Image

റാന്‍സം സൈബര്‍ ആക്രമണം ജര്‍മന്‍ റെയില്‍വേ സ്‌റ്റേഷനുകളിലും

Published on 15 May, 2017
റാന്‍സം സൈബര്‍ ആക്രമണം ജര്‍മന്‍ റെയില്‍വേ സ്‌റ്റേഷനുകളിലും

      ബര്‍ലിന്‍: ലോകത്തെയാകെ ഭീതിയിലാഴ്ത്തിക്കൊണ്ടു തുടരുന്ന റാന്‍സം വെയര്‍ സൈബര്‍ ആക്രമണം ജര്‍മന്‍ റെയ്ല്‍വേ സ്‌റ്റേഷനുകളെയും ബാധിച്ചു. വിവിധ സ്‌റ്റേഷനുകളിലെ ഡിസ്‌പ്ലേ ബോര്‍ഡുകളില്‍ ഇന്നലെ പ്രത്യക്ഷപ്പെട്ടത് സൈബര്‍ അക്രമികള്‍ പണം ആവശ്യപ്പെടുന്ന സന്ദേശം.

ഉപയോക്താവിന്റെ ഫയലുകള്‍ ലോക്ക് ചെയ്യുന്ന രീതിയാണ് അക്രമികള്‍ ഉപയോഗിച്ചു വരുന്നത്. പണം നല്‍കിയാല്‍ മാത്രം അണ്‍ലോക്ക് ചെയ്തു കൊടുക്കുമെന്നാണ് ഡിമാന്‍ഡ്. അതിനാലാണ് മോചനദ്രവ്യം എന്നര്‍ഥം വരുന്ന റാന്‍സംവെയര്‍ എന്ന പദം ഉപയോഗിക്കുന്നത്.

ബിറ്റ്‌കോയിനിലാണ് പണം ആവശ്യപ്പെടുന്നത്. അതിനാല്‍ അക്കൗണ്ട് കണ്ടെത്തി ഇവരെ പിന്തുടരാനോ ഫ്രീസ് ചെയ്ത് കുടുക്കാനോ സാധിക്കുന്നില്ല. 275 യൂറോയാണ് സാധാരണ ആവശ്യപ്പെടുന്നത്. മൂന്നു ദിവസത്തിനുള്ളില്‍ ഇതു നല്‍കിയില്ലെങ്കില്‍ തുക ഇരട്ടിക്കും.

ബ്രിട്ടനിലെ ആശുപത്രികളെയും റഷ്യയിലെ ആഭ്യന്തര മന്ത്രാലയത്തെയും സ്‌പെയ്‌നിലെ ടെലികോം രംഗത്തെയും യുഎസിലെ ഫെഡെക്‌സിനെയും സ്വീഡനിലെ നിരവധി സംഘടനകളെയും റാന്‍സം വെയര്‍ ആക്രമണം ബാധിച്ചു കഴിഞ്ഞു.

വെള്ളിയാഴ്ച ആരംഭിച്ച ആക്രമണം ഇതിനകം 150 രാജ്യങ്ങളിലായി രണ്ടു ലക്ഷത്തിലേറെപ്പേരെ ബാധിച്ചെന്നാണ് കണക്കാക്കുന്നത്. തിങ്കളാഴ്ച രാവിലെയോടെ കൂടുതലാളുകളെ ബാധിക്കുമെന്നും യൂറോ പോള്‍ മേധാവി റോബ് വെയ്ന്‍ റൈറ്റ് മുന്നറിയിപ്പു നല്‍കുന്നു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക