Image

യു ആര്‍ ദി ബെസ്റ്റ്‌: കിറ്റെക്‌സിന്‌ അമേരിക്കയില്‍ നിന്ന്‌ ബഹുമതി

Published on 28 February, 2012
യു ആര്‍ ദി ബെസ്റ്റ്‌: കിറ്റെക്‌സിന്‌ അമേരിക്കയില്‍ നിന്ന്‌ ബഹുമതി
ന്യൂയോര്‍ക്ക്‌: കിറ്റെക്‌സ്‌ ഗാര്‍മെന്റ്‌സിന്റെ പ്രധാന ഇറക്കുമതിക്കാര്‍ എന്ന നിലയില്‍ ബേബിസ്‌ ആര്‍ അസിന്റെ (ടോയ്‌സ്‌ ആര്‍ എസിന്റെ ഭാഗം) വെയ്‌നിലെ (ന്യൂജേഴ്‌സി) ആസ്ഥാനത്ത്‌ ബിസിനസ്‌ കാര്യങ്ങള്‍ സംസാരിക്കാന്‍ എത്തിയതാണ്‌ മാനേജിംഗ്‌ ഡയറക്‌ടര്‍ സാബു എം. ജേക്കബ്‌. സാബു എത്തിയതോടെ കമ്പനിയിലെ പ്രമുഖ വ്യക്തികള്‍ എല്ലാം പതിവില്ലാതെ സമ്മേളനത്തിനെത്തി.

യോഗത്തില്‍ ടോയ്‌സ്‌ ആര്‍ എസിന്റെ ലോകത്തിലെ ഏറ്റവും മികച്ച അസോസിയേറ്റ്‌ കമ്പനിക്കുള്ള അവാര്‍ഡും പ്ലാക്കും സാബുവിനു സമ്മാനിച്ചു. `അതൊരു അഭിമാന നിമിഷമായി. വിവിധ രാജ്യങ്ങളില്‍ നിന്നാണ്‌ കമ്പനി ഉത്‌പന്നങ്ങള്‍ ബഹുമതി നേടുന്നത്‌. അമേരിക്കയിലെ ഒരു വന്‍കിട ചെയിന്‍ സ്റ്റോര്‍ കിഴക്കമ്പലത്തെ ഒരു ഗ്രാമത്തില്‍ നിന്നുള്ള സ്ഥാപനത്തെ `ദി ബെസ്റ്റ്‌' എന്ന്‌ വിശേഷിപ്പിച്ച്‌ പ്ലാക്ക്‌ തന്നപ്പോള്‍ അമ്പരന്നുപോയി'- സാബു പറഞ്ഞു.

ഏഴുമാസം മുമ്പ്‌ അന്തരിച്ച പിതാവ്‌ എം.സി. ജേക്കബിനും, സ്ഥാപനത്തില്‍ 2,800-ല്‍പ്പരമുള്ള തൊഴിലാളികള്‍ക്കും മനസാ അര്‍പ്പിച്ചുകൊണ്ട്‌ സാബു ബഹുമതി ഏറ്റുവാങ്ങി.

അന്നാ അലൂമിനിയം, സാറാസ്‌ കറി പൗഡര്‍, കിറ്റെക്‌സ്‌ ലുങ്കികള്‍ എന്നിവയെല്ലാം ഇന്ത്യയില്‍ നിത്യോപയോഗ സാധനങ്ങളാണെങ്കിലും കിറ്റെക്‌സ്‌ ഗാര്‍മെന്റില്‍ നിന്നുള്ള ഉത്‌പന്നങ്ങള്‍ വിദേശികള്‍ക്കുള്ളതാണ്‌. അമേരിക്കയിലും, യൂറോപ്യന്‍ രാജ്യങ്ങളിലും പിറന്നു വീഴുന്നതുമുതല്‍ രണ്ടു വയസ്സുവരെ ഉപയോഗിക്കുന്ന വസ്‌ത്രം മിക്കവാറും കിഴക്കമ്പലത്തുനിന്നു വരുന്നതായിരിക്കും. 35 ലക്ഷം ഉത്‌പന്നങ്ങളാണ്‌ ബേബിസ്‌ ആര്‍.എസ്‌ മാത്രം ഒരു മാസം വാങ്ങുന്നത്‌. കമ്പനിയുടെ ഉത്‌പാദനത്തില്‍ എട്ടുശതമാനം അമേരിക്കയ്‌ക്ക്‌. ബേബിസ്‌ ആര്‍.എസിനു പുറമെ ഗര്‍പേര്‍, ജോക്കി എന്നിവ പ്രധാന ഇറക്കുമതിക്കാര്‍. യൂറോപ്പില്‍ മദര്‍ കെയര്‍, ഫ്രൂട്ട്‌ ഓഫ്‌ ദി ലൂം തുടങ്ങിയവ.

ഈ പ്രായത്തിലുള്ള കുഞ്ഞുങ്ങള്‍ക്കായി വസ്‌ത്രം നിര്‍മ്മിക്കാന്‍ ഏറെ പ്രശ്‌നങ്ങളുണ്ട്‌. വസ്‌ത്രത്തില്‍ നിന്ന്‌ എന്തെങ്കിലുമൊരു അലര്‍ജിയോ കുഴപ്പമോ ഉണ്ടായാല്‍ പ്രശ്‌നമായി. അതിനാല്‍ ഈ മേഖലയിലേക്ക്‌ അധികരമാരും വരുന്നില്ല. കുറച്ചുകൂടി പ്രായമുള്ളവര്‍ക്കായി ആര്‍ക്കും വസ്‌ത്രങ്ങള്‍ ഉണ്ടാക്കാമെന്നു സാബു പറഞ്ഞു. പക്ഷെ രണ്ടു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കായി നിര്‍മ്മിക്കുക അത്ര എളുപ്പമല്ല.

ഇന്ത്യയില്‍ ഒരുപക്ഷെ മുഴുവന്‍ എയര്‍ കണ്ടീഷന്‍ ചെയ്‌ത സ്ഥാപനം കിറ്റെക്‌സ്‌ ആയിരിക്കും. 4000 ടണ്‍ എ.സി പ്രവര്‍ത്തിക്കണം. അതിനായി ഡെഡിക്കേറ്റഡ്‌ വൈദ്യുതി ലൈനും ഉണ്ട്‌.

നൂല്‍ മാത്രമാണ്‌ പുറത്തുനിന്ന്‌ വാങ്ങുന്നത്‌. ഇന്ത്യയില്‍ ലഭിക്കുന്ന ഗുണമേന്മയുള്ള നൂല്‍ മറ്റൊരു രാജ്യത്തുമില്ലെന്നാണ്‌ സാബുവിന്റെ പക്ഷം. ആ നൂല്‍ നെയ്‌ത്‌ പ്രിന്റ്‌ ചെയ്‌ത്‌ വസ്‌ത്രങ്ങളാക്കി കയറ്റുമതി ചെയ്യുന്നതുവരേയുള്ള എല്ലാ പ്രക്രിയയും ഫാക്‌ടറിയില്‍ തന്നെ.

കിറ്റെക്‌സ്‌ സ്ഥാപനങ്ങളില്‍ ആകെയുള്ള 18,000 -ഓളം തൊഴിലാളികളില്‍ 12,000 പേരും ഫാക്‌ടറിയോടനുബന്ധിച്ച്‌ തന്നെയാണ്‌ താമസം. നാലു നേരത്തെ ഭക്ഷണമടക്കം എല്ലാ കാര്യങ്ങളും ഫാക്‌ടറിയുടെ മേല്‍നോട്ടത്തില്‍ തന്നെ. ഒരു ദിവസം 48,000 മീല്‍സ്‌ തയാറാക്കി തൊഴിലാളികള്‍ക്ക്‌ നല്‍കുന്ന ലോകത്തിലെ ഏക സ്ഥാപനവും ഇതായിരിക്കാം.

അമേരിക്കന്‍ വിപണി കീഴടക്കിയെങ്കിലും ഉത്‌പന്നങ്ങള്‍ കിറ്റെക്‌സിന്റെ പേരിലല്ല. മെയ്‌ഡ്‌ ഇന്‍ ഇന്ത്യ എന്ന്‌ മാത്രം ഉണ്ടാവും. അത്‌ മാറ്റി നേരിട്ട്‌ അമേരിക്കന്‍ വിപണിയിലിറക്കാനുള്ള പുറപ്പാടിലാണ്‌ കമ്പനി ഇപ്പോള്‍. ആറുമാസത്തിനകം അത്‌ സാധ്യമാക്കാന്‍ തയാറെടുപ്പുകളും തുടങ്ങി.

ചൈനയെ ഒരു ഭീഷണിയായി കാണുന്ന കാലം കഴിഞ്ഞെന്നാണ്‌ സാബുവിന്റെ പക്ഷം. മുമ്പ്‌ അവിടെ ജോലിക്കാര്‍ക്ക്‌ അധികം ശമ്പളം നല്‍കേണ്ടതില്ലായിരുന്നു. അതു മാറി. ഗുണമേന്മയുടെ കാര്യത്തില്‍ അവര്‍ക്ക്‌ നമ്മോട്‌ പിടിച്ചുനില്‍ക്കാന്‍ കഴിയുന്നുമില്ല.

കേരളത്തിലിപ്പോള്‍ തൊഴില്‍ സമരങ്ങളില്ലെന്നുതന്നെ പറയാം. സമരം ചെയ്യുന്നത്‌ എന്തോ കുറച്ചിലാണെന്ന ചിന്താഗതിയും പരന്നിരിക്കുന്നു. എന്നാല്‍ ഇപ്പോള്‍ തൊഴിലാളികള്‍ക്ക്‌ ധാരാളം അവസരങ്ങളുണ്ട്‌. ഒരിടത്തല്ലെങ്കില്‍ മറ്റൊരിടത്തേക്ക്‌ പോകുവാന്‍ ഒരു വിഷമവുമില്ല. കൂടുതല്‍ വ്യവസായത്തിനു പറ്റിയ സ്ഥലമായി കേരളം. ഒരിക്കലെങ്കിലും ഫാക്‌ടറികള്‍ കേരളത്തിനു പുറത്തേക്ക്‌ പറിച്ചുനടാന്‍ തങ്ങളാരും ശ്രമിച്ചിട്ടില്ല.

അമേരിക്കയിലിറക്കുന്ന ഉത്‌പന്നങ്ങളിലൊന്ന്‌ ചൂട്‌ നിയന്ത്രിക്കാന്‍ കഴിവുള്ള അണ്ടര്‍വെയറാണ്‌. തണുപ്പുകാലത്ത്‌ മൂന്നു ഡിഗ്രി ചൂട്‌ കൂടുതലായി അനുഭവപ്പെടും. വേനല്‍ക്കാലത്ത്‌ മൂന്നു ഡിഗ്രി കുറഞ്ഞും കിട്ടും. ജോക്കി മാര്‍ക്കറ്റ്‌ ചെയ്യുന്ന ഇത്‌ മേസിസില്‍ കിട്ടും.

വിദേശത്ത്‌ വില്‍പ്പനയ്‌ക്ക്‌ ഗുണമേന്മ മാത്രം പോര. കമ്പനി അന്താരാഷ്‌ട്ര നിലവാരം കാക്കുന്നുണ്ടോ, സാമൂഹിക കാര്യങ്ങളില്‍ ശ്രദ്ധിക്കുന്നുണ്ടോ എന്നൊക്കെ നോക്കും. കിറ്റെക്‌സില്‍ ഉപയോഗിക്കുന്ന വെള്ളം കുടിവെള്ളമായി പോലും ഉപയോഗിക്കാവുന്ന നിരവാരത്തിലാണ്‌ സംസ്‌കരിച്ച്‌ പുറംതള്ളുന്നത്‌. യു.എസ്‌ നിലവാരത്തേക്കാള്‍ കൂടുതല്‍ മികവ്‌.

`ഹരിതക' നിലവാരം പുലര്‍ത്തുകയാണ്‌ കമ്പനിയുടെ ലക്ഷ്യം. ഇപ്പോള്‍ തന്നെ ഏറ്റവും കുറഞ്ഞ വൈദ്യുതി ഉപയോഗിക്കുകയും ഏറ്റവും കുറഞ്ഞ മാലിന്യമുണ്ടാക്കുകയും ചെയ്യുന്ന സ്ഥാപനങ്ങളിലൊന്നാണ്‌. ഇക്കോ ഫ്രണ്ട്‌ലി എന്നതുതന്നെ ലക്ഷ്യം. പുതുതായി നടത്തുന്ന ഇന്‍വെസ്റ്റ്‌മെന്റില്‍ അഞ്ച്‌ മില്യന്‍ ഡോളര്‍ ഉപയോഗിക്കുക ജല സംസ്‌കരണത്തിനുവേണ്ടിയാണ്‌.

ഉടമകള്‍ക്കും ഷെയര്‍ഹോള്‍ഡേഴ്‌സിനും പണമുണ്ടാക്കുക മാത്രമല്ല. സാമൂഹിക പ്രതിബദ്ധത മറക്കാതിരിക്കുക എന്നതും തങ്ങളുടെ ദൗത്യമെന്ന്‌ വിശ്വസിക്കുന്നു.

ഇടത്തരം കുടുംബത്തില്‍ നിന്നും വന്ന പിതാവ്‌ എം.സി ജേക്കബ്‌ അന്നാ അലൂമിനിയം കമ്പനി 1968-ല്‍ സ്ഥാപിച്ചത്‌ ഇതേ ദൗത്യം മുന്നില്‍ കണ്ടാണ്‌. അന്ന്‌ കൂലിപ്പണി കിട്ടാന്‍ പോലും ആളുകള്‍ വിഷമിക്കുന്ന കാലത്താണ്‌ ഏതാനും പേര്‍ക്കെങ്കിലും ജോലിയാകട്ടെ എന്നു കരുതി കമ്പനി സ്ഥാപിച്ചത്‌. പഴയ അലൂമിനിയം വാങ്ങി അത്‌ കൊല്ലന്റെ ആലയിലെന്നപോലെ ചൂളയില്‍ ഉരുക്കി സ്‌പൂണുകളും മറ്റും ഉണ്ടാക്കിയാണ്‌ തുടക്കം. ഈ ആശയം എങ്ങനെ കിട്ടി എന്നു വ്യക്തമല്ല. അന്നു പത്തു ജോലിക്കാരുണ്ടായിരുന്നു. അതില്‍ രണ്ടു പേര്‍ അമേരിക്കയിലുണ്ട്‌.

സ്ഥാപനം പക്ഷെ പൊളിവിലായിരുന്നു. എന്നാല്‍ 1975-ല്‍ അലൂമിനിയത്തിനു ക്ഷാമം വന്നപ്പോള്‍ ഉത്‌പന്നങ്ങളെല്ലാം ചൂടപ്പം പോലെ വിറ്റുപോയി. സ്ഥിതി മാറി.

ഭക്ഷണമുണ്ടാക്കാന്‍ ഏറ്റവും നല്ല പാത്രം അലുമിനിയമാണ്‌. യാതൊരു ദോഷങ്ങളുമില്ല. അലുമിനിയം ഫോയില്‍ തന്നെ ഉദാഹരണം. കേരളത്തിലാണ്‌ അലുമിനിയത്തിനു ഏറെ മാര്‍ക്കറ്റ്‌. ഈയം അടങ്ങിയവയൊന്നും ചേര്‍ക്കാതെയുള്ള അലുമിനിയം എന്നതാണ്‌ അന്നാ ഉത്‌പന്നങ്ങളെ വേറിട്ടുനിര്‍ത്തുന്നത്‌.

സ്‌പൈസസ്‌ രംഗത്തു വന്നപ്പോഴും ഗുണമേന്മയുടെ കാര്യത്തില്‍ വിട്ടുവീഴ്‌ചയില്ല. ഞെട്ടു കളഞ്ഞ മുളകാണ്‌ പൊടിക്കുന്നത്‌. അപ്പോള്‍ തൂക്കം കുറയും. പക്ഷെ ഗുണമേന്മ കൂടും വിലയും. സ്‌പൈസസ്‌ മാര്‍ക്കറ്റില്‍ ഏഴു ശതമാനം മാത്രമാണ്‌ തങ്ങളുടെ ഷെയര്‍.

ഇത്രയും തൊഴിലാളികള്‍ വേണ്ടാത്ത ലാഭകരമായ കാര്യങ്ങളിലേക്ക്‌ വഴിമാറാന്‍ അവസരങ്ങളുണ്ടെന്ന്‌ സാബു പറഞ്ഞു. പക്ഷെ ചെയ്യുന്ന കാര്യങ്ങളില്‍ ഏറ്റവും മികച്ചതായി നിലനില്‍ക്കാനാണ്‌ തങ്ങളുടെ താത്‌പര്യം. ഒരുപാടി വ്യവസായങ്ങളില്‍ കൈവെയ്‌ക്കാനല്ല, നിലവാരമുള്ളതില്‍ ഒന്നാമതെത്തുക എന്നതാണ്‌ തങ്ങളുടെ ലക്ഷ്യം.

പബ്ലിക്‌ ലിമിറ്റഡ്‌ കമ്പനിയാണ്‌ കിറ്റെക്‌സ്‌. 1992-ല്‍ ഇന്‍കോര്‍പ്പറേറ്റ്‌ ചെയ്‌തു.

പതിമൂന്നാം വയസു മുതല്‍ വ്യവസായ രംഗത്തു പ്രവര്‍ത്തനം തുടങ്ങിയ സാബുവിന്‌ അനുഭവംതന്നെ പ്രധാന ഗുരു. ഇക്കോണോമിക്‌സ്‌ ബിരുദധാരിയായ സാബുവിന്റെ ഭാര്യ രഞ്‌ജിത. പുത്രന്‍ റോച്ചര്‍.
യു ആര്‍ ദി ബെസ്റ്റ്‌: കിറ്റെക്‌സിന്‌ അമേരിക്കയില്‍ നിന്ന്‌ ബഹുമതി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക