Image

ബച്ചന്‍ കീ ജയ്- പകല്‍ക്കിനാവ്-52 (ജോര്‍ജ് തുമ്പയില്‍)

ജോര്‍ജ് തുമ്പയില്‍ Published on 15 May, 2017
ബച്ചന്‍ കീ ജയ്- പകല്‍ക്കിനാവ്-52 (ജോര്‍ജ് തുമ്പയില്‍)
ഓര്‍മ്മ വച്ച കാലം മുതല്‍ക്കേ ഞാന്‍ ബച്ചന്റെ ഫാനാണ്. ആനന്ദ് എന്ന സിനിമ കണ്ടിട്ടാണ് ഞാന്‍ ബച്ചനെ ആരാധിക്കാന്‍ തുടങ്ങിയത്. ഇങ്ങനെയൊക്കെയും അഭിനയിക്കാനാവുമോ എന്നു കരുതിയതും അന്നാണ്. അതു കുട്ടിക്കാലത്തെ ഒരുതരം ഹീറോയിസം കൊണ്ടായിരിക്കാം അന്നങ്ങനെ തോന്നിയതെന്നു കരുതിയെങ്കിലും പിന്നീട് പല പ്രാവശ്യം ആനന്ദ്, ഷോലെ എന്നീ സിനിമകള്‍ കാണാനുള്ള ഒരു സാധ്യതയും ഞാന്‍ ഇല്ലാതാക്കിയില്ല. എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ 1971-ലാണ് ഈ ബോളിവുഡ് ചലച്ചിത്രം പുറത്തിറങ്ങുന്നത്. ഋഷികേഷ് മുഖര്‍ജി സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ അമിതാഭ് ബച്ചനു പുറമേ, രാജേഷ് ഖന്നയും ഒരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. മരണാസന്നനും എന്നാല്‍ പ്രസന്നനുമായ ഒരു രോഗിയുടെയും ഒരു ഡോക്ടറുടെയും ആത്മബന്ധത്തിന്റെ കഥയാണ് ഈ ചിത്രം പറയുന്നത്. (പിന്നീട് ചിത്രശലഭം എന്ന പേരില്‍ ഇത് മലയാളത്തില്‍ പുനര്‍നിര്‍മ്മിക്കപ്പെട്ടു.)

ഇതിപ്പോ പറയാനൊരു കാര്യമുണ്ട്. ബച്ചന്‍ ലോകാരോഗ്യസംഘടനയുടെ ഗുഡ് വില്‍ അംബാസഡര്‍ ആകുന്നുവെന്ന വാര്‍ത്തയാണ്. അദ്ദേഹം തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ഹെപ്പറ്റൈറ്റിസ് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ പ്രചാരണവുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുക. നേരത്തെ അമിതാഭ് ബച്ചന്‍ ഇന്ത്യയിലെ പോളിയോ നിര്‍മാര്‍ജജന പ്രവര്‍ത്തനങ്ങള്‍ക്കായി യുനിസെഫിന്റെ അംബാസഡറായിരുന്നു. പ്രതിവര്‍ഷം നാല് ലക്ഷത്തിലേറെ പേര്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ വൈറല്‍ ഹെപ്പറ്റൈറ്റിസ് മൂലം മരിക്കുന്നുവെന്നാണ് കണക്ക്. ഇതിനെത്തുടര്‍ന്നാണത്രേ ബച്ചന്‍ ഈ ദൗത്യം ഏറ്റെടുക്കാന്‍ തയ്യാറായത്. വിവിധ കാരണങ്ങളാല്‍ കരളിന് ഉണ്ടാകുന്ന വീക്കവും തന്മൂലമുണ്ടാകുന്ന രോഗാവസ്ഥയുമാണ് ഹെപ്പറ്റൈറ്റിസ്. ഹെപാര്‍ (കരള്‍) എന്ന ഗ്രീക്ക് പദവും ഐടിസ് (വീക്കം) എന്ന വാക്കും ചേര്‍ന്നാണ് ഹെപ്പറ്റൈറ്റിസ് (കരള്‍ വീക്കം) എന്ന വാക്ക് ഉണ്ടായിട്ടുള്ളത്. ഈ അവസ്ഥ സ്വയം ഭേദമാവുകയോ മഞ്ഞപ്പിത്തത്തോടുകൂടിയ, സീറോസിസ്, ഫയിബ്രോസിസ് എന്ന കരളിന്റെ മാരക അവസ്ഥയിലേക്ക് രോഗിയെ നയിക്കുകയോ ആവാം. കരളിന്റെ കോശങ്ങള്‍ക്ക് ഗുരുതരമായ നാശം ഉണ്ടായി നാരു പോലെ ആവുന്ന സ്ഥിതിക്കാണ് സീറോസിസ്, തുടര്‍ന്നുള്ള ഫയിബ്രോസിസ് അവസ്ഥകള്‍ എന്നും പറയുന്നത്. വ്യക്തമായ രോഗലക്ഷങ്ങള്‍ ഇല്ലാതെ അസ്വസ്ഥത, ക്ഷീണം എന്നിവ മാത്രമായിരിക്കും പ്രകടമാവുക. രോഗനിര്‍ണയത്തിന് രക്തപരിശോധന വേണ്ടി വരും. കരളിനു നാശം ഉണ്ടാകുമ്പോഴായിരിക്കും മഞ്ഞപ്പിത്ത ലക്ഷണങ്ങള്‍ കാണുക. അപ്പോള്‍ കരളിനു വീക്കം ഉണ്ടായിരിക്കും. കരളിന് നാശം സംഭവിക്കുമ്പോള്‍, അതായത് സീറോസിസ് അവസ്ഥയില്‍, തൂക്കം കുറയുകയും കാലിനു നീര്, രക്ത വാര്‍ച്ച എന്നിവ ഉണ്ടാവുകയും ചെയ്യും. തുടര്‍ന്ന് വൃക്കകള്‍ പ്രവര്‍ത്തന രഹിതമാകും. ശ്വാസനാളത്തില്‍ മാരകമായ രക്തവാര്‍ച്ച, അബോധാവസ്ഥ, മരണം എന്നിവയിലേക്ക് രോഗി എത്തപ്പെടാം.. 

എല്ലാ വര്‍ഷവും ലോക ആരോഗ്യ സംഘടന ജൂലൈ 29 ഹെപ്പറ്റൈറ്റിസ് ദിനമായി ആചരിക്കുന്നുണ്ട്. ലോകത്ത് എല്ലായിടത്തും എപ്പോള്‍ വേണമെങ്കിലും ഇത് സംഭവിക്കാം. ആരോഗ്യപരമായി മുന്നേറിയാല്‍ മാത്രമേ ഇതു തടയാനാകു. ബോധവത്ക്കരണം തന്നെ പ്രധാനം. അതിനായി ബച്ചന്റെ സ്റ്റാര്‍ വാല്യു ഉപയോഗിക്കാനാണ് ഡബ്ല്യു.എച്ച്.ഒ-യുടെ നീക്കം. ഹെപ്പറ്റൈറ്റിസ് സൃഷ്ടിക്കുന്ന പാര്‍ശ്വഫലങ്ങളാണ് പ്രധാനമായും ഭീതിയിലാക്കുന്നത്. അഞ്ചു വിഭാഗങ്ങളായാണ് പ്രധാനമായും ഹെപ്പറ്റൈറ്റിസ് കാണുന്നത്– എ, ബി, സി, ഡി, ഇ എന്നിങ്ങനെ. ഭക്ഷണപദാര്‍ഥങ്ങളിലൂടെയാണ് എ, ഇ വിഭാഗം ശരീരത്തിനുള്ളില്‍ പ്രവേശിക്കുന്നത്. വളരെ കുറച്ചുകാലം മാത്രമേ ഇവ ശരീരത്തിനുള്ളില്‍ നില്‍ക്കാറുള്ളു. മൂന്നു മുതല്‍ നാല് ആഴ്ചയ്ക്കുള്ളില്‍ ശരീരത്തില്‍ നിന്ന് ഈ രോഗാണു മുഴുവനായും നമ്മുടെ രോഗപ്രതിരോധശക്തി തന്നെ ഇവയെ നിര്‍മാര്‍ജ്ജനം ചെയ്യുന്നു. എന്നാല്‍ ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവ വ്യത്യസ്ത സ്വഭാവം കാണിക്കുന്ന വൈറസുകളാണ്. ഇവ ശരീരത്തില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ പിന്നെ ഇവ വിട്ടുപോകണമെന്നില്ല. നിലവിലുള്ള ഏത് ചികിത്സാരീതികളിലൂടെ നമ്മള്‍ ചികിത്സിച്ചാല്‍ പോലും ഇവ പൂര്‍ണമായും വിട്ടുപോകാത്ത അവസ്ഥ ഉള്ളതുകൊണ്ടാണ് ഇവയെ ഭയക്കുന്നത്.

ഇന്ത്യയുടെ സ്വന്തം സ്റ്റാര്‍, അമിതാഭ് ബച്ചന്‍ തെക്കേഷ്യന്‍ രാജ്യങ്ങളുടെ വിവിധ ആരോഗ്യ പരസ്യപ്രചാരണങ്ങളില്‍ പങ്കെടുക്കും. മുന്‍പ് അമീര്‍ ഖാനും സച്ചിന്‍ തെണ്ടുല്‍ക്കറും ഒക്കെ ഇങ്ങനെ ഗുഡ് വില്‍ അംബാസിഡര്‍മാരായിട്ടുണ്ടെങ്കിലും ഒരു പ്രത്യേക രോഗത്തിനെതിരേ ഇത് ആദ്യമായാണ് ഒരു സിനിമാതാരം ലോകത്തിന്റെ മുന്നിലേക്ക് എത്തുന്നത്. ബച്ചന്റെ വാക്കുകള്‍ക്ക് ഇനി ലോകം കാതോര്‍ക്കും, നമുക്ക് ഓരോ ഇന്ത്യനും അഭിമാനിക്കാവുന്ന മുഹൂര്‍ത്തം- ജയ് അമിതാഭ് ബച്ചന്‍.

Join WhatsApp News
സ്വതത്ര നിരീക്ഷകൻ 2017-05-15 08:55:30
സോറി സാർ - വിയോജിക്കുന്നു. ഇത്തരം സിനിമ ദൈവങ്ങളെ ഞാൻ  ചുമക്കുന്നില്ല . ഇവരെ ഒക്കെ പറ്റി ഒത്തിരി കള്ളപ്പണം നികുതി വെട്ടിപ്പ്പ് ഒക്കെ കാണുന്നു . ഒരുത്തരം തത്വ മില്ലാത്തവർ . ഇവര ഒക്കെ ഈത്തരം അംബാസോഡോർസ്  ആക്കരുത് . തങ്ങൾക്കു   ഗോഡ് ആയിരിക്കാം. 
God Hunter 2017-05-15 11:38:42

സിനിമയും ദൈവവുമായുള്ള ബന്ധം ഇന്നും ഇന്നലെയും തുടങ്ങിയതല്ല സ്വതന്ത്ര നിരീക്ഷണമേ. അമ്മക്ക് കുഞ്ഞിനോടുള്ള പുക്കിൾകൊടിബന്ധം പോലെ ദൈവവും സിനിമാക്കാരുമായി ഒരു 'മണി' ബന്ധമുണ്ട്. (മണി എന്ന് പറഞ്ഞാൽ ചില നാട്ടിൽ ചീത്ത വാക്കാണ്. ഞങ്ങടെ നാട്ടിൽ മണി വീർത്തിരിക്കുക എന്ന് പറഞ്ഞാൽ ശരീരത്തിലെ ഒരു ഭാഗം വീർത്തിരിക്കുക എന്നാണ് ) ഇവിടെ പണം എന്ന അർത്ഥത്തിലാണ് ഉപയോഗിച്ചിരിക്കുന്നത്.  ഒരു സിനിമതുടങ്ങുന്നതിനു മുൻപ് സിനിമാക്കാർ ദൈവത്തിനു പൂജ നടത്തും. കുറേകഴിയുമ്പോൾ ദൈവത്തിന് എവിടെയെങ്കിലും പള്ളിയോ അമ്പലമോ ഒക്കെ പണിത് കുടിയേറി ഇരിക്കണം എന്ന് തോന്നിയാൽ സിനിമാക്കാരെ വിളിച്ച് ഒരു സിനിമാറ്റിക്ക് ഡാൻസ് നടത്തും.  ദിലീപ് ഷോപോലെ,   സിനിമാദൈവങ്ങൾ ആൾദൈവങ്ങൾ എല്ലാം ഇന്നത്തെ ആരാധനാ മൂർത്തികൾ ആണ്. ജോർജ്ജ് തുമ്പയിലിന്റെ വീട്ടിൽ തീർച്ചയായും അമിതാബ് ദൈവത്തിന്റെ ഒരു ദീർഘകായക പ്രതിമകാണും. അതിൽ പൂജ നടത്തിയതിനുശേഷമായിരിക്കും അദ്ദേഹം ഈ ലേഖനം എഴുതിയത്. എന്തായാലും ഏതെങ്കിലും ഒരു രോഗം മാറ്റാൻ കഴിയുമെങ്കിൽ അദ്ദേഹത്തെ ദൈവമായി കാണുന്നതിൽ തെറ്റില്ലാ

ഓം ക്രാം ക്രീം അമിതാബ് ദൈവം കീജയ്കഃ

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക