Image

ഒരു പേരില്‍ എന്തിരിക്കുന്നു? (പകല്‍ക്കിനാവ്-51: ജോര്‍ജ് തുമ്പയില്‍)

Published on 08 May, 2017
ഒരു പേരില്‍ എന്തിരിക്കുന്നു? (പകല്‍ക്കിനാവ്-51: ജോര്‍ജ് തുമ്പയില്‍)
ചോദ്യം വായനക്കാരോടാണ്. ഒരു പേരില്‍ എന്തിരിക്കുന്നു? പലതുമുണ്ട് എന്നാണ് ഇപ്പോള്‍ ലോകം ചര്‍ച്ച ചെയ്യുന്നത്. കുട്ടികള്‍ക്ക് പേരിടുമ്പോള്‍ ഇല്ലാത്ത പേര് തപ്പി പോകുന്ന മാതാപിതാക്കള്‍ ഇപ്പോള്‍ ചെലവിടുന്നത് ഇന്റര്‍നെറ്റിലെ പേരുകള്‍ നല്‍കുന്ന വെബ്‌സൈറ്റുകളിലാണ്. ലോകത്ത് മറ്റാര്‍ക്കും ഇല്ലാത്ത പേരായിരിക്കണം തന്റെ കുട്ടിക്ക് എന്നു ശഠിക്കുന്ന മാതാപിതാക്കള്‍ തങ്ങളുടെ ഇഷ്ടം കുഞ്ഞിന്റെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് മനശാസ്ത്രജ്ഞന്മാര്‍ പറയുന്നു. എന്നാല്‍ അതിലൊന്നും കാര്യമില്ല, വെറൈറ്റിയാണ് ലക്ഷ്യമിടുന്നതെന്നാണ് പുത്തന്‍ മാതാപിതാക്കള്‍ പറയുന്നു. അതിനു വേണ്ടി ഏതറ്റം വരെ പോകാനും അവര്‍ തയ്യാറാവുന്നു. ഇപ്പോള്‍ ഇതൊക്കെ പറയാന്‍ കാരണം, അമേരിക്കന്‍ പ്രസിഡന്റ് മകള്‍ ഇവാങ്ക ട്രംപാണ്. കഥയിലെ നായിക ഇവരൊന്നുമല്ല. നായിക അങ്ങ് ഗള്‍ഫിലാണ്, സൗദി അറേബ്യയില്‍. പേരിടാനുള്ള പ്രായമേ ആകുന്നുള്ളു, കുട്ടിക്ക്.

ഏതൊരു മാതാപിതാക്കളെയും പോലെ ഈ കുട്ടിയുടെ അച്ഛനും അമ്മയും പേരിനായുള്ള പരക്കം പാച്ചില്‍ തുടങ്ങി. കണ്ണുടക്കിയത്, അങ്ങ് അമേരിക്കയിലുള്ള മിസ്റ്റര്‍ പ്രസിഡന്റിന്റെ മകളിലാണ്. ഇവാങ്ക. ആഹാാാ... എത്ര മനോഹരമായ പേര്. രണ്ടാമതൊന്ന് ആലോചിച്ചില്ല. സംഗതി അനൗണ്‍സ് ചെയ്തു. കുഞ്ഞിന്റെ പേര്- ഇവാങ്ക. ആശുപത്രി രജിസ്റ്ററുകളില്‍ പേര് എഴുതി ചേര്‍ത്തു. ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്യാന്‍ ചെന്നപ്പോഴാണ് രസം. മകള്‍ക്ക് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകളുടെ പേരിടാനുള്ള സൗദി പിതാവിന്റെ മോഹത്തിന് സ്റ്റേ. 'ഇവാങ്ക' എന്ന പേര് വിദേശിയായതിനാല്‍ അംഗീകരിക്കാനാകില്ലെന്ന് പേരുകള്‍ക്ക് അംഗീകാരം നല്‍കുന്ന സിവില്‍ സ്റ്റാറ്റസ് ഡിപ്പാര്‍ട്ട്‌മെന്റ് കുട്ടിയുടെ പിതാവിനെ അറിയിച്ചു. ആശിച്ചു മോഹിച്ചു കുട്ടിക്ക് ഇടാന്‍ വച്ച പേര് നടക്കില്ലെന്നറിഞ്ഞ പിതാവ് സംഗതി ലോകത്തെ മുഴുവന്‍ അറിയിക്കാന്‍ വേണ്ടി ഫേസ്ബുക്കില്‍ കാര്യം ബോധിപ്പിച്ചു. പുതിയ വിഷയങ്ങളൊന്നുമില്ലാതിരുന്ന നവമാധ്യമങ്ങള്‍ സംഭവം ഏറ്റെടുത്തു. ഷെയര്‍ ചെയ്യപ്പെട്ടത് ലക്ഷത്തിനു മുകളില്‍. ഇതങ്ങ് ഒറിഞ്ഞിനല്‍ ഇവാങ്ക എങ്ങാനും അറിഞ്ഞിരുന്നെങ്കില്‍ സംഗതി പുലിവാലായേനെ. ഇവാങ്ക അറിഞ്ഞോ എന്ന കാര്യം സ്ഥിരീകരിക്കാനായിട്ടില്ല. എന്നാല്‍ സംഗതി ബിബിസി അടക്കമുള്ള ലോക മാധ്യമങ്ങള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ മാലോകരൊക്കെ അറിഞ്ഞു.

സൗദിയുടെ വടക്കന്‍ പ്രവിശ്യയായ അറാര്‍ സ്വദേശിയായ സലിം അല്‍ അന്‍സിയാണ് തന്റെ മകള്‍ക്ക് ട്രംപിന്റെ മകളുടെ പേരായ ഇവാങ്ക എന്നു പേരിട്ടത്. തനിക്ക് ആ പേര് ഇഷ്ടമായതു കൊണ്ടാണ് മകള്‍ക്ക് ആ പേരിടാനുള്ള കാരണമെന്ന് കുട്ടിയുടെ പിതാവ് പറയുന്നു. ഏപ്രില്‍ 26-ന് അറാറിലെ വടക്കന്‍ നഗരത്തിലുള്ള മറ്റേണിറ്റി ആശുപത്രിയിലാണ് ഇവാങ്ക അല്‍ അന്‍സിയുടെ ജനനം. ഭരണകൂടം സംഗതി നടപ്പാക്കിയിട്ടില്ലെങ്കിലും ഇപ്പോഴും ആശുപത്രി രേഖകളില്‍ ഇവാങ്ക എന്നാണ് കുഞ്ഞിന്റെ പേര്. അതു തത്ക്കാലം മാറ്റുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും പിതാവ് പറയുന്നു.

കുട്ടിയുടെ ഫോട്ടോയും സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും ഫേസ്ബുക്ക് അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ഇവാങ്ക എന്ന പേര് കുട്ടിക്ക് നല്‍കിയിരുന്നുവെങ്കില്‍ ലഭിക്കുന്നതിനേക്കാള്‍ ആയിരം ഇരട്ടി പ്രചരണം, ഇപ്പോള്‍ പേര് നിഷേധത്തിലൂടെ കുട്ടിക്ക് ലഭിച്ചു കഴിഞ്ഞു. ഇവാങ്ക എന്ന വിദേശ പേര് നല്‍കിയതിനെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങളുയരുന്നുണ്ട്. ഇവാങ്കയോടുള്ള ആരാധന മൂത്ത് മകള്‍ക്ക് ആ പേര് നല്‍കിയത് സലീം തന്റെ ഭാര്യയെ അപമാനിക്കുന്നതിനു തുല്യമാണെന്ന വിമര്‍ശനവുമായി നിരവധി സ്ത്രീകളും രംഗത്തെത്തിയിട്ടുണ്ട്. അത് ഏതായാലും പുരുഷന്മാരുടെ മൊത്തം അഭിമാനത്തെയും അടിച്ച് ആക്ഷേപിക്കലിനു തുല്യമായതു കൊണ്ട്, ലോക പുരുഷ മഹാന്മാരൊക്കെയും ഇതിനെതിരേ പ്രതികരിച്ചു. ട്വിറ്ററില്‍ ഇതൊരു ട്രന്‍ഡിങ്ങായി മാറിയെന്നു ബിബിസി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സൗദി ഭരണകൂടം എന്തിനായിരിക്കണം ഈ പേര് വിലക്കിയതെന്നായിരുന്നു ലേഖകന്റെ ഏറെ നേരത്തെ ചിന്ത. ലോകത്ത് ഏതൊരാള്‍ക്കും സ്വന്തം കുഞ്ഞിന് ഇഷ്ടമുള്ള പേരിടാന്‍ അവകാശമില്ലേ എന്ന ചോദ്യത്തിന് വൈകാതെ ഉത്തരവും കിട്ടി. അതൊന്നും പറ്റില്ല. പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍. പാരമ്പര്യവാദത്തെ മുറുകെ പിടിക്കുന്ന സൗദിയില്‍ ഭരണകൂടം പറയുന്നത് ആപ്തവാക്യം. അതിനെക്കുറിച്ചുള്ള സംഗതി ഏതാണ്ട് ഇതാണ്-

സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ 2014-ലെ ഉത്തരവ് പ്രകാരം പുതുതായി ജനിക്കുന്ന കുട്ടികളുടെ പേരുകള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം ഉണ്ടായിരിക്കണം. കൂടാതെ രാജ്യത്തിന്റെ സംസ്കാരത്തിനോ മതത്തിനോ വിരുദ്ധമായതോ, വിദേശ പേരുകളോ ഉചിതമല്ലാത്ത പേരുകളോ പാടില്ലെന്നാണ് വ്യവസ്ഥ. ദൈവനിന്ദയുള്ള പേരുകളാണെന്നു ചൂണ്ടിക്കാട്ടി ചില വിദേശ പേരുകളടക്കം 50ഓളം പേരുകള്‍ക്ക് വിലക്കും ഏര്‍പ്പെടുത്തിയിരുന്നു. ഈ വ്യവസ്ഥ പ്രകാരമാണ് ഇവാങ്ക എന്ന പേരും സൗദി കുഞ്ഞിന് നിഷേധിച്ചത്. ഇവാങ്ക എന്ന പേര് സാംസ്ക്കാരികപരമായി ശരിയല്ലേ എന്ന ചോദ്യത്തിന് തത്ക്കാലം ആരും ഉത്തരം പറഞ്ഞു കേട്ടില്ല. പിതാവ് മാധ്യമങ്ങളോട് ഒരു കാര്യം പറഞ്ഞു, മകളെ കുടുംബത്തില്‍ ഇവാങ്ക എന്നു തന്നെ വിളിക്കുമെന്നും അറബിക്, സൗദി സംസ്കാരങ്ങളില്‍ മതപരമായോ, ധാര്‍മികമായോ ഒരു വിലക്കും ഈ പേരിന് ഇല്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. "ദൈവം കൃപയുള്ളവനാണ്' എന്നാണ് ഈ പേരിന്റെ അര്‍ത്ഥമെന്ന് പിതാവ് പറയുന്നു. അറാറില്‍ മുത്തശ്ശിയോടൊപ്പം കഴിയുന്ന സൗദി ഇവാങ്കക്ക് ഇനി "ലുമ' എന്ന പേരു നല്‍കുമെന്ന് കുടുംബ വൃത്തങ്ങള്‍ അറിയിച്ചു. നല്ലകാര്യം- എപ്പോഴും ഒരു ഇരട്ട പേരുള്ളത് നല്ലതു തന്നെ. എന്നാലും ഒരു പേരില്‍ ഇത്രവലിയ പുലിവാലു പിടിക്കേണ്ട എന്തു കാര്യമാണുള്ളതെന്നു മാത്രം മനസ്സിലാവുന്നില്ല.

ട്രംപ്-ഇവാന സെല്‍നിക്കോവ ബന്ധത്തിലുള്ള രണ്ടാമത്തെ മകളായ 35 കാരിയായ ഇവാങ്ക ട്രംപിനെ അപമാനിക്കുന്ന തരത്തില്‍ പെരുമാറിയ സൗദി ഭരണകൂടത്തിനെതിരേ വല്ല ഉപരോധവും ഉണ്ടാകുമോയെന്നാണ് ഇനി അറിയേണ്ടത്. പേരിട്ടതും, ഇട്ട പേര് കിട്ടാതെ പോയതുമൊക്കെ അമേരിക്കന്‍ വംശവെറിയന്മാരെ ചൊടിപ്പിക്കുമോ ആവോ?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക