Image

സര്‍വം സഹയായി എന്നും എപ്പോഴും നമ്മുടെ അമ്മമാര്‍ (എ.എസ് ശ്രീകുമാര്‍)

Published on 13 May, 2017
സര്‍വം സഹയായി എന്നും എപ്പോഴും നമ്മുടെ അമ്മമാര്‍ (എ.എസ് ശ്രീകുമാര്‍)
നൊന്ത് പെറ്റ് വളര്‍ത്തി നമ്മെ പറക്ക മുറ്റിച്ചവരാണ് വാല്‍സല്യ നിധികളായ അമ്മമാര്‍. പൊന്നുമക്കള്‍ എത്രമേല്‍ വളര്‍ന്നാലും ലാളിച്ച് കൊതി തീരാത്തതാണ് മാതൃഹൃദയം. സര്‍വം സഹയാണ് അമ്മ. അമ്മയല്ലാതൊരു ദൈവമില്ല. അമ്മയാണ് സത്യം. ആ പ്രപഞ്ച ശരിയുടെ വെള്ളി വെളിച്ചത്തില്‍ മറ്റൊരു മാതൃദിനം കൂടി. ഇന്ന് നാം 'മദേഴ്‌സ് ഡേ' ആഘോഷിക്കുമ്പോള്‍ അമ്മമാര്‍ എല്ലാം മറന്ന് സന്തോഷിക്കട്ടെ. ആയുസ് വട്ടമെത്തും വരെ നമ്മുടെ അമ്മമാര്‍ക്ക് കൊടുക്കുവാനുള്ളത് തികഞ്ഞ ആദരവും സ്‌നേഹപരിലാളനവുമാണ്. ശരണാലയങ്ങളിലേക്ക് നടതള്ളി വിടുന്ന അമ്മമാരുടെ ചുടുകണ്ണീര്‍ പ്രളയത്തില്‍ ആരും മുങ്ങിപ്പോകാതിരിക്കട്ടെ.

അമ്മയെ ഭ്രമണം ചെയ്തുകൊണ്ടാണ് ജീവിതം പിച്ചവച്ചുതുടങ്ങുന്നത്. എന്താവശ്യത്തിനും ചിണുങ്ങിക്കൊണ്ട് വിളിക്കുന്നത് അമ്മയെ തന്നെ. ഏതൊരാപത്തില്‍ നിന്നും രക്ഷനേടാന്‍ അമ്മയുടെ സുരക്ഷിത സാമീപ്യത്തിനായി നാം ശഠിച്ച നാളുകളാണത്. വീടിന് പുറത്തിറങ്ങുമ്പോള്‍ അമ്മയുടെ ചൂണ്ടുവിരലില്‍ തൂങ്ങും. കളിച്ചു തിമിര്‍ത്ത് മറിഞ്ഞു വീഴുമ്പോള്‍ പറ്റുന്ന മുറിവുകള്‍ ഉമ്മവച്ച് അമ്മ ഭേദമാക്കിയിരുന്നു. ഊഷ്മളമായ ആശ്ലേഷത്തിനും ഉറവ വറ്റാത്ത സ്‌നേഹത്തിനുമായി നാം അമ്മയെ തിരയും. ജീവിതത്തിന്റെ കേന്ദ്രബിന്ദുവാണ് പെറ്റമ്മ. ലേകത്തിന്റെ മാഹാത്മ്യം, അല്ലെങ്കില്‍ ഭൂമിയിലെ ദൈവിക ഭാവം.  അസുഖം പിടിപെട്ട് കിടക്കുമ്പോള്‍ രാത്രിയില്‍ ഉറങ്ങാതെ കട്ടിലിനു സമീപം ഇരിക്കുന്നുണ്ടാവും അമ്മ, രോഗം എത്രയും വേഗം ഭേദമാക്കണമെന്ന് ദൈവത്തോട് പ്രാര്‍ഥിച്ചു കൊണ്ട്. ഈ പ്രാര്‍ഥന ഒരു വേദന സംഹാരിയായി മാറുന്നത് ഒരു പക്ഷേ, നാമറിയുന്നുണ്ടാവില്ല. നമ്മുടെ കോപാവേശങ്ങള്‍ സഹിച്ചുകൊണ്ടവര്‍ രാവിലെ ഉണരും, പ്രഭാത ഭക്ഷണവും മറ്റും തയ്യാറാക്കാന്‍. നന്നായി ആഹാരം കഴിച്ചില്ലെങ്കില്‍ സ്‌നേഹിച്ച് ശാസിക്കുന്നത് അമ്മയാണ്. മക്കള്‍ കരുത്തരും ആരോഗ്യമുള്ളവരുമായി വളരാന്‍ അമ്മമാര്‍ എല്ലാത്തരം ഭക്ഷണങ്ങളും പാചകം ചെയ്ത് തരുമല്ലോ. വിദ്യാര്‍ഥികളായിരിക്കെ നമ്മുടെ പരീക്ഷക്കാലമടുക്കുമ്പോള്‍ ടെന്‍ഷനടിക്കുന്നത് കുട്ടികളല്ല, അമ്മമാരാണ്. നിറമനസോടെ അവര്‍ പാഠങ്ങള്‍ ചൊല്ലിത്തരികയും പ്രോജക്ടുകള്‍ പൂര്‍ത്തിയാക്കാന്‍ സഹായിക്കുകയും ചെയ്യും. 

എന്നിട്ടും തോല്‍വിയുണ്ടാവുമ്പോള്‍ അമ്മയുടെ മേല്‍ പഴിചാരുന്ന എത്രയോ മക്കളുണ്ട്. സര്‍വം സഹയായതുകൊണ്ട് അമ്മയുടെ ഹൃദയം മക്കളുടെ തെറ്റുകള്‍ പൊറുക്കുവാന്‍ പ്രാപ്തമാണല്ലോ. പക്ഷേ, സ്വാര്‍ഥതയുടെ ചെകുത്താന്‍മാര്‍ വാസമുറപ്പിച്ച മനസുകൊണ്ട് അവരെ ശരണാലയങ്ങളില്‍ തള്ളിയ പാപത്തിന് എത്രവട്ടം ഗംഗയില്‍ മുങ്ങിയാലും പരിഹാരമാവില്ല. നമ്മുടെ വലിയ തെറ്റുകള്‍ക്കും കൊടും പാതകങ്ങള്‍ക്കും മാതൃമനസിനോട് മാപ്പിരക്കാന്‍ ഉചിതമായ ദിവസമാണ് മദേഴ്‌സ് ഡേ. ഈ ശുഭദിനത്തില്‍ നമ്മുടെ അമ്മമാര്‍ക്ക് ആദരവിന്റെ സുരഭില പുഷ്പങ്ങള്‍ സമ്മാനിക്കാം. കാരണം ദൈവം നമുക്ക് തന്ന സൗഭാഗ്യമാണ് അമ്മ.

ഏതാനും വര്‍ഷം മുമ്പുള്ള മദേഴ്‌സ് ഡേ ആഘോഷങ്ങള്‍ക്ക് ശേഷം 'ടൈംസ് ഓഫ് ഇന്ത്യ' റിപ്പോര്‍ട്ട് ചെയ്ത ഒരു സംഭവം ഓര്‍മവരുന്നു. അന്ന് അഹമ്മദാബാദിലെ നരന്‍പുരയിലുള്ള 'ജീവന്‍ സന്ധ്യ' എന്ന ഓള്‍ഡ് ഏജ് ഹോമില്‍ മദേഴ്‌സ് ഡേ ആഘോഷങ്ങള്‍ തകൃതിയായി നടക്കുകയാണ്. എന്‍.എച്ച്.എല്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് അക്കൊല്ലം പാസായ അന്‍പതിലേറെ ഡോക്ടര്‍മാരും ഉല്‍സാഹത്തോടെ സ്ഥലത്തുണ്ട്. ഓള്‍ഡ് ഏജ് ഹോമുകളില്‍ കഴിയുന്ന, മക്കളാല്‍ ഉപേക്ഷിക്കപ്പെട്ടവര്‍ക്ക് മെച്ചപ്പെട്ട പരിചരണവും സൗജന്യ വൈദ്യ സഹായവും നല്‍കാന്‍ അവര്‍ പതിവുപോലെ പ്രതിജ്ഞയെടുത്തു. 

ആഘോഷ പരിപാടികള്‍ നടന്നുകൊണ്ടിരിക്കെ മധ്യവയസ്‌കരായ മൂന്നു സ്ത്രീകള്‍, എഴുപതിലേറെ വയസ് പ്രായം തോന്നിക്കുന്ന ഒരു വൃദ്ധയുമായി അവിടേയ്‌ക്കെത്തി. ജീവന്‍ സന്ധ്യയുടെ അധികൃതര്‍ വരവിന്റെ ഉദ്ദേശ്യമെന്തെന്ന് ചോദിച്ചപ്പോള്‍, ഇത് തങ്ങളുടെ അമ്മയാണെന്നും അവരെ ഇവിടെ ചേര്‍ക്കാന്‍ എത്തിയതാണെന്നും 'മക്കള്‍' പറഞ്ഞു. എന്തുകൊണ്ട് സ്വന്തം അമ്മയെ ഓള്‍ഡ് ഏജ് ഹോമില്‍ പാര്‍പ്പിക്കുന്നു, അതും അമ്മമാരെ ആദരിക്കുന്ന ഈ മദേഴ്‌സ് ഡേയില്‍ തന്നെ എന്ന അധികൃതരുടെ ചോദ്യത്തിന് ആ വൃദ്ധമാതാവാണ് തന്റെ കദനകഥ പറഞ്ഞത്. 

''എനിക്ക് മുപ്പതുവയസുള്ളപ്പോള്‍ ഭര്‍ത്താവ് മരിച്ചു. മൂന്നു പെണ്‍ മക്കളെയും ഒരു മകനെയും വളര്‍ത്തേണ്ട ഉത്തരവാദിത്വം എന്റെ മാത്രം ചുമലിലായി. മറ്റു വീടുകളില്‍ പലതരം ജോലികള്‍ ചെയ്തു. പാത്രം കഴുകല്‍, തുണിയലക്കല്‍, വീട് വൃത്തിയാക്കല്‍ അങ്ങനെ എല്ലാം. കിട്ടുന്ന തുഛവരുമാനം കൊണ്ട് മക്കള്‍ക്ക് നല്ല ഭക്ഷണവും വിദ്യാഭ്യാസവും നല്‍കി. അവര്‍ വളര്‍ന്ന് വലുതായി വിവാഹം കഴിച്ചു. രണ്ട് പെണ്‍മക്കള്‍ക്ക് സര്‍ക്കാര്‍ ജോലി കിട്ടി. ഏക മകന് സ്വന്തമായി ഷോപ്പ് തുടങ്ങാന്‍ സ്വത്തില്‍ കുറച്ച് വിറ്റു...'' കണ്ണീര്‍ തുള്ളികളുടെ അകമ്പടിയോടെ അവര്‍ പറഞ്ഞ ജീവിതകഥയുടെ ബാക്കിയിങ്ങനെ.

ഷോപ്പില്‍ കച്ചവടം പൊടിപൊടിച്ചു. മകന്റെ ജീവിതം പച്ചപിടിച്ചു. എന്നാല്‍ അമ്മയും മകനും തമ്മിലുള്ള ബന്ധം പതുക്കെ വഷളായി. കഴിഞ്ഞ രണ്ടു വര്‍ഷമായി വീട്ടില്‍ എന്നും ബഹളമാണ്. വീട് തനിക്ക് എഴുതിത്തന്നിട്ട് അമ്മ സ്ഥലം വിടണമെന്നാണ് നിഷ്ടൂരനായ മകന്റെ ആവശ്യം. അമ്മയുടെ ദുരവസ്ഥ കണ്ട പെണ്‍മക്കള്‍ അവരെ തങ്ങള്‍ക്കൊപ്പം താമസിപ്പിക്കാന്‍ തീരുമാനിച്ചു. ഇതുകൊണ്ടൊന്നും പ്രശ്‌നമവസാനിച്ചില്ല. മകന്‍ സഹോദരിമാരെ കുറ്റപ്പെടുത്താന്‍ തുടങ്ങി. താന്‍ ജീവിച്ചിരിക്കെ അമ്മ സഹോദരിമാര്‍ക്കൊപ്പം നില്‍ക്കുന്നത് തനിക്ക് മാനക്കേടാണെന്നും സമൂഹത്തില്‍ തന്റെ പ്രതിഛായ കളങ്കപ്പെടുമെന്നുമായിരുന്നു മകന്റെ വാദം. സ്വാര്‍ത്ഥമതിയായ പുത്രന്റെ ദുരഭിമാനമാണിവിടെ പ്രകടമാവുന്നത്.

മദേഴ്‌സ് ഡേ രാവിലെ അയാള്‍ സഹോദരിമാരെ വെല്ലുവിളിക്കുകയും ഇതിന്റെ ദുരന്ത ഫലങ്ങളനുഭവിക്കാന്‍ നിങ്ങള്‍ തയ്യാറായിക്കോ എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കരുണയില്ലാത്ത മകന്റെ കലഹമാണ് വൃദ്ധ സദനത്തിലേയ്ക്ക് താമസം മാറ്റാന്‍ തന്നെ പ്രരിപ്പിച്ചതെന്നും ഈ നിലപാടിലൂടെ സ്വന്തം പെണ്‍മക്കളുടെ കുടുംബത്തില്‍ സമാധാനം പുലരട്ടെയെന്ന് മാത്രമാണ് തന്റെ ആഗ്രഹമെന്നും നിരാലംബയായ ആ അമ്മ പറഞ്ഞു. പ്രശ്‌നത്തില്‍ ജീവന്‍ സന്ധ്യ അധികൃതര്‍ അടിയന്തരമായി ഇടപെട്ടെങ്കിലും പരിഹാരം കാണാനായില്ല. അമ്മയെ തന്റെയൊപ്പം താമസിപ്പിക്കാന്‍ തയ്യാറാകാത്ത മകന്‍ സഹോദരിമാര്‍ക്കും ഭീഷണിയായതോടെ അവര്‍ക്കുമുമ്പില്‍ വൃദ്ധ സദനത്തിന്റെ വാതില്‍ എന്നെന്നേയ്ക്കുമായി തുറക്കുകയായിരുന്നു. ഇതാകട്ടെ ഒറ്റപ്പെട്ട സംഭവ കഥയുമല്ല.
***
ചര്‍ച്ച ചെയ്യപ്പെടേണ്ട മറ്റൊരു അടിയന്തര പ്രാധാന്യമുള്ള വിഷയം അമ്മമാരുടെ ആരോഗ്യമാണ്. ആരോഗ്യമുള്ള അമ്മമാരുടെ കാര്യത്തില്‍ ലോകത്തെ 79 അവികസിത രാജ്യങ്ങളില്‍ 75-ാം സ്ഥാനത്താണ് ഇന്ത്യ. പല ദരിദ്ര ആഫ്രിക്കന്‍ രാജ്യങ്ങളേക്കാളും ഒരുപാട് പിന്നില്‍. 'സേവ് ദ ചില്‍ഡ്രന്‍' എന്ന അന്താരാഷ്ട്ര സന്നദ്ധ സംഘടനയുടെ പുതിയ റിപ്പോര്‍ട്ട് പ്രകാരം ക്യൂബയാണ് ഒന്നാം സ്ഥാനത്ത്. ബോട്‌സ്വാനയും കാമറൂണും കോംഗോയും പോലുള്ള രാജ്യങ്ങള്‍ പോലും ഇന്ത്യയെക്കാള്‍ ഒരുപാട് മുന്നില്‍. ഒരാശ്വാസമുണ്ട്, പാകിസ്ഥാന്‍ ഇന്ത്യയെക്കാളും പിന്നിലാണ്.

ഇന്ത്യയില്‍ 53 ശതമാനം പ്രസവങ്ങള്‍ മാത്രമാണ് പരിശീലനം കിട്ടിയ ആരോഗ്യ പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ നടക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സ്ത്രീകളുടെ പ്രതീക്ഷിത ആയുസ്സ് 66 വയസ്സ് മാത്രം. അഞ്ചു വയസില്‍ താഴെയുള്ള കുട്ടികളില്‍ 48 ശതമാനം അപകടകരമായ തൂക്കക്കുറവുള്ളവരാണ്. പ്രസവവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെത്തുടര്‍ന്ന് 70,000ഓളം  സ്ത്രീകളാണ് പ്രതിവര്‍ഷം ഇന്ത്യയില്‍ മരിക്കുന്നത്. സമൂഹം സ്ത്രീക്കു നല്‍കുന്ന സ്ഥാനത്തിന്റെ ഏറ്റവും നല്ല തെളിവ് ഗര്‍ഭിണികളുടെ ആരോഗ്യമാണ്. കാരണം ജീവിതത്തില്‍ മറ്റൊരു സമയത്തും സ്ത്രീക്ക്  അത്രയും പരിഗണന കിട്ടുന്നില്ല. അക്കാലത്ത് തന്നെ ഇതാണ് സ്ഥിതിയെങ്കില്‍ ഇന്ത്യയിലെ അമ്മമാരുടെ പൊതുവിലുള്ള അവസ്ഥ എന്താവുമെന്ന് ഊഹിക്കാമല്ലോ.

ആരോഗ്യമുള്ള കുഞ്ഞിനും അമ്മയ്ക്കും വേണ്ടി യുണിസെഫ് മുന്നോട്ടു വയ്ക്കുന്ന ചില മാനദണ്ഡങ്ങളുണ്ട്. ഗര്‍ഭിണിയാകുന്നതിനു മുമ്പുതന്നെ സ്ത്രീ ആരോഗ്യവതിയും ആവശ്യത്തിന് പോഷകാഹാരം കഴിക്കുന്നവളുമായിരിക്കുക എന്നതാണതില്‍ പ്രധാനം. ഓരോ ഗര്‍ഭകാലത്തും പരിശീലനം സിദ്ധിച്ച ആരോഗ്യ പ്രവര്‍ത്തകയുടെ പരിചരണം ലഭ്യമായിരിക്കുക, പ്രസവസമയത്ത് ഡോക്ടര്‍, നേഴ്‌സ്, മിഡ് വൈഫ് മുതലായവരുടെ സേവനം ലഭ്യമായിരിക്കുക, വിഷമതകള്‍ ഉണ്ടെങ്കില്‍ പ്രത്യേക ചികിത്സ ലഭിക്കാന്‍ സൗകര്യമുണ്ടായിരിക്കുക, പ്രസവത്തിന്റെ ആദ്യ 24 മണിക്കൂര്‍, ആദ്യ ആഴ്ച, ആറാമത്തെ ആഴ്ച എന്നീ സമയങ്ങളില്‍ അമ്മയ്ക്കും കുഞ്ഞിനും വൈദ്യപരിശോധന ലഭ്യമാകുക.

എന്നാല്‍ ഇതൊന്നുമില്ലാതെ പാതയോരത്ത് പ്രസവിച്ച് പൊക്കിള്‍ക്കൊടി കടിച്ചുമുറിച്ച് വറ്റി വരണ്ടുതൂങ്ങിയ മുലയില്‍ നിന്ന് ഒരു തുള്ളി പാലെങ്കിലും കുഞ്ഞിന് കിട്ടുമെന്ന പ്രതീക്ഷയില്‍ ഒരു ജീവനെ വരവേല്‍ക്കേണ്ടി വരുന്ന അമ്മമാരെക്കുറിച്ച് മാതൃദിന പരിപാടികളില്‍ എത്രപേര്‍ വ്യാകുലപ്പെടുന്നുണ്ട്...? കൗമാരം വിടും മുമ്പേ അമ്മയാകാന്‍ വിധിക്കപ്പെട്ട് അകാലത്തില്‍ വാര്‍ധക്യത്തിന് കീഴ്‌പെടുന്ന അവിവാഹിതരായ പെണ്‍കുട്ടികളുമുണ്ടിവിടെ. മൃതശരീരം പോലും ഏറ്റെടുക്കാന്‍ ആളില്ലാതെ വഴിവക്കിലും വൃദ്ധസദനങ്ങളിലും എരിഞ്ഞുതീരുന്ന അമ്മമാരെ കണ്ടില്ലെന്ന് നടിക്കനാണ് നമുക്കിഷ്ടം. അവര്‍ക്കായി സ്‌നേഹത്തിന്റെ, വാത്സല്യത്തിന്റെ, കാരുണ്യത്തിന്റെ, നന്ദിയുടെ ഒരു തിരി നീട്ടാന്‍ കഴിയുന്നില്ലെങ്കില്‍ ഈ അമ്മദിനത്തിന് പ്രസക്തിയില്ല.

അമ്മ...അതൊരു സ്വര്‍ഗമാണ്, ഭാഗ്യമാണ്, ദൈവമാണ്, സത്യമാണ്, അനിര്‍വചനീയമായ സാന്നിധ്യമാണ്. എല്ലാ വേദനകളും വിഷമവും പോകും, ആ മടിയില്‍  ഒന്ന് തലവച്ചു കിടന്നാല്‍. മറക്കാനാവില്ല ആ സൗഭാഗ്യത്തെ...ഒരിക്കലും. കണ്ണ് ഉള്ളപ്പോള്‍ അതിന്റെ വില അറിയില്ലെന്ന് പറയുന്നതു പോലെ അമ്മയടുത്തുണ്ടാകുമ്പോള്‍ ആ സഫല ജന്‍മത്തിന്റെ മഹത്വം അറിയണമെന്നില്ല. പക്ഷെ സ്‌നേഹിക്കുക...ആദരിക്കുക...ബഹുമാനിക്കുക...ആ മഹത്വത്തെ...അമ്മയ്ക്ക് പകരം വയ്ക്കാന്‍ ഇന്നും എന്നും ഒന്നുമില്ല. 'അമ്മ' നിര്‍വ്വചനങ്ങള്‍ക്കപ്പുറമുള്ള വികാരമാണ്. പലര്‍ക്കുമറിഞ്ഞുകൂടാ സ്വന്തം അമ്മയെ എങ്ങനെ നിര്‍വചിക്കണമെന്ന്. ജീവിതത്തില്‍ പ്രശനങ്ങള്‍ നേരിടുമ്പോഴൊക്കെ അമ്മയുടെ മുഖമാണ് നമുക്ക് പ്രചോനമാവുന്നത്. 

അമ്മയേക്കാള്‍ വലുതായ മറ്റൊരു സമ്പത്തില്ല. പക്ഷേ ഇന്ന് പ്രായമായവരോട് കാണിക്കുന്ന അവഗണന, അവരെ പാടേ ഒഴിവാക്കല്‍...എല്ലാം ഒരു തുടക്കം മാത്രം, നാളത്തെ സ്ഥിതി തീര്‍ത്തും പരിതാപകരമാണ്. അമ്മയും അമ്മിഞ്ഞയും ഗര്‍ഭപാത്രവും വാടകയ്ക്ക് കിട്ടുന്ന ഇക്കാലത്ത് അമ്മക്ക് കുട്ടികളോടും തിരിച്ചും ഉള്ള മനസിന്റെ ഇഴയടുപ്പം എത്രമേല്‍ ഈടുറ്റതാണ് എന്നതും പരിശോധിക്കപ്പെടേണ്ടതുണ്ട്. അതേസമയം, കച്ചവടവല്‍ക്കരിക്കപ്പെടാത്ത മാതൃദിനാശംസകള്‍ അമ്മമാര്‍ക്ക് പരസ്പരം നേരാം. കാരണം, സ്‌നേഹം വില്‍ക്കാനല്ല, ധൂര്‍ത്തടിക്കാനാണ് അമ്മമാര്‍ നമ്മെ പഠിപ്പിച്ചിട്ടുള്ളത്. നിര്‍മലസ്‌നേഹം ഗിഫ്റ്റായിക്കൊടുത്ത് അമ്മമാരെ സന്തോഷിപ്പിക്കാം. 

''ഹാപ്പി മദേഴ്‌സ് ഡേ...'' 

സര്‍വം സഹയായി എന്നും എപ്പോഴും നമ്മുടെ അമ്മമാര്‍ (എ.എസ് ശ്രീകുമാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക