Image

കൊണ്ടുവാഴിച്ചതും ചാത്താ, നീ...കൊണ്ടുകൊല്ലിച്ചതും ചാത്താ, നീ...!

അനില്‍ പെണ്ണുക്കര Published on 11 May, 2017
കൊണ്ടുവാഴിച്ചതും ചാത്താ, നീ...കൊണ്ടുകൊല്ലിച്ചതും ചാത്താ, നീ...!
ലോകത്ത് ഇന്നുകാണുന്ന എല്ലാജീവികളും വസ്തുക്കളും പരിണാമങ്ങള്‍ക്കു വിധേയമായാണ് രൂപംകൊണ്ടിരിക്കുന്നത്. അക്കൂട്ടത്തില്‍ ഇതുവരെയും ഒരു പരിണാമവും വന്നുചേരാത്ത ഒരേയൊരു ജീവിയേ ഉള്ളൂ. അത് പാറ്റയാണെന്നു എന്നു പറയപ്പെടുന്നു. എന്നാല്‍ അതുമാത്രമല്ല പരിണാമത്തിനു വിധേയമാകാത്ത ഒന്നുകൂടിയുണ്ടെന്ന് നമുക്കു ഇപ്പോള്‍പറയാനുണ്ട്. നമ്മുടെ കോടതികളും നിയമവ്യവസ്ഥയുമാണ് അത്.

സായിപ്പന്മാര്‍ അവരുടെ മേല്‍ക്കോയ്മ അടിച്ചേല്പിക്കാന്‍ നിര്‍മ്മിച്ച കൊട്ടുവടിയും കറുത്തകുപ്പായവുമായി, എല്ലാത്തിനും ഉപരിയാണെന്നു വരുത്തിസ്ഥാപിച്ചിട്ടുള്ളതാണ് ഇന്ത്യയിലെ കോടതിയും അവയുടെ പ്രവര്‍ത്തനവും. സ്വാതന്ത്ര്യം കിട്ടി ഏറെ നടന്നിട്ടും ഈ ചിഹ്നങ്ങളും അവകാശങ്ങളും പേടിപ്പെടുത്തലും ഇന്നും നമ്മുടെ കോടതിമുറികളില്‍നിന്നും തൂത്തെറിയപ്പെട്ടില്ല.
ദൈവം കഴിഞ്ഞാല്‍ ഇക്കാണായ പ്രപഞ്ചത്തിലെ എല്ലാകൊണ്ടും നിറഞ്ഞവരും എല്ലാം അറിയുന്നവരും സൃഷ്ടിക്കാനും സംഹരിക്കാനും പരിപാലിക്കാനും അധികാരവുമുള്ളവരായി നമ്മുടെ കോടതിയും അവയിലെ ജഡ്ജിമാരും മാറിയിരിക്കുന്നു. ചോദ്യംചെയ്യപ്പെടാനാവത്തവരും നിര്‍മ്മിക്കുവാനും സംഹരിക്കുവാനും പരിപാലിക്കുവാനും അധികാരമുള്ളവരും സ്വയംഭൂവാണെന്നാണ് നമ്മുടെ ന്യായാധിപന്മാരുടെ നിലപാട്.

അഴിമതിയോ അപരാധമോ മറ്റേതെങ്കിലും കറയോ ഏല്ക്കാതെ അമൃതുമാത്രം ഭക്ഷിക്കുന്നവരാണ് നമ്മുടെ ന്യായധിപന്‍മാര്‍.തങ്ങള്‍ക്കെതിരെവരുന്ന ആരോപണം എന്താണെങ്കിലും അതിനെപ്പറ്റി അന്വേഷിക്കുകയും അഴുക്കുപുരളാത്തവരാണെന്നു കാണിച്ചുകൊടുക്കാനുമുള്ള ചങ്കുറ്റം നമ്മുടെ ന്യായാധിപന്മാര്‍ കാണിക്കണമായിരുന്നു .മാത്രമല്ല അതുന്നയിച്ചാല്‍ വിവരം അറിയും. കാരണം നിയമവും കോടതിയും തങ്ങള്‍ക്കുമാത്രമുള്ളതാണ്. അതിലാരും ഇടപെടാന്‍ വരണ്ട.

ജഡ്ജി കര്‍ണ്ണന്‍ കോടതിയല്ക്ഷ്യത്തിനു ശിക്ഷിക്കപ്പെടുമ്പോള്‍ ഇന്ത്യയിലെ വോട്ടുകുത്തുന്നവരും നികുതിയടക്കുന്നവരും ഉടമയെന്നും കരുതുന്നവരുമായ ജനസഞ്ചയത്തിനു അവരുടെ സേവകരെപ്പറ്റി അറിയാന്‍ ന്യായമായ അവകാശമില്ലേ? ആ അവകാശം പറയുന്നവരെ ജയിലും തൂക്കുമരവും കാട്ടി പേടിപ്പിക്കുകയാണ്. ജഡജിയായും തങ്ങളെ ചോദ്യംചെയ്താല്‍, മുണ്ടുടുത്തിട്ടില്ലെന്നു പറഞ്ഞാല്‍ ജയിലടക്കുമെന്ന ശക്തമായ താക്കീതാണ് ഈ വിധി. ജഡ്ജിയുടെ ഗതി ഇങ്ങനെയാണെങ്കില്‍ സാധാരണക്കാരന്റെ അവസ്ഥ എന്തായിരിക്കുമെന്ന ചൂണ്ടുവിരല്‍കൂടിയാണ് ഈ വിധി. ഉടമകളായ ജനതയ്ക്ക് ശമ്പളം കൊടുക്കുവാന്‍മാത്രമേ ബാദ്ധ്യയുള്ളൂ.

കര്‍ണ്ണനെ ന്യായാധിപനാക്കിയത് ഈ കോടതിയും ജഡ്ജിമാരുമാണ്. കോടതികളില്‍ ജഡ്ജിമാരുണ്ടാകുന്നത് പാവപ്പെട്ടജനങ്ങള്‍ള്‍ വോട്ടുചെയ്‌തോ അവര്‍ തിരഞ്ഞെടുത്തുവിടുന്നവര്‍ തപസ്സുചെയ്തിട്ടോ അല്ല.
കോടതികളില്‍ നടക്കുന്നത് എന്തെന്ന് പൊതുജനം അറിയാന്‍പാടില്ലെന്ന ശാഠ്യത്തില്‍ മാധ്യമങ്ങള്‍ക്ക അവിടെ അലിഖിതമായ വിലക്കുകല്പിക്കുന്നു. വിവരാവകാശനിയമത്തെ പരിപാലിക്കുന്നവര്‍തന്നെ തങ്ങളുടെ പ്രവര്‍ത്തനവിവരങ്ങള്‍ പുറത്തേക്കുപോകാതിരിക്കാന്‍ പ്രയ്തനിക്കുന്നു. വല്ല കര്‍ണ്ണന്മാരും വല്ലതും വിളിച്ചുപറഞ്ഞാല്‍ അയാളുടെ കണ്ണുംനാവുംകെട്ടി കാരാഗൃഹത്തിലേക്കു തള്ളിവിടുന്നു.

ഇല്ല ഇനി ഒരു സാധാരണക്കാരനും ഒന്നും മിണ്ടാന്‍ ധൈര്യം കാട്ടില്ല. ആയുധധാരിയുടെ മുന്നില്‍ ആയുധമൊന്നുമില്ലാത്ത നിസ്സഹായന്‍ മിഴിച്ചുനില്ക്കുകയേ ഉള്ളൂ.
കര്‍ണ്ണന്‍ ചെയ്തത് പരിപൂര്‍ണ്ണമായും ശരിയെന്നു പറയുന്നില്ല. പക്ഷേ ആ ശരിക്കേടിന്റെ ഇടയില്‍ എന്തെല്ലാമോ ഒളിഞ്ഞുകിടന്ന് മിന്നുന്നുണ്ടെന്നു പറയാതെ വയ്യാ. കര്‍ണ്ണനെ ശിക്ഷിക്കുമ്പോള്‍ ഇത്രകൂടി പറയാതെ വയ്യാ!

കൊണ്ടുവാഴിച്ചതും ചാത്താ നീ,
കൊണ്ടുകൊല്ലിച്ചതും ചാത്താ നീ...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക