Image

സിഖുകാരുടെ കൃപാണിനെതിരെ ഇറ്റാലിയന്‍ കോടതി വിധി

Published on 17 May, 2017
സിഖുകാരുടെ കൃപാണിനെതിരെ ഇറ്റാലിയന്‍ കോടതി വിധി

 
റോം: ഇന്ത്യന്‍ വംശജരായ സിഖുകാര്‍ മതാചാരപ്രകാരമുള്ള കൃപാണ്‍ കൊണ്ടു നടക്കുന്നതിനെതിരേ ഇറ്റാലിയന്‍ കോടതിയുടെ വിധി. കുടിയേറ്റക്കാര്‍ക്ക് പ്രാദേശിക സമൂഹത്തിന്റെ മൂല്യങ്ങളുമായി ചേര്‍ന്നു പോകാന്‍ ബാധ്യതയുണ്ടെന്നും കോടതി വിധിച്ചു. സിഖുകാര്‍ സദാസമയം കൈയില്‍ കരുതണമെന്ന് അനുശാസിക്കപ്പെടുന്ന അഞ്ച് വസ്തുക്കളിലൊന്നാണ് കൃപാണ്‍ എന്നറിയപ്പെടുന്ന ചെറിയ കത്തി. നിരവധി വിദേശ രാജ്യങ്ങളില്‍ ഇത് നിയമപരമായി ചോദ്യം ചെയ്യപ്പെടുന്നു.

2006ലാണ് കൃപാണ്‍ ആദ്യമായി ഒരു വിദേശരാജ്യത്ത് നിരോധിക്കപ്പെടുന്നത്, ഡെന്‍മാര്‍ക്കിലായിരുന്നു ഇത്. ബെല്‍ജിയത്തിലും യുകെയിലും നിരോധനം വന്നെങ്കിലും പിന്നീട് മതാചാരമെന്ന നിലയില്‍ ഉത്തരവുകള്‍ പിന്‍വലിക്കപ്പെട്ടിരുന്നു. 

കൃപാണ്‍ കൈവശം വച്ചതിന് 2000 യൂറോ പിഴ വിധിക്കപ്പെട്ട സിഖ് യുവാവ് നല്‍കിയ അപ്പീലിലാണ് ഇപ്പോള്‍ ഇറ്റാലിയന്‍ കോടതി വിധി പ്രഖ്യാപിച്ചിരിക്കുന്നത്. കൃപാണ്‍ ആയുധമല്ലെന്നും മത ചിഹ്നമാണെന്നുമുള്ള വാദം കോടതി അംഗീകരിച്ചില്ല.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക