Image

മദ്രസാ ബോര്‍ഡ്‌ പരീക്ഷയില്‍ ഹിന്ദു വിദ്യാര്‍ത്ഥിനിക്ക്‌ എട്ടാം റാങ്ക്‌

Published on 18 May, 2017
മദ്രസാ ബോര്‍ഡ്‌ പരീക്ഷയില്‍ ഹിന്ദു വിദ്യാര്‍ത്ഥിനിക്ക്‌ എട്ടാം റാങ്ക്‌
കൊല്‍ക്കത്ത: പ്രഷ്‌മ സാസ്‌മല്‍ എന്ന പതിനാറുകാരിയാണ്‌ ഇപ്പോള്‍ ബംഗാളിലെ താരം. ഈ വര്‍ഷത്തെ പശ്ചിമ ബംഗാള്‍ മദ്രസാ ബോര്‍ഡിന്റെ പത്താം ക്ലാസ്‌ വാര്‍ഷിക പൊതുപരീക്ഷയില്‍ എട്ടാം റാങ്ക്‌ നേടിയാണ്‌ ഈ ഹിന്ദു പെണ്‍കുട്ടി ഏവരെയും ഞെട്ടിച്ചിരിക്കുന്നത്‌. 

ഹൗറ ജില്ലയിലെ ഖലത്‌പൂര്‍ മദ്രസയിലെ വിദ്യാര്‍ത്ഥിനിയാണ്‌ പ്രഷ്‌മ സാസ്‌മല്‍. 800ല്‍ 729 മാര്‍ക്ക്‌(91.9%) മാര്‍ക്ക്‌ നേടിയാണ്‌ പ്രഷ്‌മ എട്ടാം റാങ്ക്‌ നേടിയതെന്നാണ്‌ ദി ഹിന്ദു ദിനപ്പത്രം റിപ്പോര്‍ട്ട്‌ ചെയ്‌തിരിക്കുന്നത്‌. ഹരിഹര്‍പൂര്‍ ഗ്രാമത്തില്‍ താമസിക്കുന്ന പ്രഷ്‌മയുടെ വീടിന്റെ സമീപത്തായി ബിരേഷ്വാര്‍ ബാലിക വിദ്യാലയ എന്ന സ്‌കൂള്‍ ഉണ്ടായിട്ടും താന്‍ മദ്രസാ പഠനം തിരഞ്ഞെടുക്കുകയായിരുന്നുവെന്നാണ്‌ പ്രഷ്‌മ പറഞ്ഞത്‌. 

വീടിന്‌ തൊട്ടടുത്തുള്ള മദ്രസയിലെ അദ്ധ്യാപകരുമായി തന്റെ അച്ഛന്‌ നല്ല പരിചയമുണ്ടായിരുന്നു. ഇതും മദ്രസയില്‍ ചേരുന്നതിനൊരു കാരണമായി മാറി. പത്താം ക്ലാസിന്‌ ശേഷം, പന്ത്രണ്ടാം ക്ലാസ്‌ വരെയും ഖലത്‌പൂര്‍ മദ്രസയില്‍ തന്നെ പഠനം തുടരാനാണ്‌ ഈ കൊച്ചുമിടുക്കിയുടെ ആഗ്രഹം. 


മദ്രസാ ബോര്‍ഡ്‌ സിലബസ്‌ പ്രകാരം ഇസ്ലാമിക്‌ പരിചയ്‌, അറബിക്‌ എന്നീ രണ്ട്‌ വിഷയങ്ങള്‍ വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായും പഠിക്കണം. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക