Image

വേള്‍ഡ്‌ മലയാളി കൗണ്‍സിലിന്റെ എട്ടാമത്‌ ആഗോള സമ്മേളനം മേയ്‌ മൂന്ന്‌, നാല്‌, അഞ്ച്‌, ആറ്‌ തീയതികളില്‍

ജോളി എം. പടയാട്ടില്‍ Published on 28 February, 2012
വേള്‍ഡ്‌ മലയാളി കൗണ്‍സിലിന്റെ എട്ടാമത്‌ ആഗോള സമ്മേളനം മേയ്‌ മൂന്ന്‌, നാല്‌, അഞ്ച്‌, ആറ്‌ തീയതികളില്‍
ബെന്‍സ്‌ബെര്‍ഗ്‌ : വേള്‍ഡ്‌ മലയാളി കൗണ്‍സിലിന്റെ എട്ടാമത്‌ ആഗോള സമ്മേളനം മേയ്‌ മൂന്ന്‌, നാല്‌, അഞ്ച്‌, ആറ്‌ തീയതികളില്‍ നടക്കും. ഇതിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. റൈന്‍ നദിയുടെ തീരത്തുള്ള ചരിത്രപ്രസിദ്ധമായ ഉത്തുംഗ ദേവാലയങ്ങളിലൊന്നായ ഡോം കത്തീഡ്രലിനടുത്തുള്ള ബെന്‍സ്‌ബെര്‍ഗ്‌ പട്ടണത്തിലെ കര്‍ദിനാള്‍ ഷുള്‍ട്ടെ ഹൗസ്‌ കൊട്ടാരത്തിലാണ്‌ സമ്മേളനം നടക്കുന്നത്‌.

പിയൂസ്‌ പന്ത്രണ്‌ടാമന്‍ മാര്‍പാപ്പ തറക്കല്ലിട്ട കൊട്ടാരം നിരവദി ചരിത്രമുഹൂര്‍ത്തങ്ങള്‍ക്ക്‌ സാക്ഷ്യം വഹിച്ചിട്ടുണ്‌ട്‌. കൊളോണ്‍ ആര്‍ച്ച്‌ ബിഷപ്പിന്റെ അധീനതയിലുള്ള കൊട്ടാരം വൈദിക സെമിനാരിയായും ഉപയോഗിച്ചിട്ടുണ്‌ട്‌. 1989 മുതലാണ്‌ ദേശീയ, അന്തര്‍ദേശീയ സെമിനാറുകള്‍ക്ക്‌ കൊട്ടാരം തുറന്നുകൊടുക്കുന്നത്‌.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തുന്ന പ്രവാസി മലയാളികള്‍ക്കും സാമൂഹ്യ, രാഷ്‌ട്രീയ, സാംസ്‌കാരിക, വിദ്യാഭ്യാസ പ്രതിനിധികള്‍ക്കെല്ലാം ഇവിടെയാണ്‌ താമസ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്‌.

അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ, ഗള്‍ഫ്‌, ആഫ്രിക്ക, യൂറോപ്പ്‌, സിംഗപ്പൂര്‍, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെല്ലാം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്‌ട്‌.

വേള്‍ഡ്‌ മലയാളി കൗണ്‍സിലിന്റെ ജര്‍മന്‍ പ്രൊവിന്‍സ്‌ രജിസ്‌ട്രേഷന്‍ ഫോറം, വീസ ഫോറം, ടൂര്‍ പ്രോഗ്രാം എന്നിവ ഉള്‍പ്പെടുന്ന ബുള്ളറ്റിന്‍ തയാറാക്കി www.worldmalayalee.de വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്‌ട്‌. സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക്‌ ടൂര്‍ പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ ആവശ്യമായ നടപടിക്രമങ്ങളും എല്ലാം ആവശ്യക്കാര്‍ക്ക്‌ ഇതില്‍നിന്ന്‌ ലഭ്യമാണ്‌.

പ്രവാസി മലയാളികള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ആഗോള സമ്മേളനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്‌ടി, മന്ത്രിമാരായ വയലാര്‍രവി, ഇ. അഹമ്മദ്‌, കെ.സി. വേണുഗോപാല്‍, കുഞ്ഞാലിക്കുട്ടി, കെ.സി. ജോസഫ്‌, ഗണേഷ്‌കുമാര്‍ എന്നിവരും വെള്ളാപ്പള്ളി നടേശന്‍, കൊച്ച്‌ ഔസേഫ്‌ ചിറ്റിലപ്പിള്ളി, ഫാ. ഡേവീസ്‌ ചിറമേല്‍ തുടങ്ങിയ വിശിഷ്‌ടാഥിതികളും പങ്കെടുക്കും.

പ്രവാസി മലയാളി വ്യവസായ പ്രമുഖരും ജര്‍മന്‍ പാര്‍ലമെന്റ്‌ അംഗങ്ങളും നോര്‍ത്ത്‌ റൈന്‍ വെസ്റ്റ്‌ ഫാള്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ പ്രതിനിധികളും ചേംബര്‍ ഓഫ്‌ കൊമേഴ്‌സ്‌ പ്രതിനിധികളും സമ്മേളനത്തില്‍ കേരളത്തില്‍ മുതല്‍ മുടക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ചര്‍ച്ചകള്‍ നടക്കും. സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ കൂടുതല്‍ വിവരങ്ങള്‍ വേള്‍ഡ്‌ മലയാളി കൗണ്‍സിലിന്റെ വെബ്‌സൈറ്റില്‍നിന്നും ലഭ്യമാണ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: മാത്യു ജേക്കബ്‌ 0049228216179, സോമരാജ്‌ പിള്ള 02284332706, ഗ്രിഗറി മേടയില്‍ 0220327996, ഡേവീസ്‌ തെക്കുംതല 03034502757, ജോളി എം. പടയാട്ടില്‍ 0221892667, ജോസഫ്‌ കളത്തിപ്പറമ്പില്‍ 0221634461.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക