Image

അമ്മമാര്‍ക്കായി രണ്ടു കവിതകള്‍ (തൊടുപുഴ കെ. ശങ്കര്‍)

Published on 13 May, 2017
അമ്മമാര്‍ക്കായി രണ്ടു കവിതകള്‍ (തൊടുപുഴ കെ. ശങ്കര്‍)
(എല്ലാ അമേരിക്കന്‍ മലയാളി സുഹൃത്തുക്കള്‍ക്കും മാതൃദിനാശംസകള്‍....മുംബൈയില്‍ നിന്നു തൊടുപുഴ കെ. ശങ്കര്‍. അമ്മമാര്‍ക്കായി രണ്ടു കവിതകള്‍ സമര്‍പ്പിക്കുന്നു)

ദിവ്യദര്‍ശനം

ലക്ഷം തവണ ഞാന്‍
ക്ഷേത്രങ്ങളില്‍ തേടി
ലക്ഷ്മി, സരസ്വതി
ദേവിമാരെ!
കണ്ടേയില്ലെങ്ങുമൊ -
ടുവിലവരെ ഞാന്‍,
കണ്ടേനെന്നമ്മതന്‍
പൂമുഖത്തില്‍!

എന്റെ അമ്മ

സ്‌നേഹത്തിനാഴമളക്കാന്‍ കഴിയാത്ത
സാഗരമല്ലയോ മാത്രുഹ്രുത്തം.
ആ മഹാസാഗരവീചിയിലാവോളം
ആലോലമാടീയെന്‍ ബാല്യകാലം!

അമ്മടിത്തട്ടില്‍ മയങ്ങി ഞാന്‍ തൊട്ടിലില്‍
അമ്മതന്‍ താരാട്ടു കേട്ടുറങ്ങി.
ആ പുണ്യക്കൈകളാല്‍ വാത്സല്യമാര്‍ന്നെന്നെ
ഊട്ടിയ ചോറുണ്ടു ഞാന്‍ വളര്‍ന്നു!

എല്ലാമെനിയ്‌ക്കെന്നുമന്‍പോടു നല്‍കിടും
കല്‍പദ്രുമമെനിക്കമ്മയെന്നും.
ആദ്രുമക്കീഴില്‍ ഞാന്‍ നില്‍ക്കുവോളം തെല്ലും
ആര്‍ദ്രമാകില്ലമ്മേ, നിന്‍ മിഴികള്‍!

സ്ത്രീകളില്‍ രത്‌നമായ്, ഉത്തമസാധ്വിയായ്
ലോകത്തിനമ്മയായ് വര്‍ത്തിപ്പൂ നീ.
സൗമ്യത്തിന്‍, ത്യാഗത്തിന്‍ രൂപമായ് സദ്ഗുണ-
സമ്പന്നയായെന്നും വര്‍ത്തിപ്പു നീ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക