ങള്‍ ഏതു നിമിഷവം ദേഹത്തു വീഴാം. ജലാറ്റിന്‍ സ്റ്റിക്കുപയോഗിച്ചുള്ള പൊട്ടിക്കലിനു ശേഷം പുക നിറയും. വെള്ളം തളിച്ച് പൊടി കുറയ്ക്കുമെങ്കിലും മനോധൈര്യമുള്ളവര്‍ക്കേ ഇപ്പണി ചെയ്യാനാകൂ. ഒരു തൊഴിലാളി മരിച്ചു. അയാള്‍ ജെ.സി.ബി ഓപ്പറേറ്ററായിരുന്നു. കല്ലുകള്‍ അടര്‍ന്നു വീണ് നാലുപേര്‍ക്ക് പരിക്കേറ്റു. ഒരു തവണ കവാടത്തില്‍ മണ്ണിടിഞ്ഞു. സീനിയര്‍ ഫോര്‍മാന്‍ തിരുവനന്തപുരം കല്ലമ്പലംകാരന്‍ എ. സുദേവന്‍, ഫോര്‍മാന്മാരായി തൃശൂര്‍ പഴുവില്‍ സ്വദേശി ബിജു, കുന്നംകുളത്തുകാരനായ വി.കെ. ചന്ദ്രന്‍, ഹരിപ്പാടുകാരനായ മോഹനദാസ്, ചാലക്കുടിക്കാരനായ നാരായണന്‍, എന്‍ജിനീയര്‍ വടക്കഞ്ചേരിക്കാരനായ ശ്രീനുവും മലയാളി സംഘത്തിലുണ്ട്. ആയിരത്തോളം സ്‌ഫോടനങ്ങള്‍ നടത്തി. ദിവസം തുരന്നത് അഞ്ചു മീറ്ററോളം.
***
    ഇനി മറ്റ് ചില റോഡ് ടണല്‍ വിചാരം... ലോകത്തിലെ ഏറ്റവും വലിയ റോഡ് ടണല്‍ നോര്‍വെയിലാണ്. 24.51 കിലോമീറ്റര്‍ നീളമുള്ള ഈ ടണലിന്റെ പേര് ലാര്‍ഡല്‍ ടണല്‍ എന്നാണ്. ബെര്‍ഗെന്റെ ഇരുനൂറു കിലോമീറ്റര്‍ വടക്കുകിഴക്കായുള്ള ടണല്‍ ലാര്‍ഡലിനെയും ഒര്‍ലാന്‍ഡിനെയും തമ്മില്‍ ബന്ധിപ്പിച്ചിരിക്കുന്നു. 1995ല്‍ നിര്‍മാണം ആരംഭിച്ച ലാര്‍ഡല്‍ ടണല്‍ 2000ത്തില്‍ ഗതാഗതത്തിന് തുറന്നു കൊടുത്തു. 113.1 മില്ല്യണ്‍ യു.എസ് ഡോളറാണ് നിര്‍മാണ ചെലവ്. അതായത് 1.082 ബില്ല്യണ്‍ നോര്‍വീജിയന്‍ ക്രോണ്‍. 25 ലക്ഷം ക്യുബിക് മീറ്റര്‍ പാറയാണ് നീക്കം ചെയ്തത്. ടണലില്‍ എമര്‍ജന്‍സി എക്‌സിറ്റുകളില്ല. പക്ഷേ അതിശക്തവും കാര്യക്ഷമവുമായ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

ലാര്‍ഡല്‍ ടണലിലൂടെ വാഹനമോടിക്കുന്നവരുടെ മാനസിക ആയാസം കുറയ്ക്കാന്‍ തുരങ്കത്തെ നാലായി വിഭജിച്ചിട്ടുണ്ട്. ആറ് കിലോമീറ്റര്‍ വീതം നീളമുളള മൂന്ന് വലിയ പര്‍വത ഗുഹകളും ഒരു മെയിന്‍ ടണലും എന്ന നിലയിലാണിത്. മെയിന്‍ ടണലില്‍ തൂവെള്ള പ്രകാശം  പരത്തുന്ന ലൈറ്റുകളാണുള്ളത്. മറ്റ് ഗുഹകളില്‍ മഞ്ഞയും നീലനിറവുമുള്ള ലൈറ്റുകള്‍ വിതാനിച്ചിരിക്കുന്നു. സൂര്യോദയത്തിന്റെ പ്രതീതി ജനിപ്പിക്കാനാണിത്. വായു ശുദ്ധമാക്കുന്നതിനുള്ള സംവിധാനവും വെന്റിലേഷനും കുറ്റമറ്റതാണ്. തുരങ്കത്തിന്റെ രണ്ട് പ്രവേശന കവാടങ്ങളിലും സ്ഥാപിച്ചിട്ടുള്ള കൂറ്റന്‍ ഫാനുകള്‍ ശുദ്ധമായ കാറ്റ് അകത്തേക്ക് അകത്തേയ്ക്ക് പ്രവേശിപ്പിക്കുകയും മലിനീകരിക്കപ്പെട്ട വായു വെന്റിലേഷനുകളിലൂടെ പുറം തള്ളുകയും ചെയ്യും. എയര്‍ ട്രീറ്റ്‌മെന്റ് പ്ലാന്‍ുള്ള ലോകത്തിലെ ആദ്യത്തെ ടണലാണിത്. പൊടിയും നൈട്രജന്‍ ഡയോക്‌സൈഡും ഈ പ്ലാന്റ് പുറംതള്ളും.

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റോഡ് ടണല്‍ ചെനായ്-നസ്രി ടണലാണ്. 9.2 കിലോമീറ്റര്‍ നീളമുള്ള ഈ ടണല്‍ ജമ്മു കാഷ്മീരിലെ ഉധംപൂര്‍ ജില്ലയിലാണ്. ഹിമാചല്‍ പ്രദേശിലെ റോട്ടാങ് ടണല്‍ ലോകത്തിലെ ഏറ്റവും ഉയരമുള്ള റോഡ് ടണല്‍ ആണ്. ഹിമാലയന്‍ പര്‍വത നിരകളിലുള്ള ഈ ടണലിന് 8.8 കിലോമീറ്റര്‍ നീളമുണ്ട്. സമുദ്രനിരപ്പില്‍ നിന്ന് 3,978 മീറ്റര്‍ ഉയരത്തിലാണ് സ്ഥാനം.

കുതിരാന്‍ തുരങ്കങ്ങള്‍: കേരളത്തിന്റെ എഞ്ചിനിയറിങ് വിസ്മയം (എ.എസ് ശ്രീകുമാര്‍)കുതിരാന്‍ തുരങ്കങ്ങള്‍: കേരളത്തിന്റെ എഞ്ചിനിയറിങ് വിസ്മയം (എ.എസ് ശ്രീകുമാര്‍)
Join WhatsApp News
വിദ്യാധരൻ 2017-05-08 07:02:18

കുതിരാൻ മലയെക്കുറിച്ച് വായിക്കുമ്പോൾ ഓർമയിൽ ഓടി എത്തുന്നത് പണ്ടെങ്ങോ സ്‌കൂളിൽ പഠിച്ച കഥയാണ്. (അവ്യക്തമായ ഓർമകൊണ്ട് കഥയിൽ അൽപ്പം ഭാവന കലർത്തിയിട്ടുണ്ട്  )  അന്ന് രാത്രിയിൽ അയാൾ ഒറ്റക്ക് കാറോടിച്ച്  കുതിരാൻ മല കയറുകയായിരുന്നു. വളഞ്ഞുംപുളഞ്ഞുമുള്ള റോഡ്, കട്ടപിടിച്ച ഇരുട്ട്. ഞരങ്ങിയും മൂളിയും കാറ് മുകളിലേക്ക് കയറയുകയാണ്. പെട്ടെന്നാണ് ഒരു കാവി വസ്ത്രധാരി കയ്യ് വീശിയത്. താടിവളർത്തി മീശകേശാദികളും കയ്യിൽ ഭാണ്ഡവുമായി നിലക്കുന്ന സന്യാസിയെ കണ്ടപ്പോൾ ആശ്വാസമായി. ഈശ്വരന്റെ കറുത്തലായി ഗണിക്കുകയൂം ആദരവോടെ അദ്ദേഹത്തെ പിൻ സീറ്റിൽ ഇരുത്തുകയും ചെയ്യുതു. താൻ മല നടന്നു കയറുകയായിരുന്നുവെന്നും ഈശ്വരാധീനം ഒന്നുകൊണ്ടുമാത്രമാണ് ആ വാഹനം കണ്ടതും തനിക്ക് അങ്ങെനെയൊരു അവസരം കിട്ടിയെതെന്നും സന്യാസി പറഞ്ഞു. അവരുടെ നിശബ്ധതയെ  ഭഞ്‌ജിച്ചുകൊണ്ട് കാറെഞ്ചിന്റെ മലകയറുമ്പോൾ ഉള്ള ബുദ്ധിമുട്ടിന്റെ  ഇരമ്പൽ മാത്രം കേൾക്കാം. പുറത്തെങ്ങും കുറ്റാകൂരിരുട്ട്. ശ്‌മശാന നിശബ്ദത. കാറ് ഒരു വളവുതിരിഞ് മുകളിലേക്ക് കയറുകയാണ്. അപ്പോളാണ് അയാൾ കാറിന്റെ പിൻഭാഗം കാണാനുള്ള കാണ്ണാടിയിൽ ശ്റദ്ധിച്ചത്. അയാൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. സന്യാസി ഭാണ്ഡകെട്ടുതുറക്കുകയാണ്. ഇടയ്ക്ക് മുന്നോട്ടും ഇടയ്ക്ക് കണ്ണാടിയിലൂടെ നോക്കി. അയാൾ ഞെട്ടിപോയി! ആ ഭാന്ധകെട്ടിൽ സ്വർണ്ണ വളകൾ അണിഞ്ഞ ഒരു കയ്യ്പത്തി. എന്ത് ചെയ്യണം എന്നറിയാതെ അയാൾ തരിച്ചിരുന്നു. എന്തെങ്കിലും ചെയ്യതെ പറ്റു അല്ലെങ്കിൽ തന്റെ ജീവൻ അപകടത്തിലാണ്. അടുത്തത് കിഴക്കൻ തൂക്കായ ഇറക്കമാണ്. നല്ല അവസരം!. ഇറക്കം ഇറങ്ങിക്കൊണ്ടിരുന്ന കാറ് നുട്ടറിലാക്കി കാറിന്റെ എൻജിൻ ഓഫ് ചെയ്‍തത് കാറ് ബ്രേയ്ക്ക് ചവുട്ടി സാവധാനം നിറുത്തി. എന്തുപറ്റിയെന്നു സന്യാസി ചോദിച്ചു. കാറിന്റെ എൻജിൻ നിന്നുപോയതാണെന്നും ഇറക്കം ആയതുകൊണ്ട് പതുക്കെ തള്ളിക്കൊടുത്താൽ കാറിന്റെ എൻജിൻ സ്റ്റാർട്ടാകുമെന്നും വളെരെ ഭവ്യതയോടെ അയാൾ സന്യസിയോട് പറഞ്ഞു. സന്യാസി പറഞ്ഞു സാരമില്ല ഞാൻ തള്ളിത്തരാം എന്ന് പറഞ്ഞു സന്യാസിയെക്കൊണ്ട് അങ്ങെനെ ചെയ്യുപ്പിക്കുന്നതിൽ ഖേദമുണ്ടെന്നും പറഞ്ഞു .എന്നാൽ അതു സാരമില്ല താൻ തള്ളാം എന്നുപറഞ്ഞു കാറിന്റെ പിൻഭാഗത്ത്പോയി തള്ളാൻ തുടങ്ങിയതും അയാൾ കാർ സ്റ്റാർട്ട് ചെയ്യുത് അതിവേഗം ഓടിച്ച് അവിടെനിന്നും രക്ഷപ്പെടുകയും ചെയ്‌തു. പിന്നീട് അടുത്തള്ള പോലീസ് സ്റ്റെൻഷനിൽ പോയി വിവരം അറിയിക്കുകയും കാറിന്റെ പിന്നിലെ ഭാണ്ടകെട്ടിന്റെ കാര്യം പറയുകയും ചെയ്‍തത് . അതിൽ കയ്യ് നിറയെ ആഭരങ്ങളുള്ള കയ്യ്പത്തിയും രക്തം ഉണങ്ങാതെ ഒരു മൂർച്ചയുള്ള കത്തിയും ഉണ്ടായിരുന്നു. ഭാഗ്യംകൊണ്ടും അവസരോചിതമായ ബുദ്ധിയുടെ പ്രയോഗംകൊണ്ടുമാണ് താൻ രക്ഷപ്പെട്ടെതെന്ന് പോലീസുകാർ ഓർപ്പിച്ചപ്പോൾ അയാൾക്കതൊന്നും വിശ്വസിക്കാൻ കഴിഞ്ഞില്ല.

പഠിക്കാനുള്ള പാഠം :-  അപരിചിതർക്കായി വീടിന്റെ വാതിൽ തുറക്കുന്നതും കാറിൽ റൈഡ് കൊടുക്കുന്നതും അപകടങ്ങൾ വരുത്തിവയ്ക്കും.



george V 2017-05-08 09:03:18
ശ്രീ വിദ്യാധരൻ, ആ പാഠപുസ്തകം നന്നായി ഓർക്കുന്നു. ആ പാഠത്തിന്റെ പേരായിരുന്നു "നിങ്ങളെ സമ്മതിക്കണം" അദ്ദേഹത്തിന്റെ ഭാര്യ എല്ലാം കഴിഞ്ഞപ്പോ പറഞ്ഞ വാക്കാണ് അത്
വിദ്യാധരൻ 2017-05-08 11:00:19
ജോർജ്ജ് വി-യ്ക്ക്  നന്ദി.  കാറിൽ അയാളുടെ ഭാര്യ ഉണ്ടായിരുന്നിരിക്കും അതുകൊണ്ടായിരിക്കും സന്യാസിയെ പുറകിൽ ഇരുത്താൻ ഇടയായത്. ഇത് അനുഭവകഥയോ സാങ്കല്പികമോ എന്നറിയില്ല എങ്കിലും മനസ്സിൽ തങ്ങിനിൽക്കുന്ന കഥ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക