Image

പശ്ചിമബംഗാള്‍ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ ഏഴില്‍ നാലിടത്തും തൃണമൂല്‍

Published on 17 May, 2017
പശ്ചിമബംഗാള്‍ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ ഏഴില്‍ നാലിടത്തും തൃണമൂല്‍

ഡാര്‍ജിലിംഗ്‌: പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന്‌ നാല്‌ കോര്‍പ്പറേഷനുകളില്‍ വിജയിച്ചു. ദോംകല്‍, മിറിക്‌, പുജാലി, റായ്‌ഗഞ്ച്‌ മുന്‍സിപ്പാലിറ്റികളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്‌ വിജയിച്ചപ്പോള്‍ ഡാര്‍ജിലിംഗ്‌, കുര്‍സോങ്‌, കലിംപോങ്‌ മുന്‍സിപ്പിലിറ്റികളില്‍ ബിജെപി സഖ്യകക്ഷിയായ ഗൂര്‍ഖാ ജനമുക്തി മോര്‍ച്ചയും വിജയിച്ചു. 

ഏറ്റവും വലിയ നഗരസഭയായ ഡാര്‍ജിലിംഗില്‍ കനത്ത തിരിച്ചടിയാണ്‌ തൃണമൂല്‍ നേരിട്ടത്‌. ഒരു സീറ്റ്‌ മാത്രമാണ്‌ ഇവിടെ തൃണമൂലിന്‌ ലഭിച്ചത്‌.

മിറികില്‍ ആദ്യമായാണ്‌ തൃണമൂല്‍ വിജയിക്കുന്നത്‌. ഒന്‍പതില്‍ ആറ്‌ വാര്‍ഡുകളും ഇവിടെ തൃണമൂലിനൊപ്പം നിന്നു. പുജാലിയില്‍ തൃണമൂലിന്‌ 12ഉം ബിജെപിക്ക്‌ രണ്ടും കോണ്‍ഗ്രസിന്‌ ഒന്നും സീറ്റുകളാണ്‌ ലഭിച്ചത്‌. റായ്‌ഗഞ്ചില്‍ 27 ല്‍ 24 സീറ്റും നേടി മികച്ച വിജയമാണ്‌ മമതയുടെ പാര്‍ട്ടി നേടിയത്‌. ദോംകലിലെ 20 സീറ്റുകളും തൃണമൂല്‍ നേടി.

ഗൂര്‍ഖാലാന്‍ഡിനായി നിലകൊള്ളുന്ന ജിജെഎമ്മുമായുളള സഖ്യം ബിജെപിക്ക്‌ ഗുണം ചെയ്‌തു. ഡാര്‍ജിലിങ്ങടക്കം മൂന്ന്‌ മുന്‍സിപ്പാലിറ്റികളില്‍ ആധികാരിക വിജയമാണ്‌ ബിജെപി സഖ്‌കക്ഷി നേടിയത്‌. ഡാര്‍ജിലിംങില്‍ 32 ല്‍ 31ഉം കലിംഗ്‌പോങ്ങില്‍ 22ല്‍ 18ഉം, കുര്‍സോങില്‍ 20ല്‍ 17 സീറ്റും ജിജെഎം നേടി. ബിജെപി എംപി എസ്‌എസ്‌ അലുവാലിയയാണ്‌ ഡാര്‍ജിലിങിനെ പ്രതിനിധീകരിക്കുന്നത്‌.

പശ്ചിമ ബംഗാളിലെ ഏഴ്‌ മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലേക്ക്‌ കഴിഞ്ഞ ഞായറാഴ്‌ചയാണ്‌ തെരഞ്ഞെടുപ്പ്‌ നടന്നത്‌. കോണ്‍ഗ്രസും സിപിഎമ്മും പരസ്‌പര ധാരണയോടെയാണ്‌ തെരഞ്ഞെടുപ്പിനെ നേരിട്ടതെങ്കിലും ചലനമുണ്ടാക്കാന്‍ സാധിച്ചില്ല. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക