Image

സ്വവര്‍ഗ്ഗാനുരാഗം പ്രമേയമെന്ന്; ശ്രീപാര്‍വതിയുടെ നോവലിന്റെ പ്രകാശനം തടഞ്ഞു

Published on 10 May, 2017
സ്വവര്‍ഗ്ഗാനുരാഗം പ്രമേയമെന്ന്; ശ്രീപാര്‍വതിയുടെ നോവലിന്റെ പ്രകാശനം തടഞ്ഞു
കൊച്ചി: സ്വവര്‍ഗ്ഗാനുരാഗം പ്രമേയമായ നോവലിന്‍റെ പ്രകാശനത്തിന് കോളജ് അധികൃതര്‍ അനുമതി നിഷേധിച്ചു. എഴുത്തുകാരി ശ്രീപാര്‍വതിയുടെ 'മീനുകള്‍ ചുംബിക്കുന്നു' എന്ന നോവലിന്‍റെ പ്രകാശത്തിനുള്ള അനുമതിയാണ് കോളജ് അധികൃതര്‍ നിഷേധിച്ചത്.

പ്രകാശനം എറണാകുളം സെന്‍റ് തെരേസാസ് കോളജില്‍ വെച്ച് നടത്താനാണ് ആദ്യം നിശ്ചയിച്ചിരുന്നത്. മെയ് 14ന് മൂന്നു മണിക്ക് കോളജ് ഓഡിറ്റോറിയത്തില്‍വച്ച് നടക്കുന്ന ചടങ്ങിന് മുന്‍കൂട്ടി അനുമതിയും വാങ്ങിയിരുന്നു. പുസ്തക പ്രകാശനം സംബന്ധിച്ച നോട്ടീസും ബ്രോഷറുമെല്ലാം തയാറാക്കിക്കഴിഞ്ഞ ശേഷം കോളജ് പ്രിന്‍സിപ്പല്‍ തന്നെ വിളിച്ച് പ്രകാശന വേദി അനുവദിക്കില്ലെന്ന് അറിയിക്കുകയായിരുന്നുവെന്ന് ശ്രീപാര്‍വതി പറയുന്നു.

പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന കോളജില്‍ ഈ പുസ്തകം വിദ്യാര്‍ഥിനികളുടെ ചിന്താഗതിയെ തെറ്റായി സ്വാധീനിക്കാനിടയുണ്ടെന്നാണ് ഇതിനെതിരെയുള്ള കോളജ് അധികൃതരുടെ വാദം. എന്തായാലും നിശ്ചയിച്ച സമയത്തു തന്നെ കോളജിന് സമീപമുള്ള കുട്ടികളുടെ പാര്‍ക്കില്‍ വച്ച് പ്രകാശന കര്‍മം നടത്താനാണ് സംഘാടകരുടെ തീരുമാനം.

വിവാദം ഉണ്ടായപ്പോള്‍ വ്യക്തിപരമായ വിഷയമായാണ് ആദ്യഘട്ടത്തില്‍ സമീപിച്ചതെങ്കിലും സമൂഹത്തിന്‍റെ മുഴുവന്‍ പ്രശ്‌നമാണ് ഇതെന്നു തിരിച്ചറിഞ്ഞതുകൊണ്ടാണ് പ്രതികരിക്കുന്നതെന്ന് എഴുത്തുകാരി പറഞ്ഞു. വാട്‌സാപ്പില്‍ സുഹൃത്തുക്കള്‍ക്ക് അയച്ച മെസേജിലൂടെയാണ് സംഭവം പുറത്തറിഞ്ഞതെന്നും ശ്രീപാര്‍വതി പറഞ്ഞു.

'മീനുകള്‍ പ്രണയിക്കുന്നു' ശ്രീപാര്‍വതിയുടെ ആദ്യനോവലാണ്. നോവലിന് അവതാരികയെഴുതിയത് പ്രശസ്ത സിനിമാ സംവിധായകനും നടനുമായ ജോയ് മാത്യുവാണ്.

see facebook post: 
മീനുകൾ ചുംബിക്കുന്നത് കാണാൻ നേരിട്ട് ക്ഷണിക്കുന്നു

see interview in Mathrubhumi
http://www.mathrubhumi.com/books/interview/-malayalam-novel-meenukal-chumbikkunnu-by-sreeparvathy-lesbian-love-st-theresa-college-1.1927979

പുസ്തകത്തിന്റെ പ്രകാശനവേദി നിഷേധിച്ചു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ വരുന്നുണ്ടല്ലോ?

സെന്റ് തേരെസാസ് കോളേജ് ആണ് പുസ്തക പ്രകാശനത്തിനുള്ള വേദിയായി നിശ്ചയിച്ചിരുന്നത്. എന്റെ സുഹൃത്ത് മുഖേനയാണ് വേദി ബുക്ക് ചെയ്തത്. അതുപ്രകാരം നമ്മള്‍ ബ്രോഷര്‍ വരെ അച്ചടിച്ചു. ചൊവ്വാഴ്ച പണമടച്ച രശീതി വാങ്ങിക്കാന്‍ സുഹൃത്ത് പോയപ്പോഴാണ്. പുസ്തകം കോളേജില്‍ വച്ച് റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്നും പുസ്തകത്തിന്റെ ഉള്ളടക്കവുമായി വിയോജിപ്പുണ്ടെന്നും കോളേജ് പ്രിന്‍സിപ്പല്‍ പറയുന്നത്.
ബ്രോഷറില്‍ പറയുന്നത് ലെസ്ബിയന്‍ പ്രണയമാണ്. അതൊന്നും കോളേജില്‍ അനുവദിനീയമല്ലെന്നായിരുന്നു പ്രിന്‍സിപ്പളിന്റെ നിലപാട്. വരുന്ന പതിനാലിനാണ് വേദി നിശ്ചയിച്ചിരുന്നത്. സ്വഭാവികമായും വേദി മാറ്റുമ്പോള്‍ ക്ഷണിച്ചവരെ അറിയിക്കണമല്ലോ. അങ്ങനെ ഞാന്‍ വാട്‌സാപ്പില്‍ സുഹൃത്തുക്കള്‍ക്ക് അയച്ച മെസേജിലൂടെയാണ് സംഭവം പുറത്തറിയുന്നത്.
പെണ്‍പ്രണയം എന്നൊരു പശ്ചാത്തലം നോവലിന് പ്രമേയമാക്കാന്‍ എന്താണ് കാരണം.
നമ്മള്‍ക്ക് അടുപ്പമുള്ളവര്‍, നമ്മുടെ പരിചയക്കാര്‍ ഇവരില്‍ ബൈസെക്ഷ്വല്‍ ആയിട്ടോ, ലെസ്ബിയന്‍ പ്രണയങ്ങള്‍ ഉള്ളവരൊ ഒക്കെ നമ്മുടെ കൂടെയുണ്ട്. അവരുടെ മാനസിക വികാരങ്ങളോടൊപ്പം ഒരു സുഹൃത്തെന്ന നിലയില്‍ എനിക്ക് അത്രയും ചേര്‍ന്നു നില്‍ക്കാനും കഴിഞ്ഞിട്ടുണ്ട്. അവരുടെ ഏകാന്തതകള്‍, അവരുടെ വികാരങ്ങള്‍, സങ്കടങ്ങള്‍ എല്ലാമായും ഒരുപാട് ചേര്‍ന്നു നില്‍ക്കാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്. പിന്നെ എന്തുകൊണ്ട് ഈ പ്രമേയം തിരഞ്ഞെടുത്തുകൂടാ എന്ന ചിന്തയാണ് മീനുകള്‍ ചുംബിക്കുന്നു എന്ന നോവലിന്റെ പിറവിയ്ക്ക് പിന്നില്‍.
പലര്‍ പറഞ്ഞ കഥകള്‍ വഴി, എനിക്ക് നേരിട്ടുള്ള അനുഭവങ്ങളും ഈ നോവലിന്റെ രചനയ്ക്ക് സഹായിച്ചിട്ടുണ്ട്. തുടങ്ങപ്പോള്‍ പെണ്‍ പ്രണയം എന്നൊരു പ്രമേയം മാത്രമെ എന്റെ മുന്നിലുണ്ടായിരുന്നുള്ളു പിന്നീട് പലയിടത്തുനിന്നായി പെണ്‍പ്രണയത്തെക്കുറിച്ചുള്ള പല കഥകളും എന്റെ മുന്നിലേക്ക് എത്തി. എന്റെയും, എന്നോട് ചേര്‍ന്നിരിക്കുന്ന പലരുടെയും സ്വഭാവങ്ങളും ഈ നോവലിലെ കഥാപാത്രങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.
ശ്രീപാര്‍വ്വതിയുടെ ആദ്യനോവലാണല്ലോ മീനുകള്‍ ചുംബിക്കുന്നു എന്നത്. നോവല്‍ എഴുതുമ്പോഴുള്ള അനുഭവങ്ങള്‍ എന്തൊക്കെയായിരുന്നു.
നോവല്‍ ആദ്യമായാണ് എഴുതുന്നത്. എന്റെ ഒരു സ്വഭാവം അനുസരിച്ച് എന്തെങ്കിലും എഴുതാന്‍ തുടങ്ങിയാല്‍ അത് അപ്പോഴെ തീര്‍ത്തിരിക്കണം. എന്തെങ്കിലും എഴുതാന്‍ തുടങ്ങുമ്പോള്‍ സ്റ്റാര്‍ട്ടിങ്ങ് ട്രബിള്‍ ഭയങ്കരമാണ്. അതൊരു നോവലാണെങ്കില്‍ പോലും. എഴുതാന്‍ തുടങ്ങിക്കഴിഞ്ഞാല്‍ അത് തീരുന്നത് വരെ യാതൊരു സമാധാനവും ഉണ്ടായിരിക്കില്ല.
നോവല്‍ ഒറ്റയിരിപ്പിന് തീര്‍ക്കുക എന്നത് എന്നെ സംബന്ധിച്ച് വലിയ വെല്ലുവിളി തന്നെയായിരുന്നു. അതുകൊണ്ട് തന്നെ എഴുതുന്നതുമായി ബന്ധപ്പെട്ട് മാനസിക വിഷമങ്ങള്‍ ധാരാളം ഉണ്ടായിരുന്നു. സുഹൃത്തുക്കളുടെയും കൂടെ നില്‍ക്കുന്നവരുടെയും പിന്തുണയുള്ളത് കൊണ്ട് മാത്രമാണ് നോവല്‍ പൂര്‍ത്തിയാക്കാന്‍ സഹായിച്ചത്. 

read full: http://www.mathrubhumi.com/books/interview/-malayalam-novel-meenukal-chumbikkunnu-by-sreeparvathy-lesbian-love-st-theresa-college-1.1927979
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക