Image

വിഷുവിന്റെ നിറവ്-ദി യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് അറ്റ് ആസ്റ്റിന്‍

എബി ആനന്ദ്‌ Published on 09 May, 2017
വിഷുവിന്റെ നിറവ്-ദി യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് അറ്റ് ആസ്റ്റിന്‍
ഇത് രണ്ടാമത്തെ പ്രാവശ്യമാണ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് അറ്റ് ആസ്റ്റിനില്‍ വിഷു ആഘോഷിക്കുന്നത്. കലാലയത്തിലെ വിദ്യാര്‍ത്ഥികളും അധ്യാപകരുമൊക്കെയായി ഏകദേശം ഏഴുപതോളം പേര്‍ ആഘോഷങ്ങളുടെ ഭാഗമായി. കഴിഞ്ഞ വര്‍ഷം വിഷുവിന് ആണ് യു.റ്റി. ആസ്റ്റിന്‍ മലയാളി സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ ഉദ്ഘാടനവും വിഷു ആഘോഷവും ഒരുമിച്ച് നടത്തിയത്.

ഇത്തവണത്തെ വിഷു ഏപ്രില്‍ 20ന് കെങ്കേമമായി ആഘോഷിക്കുകയുണ്ടായി. സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജയ്‌സണ്‍ താമരവേലില്‍ അധ്യക്ഷനായി ആഘോഷങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചു. അദ്ദേഹത്തിന്റെ സ്വാഗതപ്രസംഗത്തോടെയായിരുന്നു തുടക്കം. ലോകത്തിന്റെ മറ്റൊരുകരയില്‍, അമേരിക്കയില്‍, മലയാള നാടിന്റെ സാംസ്‌കാരിക ആഘോഷങ്ങള്‍ അനുഭവിച്ചറിയുന്നതിന്റെ പ്രാധാന്യവും, അത് നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ എല്ലാവരും ഒത്തൊരുമയോടെ മുന്നോട്ടുള്ള ആഘോഷങ്ങളില്‍ പങ്കാളികളാകണമെന്നും ജയ്‌സണ്‍ താമരവേലില്‍ പറഞ്ഞു.

തുടര്‍ന്ന് മുഖ്യ അതിഥി യു.റ്റി. ആസ്റ്റിന്‍ സൗത്ത് ഏഷ്യാ ഇസ്റ്റിറ്റിയൂട്ട് ഡിറക്ടറും ഏഷ്യന്‍ സ്റ്റഡീസ് വിഭാഗത്തിലെ പ്രൊഫസറുമായ ഡോ. ഡോണ്‍ ഡേവിസും ഏഷ്യന്‍ സ്റ്റഡീസ് വിഭാഗത്തിലെ മലയാളം പ്രൊഫസര്‍ ഡോ.ദര്‍ശന മനയത്ത് ശശിയും മലയാളി സ്റ്റുഡന്റ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് സെബി പൊയ്ക്കാട്ടിലും ചേര്‍ന്ന് ദീപം തെളിയിച്ച് ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

ഡോ.ഡോണ്‍ ഡേവിസിന്റെ ഉദ്ഘാടന പ്രസംഗം മലയാളത്തിലായിരുന്നു. വിഷുവിന്റെ പ്രത്യേകതകളും മലയാളത്തിന്റെ പുതുവത്സര ആശംസകളുമേകിയുള്ള അദ്ദേഹത്തിന്റെ പ്രസംഗം കേരളത്തനിമ നിറഞ്ഞതായിരുന്നു. പരസ്പര സ്‌നേഹത്തിന്റെയും നമ്മുടെ ഹൃദയത്തിലെ സന്തോഷത്തിന്റെയും പങ്കുവക്കലുകളാണ് വിഷു എന്നും അദ്ദേഹം സൂചിപ്പിച്ചു.

മേടമാസത്തിലെ കാര്‍ഷിക ജീവിതത്തെ കുറിച്ചും വിഷു കാര്‍ഷിക സംസ്‌കാരത്തിന്റെ ഭാഗമായതിന്റെ പ്രാധാന്യത്തെകുറിച്ചും ഡോ.ദര്‍ശന മനയത്ത് ശശി സംസാരിച്ചു. അടുത്ത വിളവിറക്കലിന് തയ്യാറായി നില്‍ക്കുന്ന പ്രകൃതിയോടൊപ്പം നമ്മളും
ആ സന്തോഷം ഒരുത്സവമായി ആഘോഷിക്കുകയാണ് വിഷുവിലൂടെ എന്നും അവര്‍ സൂചിപ്പിച്ചു.

തുടര്‍ന്ന് ഷെല്‍ബി ജേക്കബിനെ വരുന്ന വര്‍ഷത്തെ മലയാളി സ്റ്റുഡന്റ്‌സ് അസോസിയേഷന്റെ പ്രസിഡന്റായി പ്രഖ്യാപിച്ചു. അതിനുശേഷം, അസോസിയേഷന്‍ വൈസ് പ്രസിഡന്റ് സെബി പൊയ്ക്കാട്ടിലിന്റെ നേതൃത്വത്തില്‍ വിഷുക്കണി ഒരുക്കല്‍ മത്സരവും ബ്ലാസ്റ്റിംഗ് ദ ബലൂണ്‍ തുടങ്ങിയ കളികളും അരങ്ങേറി. മത്സര വിജയികള്‍ക്ക് സമ്മാനങ്ങളും നല്‍കി. കേരളാ ചായയും പരിപ്പുവടയും ഏത്തക്കാ അപ്പവും സമൂസയും എല്ലാവര്‍ക്കും ഒരു പുതിയ അനുഭവമായിരുന്നു. യൂണിവേഴ്‌സിറ്റിയിലെ സൗത്ത് ഏഷ്യാ ഇന്‍സ്റ്റിറ്റിയൂട്ട് ആണഅ വിഷു ആഘോഷങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തത്.

വിഷുവിന്റെ നിറവ്-ദി യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് അറ്റ് ആസ്റ്റിന്‍വിഷുവിന്റെ നിറവ്-ദി യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് അറ്റ് ആസ്റ്റിന്‍വിഷുവിന്റെ നിറവ്-ദി യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് അറ്റ് ആസ്റ്റിന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക