Image

അമേരിക്കയില്‍ മൂന്ന് അമ്മമാര്‍... മുന്ന് മക്കള്‍

Published on 14 May, 2017
അമേരിക്കയില്‍ മൂന്ന് അമ്മമാര്‍... മുന്ന് മക്കള്‍
പതിനേഴുകാരനായ അര്‍ണവ്  ഉപ്പലാപതിയെ നോര്‍ത്ത് കരോലിനയിലെ കേരി പോലീസ് അറസ്റ്റ് ചെയ്തിട്ട് രണ്ടുമാസമായി. കുറ്റം അമ്മയെ കൊലപ്പെടുത്തി. എന്തിനത് ചെയ്തുവെന്നു മാത്രം പോലീസ് ഇനിയും വെളിപ്പെടുത്തിയിട്ടില്ല.

ഒരു ബില്യനിലേറെ ജനസംഖ്യയുള്ള ഇന്ത്യയില്‍ മാതൃഹത്യ അത്രയൊന്നും ഉണ്ടാകാറില്ല. എന്നാല്‍ മുപ്പതു ലക്ഷം മാത്രം ജനസംഖ്യയുള്ള അമേരിക്കിയിലെ ഇന്ത്യക്കാര്‍ക്കിടയില്‍ മാതാവിനെ കൊല്ലുന്ന മുന്നു സംഭവങ്ങളാണ് ഒരു വ്യാഴവട്ടത്തിനിടയില്‍ ഉണ്ടായത്.

കുറ്റം ആരുടേതാണ്? മക്കളെ വേണ്ടവിധമല്ലേ നാം വളര്‍ത്തുന്നത്? മക്കള്‍ക്കുവേണ്ടി അമേരിക്കയില്‍ വന്നു എന്നു നാം സ്വയം വിശ്വസിപ്പിക്കുമ്പോള്‍ തന്നെ അവരെ വേണ്ട വിധത്തിലാണോ നാം വളര്‍ത്തുന്നത് എന്ന ചോദ്യവും ഉയരുന്നു.

അര്‍ണവിന്റെ അമ്മ നളിനി ടെല്ലപ്രൊലു (51) കൊല്ലപ്പെടുന്നത് ഒന്നരവര്‍ഷം മുമ്പാണ്.  2015 ഡിസംബര്‍ 17. പിതാവ് മഹേഷ് ബിസിനസ് ആവശ്യാര്‍ത്ഥം യാത്രയിലായിരുന്നു. അര്‍ണവിനു ഒരു സഹോദരികൂടിയുണ്ട്.

സ്കൂള്‍ വിട്ടു വന്നപ്പോള്‍ വീടിന്റെ ഗാരേജില്‍ അമ്മ മരിച്ചു കിടക്കുന്നതാണ് കണ്ടതെന്നു അര്‍ണവ്   പോലീസിനോട് പറഞ്ഞു. അര്‍ണവ്  തന്നെയാണ് പോലീസിനെ വിളിച്ചത്.  തലേന്ന് അത്താഴം കഴിച്ചശേഷം അമ്മയെ കണ്ടിട്ടില്ലെന്നും രാവിലെ താന്‍ പതിവുപോലെ സ്കൂളിലേക്ക് പോയെന്നും അര്‍ണവ്  പറഞ്ഞു. നളിനിയുടെ തലയില്‍ പ്ലാസ്റ്റിക് ബാഗ് വച്ച് ശ്വാസം മുട്ടിച്ച ശേഷം കഴുത്തു ഞെരിച്ചാണ് കൊന്നതെന്നു കണ്ടെത്തി. ശരീരത്തില്‍ മുറിവുകളുണ്ടായിരുന്നു.

സംഭവം കഴിഞ്ഞ് ഒരു വര്‍ഷവും മൂന്നു മാസവും കഴിഞ്ഞാണ് പോലീസ് അര്‍ണവിനെ  അറസ്റ്റ് ചെയ്തത്. അര്‍ണവ്   തുടക്കം മുതലേ തങ്ങളുടെ സംശയത്തില്‍ ഉണ്ടായിരുന്നുവെന്നു പോലീസ് പറയുന്നു. വീട്ടിലാരും അതിക്രമിച്ച് കടന്നിട്ടില്ല. അതുപോലെ പതിവിനു വിപരീതമായി വീട്ടിലെ അലാറാം സിസ്റ്റം ഓഫ് ചെയ്തു വച്ചിരിക്കുകയായിരുന്നു.

ഡ്യൂക് യൂണിവേഴ്‌സിറ്റി ഹെല്‍ത്ത് സിസ്റ്റത്തില്‍ ടെസ്റ്റിംഗ് കോര്‍ഡിനേറ്ററായിരുന്നു നളിനി. മക്കളായിരുന്നു അവരുടെ ജീവനെന്ന് സുഹൃത്തുക്കള്‍ സാക്ഷ്യപ്പെടുത്തുന്നു.

നളിനിയുടെ മരണത്തേക്കാള്‍ അര്‍ണവിന്റെ  അറസ്റ്റാണ് സമൂഹത്തെ ഞെട്ടിച്ചത്. എന്തു കൊണ്ടാണ് മക്കള്‍ ഇത്തരം കൃത്യങ്ങള്‍ ചെയ്യാന്‍ പ്രേരിതരാകുന്നത്? മക്കളെ വേണ്ട വിധത്തില്‍ നാം നിയന്ത്രിക്കുന്നില്ലേ?അതോ രണ്ടു സംസ്കാരങ്ങളിലെ ജീവിതം അവരുടെ മാനസിക നിലയെ ബാധിക്കുന്നുണ്ടോ? ഇത്തരം ചോദ്യങ്ങള്‍ പല ഭാഗത്തുനിന്നും ഉയരുന്നു.

അയല്‍ നഗരമായ മോറിസ് വില്ലിലെ മേയര്‍ പ്രോടേം സ്റ്റീവ് റാവുവും, മാനസിക പ്രശ്‌നങ്ങളെപ്പറ്റി നാം കൂടുതല്‍ അവബോധമുള്ളവരാകണമെന്ന് നിര്‍ദേശിച്ചു. കുട്ടികള്‍ അനുഭവിക്കുന്ന സമ്മര്‍ദ്ദവും പ്രശ്‌നങ്ങളുമൊക്കെ മനസിലാക്കുകയും പ്രതിവിധിക്ക് ശ്രമിക്കുകയും ചെയ്യണം .  എന്തായാലും ഈ സംഭവത്തെപ്പറ്റി സമൂഹം സത്യസന്ധമായി വിലയിരുത്തല്‍ നടത്തണമെന്ന് റാവു നിര്‍ദേശിച്ചു.

2005-ല്‍ രണ്ട് അമ്മമാര്‍ക്കാണ് മക്കളുടെ കൈയ്യിലൂടെ ജീവിതം നഷ്ടപ്പെട്ടത്. വിര്‍ജീനിയയില്‍ വിദ്യാര്‍ത്ഥിയായിരുന്ന ഇരുപതുകാരന്‍ ജയന്ത് കാദിയ
ന്‍ അമ്മ കിരണിനെ (52) കിച്ചണിലെ കത്തി എടുത്തു കുത്തി കൊന്നു. ഉന്നത സൗകര്യങ്ങളില്‍ വളര്‍ന്ന ജയന്ത് മയക്കുമരുന്നിന് അടിമയായിരുന്നു. അതിനു ചികിത്സയിലുമായിരുന്നു. സംഭവദിവസം ഡോക്ടറെ കാണാന്‍ പോകുവാന്‍ അമ്മ നിര്‍ബന്ധിപ്പച്ചോള്‍ ദേഷ്യം മൂത്ത് അമ്മയെ കത്തിയെടുത്തു കുത്തുകയായിരുന്നു. അമ്പത്തിരണ്ടുകാരിയായ അമ്മ തല്‍ക്ഷണം മരിച്ചു.

കേസ് വാദത്തിനു വന്നപ്പോള്‍ മാനസീക പ്രശ്‌നങ്ങള്‍ മൂലമല്ല  അച്ഛനോടും അമ്മയോടുമുള്ള കഠിന രോഷം മൂലമാണ് ജയന്ത് ഈ കടുംകൈ ചെയ്തതെന്ന് പ്രോസിക്യൂട്ടര്‍ വാദിച്ചു. എന്തായാലും ഇരുപത് വര്‍ഷം ശിക്ഷിക്കപ്പെട്ട ജയന്ത് ജയിലില്‍ തന്നെയാണ്.

ഒഹായോയിലെ ബ്ലൂ ആഷില്‍ ഡോ. മലര്‍ സുബ്രഹ്മണ്യം (28) അമ്മ സരോജയെ (53) കൊലപ്പെടുത്തിയതും അതേവര്‍ഷം തന്നെയാണ്. പീഡിയാട്രീഷനായ ഡോ. മലറിനെ പത്തുവര്‍ഷത്തേക്ക് ശിക്ഷിച്ചു.

ജയിലില്‍ ഏറ്റവും മാതൃകാ വ്യക്തിയായി മാറി എല്ലാവരുടേയും സ്‌നേഹാദരവുകള്‍ വാങ്ങിയ മലര്‍ നേരത്തെ തന്നെ ജയില്‍ മോചിതയായി -2012-ല്‍. അതിനുശേഷം ഉപരിപഠനത്തിനായി ന്യൂയോര്‍ക്ക് സിറ്റിയിലേക്ക് വന്നു.

എന്നാല്‍ മൂന്നു മാസം (2017 February) മുമ്പ് മന്‍ഹാട്ടനിലെ അപ്പാര്‍ട്ട്‌മെന്റില്‍ തൂങ്ങിമരിച്ച നിലയില്‍ അവർ  കാണപ്പെടുകയായിരുന്നു. റൂംമേറ്റിനും മറ്റും ക്ഷമചോദിച്ചുകൊണ്ട് കത്തെഴുതി വെച്ചായിരുന്നു ജീവനൊടുക്കിയത്. അപ്പോള്‍ മലറിനു   പ്രായം 40 വയസ്.

സരോജയും ഭര്‍ത്താവ് എന്‍ജിനീയറായ ബാലസുബ്രഹ്മണ്യനും 1979-ല്‍ അമേരിക്കയിലെത്തിയതാണ്. സരോജ കൊല്ലപ്പെടുന്നതിനു ഒന്നര വര്‍ഷം മുമ്പ് ഭര്‍ത്താവ് അപകടത്തില്‍ മരിച്ചു.

അമ്മയ്ക്ക് മാനസീക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും മക്കള്‍ക്ക് കടുത്ത നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നുവെന്നും ഡോ. മലറിന്റെ അറ്റോര്‍ണി ന്യൂയോര്‍ക്ക് പോസ്റ്റിനോട് പറയുകയുണ്ടായി. എന്നാല്‍ സരോജയുടെ സഹപ്രവര്‍ത്തകര്‍ അതു നേരത്തെ തന്നെ നിഷേധിച്ചിരുന്നു. സരോജയെ രണ്ടു നാള്‍ ജോലിക്കു കാണാതിരുന്നപ്പോള്‍ സഹപ്രവര്‍ത്തകര്‍ അന്വേഷിച്ചു വരുകയായിരുന്നു. സഹപ്രവര്‍ത്തകരോട് താത്പര്യം കാട്ടുന്ന വ്യക്തി മക്കളോട് ദയയില്ലാതെ പെരുമാറി എന്നതു വിശ്വസിക്കാനാവുന്നില്ലെന്നു അവരുടെ ചാര്‍ച്ചക്കാരും ചൂണ്ടാക്കാട്ടി.

എന്തായാലും ഇത്തരം സംഭവങ്ങള്‍ സമൂഹത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വിധേയമാകുമെന്നുറപ്പ്.
 (ഇ-മലയാളി ഇംഗ്ലീഷ് പതിപ്പ് ഇന്ത്യാ ലൈഫ് ആന്‍ഡ് ടൈംസിനോട് കടപ്പാട്. മാസികയുടെ ഡിജിറ്റല്‍ സബ്‌സ്ക്രിപ്ഷന്‍ ഒരു വര്‍ഷത്തേക്ക് 12 ഡോളര്‍. സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ബന്ധപ്പെടുക  editor@ilatimes.com

അമേരിക്കയില്‍ മൂന്ന് അമ്മമാര്‍... മുന്ന് മക്കള്‍ അമേരിക്കയില്‍ മൂന്ന് അമ്മമാര്‍... മുന്ന് മക്കള്‍ അമേരിക്കയില്‍ മൂന്ന് അമ്മമാര്‍... മുന്ന് മക്കള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക