Image

വനിതാ അഭയകേന്ദ്രത്തില്‍ എത്തപ്പെട്ട മലയാളി നവയുഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി

Published on 09 May, 2017
വനിതാ അഭയകേന്ദ്രത്തില്‍ എത്തപ്പെട്ട മലയാളി  നവയുഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം: സ്‌പോണ്‍സര്‍ പാസ്സ്‌പോര്‍ട്ട് പുതുക്കാന്‍ മറന്നു പോയതിനാല്‍ നാട്ടിലേക്കുള്ള മടക്കയാത്ര മുടങ്ങി വനിതാഅഭയകേന്ദ്രത്തില്‍ എത്തപ്പെട്ട മലയാളിയായ വീട്ടുജോലിക്കാരി നവയുഗം സാംസ്‌കാരിക വേദിയുടെയും സാമൂഹ്യപ്രവര്‍ത്തകരുടെയും സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി.

കൊല്ലം തേവലക്കര സ്വദേശിനിയായ മാജിദ ബീവി ഷാജഹാന്‍, മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സൗദി അറേബ്യയിലെ ദമ്മാമിലെ ഒരു വീട്ടില്‍ ജോലിക്കാരിയായി എത്തിയത്. എന്നാല്‍ ആ വീട്ടില്‍ ജോലിസാഹചര്യങ്ങള്‍ മോശമായതിനാലും, അഞ്ചു മാസത്തോളം ശമ്പളം കിട്ടാത്തതിനാലും അവിടെ തുടരാന്‍ കഴിയാത്ത അവസ്ഥയില്‍ അവര്‍ ശക്തമായി പ്രതിഷേധിച്ചു. ഒടുവില്‍ ഒത്തുതീര്‍പ്പില്‍ വന്ന സ്‌പോണ്‍സര്‍, മറ്റൊരു സ്‌പോണ്‍സറുടെ വിസയിലേയ്ക്ക് മാജിദ ബീഗത്തെ ട്രാന്‍സ്ഫര്‍ ചെയ്തു.

പുതിയ സ്‌പോണ്‍സറും കുടുംബവും നല്ലവരായിരുന്നു. അവര്‍ ശമ്പളമൊക്കെ കൃത്യമായി നല്‍കി. തുടര്‍ന്ന് പുതിയ വീട്ടില്‍ മൂന്നു വര്‍ഷത്തോളം മാജിദ ബീഗം ജോലി ചെയ്തു. ശേഷം ആരോഗ്യം മോശമായി തുടങ്ങിയപ്പോള്‍ നാട്ടിലേയ്ക്ക് എക്‌സിറ്റില്‍ മടങ്ങാന്‍ തീരുമാനിച്ചു. അതിനു സമ്മതം കൊടുത്ത സ്‌പോണ്‍സര്‍ എക്‌സിറ്റും വിമാനടിക്കറ്റും നല്‍കി മാജിദ ബീഗത്തെ വിമാനത്താവളത്തിലേക്ക് അയച്ചു.

എന്നാല്‍ നിര്‍ഭാഗ്യം അവരെ കാത്തിരിയ്ക്കുകയായിരുന്നു. വിമാനത്താവളത്തിലെ എമിഗ്രേഷനില്‍ വെച്ച് രേഖകള്‍ പരിശോധിച്ച ഉദ്യോഗസ്ഥന്‍, മാജിദയുടെ പാസ്സ്‌പോര്‍ട്ടിന്റെ കാലാവധി രണ്ടു ദിവസം മുന്‍പ് അവസാനിച്ചു എന്ന് കണ്ടെത്തി യാത്രാനുമതി നിഷേധിച്ചു. പാസ്സ്‌പോര്‍ട്ട് അത്രയും കാലം കൈയ്യില്‍ വാങ്ങി സൂക്ഷിച്ചിരുന്ന സ്‌പോണ്‍സര്‍, സമയത്ത് അത് പുതുക്കാന്‍ മറന്നു പോയിരുന്നു. എയര്‍പോര്‍ട്ട് അധികൃതര്‍
സ്‌പോണ്‍സറുമായി ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍, എക്‌സിറ്റും വിമാനടിക്കറ്റും തന്നു കഴിഞ്ഞതിനാല്‍, മാജിദയുടെ ഉത്തരവാദിത്വം ഇനി തനിയ്ക്കല്ല എന്ന നിലപാടാണ് അയാള്‍ സ്വീകരിച്ചത്. തുടര്‍ന്ന് മാജിദ ബീഗത്തെ അധികാരികള്‍ സൗദി പൊലീസിന് കൈമാറുകയും, പോലീസ് അവരെ വനിതാ അഭയകേന്ദ്രത്തില്‍ കൊണ്ടാക്കുകയും ചെയ്തു.

അഭയകേന്ദ്രത്തില്‍ വെച്ച് നവയുഗം ജീവകാരുണ്യപ്രവര്‍ത്തക മഞ്ജു മണിക്കുട്ടനെ പരിചയപ്പെട്ട മാജിദ ബീവി, നാട്ടിലേയ്ക്ക് മടങ്ങാന്‍ സഹായം അഭ്യര്‍ത്ഥിച്ചു. മഞ്ജു മണിക്കുട്ടന്‍ മാജിദ ബീവിയുടെ സ്‌പോണ്‍സറുമായി സംസാരിച്ചപ്പോള്‍, തനിയ്ക്ക് ഇക്കാര്യത്തില്‍ ഇനി ഒന്നും ചെയ്യാനില്ല എന്ന നിലപാടാണ് അയാള്‍ ആവര്‍ത്തിച്ചത്. തുടര്‍ന്ന് മഞ്ജു മണിക്കുട്ടന്‍ ഇന്ത്യന്‍ എംബസ്സി വഴി മാജിദ ബീവിയ്ക്ക് ഔട്പാസ്സ് എടുത്തു നല്‍കി. നവയുഗത്തിന്റെ അഭ്യര്‍ത്ഥന മാനിച്ച്, സാമൂഹ്യപ്രവര്‍ത്തകരായ നിസാം തടത്തില്‍, നൗഷാദ് തഴവ എന്നിവര്‍ വിമാനടിക്കറ്റ് സ്‌പോണ്‍സര്‍ ചെയ്തു.

സഹായിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞ്, മൂന്നാഴ്ചത്തെ വനിതാഅഭയകേന്ദ്രം താമസം അവസാനിപ്പിച്ച്, മാജിദ ബീവി നാട്ടിലേയ്ക്ക് മടങ്ങി.

വനിതാ അഭയകേന്ദ്രത്തില്‍ എത്തപ്പെട്ട മലയാളി  നവയുഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി
മാജിദ ബീവിയ്ക്ക് നിസാം തടത്തിലും നൗഷാദ് തഴവയും യാത്രാരേഖകള്‍ കൈമാറുന്നു. മഞ്ജു മണിക്കുട്ടന്‍ സമീപം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക