Image

ചിക്കാഗോ സാഹിത്യവേദിയില്‍ നോവല്‍ നിരൂപണം

Published on 15 May, 2017
ചിക്കാഗോ സാഹിത്യവേദിയില്‍ നോവല്‍ നിരൂപണം
ചിക്കാഗോ: സാഹിത്യവേദിയുടെ 202-ാമത് സമ്മേളനം 2017 മെയ്മാസം 5-ാം തീയതി വെള്ളിയാഴ്ച നടന്നു. പ്രോസ്‌പെക്ട് ഹൈറ്റ്‌സിലെ കണ്‍ട്രി ഇന്‍ ആന്റ് സ്വീറ്റ്‌സില്‍ ചേര്‍ന്ന സമ്മേളനത്തില്‍ പ്രശസ്ത നോവലിസ്റ്റ് സുഭാഷ്  ചന്ദ്രന്റെ 'മനുഷ്യന് ഒരു ആമുഖം' എന്ന നോവലിനെപ്പറ്റിയുള്ള ചര്‍ച്ചയായിരുന്നു മുഖ്യ പരിപാടി. ലാന മുന്‍ പ്രസിഡന്റും എഴുത്തുകാരനുമായ ഷാജന്‍ ആനിത്തോട്ടം പ്രബന്ധമവതരിപ്പിച്ച് നോവലിനെപ്പറ്റിയുള്ള സമഗ്രനിരൂപണം നടത്തി.

സമീപകാലത്ത് മലയാളത്തിലിറങ്ങിയ ഏറ്റവും മികച്ച നോവലുകളിലൊന്നാണ് 'മനുഷ്യന് ഒരു ആമുഖം'. ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം എന്നിങ്ങനെ നാല് ഉപവിഭാഗങ്ങളായി തിരിച്ച് നാല്‍പ്പത് അദ്ധ്യായങ്ങളിലൂടെ കേരളത്തിന്റെ കഴിഞ്ഞ നൂറ് വര്‍ഷത്തെ വളര്‍ച്ചയുടെയും സാമൂഹ്യ, രാഷ്ട്രീയമാറ്റങ്ങളുടെയും കാര്യമായ വലയിരുത്തലുകളാണ് നോവലില്‍ കാണുന്നത്. അഞ്ച് തലമുറകളുടെ കഥ പറയുന്നതോടൊപ്പം കേരളീയ സമൂഹത്തില്‍ മുമ്പും പിമ്പും വന്ന ജാതീയവും സാമൂഹ്യവുമായ അവസ്ഥാന്തരങ്ങളുടെ ശക്തമായ ചിത്രീകരണം നോവലിസ്റ്റ് നിര്‍വ്വഹിച്ചിരിയ്ക്കുന്നു. ശക്തമായ ഭാഷയും കഥാപാത്ര സൃഷ്ടിയും കൊണ്ട് വേറിട്ട് നില്‍ക്കുന്ന ഈ കൃതി ഗൗരവമായരി ഇഷ്ടപ്പെടുന്ന ഏവര്‍ക്കും ആസ്വാദ്യകരമായിരിക്കുമെന്നതില്‍ തര്‍ക്കമില്ല.
പ്രബന്ധാവതരണത്തിനും തുടര്‍ന്നുള്ള ചര്‍ച്ചകള്‍ക്കും ശേഷം ഗ്രന്ഥകാരനായ സുഭാഷ് ചന്ദ്രനുമായി സാഹിത്യവേദിയംഗങ്ങള്‍ ടെലിഫോണിലൂടെ സംഭാഷണം നടത്തി. നോവലിന്റെ പശ്ചാത്തലത്തെപ്പറ്റിയും എഴുത്തനുഭവങ്ങളെ ക്കുറിച്ചും സുഭാഷ് ചന്ദ്രന്‍ സംസാരിച്ചു. ജെയ്‌മോന്‍ സകറിയയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ജോണ്‍ ഇലയ്ക്കാട് സ്വാഗതവും രാധാകൃഷ്ണന്‍ നായര്‍ കൃതജ്ഞതയും നടത്തി.

ഡോക്ടര്‍ റോയി തോമസായിരുന്നു ഈ മാസത്തെ പരിപാടികള്‍ സ്‌പോണ്‍സര്‍ ചെയ്തത്.

ചിക്കാഗോ സാഹിത്യവേദിയില്‍ നോവല്‍ നിരൂപണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക